വിവാഹം അസാധുവായാല്‍ 'ഭർത്താവിന്റെ ക്രൂരത' എന്ന വകുപ്പ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി, വിധി 47കാരന്റെ ഹർജിയിൽ

ഭാര്യ നൽകിയ പരാതി പ്രകാരമുള്ള കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപച്ചത്. ഇവരുടെ  വിവാഹം അസാധുവായതായി കുടുംബകോടതി വിധിച്ചത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

high court rules no cruelty charges if marriage is void

കൊച്ചി: വിവാഹം അസാധുവായാൽ സ്ത്രീയോട് ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത- ഐപിസി സെക്ഷൻ 498 എ പ്രകാരമുള്ള കുറ്റം ബാധകമാകില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ 47കാരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ഭാര്യ നൽകിയ പരാതി പ്രകാരമുള്ള കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇദ്ദേഹം കോടതിയെ സമീപച്ചത്. ഇവരുടെ വിവാഹം അസാധുവായതായി കുടുംബകോടതി വിധിച്ചത് പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

2009-ലാണ് പരാതിക്കാരിയുമായുള്ള ഹര്‍ജിക്കാരന്റെ വിവാഹം നടന്നത്. 2010-ൽ ഭർത്താവും കുടുംബവും ക്രൂരത കാട്ടിയതായി ഇവര്‍ പൊലീസിൽ പരാതി നൽകി. കേസിൽ 2011-ൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, 2013 മാർച്ചിൽ കൊല്ലത്തെ കുടുംബകോടതി വിവാഹം അസാധുവായി പ്രഖ്യാപിച്ചു. തുടർന്നാണ് ഐപിസി സെക്ഷൻ 498 എ പ്രകാരമുള്ള കേസും കോടതി നടപടികളും റദ്ദാക്കാൻ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്ന ഭർത്താവോ അവന്റെ ബന്ധുക്കൾക്കോ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

ഈ കേസിൽ, പരാതിക്കാരിയുടെ മുൻ വിവാഹം ഇപ്പോഴും നിലനിൽക്കുന്നതിനാൽ 2009-ൽ ഹര്‍ജിക്കാരനുമായി നടന്ന വിവാഹം അസാധുവാണെന്ന് കുടുംബകോടതി കണ്ടെത്തി. വസ്‌തുതകൾ അവലോകനം ചെയ്‌ത ബെഞ്ച്, നിയമപരമായി സാധുതയുള്ള വിവാഹമില്ലാതെ, ഹരജിക്കാരന് 'ഭർത്താവ്' എന്ന പദവി ലഭിക്കില്ലെന്നും അതിനാൽ സെക്ഷൻ 498 എ പ്രകാരമുള്ള കുറ്റം ചുമത്താൻ കഴിയില്ലെന്നും നിരീക്ഷിച്ചു. തുടർന്നാണ് കേസും കോടതി നടപടികളും ബെഞ്ച് റദ്ദാക്കിയത്.

ജ്വല്ലറിയിൽ കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് മറ്റൊരു മോഷണത്തിനിടെ പിടിയിൽ; തെളിവെടുപ്പ് നടത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios