തൃശൂർ - പത്തനംതിട്ട സ്വദേശികളായ റോഷന്‍, ഷിജോ, സിദ്ദിഖ്, നിശാന്ത്, നിഖില്‍; കാർ തടഞ്ഞ് സ്വർണം തട്ടി, പിടിവീണു
പത്തനംതിട്ട സ്വദേശികളായ റോഷന്‍ വര്‍ഗീസ് (29), ഷിജോ വര്‍ഗീസ് (23), തൃശൂര്‍ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്
തൃശൂര്‍: കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അടക്കം അഞ്ചുപേര്‍ പിടിയില്‍. മണ്ണുത്തി, പീച്ചി, വിയ്യൂര്‍, ഒല്ലൂര്‍ പൊലീസ് അന്വേഷണ സംഘം സാഗോക്ക് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ റോഷന്‍ വര്‍ഗീസ് (29), ഷിജോ വര്‍ഗീസ് (23), തൃശൂര്‍ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖില്‍ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ - പാലക്കാട് ദേശീയപാതയിലെ കല്ലിടുക്കില്‍ ഈ മാസം 25 നാണ് സംഭവം നടന്നത്. കോയമ്പത്തൂരില്‍ പണി കഴിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ തൃശൂരിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു ആക്രമണം. പട്ടാപ്പകല്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് ഏകദേശം രണ്ടു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ തട്ടിയെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കാർ തടഞ്ഞുനിര്‍ത്തി ആക്രമണം
സ്വര്‍ണവുമായി കാറില്‍ വരികയായിരുന്നവരെ, മൂന്നു വാഹനങ്ങളിലായി വന്ന പ്രതികള്‍ കല്ലിടുക്കില്‍വച്ച് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ശേഷം പ്രതികളെ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടു പോയാണ് സ്വര്‍ണം തട്ടിയെടുത്തത്.
വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍
പ്രതികള്‍ വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ ഉപയോഗിച്ചത് അന്വേഷണത്തിന് ആദ്യഘട്ടത്തില്‍ വെല്ലുവിളിയായെന്ന് പൊലീസ് പറഞ്ഞു. പഴുതടച്ച അന്വേഷണത്തില്‍ പ്രതികളായ സിദ്ദിഖിനെയും നിശാന്തിനെയും നിഖില്‍ നാഥിനെയും 27 ന് പുലര്‍ച്ചെ 3.30 ഓടെ കുതിരാനില്‍നിന്ന് പിടികൂടി. ഇവര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് അന്വേഷണ സംഘം തിരുവല്ലയില്‍നിന്നും ഷിജോ വര്‍ഗീസും റോഷന്‍ വര്‍ഗീസും പിടിയിലായത്. സ്‌ക്വാഡിനും പൊലീസുകാര്‍ക്കും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പിടിച്ചെടുത്തു. സ്വര്‍ണ കവര്‍ച്ചയുടെ സൂത്രധാരന്‍ റോഷന്‍ വര്‍ഗീസാണെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കവര്‍ച്ച നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍
ഒന്നാം പ്രതി റോഷന്‍ വര്‍ഗീസിന് തിരുവല്ല, ചങ്ങനശേരി, ചേര്‍ത്തല എന്നീ സ്റ്റേഷനുകളിലായി 22 കേസുകളും രണ്ടാം പ്രതിക്ക് തിരുവല്ല, കോട്ടയം, ഗാന്ധിനഗര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കേസുകളും മൂന്നാം പ്രതിക്ക് മതിലകം, കൊടുങ്ങല്ലൂര്‍, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലായി എട്ടു കേസുകളും നാലാം പ്രതിക്ക് കൊണ്ടോട്ടി സ്റ്റേഷനില്‍ ഒരു കേസും അഞ്ചാം പ്രതിക്ക് മതിലകം കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ സ്റ്റേഷനുകളിലായി 12 കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ പുത്തൂരില്‍ കൊണ്ടുപോയി ഇറക്കിയ പോട്ട സ്വദേശിയായ ആള്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ടോള്‍പ്ലാസകള്‍ പരിശോധിച്ചും വിവിധ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി. പ്രതികള്‍ ഉപേക്ഷിച്ച കാര്‍ നടത്തറയില്‍നിന്നും കണ്ടെത്തുകയും ചെയ്തു.
അന്വേഷണ സംഘം
തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഒല്ലൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പീച്ചി ഇന്‍സ്‌പെക്ടര്‍ അജിത്ത്, മണ്ണുത്തി സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി, വിയ്യൂര്‍ സബ് ഇന്‍സ്‌പെ്കടര്‍ ന്യൂമാന്‍, സാഗോക്ക് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എം. റാഫി, പഴനിസ്വാമി, അജിത്കുമാര്‍ (പീച്ചി) രജിത (പീച്ചി), സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ് (സാഗോക്ക്), ദിലീപ് (പീച്ചി), മിനീഷ് (പീച്ചി), സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ് (പീച്ചി), അബീഷ് ആന്റണി (ഒല്ലൂര്‍), അനില്‍കുമാര്‍ (വിയ്യൂര്‍), നിതീഷ് (പീച്ചി), സെബാസ്റ്റ്യന്‍ (പീച്ചി), വിഷ്ണു (പീച്ചി), സൈബര്‍സെല്‍ വിഭാഗത്തിലെ സബ് ഇന്‍സ്‌പെ്കടര്‍ ഫീസ്റ്റോ ടി.ഡി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം