വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചു; വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി, കനത്ത മഴയിൽ മുങ്ങി തമിഴ്നാട്
നവംബർ 23-ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലെ കോളേജുകൾ പതിവുപോലെ പ്രവർത്തിക്കും. രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്‌ലോൺ സ്കൂളുകളും കോളേജുകളും നൽകിയിരുന്ന അവധി നീട്ടി. തിരുവാരൂരിൽ കലക്ടർ ടി ചാരുശ്രീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കൽ ജില്ലാ കലക്ടർ ടി മണികണ്ഠനും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചത് മൂലമുണ്ടായ മഴ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി തുടങ്ങിയ തെക്കൻ ജില്ലകളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ സങ്കീർണ്ണമാക്കി. തമിഴ്‌നാടിൻ്റെ തീരപ്രദേശങ്ങളിൽ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുനെൽവേലി, തൂത്തുക്കുടി, കാരയ്ക്കൽ ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യാഴാഴ്ച രാവിലെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
നവംബർ 23-ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 25-ഓടെ ഇത് ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. നവംബർ 26 നും നവംബർ 29 നും ഇടയിൽ തെക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലും രായലസീമയിലും അതിശക്തമായ മഴ പെയ്തേക്കും. ഈ പ്രദേശങ്ങളിൽ ഡിസംബർ വരെ നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്.
READ MORE: പാക്ക് ചെയ്യാനെടുക്കുന്ന ഐസുകൾ രുചിച്ച് നോക്കി ജീവനക്കാരൻ; കട സീൽ ചെയ്ത് പൊലീസ്, സംഭവം കോഴിക്കോട്