Asianet News MalayalamAsianet News Malayalam

എംവിഡി വാഹനം കണ്ടതോടെ ഹെൽമെറ്റ് ഇല്ലാതെ വന്ന യാത്രക്കാരൻ 'മിന്നൽ മുരളി'യായി, പിടികൂടിയത് മോഷ്ടാവിനെ

എംവിഡിയുടെ പതിവ് പരിശോധനാ സംഘത്തെ കണ്ട് സ്കൂട്ടറിൽ പറ പറന്ന് ഹെൽമെറ്റില്ലാ യാത്രക്കാരൻ. നമ്പർ നോക്കി ഉടമയെ വിളിച്ചതോടെ പുറത്ത് വന്നത് ദിവസങ്ങൾക്ക് മുൻപ് നടന്ന മോഷണം

helmet less passenger speeds away in mvd inspection arrested two wheeler thief
Author
First Published Oct 15, 2024, 11:23 AM IST | Last Updated Oct 15, 2024, 11:23 AM IST

എഴംകുളം: ഹെല്‍മറ്റ് ഇല്ലാതെ വന്ന സ്കൂട്ടര്‍ യാത്രികന്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരെ കണ്ടതും മിന്നല്‍ സ്പീഡിൽ പാഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ. ഇരുചക്ര വാഹന യാത്രികന്റെ പിന്നാലെ കൂടിയ എന്‍ഫോഴ്സ്മെന്റ് സംഘം തൊണ്ടി സഹിതം പിടികൂടിയത് മോഷ്ടാവിനെ. പത്തനംതിട്ട എഴംകുളത്താണ് സംഭവം. പത്തനംതിട്ട എഴംകുളത്ത് റോഡിലെ പതിവ് പരിശോധനയ്ക്കിടെയാണ് എംവിഡി ഉദ്യോഗസ്ഥർ  മോഷണ വാഹനം പിടികൂടിയത്. 

ഹെൽമെറ്റ് ധരിക്കാതെ വന്ന സ്കൂട്ടർ യാത്രികൻ, എൻഫോഴ്സ്മെന്‍റ് സംഘത്തെ കണ്ടതും വെട്ടിച്ചു കടന്നുകളഞ്ഞു. ഇതിൽ സംശയം തോന്നി പിന്തുടർന്ന് പിടികൂടിയപ്പോഴാണ് മോഷണ വാഹനമാണെന്ന് വ്യക്തമായത്. രാവിലെ പത്ത് മണിക്ക് പതിവ് വാഹനപരിശോധനയ്ക്ക് ഇറങ്ങിയതാണ് അടൂരിലെ എൻഫോഴ്സ്മെന്‍റ് സംഘം. എഴംകുളം പ്ലാന്‍റേഷൻ ജംഗ്ഷനിൽ വെച്ച് ഹെൽമെറ്റ് ധരിക്കാതെ വന്നയാളിന്, സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതും മിന്നൽ വേഗത്തിൽ ഇയാൾ പാഞ്ഞുപോവുകയായിരുന്നു. 

വാഹന നമ്പർ നോക്കി വളരെ വേഗം ആർ.സി. ഉടമയെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു. പട്ടാഴിയിൽ നിന്ന് കുറച്ച് ദിവസം മുൻപ് മോഷണം പോയ സ്കൂട്ടർ ആണ് അൽപം മുന്ന് ചീറിപ്പാഞ്ഞ് പോയതെന്ന് ഇതോടെ വ്യക്തമായി. വിവരം സ്ഥിരീകരിച്ചതോടെ നിർത്താതെ പോയ സ്കൂട്ടറിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് സംഘം പാഞ്ഞു. ഏഴംകുളം ക്ഷേത്രത്തിന് സമീപം വെച്ച് വാഹനം പിടികൂടി. പത്തനാപുരം സ്വദേശി അനീഷ് ഖാനെയും സ്കൂട്ടറും അടൂർ പൊലീസിൽ ഏൽപ്പിച്ചു. വാഹനം മോഷ്ടിച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കേസ് രജിസ്റ്റർ ചെയ്ത പത്തനാപുരം കുന്നിക്കോട് പൊലീസിന് പ്രതിയെ കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios