രോഗിയെ രക്ഷിച്ച സിഐടിയു നേതാവായ ആംബുലൻസ് ഡ്രൈവറെ അനുമോദനത്തിൻ്റെ പേരിൽ സ്ഥലം മാറ്റി, ജീവനക്കാർ പ്രതിഷേധത്തിൽ

സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അനുമതി ഇല്ലാതെ പങ്കെടുത്തിന്‍റെ പേരിലാണ് ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയത്

citu protest kannur ambulance driver transfer issue

കണ്ണൂർ: അത്യാഹിതത്തിലായ ഗർഭിണിയായ രോഗിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിത്സ നൽകിയ സി ഐ ടി യു നേതാവായ 108 ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കണ്ണൂർ പേരാവൂരിൽ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അനുമതി ഇല്ലാതെ പങ്കെടുത്തിന്‍റെ പേരിലാണ് ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയത് എന്നാണ് ആക്ഷേപം. കണ്ണൂർ പേരാവൂർ സർക്കാർ ആശുപത്രിയിലെ ഡ്രൈവറും സി ഐ ടിയു 108 ആംബുലൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും സി പി എം നാൽപാടി ബ്രാഞ്ച് സെക്രട്ടറിയുമായ ധനേഷ് എ പിയെ കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതൽ പേരാവൂർ ആശുപത്രിയിലെ 108 ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിവെച്ച് സമരം നടത്തുകയാണ്. 

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്ക് ആസ്പദമായ സംഭവം. പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയ ഗർഭിണിയായ ആദിവാസി യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് 108 ആംബുലൻസ് നഴ്‌സ് അൽഫിനയും ഡ്രൈവർ ധനേഷും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ച ധനേഷിനെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനെയും അനുമോദിക്കാൻ സ്വകാര്യ ആശുപത്രി അധികൃതർ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാൻ ഇരുവർക്കും 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനി അനുമതി നൽകിയിരുന്നില്ല. ഇതിന് പിന്നാലെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തി ചടങ്ങ് സംഘടിപ്പിച്ച് സ്വകാര്യ ആശുപത്രി അധികൃതർ ധനേഷിനെ അനുമോദിച്ചിരുന്നു. അനുമോദന ചടങ്ങിൽ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് ധനേഷിനെ കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയതായി സ്വകാര്യ കമ്പനി പറയുന്ന കാരണം.

കനിവ് 108 ആംബുലൻസ് സാമ്പത്തിക സഹായം നൽകി അനുവദിച്ചു; ശമ്പള വിതരണം നടത്താൻ കഴിയില്ലെന്ന് കരാർ കമ്പനി

ധനേഷിനെ തിരികെ പേരാവൂർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ മുതൽ പേരാവൂർ താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് സേവനം സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പകരം ജീവനക്കാരെയും മറ്റൊരു ആംബുലൻസും അധികൃതർ പേരാവൂരിലേക്ക് അയച്ചിരുന്നുയെങ്കിലും സമരക്കാർ ഇവരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്. ആംബുലൻസിന്റെ താക്കോൽ ഊരിയെടുത്ത് കൊണ്ടുപോയതായും വണ്ടിയിൽ സി ഐ ടി യുവിന്റെ കൊടികുത്തിയതായും ആരോപണമുണ്ട്. എന്നാൽ ഒരു ജീവൻ രക്ഷിച്ച ധനേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച സ്വകാര്യ കമ്പനിക്കെതിരെയും പേരാവൂർ മേഖലയിലെ സൗജന്യ ആംബുലൻസ് സേവനം നിലച്ച് ഒരു ദിവസം പിന്നിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

എന്നാൽ ധനേഷിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ നടത്തുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുൻകൂടി അനുമതി വാങ്ങണമെന്ന് കർശന നിർദേശം ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നും ഇത് മറികടന്ന് ചടങ്ങിൽ പങ്കെടുത്തതിന് അച്ചടക്ക നടപടിയായി കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയതാണെന്നും 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അധികൃതർ വ്യക്തമാക്കിയത്.

ധനേഷ് കോഴിക്കോട് ജോലിയിൽ പ്രവേശിച്ചിട്ടില്ല എന്നും തുടർന്ന് കമ്പനിയുടെ എച്ച്. ആർ വിഭാഗവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയശേഷം ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകുകയുമാണ് ചെയ്തതെന്നും കമ്പനി അധികൃതർ പറഞ്ഞു. ആംബുലൻസിന്റെ താക്കോൽ ഊരിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടും ആംബുലൻസിൽ കൊടി കുത്തിയതുമായി ബന്ധപ്പെട്ടും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios