ലോക്ക്ഡൗണിന് മുമ്പ് അമേരിക്കൻ കപ്പലിലെ ഷെഫ്, ഇപ്പോൾ തട്ടുകടക്കാരൻ; കൊവിഡിൽ മാറിമറിഞ്ഞ ജീവിതങ്ങൾ

നാലുമാസത്തോളം കാത്തിരിപ്പ് നീണ്ടതോടെ പ്രതീക്ഷ അസ്തമിച്ചു. തിരിച്ചുപോക്ക് സ്വപ്നം മാത്രമായ ഘട്ടത്തിലാണ് ബിബോഷ് സ്വയംതൊഴിൽ ആലോചിച്ചത്. പിന്നാലെ പഠിച്ചത് തന്നെ തൊഴിലാക്കാൻ തീരുമാനിച്ചു.

american ship chef in kerala forced to sell street food

ചേർത്തല: കൊവിഡ് ദുരിതത്തിൽ തൊഴിൽ നഷ്ടപ്പെട്ട അമേരിക്കൻ കപ്പലിലെ യുവ ഷെഫ് കുടുംബം പോറ്റാൻ തട്ടുകട തുടങ്ങി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ കണിച്ചുകുളങ്ങര കടുത്താനത്ത് ബാബു-ഷീല ദമ്പതികളുടെ മകൻ ബിബോഷ്(അമ്പാടി-37) ആണ് ജീവിക്കാനായി പുതുവഴി തേടിയത്. ദേശീയപാതയോരത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് വടക്കാണ് തട്ടുകട. 

കഴിഞ്ഞ ആറ് വർഷമായി അമേരിക്കൽ യാത്രാകപ്പലിൽ ഷെഫായി ജോലിചെയ്യുകയായിരുന്നു ബിബോഷ്. അവധിക്ക് നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് ബുക്കുചെയ്ത് മാർച്ച് 10ന് നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. അപ്പോഴാണ് ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന സർവീസ് നിർത്തിയത്.

നിരാശനായി മടങ്ങി സ്ഥിതിഗതി മാറുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കി. നാലുമാസത്തോളം കാത്തിരിപ്പ് നീണ്ടതോടെ പ്രതീക്ഷ അസ്തമിച്ചു. തിരിച്ചുപോക്ക് സ്വപ്നം മാത്രമായ ഘട്ടത്തിലാണ് ബിബോഷ് സ്വയംതൊഴിൽ ആലോചിച്ചത്. പിന്നാലെ പഠിച്ചത് തന്നെ തൊഴിലാക്കാൻ തീരുമാനിച്ചു. അങ്ങിനെയാണ് വ്യാഴാഴ്ച വൈകിട്ട് തട്ടുകട തുറന്നത്. 

ദോശ, കപ്പബിരിയാണി, പൊറോട്ട, ചപ്പാത്തി, ബീഫ്, കോഴിക്കറി, മീൻകറി, പോട്ടി, ഓംലെറ്റ് തുടങ്ങിയ വിഭവങ്ങളെല്ലാം ഇവിടെ ലഭ്യം. ബിബോഷിന്റെ സുഹൃത്ത് കാനഡയിൽ ഷെഫായി ജോലി നോക്കവെ ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട തണ്ണീർമുക്കം സ്വദേശി സോനു തട്ടുകടയിൽ സഹായത്തിനുണ്ട്. ഒന്നാം ക്ലാസോടെ എസ്എസ്എൽസി വിജയിച്ച ബിബോഷ് കളമശേരി സർക്കാർ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചത്. തുടർന്ന് കെ ടി ഡി സിയിൽ ദിവവേതന വ്യവസ്ഥയിൽ ജോലിനോക്കി. 

2006ൽ തണ്ണീർമുക്കത്തെ കെടിഡിസി ഹോട്ടലിൽ എത്തിയ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി രമൺ ശ്രീവാസ്തവ ഭക്ഷണം കഴിച്ച് രുചിക്കൂട്ടിലെ മികവിന് ബിബോഷിനെ അഭിനന്ദിച്ച് കെടിഡിസി എംഡിയ്ക്ക് കത്തയച്ചിരുന്നു. മികച്ച ജോലി തേടിയ ബിബോഷ് അഞ്ച് വർഷം ഗൾഫിലായിരുന്നു. തുടർന്നാണ് സങ്കീർണമായ കടമ്പകൾ കടന്ന് ആറ് വർഷം മുമ്പ് അമേരിക്കൽ കപ്പലിൽ ഷെഫായത്.

‘പ്രിൻസ് ക്രൂയിസസ്’ യാത്രാകപ്പലിലായിരുന്നു ജോലി. അവധിക്ക് വീട്ടിലെത്തിയശേഷം സിംഗപ്പൂരിലെത്തി കപ്പലിൽ പ്രവേശിക്കുന്നതിനുള്ള വിമാനയാത്ര അപ്രതീക്ഷത ലോക്ക്ഡൗണിൽ മുടങ്ങിയതോടെയാണ് ജീവിതം പ്രതിസന്ധിയിലായത്. തളരാത്ത ബിബോഷിന് അതിജീവനത്തിനുള്ള ഉപായമാണ് രുചിയേറും നാടൻ വിഭവങ്ങളുമായി തുറന്ന തട്ടുകട.

Latest Videos
Follow Us:
Download App:
  • android
  • ios