ബംഗളൂരുവില്‍ നിന്ന് വോൾവോയിൽ കയറി, അമരവിളയിൽ ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല; യുവാവിൽ നിന്ന് കഞ്ചാവ് പിടിച്ചു
ബംഗളൂരുവില്‍ നിന്ന് വോൾവോ ബസിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു പ്രതി
തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ 10.7 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രദേശ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഷെയ്ഖ് അബ്‍ദുൾ റഹീം ബാഷ (28) എന്നയാളാണ് വാഹനപരിശോധനയിൽ കഞ്ചാവുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് വോൾവോ ബസിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു പ്രതി. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സജിത്ത് ടിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, അഭിഷേക്, വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയാ വർഗീസ് എന്നിവരും പങ്കെടുത്തു.
കണ്ണൂരിൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കണ്ണൂർ സ്വദേശിയായ ഫഹദ് (20) ആണ് പിടിയിലായത്. 5.242 ഗ്രാം മെത്താംഫിറ്റാമിൻ, 10 ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സിയും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. സംഘത്തില്‍ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു കെ സി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഖാലിദ് ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി (എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം), ശരത് പി ടി, വനിത സിവിൽ എക്സൈസ് ഓഫീസർ സീമ പി എന്നിവർ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം