ഹിറ്റായി ടാറ്റയുടെ ഉറപ്പ്, അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
ഉല്‍പ്പാദനമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ, വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എൻ ചന്ദ്രശേഖരൻ
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്. അര്‍ദ്ധചാലകങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍), ബാറ്ററികള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലായിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് സംഘടിപ്പിച്ച ഒരു സിമ്പോസിയത്തില്‍ സംസാരിക്കവെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഉല്‍പ്പാദനമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ, വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞുു. ടാറ്റ ഗ്രൂപ്പിന്‍റെ അസമില്‍ വരാനിരിക്കുന്ന അര്‍ദ്ധചാലക പ്ലാന്‍റും ഇവികള്‍ക്കും ബാറ്ററികള്‍ക്കുമുള്ള മറ്റ് നിര്‍മ്മാണ യൂണിറ്റുകളുമായിരിക്കും കൂടുതലായി തൊഴില്‍ നല്‍കുക. ടാറ്റാ ഗ്രൂപ്പിന്‍റെ ഉല്‍പാദനമേഖലയിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളടക്കം കുറഞ്ഞത് 5 ലക്ഷം കമ്പനികളെങ്കിലും സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മാസവും 1 ദശലക്ഷം ആളുകള്‍ ആണ് പുതിയതായി തൊഴില്‍ സേനയിലേക്ക് കടന്നുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ നിര്‍മാണ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് സുപ്രധാനമാണെന്നും അതിന് സര്‍ക്കാര്‍ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടാറ്റ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ അസമില്‍ സ്ഥാപിക്കുന്ന സെമികണ്ടക്ടര്‍ യൂണിറ്റിന് 25,000 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് നിക്ഷേപിച്ചിരിക്കുന്നത്. ഈ പ്ലാന്‍റിന് പ്രതിദിനം 48 ദശലക്ഷം ചിപ്പുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. ഇവിടെ നിര്‍മിക്കുന്ന ചിപ്പുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ടെലികോം, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ ഉപയോഗിക്കും. ടാറ്റ ഇലക്ട്രോണിക്സ് 91,000 കോടി രൂപ മുതല്‍മുടക്കില്‍ ഗുജറാത്തിലെ ധോലേരയിലും ചിപ്പ് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നുണ്ട്. കൂടാതെ ഗ്രൂപ്പ് തമിഴ്നാട്ടിലെ റാണിപേട്ടില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന് വേണ്ടിയുള്ള ഗ്രീന്‍ഫീല്‍ഡ് വാഹന നിര്‍മ്മാണ കേന്ദ്രത്തിനായി 9,000 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന് വാര്‍ഷകാടിസ്ഥാനത്തില്‍ 250,000 കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉണ്ടായിരിക്കും.