Asianet News MalayalamAsianet News Malayalam

Malayalam Short Story: ശവം, നിര്‍മല്‍ പോള്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നിര്‍മല്‍ പോള്‍  എഴുതിയ ചെറുകഥ

chilla Malayalam short story by Nirmal Paul
Author
First Published Oct 9, 2024, 5:00 PM IST | Last Updated Oct 9, 2024, 5:00 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Nirmal Paul

 

ശവം

മൂടല്‍മഞ്ഞിന്റെ നേര്‍ത്ത പാളികളിലൂടെ മഴവില്‍വെളിച്ചം വീശിക്കൊണ്ട് പ്രഭാതം കുന്നുകള്‍ക്ക് മുകളിലൂടെ പതുക്കെ അറ്റുവീണു. കുന്നിന്‍ ചെരുവില്‍ ചുറ്റീന്ത് ചെടികള്‍ക്കിടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ ഒറ്റനില ഭവനം പ്രായത്തിന്റെ അടയാളം കാണിച്ചു. രണ്ട് മുറിയും ഒരു അടുക്കളയും ആ വീട്ടിലുണ്ടെന്ന് പുറമേ കണ്ടാല്‍ ആരും പറയില്ല. 

ഒരു ഇളം കാറ്റ് ചുറ്റീന്ത് ഇലകളിലൂടെ കടന്നുപോയി. വീടിന് അരികിലുള്ള കുഞ്ഞന്‍ ഞാവല്‍ മരത്തിലെ ഇലകളെ ആ കാറ്റ് തഴുകി. പെട്ടെന്ന്, വീടിനുള്ളില്‍ നിന്നുയര്‍ന്ന ഒരു നിലവിളി പ്രഭാതത്തിന്റെ ശാന്തത തകര്‍ത്തു.

അമ്മച്ചീ...

പെണ്ണമ്മയുടെ ആ ശബ്ദം അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു. താമസിയാതെ, മറ്റ് ശബ്ദങ്ങളും അതിനൊപ്പം ചേര്‍ന്നു, ഓരോ നിമിഷവും വര്‍ദ്ധിച്ച വിലാപത്തിന്റെ ഒരു കോറസ്. വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ ഷെഡില്‍ തണുപ്പത്ത് കൂനിക്കൂടിക്കിടന്ന നാടന്‍ ശുനകന്‍ ഞെട്ടിയുണര്‍ന്നു. രംഗം പന്തിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടാകണം വീടിനുള്ളില്‍ നിന്നുള്ള കരച്ചില്‍ കേട്ട് അത് മൃദുവായി കരഞ്ഞു.

വെളിച്ചമെങ്ങും പരന്നു.

ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാരു തടിച്ചുകൂടി. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയവരുടെ പിറുപിറുക്കല്‍ കൊണ്ട് അന്തരീക്ഷം നിറഞ്ഞു.  

ശുനകന്‍ എല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.

ആ പഴയ ഞാവല്‍ മരത്തിന് താഴേ കെട്ടിയ ടാര്‍പ്പായയുടെ തണലില്‍,  വേറോനിയുടെ ശരീരം കിടത്തപ്പെട്ടു. പഴയതെങ്കിലും വൃത്തിയുള്ള  വെള്ള തുണികൊണ്ട്  ആ ശരീരം ആണ്‍പിറന്നോന്മാര്‍ പൊതിഞ്ഞെടുത്തു. 

കയ്യില്‍ കൈക്കുഞ്ഞുമായി ഓട്ടോയില്‍ വന്നിറങ്ങിയ വേറോനിയുടെ ഒറ്റ സന്താനം പെണ്ണമയുടെ മകള്‍ സലോമി ഓടി വന്ന് വേറോനിയെ നോക്കി നിലത്ത് മുട്ടുകുത്തി, കൈകളില്‍ മുഖം പൂഴ്ത്തി, പൊട്ടിക്കരഞ്ഞു. അവള്‍ പതിയെ നിലത്തിരുന്നു. പിന്നാലെ പെണ്ണമ്മയും മറ്റു സ്ത്രീജനങ്ങളും. തണുപ്പകറ്റാന്‍ ഷാളും തൊപ്പിയും മഫ്‌ലറും പലരും ധരിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ വീശുന്ന കോച്ചുന്ന തണുപ്പ് അവരുടെ ശരീരങ്ങളെ മരവിപ്പിച്ചുകൊണ്ടിരുന്നു.  സലോമിയുടെ കുഞ്ഞ് അമ്മയുടെ മുടിയില്‍ വിരലുകള്‍ ചുഴറ്റി, ചുറ്റുപാടുമുള്ളവരെ നിഷ്‌കളങ്കമായി നോക്കി. 

വെറോനിക്ക്  ചുറ്റും, വിലപിക്കുന്നവര്‍ കൂട്ടമായി നിന്നു. 

പ്രാര്‍ത്ഥനകള്‍. 

ചിലര്‍ നിശബ്ദമായി വെറോനിയെ  നോക്കി. 

തണുപ്പത്ത് ഓടിക്കളിക്കുന്ന കുട്ടികളെ, വീട്ടിലേക്കുള്ള വഴിയില്‍ മങ്കിതൊപ്പിയും ധരിച്ച് ബീഡി പുകച്ചു നില്‍ക്കുന്ന മുതിര്‍ന്നവരുടെ കൂട്ടം പുച്ഛഭാവത്തില്‍ നോക്കി. മൂര്‍ച്ചയുള്ള അവരുടെ കണ്ണുകള്‍ ഒരുപാട് വിടവാങ്ങലുകള്‍ കണ്ട് തഴമ്പിച്ചതാണ്. 

പ്രാതല്‍ കഴിക്കാത്തതിനാല്‍ ആന്ത്രവായുകോപം കയറി, കൂട്ടത്തിലെ മുതിര്‍ന്നയാളും പെണ്ണമ്മയുടെ റാളനുമായ, തങ്കച്ചന്‍ നീട്ടിയൊന്ന് ഏമ്പക്കം വിട്ടു. നാട്ടില്‍ നിന്നും വന്ന പൌലോയ്ക്ക് തങ്കച്ചന്‍ സലോമിയെ  അഹങ്കാരത്തോടെയും അഭിമാനത്തോടെയും ചൂണ്ടി കാണിച്ചുകൊടുത്തു. 

അത് എന്റെ എളയത്. മൂത്തവളങ്ങ് ഇസ്രയേലിലാ. യെവക്കടെ കെട്ടിയോന്‍ അങ്ങ് മാള്‍ട്ടയിലാ. 

വയറ്റില്‍  വായു കുടുങ്ങിയിരിക്കുന്നു. ശബ്ദത്തില്‍ ഒരു കീഴ് വായു വിട്ടപ്പോള്‍, തെല്ലൊരാശ്വാസം തങ്കച്ചന് തോന്നി. 

ആകാശത്തേക്ക് നോക്കി, കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടിക്കൊണ്ടിരുക്കുന്നത് കണ്ട്, തങ്കച്ചന്‍ നിശ്ശബ്ദമായി പിറുപിറുത്തു.

കര്‍ണാടകയില്‍ നോക്കാനാരാ?

പൗലോയുടെ ചോദ്യം.

അവിടെ ഒരുത്തനുണ്ട് നോക്കാന്‍. എന്നാലും ഈ ഇഞ്ചീടെ കാര്യമാ. മക്കളെപോലെ നോക്കണം. പെണ്ണമയാണേ ഇവിടെ അമ്മച്ചീടെ കൂടെ ഒരു മാസമായി. ചാച്ചന്‍ മരിച്ചപ്പോ ഞങ്ങടെ കൂടെ വന്ന് നിക്കാന്‍ അമ്മച്ചിയോട് പറഞ്ഞതാ. പത്ത് പന്ത്രണ്ട് കൊല്ലം ഇവിടെ ഒറ്റയ്ക്ക് എങ്ങനെ താമസിച്ചൂന്ന് എനിക്കറിയത്തില്ല. വയസ്സാകുമ്പോ ഈ മലമണ്ടയില്‍ കിടക്കണ്ടന്ന് പറഞ്ഞാ കേള്‍ക്കണ്ടേ. അടയ്ക്കയാണേല്‍ മടിയിലെടുത്ത് വയ്ക്കാം. അടയ്ക്കാമരമാണേലോ? ഞാനിപ്പോ വന്നിട്ട് ഇന്നേക്ക് എട്ട് ദിവസമായി. തിരിച്ചു ചെല്ലുമ്പോ അറിയാം ഇഞ്ചിയുടെ അവസ്ഥയെന്നാന്ന്.     

മാനം കൂടുതല്‍ കറുക്കുന്നത് കണ്ട് തങ്കച്ചന്‍ അസ്വസ്ഥനായിത്തുടങ്ങി.

നല്ല മഴക്കോളുണ്ട്.

തങ്കച്ചന്‍ പറഞ്ഞത്, കൂടെയുള്ളവര്‍ ശരിവെച്ചു.

കാത്തിരുന്ന പള്ളി വികാരി എത്തി. പതിഞ്ഞ സ്വരത്തില്‍ കുടുംബത്തെ അഭിവാദ്യം ചെയ്ത ആ യുവ വൈദികന്‍ വേറോനിയുടെ അരികില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. അവിടെയുള്ള ജനക്കൂട്ടം പ്രാര്‍ത്ഥന ചൊല്ലി. വികാരി ഒപ്പീസ് ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ പെണ്ണമ്മയുടെ  ശബ്ദം നിശബ്ദമായി. കരയുന്നവര്‍ക്ക് ആശ്വാസമേകുന്ന വൈദികന്റെ മൃദുലമായ ശബ്ദം.

പ്രാര്‍ത്ഥനയ്ക്കുശേഷം, തങ്കച്ചന്‍ വൈദീകനെ സമീപിച്ചു. ബഹുമാനം നിറഞ്ഞ് ശബ്ദം താഴ്ത്തി, തങ്കച്ചന്‍ വൈദീകനച്ചനോട് ചോദിച്ചു.

നമുക്കന്നാ എടുത്താലോ?  

വികാരി ചെറുതായി ഒന്ന് തലയാട്ടി. തങ്കച്ചന്റെ കണ്ണുകള്‍ വിടര്‍ന്നു. ആവേശം. 

സമ്മതം മൂളപ്പെട്ടതിനാല്‍  അരോഗദൃഢഗാത്രരായ ആറു പേര്‍ ചേര്‍ന്ന് ശവപ്പെട്ടി ഉയര്‍ത്തി. സ്ത്രീകള്‍ വീണ്ടും വാവിട്ടുകരയാന്‍ തുടങ്ങി. ഒരു ഘോഷയാത്രയുടെ പ്രയാണമെന്ന പോലെ ശവവുമായി ആളുകള്‍ നീങ്ങുന്നത്,  ചങ്ങലകെട്ടിയ കമ്പിക്ക് ചുറ്റും  കറങ്ങി നടന്ന ശുനകന്‍  നോക്കി നിന്നു. പെട്ടെന്ന് എന്തോ ഓര്‍മയില്‍ തെളിഞ്ഞ് അതിന്റെ ഹൃദയം തേങ്ങി. അത് വാവിട്ടു കരഞ്ഞു. മുമ്പെങ്ങും കരഞ്ഞിട്ടില്ലാത്ത വിധം. 

കുഴിമാടത്തിലേക്കുള്ള പാത കുത്തനെയുള്ളതായിരുന്നു, കട്ടിയുള്ള പുല്ലുകള്‍ക്കിടയിലൂടെ പാമ്പുകണക്കെ വളഞ്ഞുപുളഞ്ഞുള്ള ഒരു നടവഴി. വൈദികന്‍ മുമ്പേ നടന്നു. പിന്നാലെ ശവപ്പെട്ടിയുമായി ദുഃഖാര്‍ത്തരും. ദൃഢമായ ആളുകളുടെ കാല്‍വെപ്പ് മണ്ണില്‍ പ്രതിഫലിപ്പിക്കുന്ന ഞെരുക്കവും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന കരച്ചിലും പിറുപിറുക്കലുകളും കാറ്റിന്റെ കൂവല്‍ ശബ്ദത്തോട് ഇടകലര്‍ന്ന് കേട്ടു. 

ആളുകള്‍ കുന്ന് കയറി അപ്പുറത്തെ ചെരിവിലിറങ്ങി. മരക്കുരിശുകളാല്‍ അടയാളപ്പെടുത്തിയ ഒരു സ്ഥലമായിരുന്നു അത്. ഭൂമിയില്‍ നട്ടുപിടിപ്പിച്ച ആ കുരിശുകളില്‍ പലതും ദ്രവിച്ചിരിക്കുന്നു.  

ശവപ്പെട്ടി കുഴിമാടത്തിലേക്ക് താഴ്ത്തപ്പെട്ടപ്പോള്‍ സലോമിയും മറ്റ് പെണ്ണുങ്ങളും വാവിട്ടു കരഞ്ഞു. ആ കുഴിയിലേക്ക് ചെറിയ കുന്തിരിക്കകല്ലുകള്‍ വീഴപ്പെട്ടു.  പെണ്ണമ്മയാണ് അവസാനമായി കുഴിക്കരികില്‍ എത്തെത്തിയത്. കുന്തിരിക്കം കുഴിയിലേക്ക് വീഴാന്‍ അനുവദിച്ചപ്പോള്‍ അവളുടെ കൈകള്‍ വിറച്ചു. തങ്കച്ചന്‍ നിശ്ശബ്ദനായി അത് നോക്കിനിന്നപ്പോള്‍ പെണ്ണമ്മ  മാറത്തടിച്ചു  കരഞ്ഞു.

ശവക്കുഴിയില്‍ മണ്ണ് നിറഞ്ഞുകഴിഞ്ഞപ്പോള്‍, അതിന്റെ തലയ്ക്കല്‍ ഒരാള്‍ ഒരു  മരക്കുരിശ് സ്ഥാപിച്ചു. 

വേറോനിയെ സമാധാനത്തോടെ വിശ്രമിക്കാന്‍ വിട്ട്, ആളുകള്‍ കുന്നിറങ്ങി. പെണ്ണമ്മയുടെ  മുഖത്ത് സങ്കടം പതഞ്ഞു. കുന്നിറങ്ങുമ്പോള്‍ സങ്കടത്തിന്റെ ഭാരം അവളുടെ ഓരോ ചുവടും ഭാരമുള്ളതാക്കി. 

ഇരുട്ട്.

കുന്നിന്‍ ചെരുവിലെ ആ വീടിനുള്ളിലെ കുഞ്ഞു മുറിയില്‍ തങ്കച്ചനും പെണ്ണമ്മയും ശവം കണക്കെ ഗാഢനിദ്രയിലാണ്ടു. 

ഒരു ഇളം കാറ്റ് വീശിയപ്പോള്‍ കുന്നിന്‍മുകളിലേക്ക് നോക്കി, ശുനകന്‍ ആരെയോ  വിളിക്കുന്നതുപോലെ,  വിലാപശബ്ദം പുറപ്പെടുവിച്ചു. 

ക്ഷീണം നിറഞ്ഞ കണ്ണ് തങ്കച്ചന്‍ പതിയെ തുറന്നു. ശുനകന്‍ എങ്ങലടിച്ച് കരയുംപോലെ  കുര തുടരുകയാണ്. പെണ്ണമ്മയും ഉണര്‍ന്നു. തങ്കച്ചന്‍ ദേഷ്യത്തോടെ ജനലിലൂടെ ശുനകനെ നോക്കുന്നത് പെണ്ണമ്മ കണ്ടു. 

അമ്മച്ചി ഇന്ന് കഞ്ഞി കൊടുക്കാന്‍ ഇല്ലാത്തതിന്റെയാ...

പെണ്ണമ്മ സങ്കടത്തോടെ പറഞ്ഞു.

ശവം.

കുരയില്‍ പ്രകോപിതനായി, തങ്കച്ചന്‍ പിറുപിറുത്തു. 

കുന്നിന്‍ചെരുവില്‍ കാറ്റ് മന്ത്രിക്കുമ്പോള്‍, മണ്മറഞ്ഞവരുടെ കുഴിമാടങ്ങളെ നോക്കി മരക്കുരിശുകള്‍ നിശബ്ദമായി നിന്നു.
 


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios