Asianet News MalayalamAsianet News Malayalam

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് കളക്ടറുടെ നിർദേശം

സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ചിട്ടുണ്ട്.

fishes died in periyar river collector order pollution control board to investigate and take action
Author
First Published May 21, 2024, 7:17 PM IST | Last Updated May 21, 2024, 7:17 PM IST

എറണാകുളം: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയെന്ന് ജില്ലാ കളക്ടര്‍. ഇന്ന് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് നിര്‍ദേശം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങള്‍ ചത്തു പൊങ്ങാനിടയായത് എന്നാണ്  മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമെന്നും കളക്ടര്‍ അറിയിച്ചു. എന്നാല്‍ പ്രദേശം ഒരു വ്യവസായ മേഖലയായതിനാല്‍ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് കുറ്റക്കാരായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ചിട്ടുണ്ട്. അത് കുഫോസ് സെന്‍ട്രല്‍ ലാബിലേക്ക് പരിശോധനക്കായി നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നറിയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകും. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കി മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയെന്ന് കളക്ടര്‍ അറിയിച്ചു. 

തലസ്ഥാനത്തെ 10 റോഡുകളും 15നുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി; 'വെള്ളക്കെട്ട് പ്രശ്‌നത്തിനും ഉടൻ പരിഹാരം' 
 

Latest Videos
Follow Us:
Download App:
  • android
  • ios