ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്; 'ഡിഎംകെ ജനവിരുദ്ധ സർക്കാർ, ആശയപരമായി ബിജെപി എതിരാളി'

ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തമിഴ് നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.

actot vijay's tvk first state conference live updates vijay says that entering politics without fear

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍  ദ്രാവിഡ മോഡൽ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം. 

സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും പ്രസംഗത്തിൽ പരാമര്‍ശിച്ചുകൊണ്ട് താൻ വന്നത് തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും വിജയ് സൂചിപ്പിച്ചു. തന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്നും അധികാരത്തിന്‍റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നൽകുമെന്നും വിജയ് പറഞ്ഞു. ഡിഎകെയുടെയും എഐഎഡിഎംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ഇടം വേണമെന്ന് ഡിഎംകെ സഖ്യ കക്ഷികൾ വാദിക്കുന്നതിനിടെയാണ് വിജയുടെ പ്രഖ്യാപനം. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.

രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. 2026ലെ തെരഞ്ഞെടുപ്പിൽ ടിവികെ ചിന്ഹനത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടും പ്രസംഗത്തിൽ വിജയ് പരാമര്‍ശിച്ചു. സ്ത്രീ സുരക്ഷ ഉറപ്പാക്കും, ജാതി സെന്‍സസ് നടത്തും, എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും എന്നീ പ്രഖ്യാപനങ്ങളും വിജയ് നടത്തി.


രാഷ്ട്രീയത്തിൽ എല്ലാം മാറണം, ഇല്ലെങ്കിൽ മാറ്റും

ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്.. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടാണ് വിജയ് സംസ്ഥാന സമ്മേളനത്തിൽ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു. ഉയിര്‍ വണക്കം ചൊല്ലിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തിൽ  താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്.  ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം. ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു. 

സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന  സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.

ജനസമുദ്രത്തിനിടയിലേക്ക് വിജയിയുടെ 'മാസ് എന്‍ട്രി'; വിക്രവാണ്ടിയിൽ ടിവികെയുടെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി

 

Latest Videos
Follow Us:
Download App:
  • android
  • ios