19കാരനെ കുത്തിക്കൊലപ്പെടുത്തിയത് മുൻവൈരാഗ്യത്തെ തുടർന്ന്; ദുരഭിമാനക്കൊല ആരോപണം തളളി പൊലീസ്
ശ്വാസകോശത്തിൽ ആഴത്തിൽ മുറിവേറ്റു. ശ്വാസകോശത്തിൽ രക്തം പടർന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
കൊല്ലം: ഇരട്ടക്കടയിൽ 19കാരനെ കുത്തി കൊലപ്പെടുത്തിയത് മുൻവൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്. അരുണിന്റേത് ദുരഭിമാനക്കൊലയാണെന്ന ബന്ധുക്കളുടെ ആരോപണം പൊലീസ് തള്ളി. കൊല്ലപ്പെട്ട അരുണും പ്രസാദിന്റെ മകളും തമ്മിലുള്ള പ്രണയ ബന്ധത്തിൽ പ്രതിക്കുള്ള എതിർപ്പ് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ഇരവിപുരം സ്വദേശിയായ 19കാരൻ അരുൺ കൊല്ലപ്പെട്ടത്. ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന അരുണിനെ ദുരഭിമാനത്തെ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ പ്രസാദ് കുത്തിക്കൊലപെടുത്തിയെന്നായിരുന്നു യുവാവിന്റെ മാതൃ സഹോദരിയുടെ ആരോപണം. എന്നാൽ നടന്നത് ദുരഭിമാനക്കൊലയല്ലെന്ന നിലപാടിലാണ് കൊല്ലം വെസ്റ്റ് പൊലീസ്. വർഷങ്ങളായി അരുണും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ പ്രസാദിന് എതിർപ്പുണ്ടായിരുന്നു. പലതവണ വിലക്കിയിട്ടും ബന്ധം തുടർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലാണ് പ്രതി അരുണിനെ കുത്തിയത്.
അരുണിനെ പെൺകുട്ടിയുണ്ടായിരുന്ന ബന്ധു വീട്ടിലേക്ക് പ്രസാദ് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെവച്ച് സംഘർഷമുണ്ടായി. കയ്യിൽ കരുതിയ കത്തി കൊണ്ട് പ്രതി അരുണിനെ കുത്തിയെന്ന് പൊലീസ് പറയുന്നു. ശ്വാസകോശത്തിൽ ആഴത്തിൽ മുറിവേറ്റു. ശ്വാസകോശത്തിൽ രക്തം പടർന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. റിമാൻഡിൽ കഴിയുന്ന പ്രതിയെ തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.