'2 കിലോമീറ്റർ ദൂരത്ത് വരെ ശബ്ദം കേട്ടു'; പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്
ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലായവ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
കോട്ടയം: കോട്ടയം കിടങ്ങൂരിന് സമീപം ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. സ്ഥാപനത്തിലെ ജോലിക്കാരനായ ഐക്കരയില്‍ ജോജിയ്ക്കാണ് പൊള്ളലേറ്റത്. ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്പിളാവ് സഹകരണബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടില്‍ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മാത്യു ദേവസ്യായുടെ സഹോദരന്‍ ജോസഫിന്റെ പേരിലാണ് വെടിമരുന്ന് ഉപയോഗത്തിന് ലൈസന്‍സുള്ളത്. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലായവ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടന ശബ്ദം 2 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ആസ്ബറ്റോസ് ഷീറ്റുകള്‍ പരിസരമാകെ ചിതറിത്തെറിച്ചു. കുട്ടികളടക്കം കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് അപകടം. ഇവിടെ കാലങ്ങളായി പടക്കനിര്‍മാണം ഉള്ളതായാണ് വിവരം.അതേസമയം അനധികൃതമായാണ് പടക്ക നിർമാണം നടന്നിരുന്നതെന്ന് സംശയം ഉയരുന്നുണ്ട്.