Asianet News MalayalamAsianet News Malayalam

പാമ്പാട, ഉണ്ണിമേരി മുതൽ കടൽമാക്രി വരെ; കടലറിവുകൾ തേടി ഫിഷ് വോക്, സംഘടിപ്പിച്ചത് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

മുനമ്പം ഫിഷറീസ് ഹാർബറിലേക്കായിരുന്നു സംഘത്തിന്റെ പഠനയാത്ര. കടലിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യവൈവിധ്യങ്ങളുടെ ലാൻഡിംഗ് നേരിൽ കാണാനും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കാനും ഫിഷ് വോക് അവസരമൊരുക്കി

Fish Walk For Fish Lovers Conducted by Central Marine Fisheries Research Institute
Author
First Published Oct 20, 2024, 8:10 AM IST | Last Updated Oct 20, 2024, 8:10 AM IST

കൊച്ചി: കടലറിവുകൾ തേടി ഗവേഷകർക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ് വോക്. പൊതുജനങ്ങൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഒരുക്കിയ ഫിഷ് വോക് മീനുകളെ കുറിച്ചും മറ്റ് കടൽ ജൈവവൈവിധ്യങ്ങളെ കുറിച്ചുമുള്ള അറിവുകൾ പകരുന്നതായിരുന്നു.

സിഎംഎഫ്ആർഐയിലെ ഗവേഷക സംഘത്തിനൊപ്പം വിദ്യാർത്ഥികളും പൊതുജനങ്ങളും ആദ്യ ഘട്ട ഫിഷ് വോകിൽ പങ്കാളികളായി. മുനമ്പം ഫിഷറീസ് ഹാർബറിലേക്കായിരുന്നു സംഘത്തിന്റെ പഠനയാത്ര. കടലിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യവൈവിധ്യങ്ങളുടെ ലാൻഡിംഗ് നേരിൽ കാണാനും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കാനും ഫിഷ് വോക് അവസരമൊരുക്കി. ഒമ്പത് ട്രോൾ ബോട്ടുകളിൽ നിന്നെത്തിച്ച മത്സ്യയിനങ്ങൾ നിരീക്ഷണ വിധേയമാക്കി. പാമ്പാട, കണവ, കൂന്തൽ, തിരിയാൻ, ഉണ്ണിമേരി, കടൽമാക്രി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്.  ഫിഷ് മീൽ വ്യവസായത്തിനായി പോകുന്ന മറ്റ് മീനുകളുമുണ്ടായിരുന്നു. മത്സ്യബന്ധന രീതികൾ, ഉപയോഗിക്കുന്ന വലകൾ തുടങ്ങി സമുദ്ര ആവാസ വ്യവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ഉൾപ്പെടെ നിരവധി അറിവുകൾ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ മത്സ്യപ്രേമികളുമായി പങ്കുവെച്ചു.

രാവിലെ 5.30നാണ് സംഘം പഠനയാത്ര ആരംഭിച്ചത്. ഡോ മിറിയം പോൾ ശ്രീറാം, ഡോ ആർ രതീഷ്‌കുമാർ, അജു രാജു, ശ്രീകുമാർ കെ എം, സജികുമാർ കെ കെ എന്നിവരടങ്ങുന്ന സിഎംഎഫ്ആർഐയിലെ സംഘം ഫിഷ് വോകിന് നേതൃത്വം നൽകി. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഫിഷ് വോകിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ തൊട്ട് ഡോക്ടർമാർ, കോളേജ് അധ്യാപകർ, പ്രതിരോധ സേന, പോലീസ് ഉദ്യോഗസ്ഥർ, സീഫുഡ് മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നാനാതുറകളിലുള്ളവർ അപേക്ഷകരായുണ്ട്. 70 വയസ്സ് കഴിഞ്ഞവരും അപേക്ഷകരിലുണ്ട്.  വിവിധ ഘട്ടങ്ങളിലായി എല്ലാ അപേക്ഷകരെയും ഫിഷ് വോകിന്റെ ഭാഗമാക്കുമെന്ന് കോർഡിനേറ്റർ ഡോ മിറിയം പോൾ ശ്രീറാം പറഞ്ഞു.

അടുത്ത ഫിഷ് വോക് ഒക്ടോബർ 26ന് ചെല്ലാനത്താണ്. ഗവേഷകർക്കായി പ്രത്യേക പഠന യാത്രയും നടത്തും. വിവിധ ജില്ലകളിലെ സ്‌കൂൾ, കോളേജ് അധികൃതരും ഫിഷ് വോകിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

2023ലെ നിയമ പ്രകാരമുള്ള ആദ്യ കേസിൽ വിധി; ശിക്ഷ നാദാപുരത്തെ ഹോട്ടൽ നടത്തിപ്പുകാരിക്ക്, പിഴയടച്ചില്ലെങ്കിൽ തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios