'സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നു'; ഒല്ലൂരിൽ അമ്മയുടേയും മകന്‍റേയും മരണം ആത്മഹത്യ, കുറിപ്പ് കണ്ടെത്തി
വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അജയൻ വിവരം തന്‍റെ അയൽക്കാരെ അറിയിക്കുകയായിരുന്നു.
ഒല്ലൂർ: തൃശ്ശൂർ ഒല്ലൂരിൽ കഴിഞ്ഞ ദിവസം അമ്മയേയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പൊലീസ്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപത്തുള്ള വീട്ടിൽ കാട്ടിക്കുളം അജയന്‍റെ ഭാര്യ അമ്പത്തിയാറു വയസ്സുള്ള മിനിയെയും മുപ്പത്തിമൂന്നുകാരന്‍ മകന്‍ ജെയ്തുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അജയൻ വിവരം തന്‍റെ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ടറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. മിനിയും ജെയ്തുവും മറ്റൊരു വീട്ടില്‍ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. ലോട്ടറി കച്ചവടമായിരുന്നു അജയന്‍റെ ഉപജീവന മാര്‍ഗ്ഗം.
ആത്മഹത്യ ചെയ്തതിന് തൊട്ട് മുമ്പുള്ള ദിവസം ഈ വീട്ടിലേക്കു വന്ന അമ്മയും മകനും വിഷം കഴിച്ചു മരിക്കുകയായിരുന്നു. പണം കൊടുക്കാനുള്ളവരുടെ വിവരങ്ങളും ആത്മഹത്യാ കുറിപ്പിലുണ്ട്. സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്‍റായ ജെയ്തു അവിവാഹിതനാണ്. ഒല്ലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)