Asianet News MalayalamAsianet News Malayalam

അതിഥിത്തൊഴിലാളികളുടെ താമസ സ്‌ഥലത്ത് മൂന്നം​ഗ സംഘം അതിക്രമിച്ചു കയറി; പണവും ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

മൂന്നംഗ ഗുണ്ടാസംഘം അതിക്രമിച്ചു കയറി മൊബൈൽ ഫോണുകളും 10,500 രൂപയും കവരുകയായിരുന്നു. തൊഴിലാളികളെ മർദിച്ചതിനു ശേഷമായിരുന്നു മോഷണം.
 

 A man has been arrested in the case of attacking non state workers and robbing them of money and phones in Mangalapuram
Author
First Published Sep 21, 2024, 11:36 PM IST | Last Updated Sep 21, 2024, 11:36 PM IST

തിരുവനന്തപുരം: മംഗലപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പ്രധാന പ്രതി മംഗലപുരം സ്വദേശി അൻസർ ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് മംഗലപുരം കൊയ്ത്തൂർ കോണത്ത് അതിഥിത്തൊഴിലാളികളുടെ താമസ സ്‌ഥലത്ത് കവര്‍ച്ച നടന്നത്. മൂന്നംഗ ഗുണ്ടാസംഘം അതിക്രമിച്ചു കയറി മൊബൈൽ ഫോണുകളും 10,500 രൂപയും കവരുകയായിരുന്നു. തൊഴിലാളികളെ മർദിച്ചതിനു ശേഷമായിരുന്നു മോഷണം.

ബംഗാൾ സ്വദേശികളായ ഷാമചരൺ മണ്ഡൽ, ബാപ്പി തണ്ഡർ, നയൻ തണ്ഡർ, ആഷിഷ് മാജി, പഥിക് മണ്ഡൽ, എന്നിവർക്കാണ് മർദനമേറ്റത്. 
ഇവരുടെ പരാതിയിൽ മൂന്ന് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രധാന പ്രതിയായ മംഗലപുരം സ്വദേശി അൻസർ ഇപ്പോള്‍ പിടിയിലായത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ പത്തനംതിട്ടയിൽ നിന്ന് പിടികൂടുകയായിരുന്നു. കാപ്പ കേസ് പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് അൻസർ പുറത്തിറങ്ങിയത്. വധശ്രമം, കവർച്ച, ഗുണ്ടാ ആക്രമണം ഉൾപ്പടെ ഇരുപതിലധികം കേസുകളിൽ പ്രതിയാണ്.

തോന്നയ്ക്കൽ സ്വദേശി കെ. തൗഫിഖ് ഉള്‍പ്പെടെ രണ്ട് പേരെ മോഷണ കേസിൽ പിടികൂടാനുണ്ട്. ഗുണ്ടകളുമായുള്ള ബന്ധത്തിൻ്റെ പേരിൽ മംഗലപുരം സ്‌റ്റേഷൻ എസ്‌എച്ച്ഒ ഉൾപ്പെടെ അഞ്ചു പേരെ അടുത്തിടെ സസ്പെന്റ് ചെയ്യുകയും മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസ്; ഇരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ, 'രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചു'

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios