ജമ്മു കശ്മീൽ ഗ്രനേഡ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരെ പൂട്ടി സുരക്ഷാ സേന; പിടിയിലായത് രണ്ട് ഭീകരർ
പിടിയിലായ ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഗ്രനേഡുകളും കണ്ടെടുത്തെന്ന് സുരക്ഷാ സേന അറിയിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാഗങ്ങൾ കൈമാറിയ വിവരങ്ങൾ പ്രകാരം നടത്തിയ ഓപ്പറേഷനിൽ അബ്ദുൾ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. പൂഞ്ച് സെക്ടറിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.
അബ്ദുൾ അസീസ്, മൻവർ ഹുസൈൻ എന്നീ ഭീകരരെ അറസ്റ്റ് ചെയ്തത് സുരക്ഷാ സേനകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമാണെന്ന് ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) ആനന്ദ് ജെയിൻ പറഞ്ഞു. അതിർത്തിക്കപ്പുറത്തേയ്ക്ക് ബന്ധമുള്ള രണ്ട് ഭീകരരുടെ അറസ്റ്റോടെ കഴിഞ്ഞ വർഷം നവംബർ മുതൽ പൂഞ്ച് ജില്ലയിൽ നടന്ന ഗ്രനേഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും പരിഹരിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഗ്രനേഡുകളും സുരക്ഷാ സേന കണ്ടെടുത്തു. 37 രാഷ്ട്രീയ റൈഫിൾസിലെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 38-ാം ബറ്റാലിയനിലെയും സൈനികർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അബ്ദുൾ അസീസ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് മൂന്ന് ഗ്രനേഡുകളാണ് കണ്ടെടുത്തത്. അബ്ദുൾ അസീസിന്റെ സഹായിയായ മൻവർ ഹുസൈൻ്റെ പക്കൽ നിന്ന് ഒരു പിസ്റ്റളും വെടിമരുന്നും ഉൾപ്പെടെ കണ്ടെത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പൂഞ്ചിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മതപരമായ സ്ഥലങ്ങളിലും ആശുപത്രികളിലും ഗ്രനേഡ് ആക്രമണം, ഭീകരവാദത്തിന് ധനസഹായം, ദേശവിരുദ്ധ പ്രചാരണം, ആയുധക്കടത്ത് എന്നിവ ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ് പിടിയിലായിരിക്കുന്നത്. സമീപകാല അറസ്റ്റുകൾ മേഖലയിലെ ഭീകരവാദ സംഘടനകളുടെ പ്രവർത്തനത്തെ വലിയ രീതിയിൽ ദുർബലപ്പെടുത്തിയെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.