ഇത് ഞങ്ങളുടെ ഏരിയ! ലുലു മാളിൽ 25 മിനുട്ട് നീണ്ട കിടുക്കാച്ചി പ്രകടനം; അടിച്ചുകയറി ഫ്ലാഷ്മോബുമായി 31 അമ്മമാര്‍
വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം ഉറപ്പു വരുത്തുന്ന സർക്കാർ പദ്ധതിയാണ് വയോമിത്രം.
കൊച്ചി: നാളെത്തെ ഒക്ടോബര്‍ ഒന്നിലെ വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയിലെ വിവിധ നഗരസഭകളിൽ ഉള്ള 31 വയോജനങ്ങൾ ഇടപ്പള്ളി ലുലു മാളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
അമ്മമാർ വിവിധ പാട്ടുകൾക്ക് നൃത്തം ചെയ്തതു കണ്ടു നിന്നവർക്കും ആവേശമായി. ഫ്ലാഷ്മോബ് 25 മിനിറ്റോളം നീണ്ടു നിന്നു. ഫ്ലാഷ്മോബ് അവതരിപ്പിച്ച അമ്മമാർക്ക് ലുലു റീജിനൽ ഡയറക്ടർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോ -ഓർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു മാൾ ജനറൽ മാനേജർ വിഷ്ണു നാഥ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് ആദരിച്ചു.
വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം ഉറപ്പു വരുത്തുന്ന സർക്കാർ പദ്ധതിയാണ് വയോമിത്രം. കേരളത്തിൽ 6 കോർപ്പറേഷനുകളിലും 85 നഗരസഭകളിലും നാലു ബ്ലോക്ക് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. വാർധക്യസഹജമായ രോഗങ്ങൾക്കിടയിലും സമൂഹത്തിന്റെ എല്ലാ സന്തോഷങ്ങൾക്കും തങ്ങളും അർഹരാണ് എന്ന് പൊതു സമൂഹത്തോട് വിളിച്ചു പറയാനുള്ള ഒരു അവസരമായിട്ടാണ് ഇത്തരം പരിപാടികൾ നടത്തിവരുന്നത്.
സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും അവരും ഉൾപ്പെട്ടതാണ് എന്ന സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നത്. ഫ്ലാഷ് മോബിന് ശേഷം സാമൂഹിക സുരക്ഷാ മിഷൻ എറണാകുളം ജില്ലാ കോഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ വയോമിത്രം പദ്ധതിയെ കുറിച്ചും ഒക്ടോബർ 1 വയോജന ദിനത്തിന്റെ പ്രത്യേകതയെ കുറിച്ചും സംസാരിച്ചു.