ഇടുക്കിയിൽ ആദ്യത്തേത്, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ടോൾ പ്ലാസ, 20 കിലോ മീറ്ററിനകത്തെ താമസക്കാര്‍ക്ക് പാസ്
ഇടുക്കിയിലെ ആദ്യ ടോൾ പ്ലാസ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ലാക്കാട് പണം പിരിച്ചു തുടങ്ങി
ഇടുക്കി: ഇടുക്കിയിലെ ആദ്യ ടോൾ പ്ലാസ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ലാക്കാട് പണം പിരിച്ചു തുടങ്ങി. ദേശീയപാതയില്‍പെട്ട മൂന്നാര്‍ ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണു 371.83 കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിതത്. ടോള്‍ പ്ലാസയുടെ നിര്‍മാണം അന്നു തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളും പ്രദേശവാസികളുടെ എതിര്‍പ്പും കാരണം പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ഇതോടെ വെള്ളിയാഴ്ച മുതൽ ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ കൂടിയായ ദേവികുളം ടോള്‍ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങളില്‍ നിന്നും പണം ഈടാക്കിത്തുടങ്ങി.
ആന്ധ്രയില്‍ നിന്നുള്ള കമ്പനി
ആന്ധ്രയില്‍ നിന്നുള്ള കമ്പനിയാണു ടോള്‍ പിരിവ് ലേലത്തിനെടുത്തിരിക്കുന്നത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ലാക്കാട് കുരിശടിക്കു സമീപമാണ് ദേവികുളം ടോള്‍ പ്ലാസ. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് 340 രൂപക്ക് പ്രതിമാസ പാസെടുത്ത് ഈ വഴി സഞ്ചരിക്കാം.
കാര്‍, ജീപ്പ്, മറ്റു ചെറുവാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 35 രൂപയും ഇരുവശങ്ങളിലേക്കുമാണെങ്കില്‍ 55 രൂപയും നല്‍കണം. മിനി ബസിന് ഒരു വശത്തേക്ക് 60ഉം ഇരുവശങ്ങളിലേക്കുമാണെങ്കില്‍ 90 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവക്ക് ഒരു വശത്തേക്ക് 125ഉം ഇരുവശങ്ങളിലേക്കുമായി 185 മാണ് ടോള്‍ നിരക്ക്. ഭാരവാഹനങ്ങള്‍ക്ക് ഒരു വശം 195, ഇരുവശങ്ങളിലേക്കും 295, ഏഴില്‍ കൂടുതല്‍ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍ക്ക് ഒരു വശം 240, ഇരുവശങ്ങളിലേക്കും 355 എന്നിങ്ങനെയും ടോള്‍ നിരക്ക് നല്‍കണം.