'കുപ്പിയിലടച്ച കുഞ്ഞ് ഡ്രാഗൺ', പ്രദർശനത്തിന്; എല്ലാം നോവലിന് വേണ്ടിയുള്ള തട്ടിപ്പായിരുന്നെന്ന് എഴുത്തുകാരന്‍
ഒരു നോവലിന്റെ പ്രചാരണത്തിന് വേണ്ടി എഴുത്തുകാരൻ തയ്യാറാക്കിയ വ്യാജ ഡ്രാഗൺ വലിയ രീതിയിൽ വർഷങ്ങളോളം പ്രചരിച്ചിരുന്നു.
ഓക്സ്ഫോർഡ്: ഡ്രാഗണുകൾ ഉണ്ടായിരുന്നുവെന്ന പ്രചാരണത്തിന് വലിയ ബലം നൽകിയ വ്യാജ പ്രചാരണത്തിന് കാരണമായ കുപ്പിയിലാക്കിയ ഡ്രാഗൺ ഒടുവിൽ പ്രദർശന വസ്തുവാക്കി ബ്രിട്ടനിലെ ഓക്സ്ഫോർഡിലെ സ്റ്റോറി മ്യൂസിയം. രണ്ട് ചിറകുകളോട് കൂടിയ ഭ്രൂണത്തിന്റെ രൂപത്തിലുള്ള ഡ്രാഗണെ 2004ലാണ് എഴുത്തുകാരനാ അലിസ്റ്റൈർ മിഷേൽ അവതരിപ്പിച്ചത്. 1890ൽ ജർമ്മൻ ശാസ്ത്രജ്ഞർ ബ്രിട്ടീഷ് ശാസ്ത്രജ്ഞരെ കബളിപ്പിക്കാൻ തയ്യാറാക്കിയതെന്ന വാദത്തോടെയായിരുന്നു ചില്ലുകുപ്പിയിൽ സൂക്ഷിച്ച നിലയിലുള്ള ഡ്രാഗണ്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. എന്നാൽ അക്കാലത്ത് പുറത്തിറങ്ങേണ്ടിയിരുന്ന തന്റെ നോവലിന് വലിയ രീതിയിൽ പ്രചാരം ലഭിക്കാനായി എഴുത്തുകാരൻ തട്ടിക്കൂട്ടിയതായിരുന്നു കുപ്പിയിലിട്ട ഡ്രാഗൺ.
ഡ്രാഗണുകളേക്കുറിച്ചുള്ള എഴുത്തുകാരന്റെ നോവൽ വലിയ രീതിയിൽ വിജയമായി. പിന്നാലെ ഡ്രാഗണുകൾ ഉണ്ടെന്നതിന് വലിയ രീതിയിൽ പ്രചാരണം ലഭിക്കുകയും ചെയ്തു. 20ഓളം വർഷങ്ങൾക്ക് മുൻപ് മുതിർന്നവരെയാണ് കുട്ടികളേക്കാൾ എളുപ്പത്തിൽ ഇത്തരം കെട്ടുകഥകൾ വിശ്വസിച്ചിരുന്നതെന്നാണ് വർഷങ്ങൾക്ക് ശേഷം അലിസ്റ്റൈർ പ്രതികരിച്ചത്. ജർമനിയുടെ രഹസ്യ ആയുധം എന്ന നിലയിൽ അക്കാലത്ത് ഈ ഡ്രാഗണേക്കുറിച്ച് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ചലചിത്രങ്ങൾക്കും നാടകങ്ങൾക്കും മറ്റുമായി കലാരൂപങ്ങൾ തയ്യാറാക്കുന്ന ഒരാളുടെ സഹായത്തോടെയായിരുന്നു അലിസ്റ്റൈർ ഡ്രാഗണെ നിർമ്മിച്ചത്. 1 അടി ഉയരമുള്ള ഡ്രാഗണെ പ്രത്യേകമായി നിർമ്മിച്ചെടുത്ത ചില്ല് ഭരണിയിലാണ് സൂക്ഷിച്ചത്. സുഹൃത്തുക്കൾ സൃഷ്ടി കണ്ട് അത്ഭുതപ്പെട്ടതിന് പിന്നാലെയാണ് അലിസ്റ്റൈർ വ്യാജ പ്രചാരണത്തിന് വലിയ ശ്രദ്ധ നൽകിയത്. കുപ്പിയിലെ ഡ്രാഗൺ വ്യാജനാണെന്ന് തുറന്ന് പറഞ്ഞത് അലിസ്റ്റൈർക്കെതിരെ രൂക്ഷ വിമർശനം ഉയരാനും കാരണമായിരുന്നു. ഈ വ്യാജ ഡ്രാഗണെയാണ് തന്റെ നോവൽ പ്രസിദ്ധീകരിച്ച് 20 വർഷത്തിന് ശേഷം സ്റ്റോറി മ്യൂസിയത്തിൽ പ്രദർശനത്തിനായി വിട്ടുനൽകിയത്. കഥകളേക്കുറിച്ചുള്ള കഥയ്ക്ക് കാരണമായെന്നതാണ് ഈ കുപ്പിയിലെ ഡ്രാഗണെ പ്രദർശന വസ്തുവാക്കാൻ സ്റ്റോറി മ്യൂസിയത്തെ പ്രേരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം