'പാവം കുട്ടി' എന്ന് ലളിതാംബിക അന്തർജ്ജനം പറഞ്ഞ ആ യുവാവ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറിച്ച് തനൂജ ഭട്ടതിരി
ബാലൻ തുടർന്നു... "77 -ൽ പരിഷത്തിന്റെ വാർഷികത്തിൽ ഞാൻ പങ്കെടുക്കാൻ പോയത് നന്നായി മദ്യപിച്ചിട്ടായിരുന്നു. അന്തർജ്ജനത്തിന് അത് കണ്ട് വലിയ വിഷമമായി. അപ്പോഴും അരികിലേക്ക് വിളിച്ച് ഇങ്ങനെ ഉപദേശിച്ചു.
എക്കാലവും മലയാളികളുടെ പ്രിയപ്പെട്ട കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. എഴുത്തിനെ സ്നേഹിക്കുന്ന മലയാളികൾ മിക്കവാറും ചുള്ളിക്കാടിന്റെ കവിതകളുടെ ആരാധകരുമാണ്. പലപ്പോഴും ഒന്നിനെയും ഭയമില്ലാത്ത അഭിപ്രായപ്രകടനങ്ങൾ കൊണ്ട് വിവാദത്തിലുമാവാറുണ്ട് അദ്ദേഹം. അതൊന്നും പക്ഷേ ചുള്ളിക്കാട് ഗൗനിച്ചിരുന്നില്ല.
എന്നാൽ, എഴുത്തുകാരിയായ തനൂജ ഭട്ടതിരി ചുള്ളിക്കാടിനെ കുറിച്ച് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെ ഇവിടെ മറ്റൊരാൾ ഉണ്ടാവുകയില്ല എന്നും അദ്ദേഹത്തിന്റെ കാലശേഷം മാത്രമേ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വില ഇവിടെയുള്ളവർ മനസ്സിലാക്കൂ എന്നുമാണ് തനൂജ ഭട്ടതിരി കുറിക്കുന്നത്.
പോസ്റ്റ് വായിക്കാം:
കുറച്ചുനാൾ മുമ്പ് എഴുതണമെന്ന് തോന്നിയ കാര്യമാണ് ഇപ്പോൾ ഞാൻ ഇവിടെ എഴുതുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചില പുസ്തകങ്ങളുടെ പുനർവായന നടത്തിയപ്പോൾ പെട്ടെന്ന് ഇപ്പോൾ ഇത് എഴുതണമെന്ന് തോന്നി. അതെ, ബാലചന്ദ്രനെ കുറിച്ച് തന്നെ!
ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന പേര് വായിക്കുകയല്ല ഞാൻ കേൾക്കുകയാണ് ആദ്യം ചെയ്തത്. കുട്ടിക്കാലത്തു കുടുംബ സദസ്സുകളിലെ സാഹിത്യ ചർച്ചകളിലാണ് പലരും ആ പേര് പറയുന്നത് കേട്ടത്. മുത്തശ്ശി, ലളിതാംബിക അന്തർജനം ചുള്ളിക്കാടിന്റെ കവിതകളെ കുറിച്ച് പറയുന്ന കൂട്ടത്തിൽ മറ്റൊന്നുകൂടി, ഇടയ്ക്കിടയ്ക്ക് സ്വയം എന്നോണം പറയുന്നത് കേട്ടിട്ടുണ്ട്. "പാവം കുട്ടിയാണ്, ബാലൻ... പാവം കുട്ടി..."
ആ ബാലനാണ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്ന് ഞാൻ പിന്നീട് മനസ്സിലാക്കുകയായിരുന്നു. ജനസമ്മതി നോക്കാതെ, സമൂഹത്തിന്റെ കർശന നിർദേശമതിലുകൾക്ക് വെളിയിൽ കടന്നു ജീവിക്കുന്നവരിൽ ചിലരൊക്കെ എങ്കിലും, തങ്ങൾക്ക് ലഭിക്കാത്ത സ്നേഹം, വേണ്ടപ്പെട്ടവരുടെ അംഗീകാരം ഒക്കെ തേടിയാണ് ജീവിക്കുന്നതെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ഒരുതരം കരച്ചിൽ ആണ് അവരുടെ ചിരിയും അട്ടഹാസവും ഒക്കെ എന്നും തോന്നിയിട്ടുണ്ട്.
ലളിതാംബിക അന്തർജനം എന്നും സമൂഹം തള്ളിപ്പറഞ്ഞവരുടെ ഹൃദയത്തിലേക്ക് കടക്കാൻ ശ്രമിക്കുമായിരുന്നു. വിവാദം പിടിച്ച പല കഥകളും കൂടാതെ 'എന്റെ കഥ'യും ഒക്കെ പ്രസിദ്ധീകരിക്കുന്ന കാലയളവിൽ സമൂഹത്തിലെയും സാഹിത്യത്തിലെയും ഉന്നതങ്ങളിൽ നിൽക്കുന്ന പലരും മാധവിക്കുട്ടിയെ തള്ളിപ്പറഞ്ഞപ്പോൾ അവരെ സ്നേഹപൂർവ്വം ചേർത്തുനിർത്തിയ ആളാണ് ലളിതാംബിക അന്തർജനം. അതുപോലെ ഊരുതെണ്ടിയായും മദ്യപാനിയായും നടന്ന, അരാജകത്വ ജീവിതം നയിച്ചിരുന്ന ചുള്ളിക്കാടിനെ കുറിച്ചാണ് 'പാവം ബാലൻ' എന്ന് അന്തർജനം പറഞ്ഞത്. സാഹിത്യത്തിലെ ഏറ്റവും പുതിയ തലമുറയെ എന്നും ഹൃദയത്തോട് സൂക്ഷിച്ചിരുന്നു അന്തർജ്ജനം.
എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ഞാനും ബാലനും കൂട്ടുകാരാകുന്നത്. അധികം കാണലോ എപ്പോഴും സംസാരിക്കാലോ ഒന്നുമില്ല. എപ്പോൾ കണ്ടാലും തൊട്ടുമുമ്പത്തെ ദിവസം കണ്ടതുപോലെ വീണ്ടും സംസാരിക്കാനാകും. ബാലന്റെ വർത്തമാനം എത്ര കേട്ടാലും മടുക്കുകയുമില്ല. ഞാൻ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ അടുത്തായിരുന്നു വിജയലക്ഷ്മിയുടെ ഓഫീസ്. ചിലപ്പോഴൊക്കെ വിജിയെ അവിടെ കാണുക പതിവായിരുന്നു. എന്റെ ആദ്യ കഥാസമാഹാരത്തിനു അവതാരിക എഴുതി തന്നത് വിജയലക്ഷ്മി ആയിരുന്നു. ബാലന്റെ പല സുഹൃത്തുക്കളും ആശുപത്രിയിൽ അഡ്മിറ്റ് ആവുമ്പോൾ ബാലൻ അവരെ കാണാൻ വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്നെ അറിയിച്ചിട്ടാണ് വന്നുകൊണ്ടിരുന്നത്. കൂടാതെ പല സുഹൃത്തുക്കളെയും ഡോക്ടറെ കാണിക്കാനായി എന്റെ അരികിലേക്ക് അയക്കുമായിരുന്നു.
ആദ്യം പരിചയപ്പെട്ട ദിവസം തന്നെ ബാലൻ എന്നോട് പറഞ്ഞത് അന്തർജനത്തിൽ നിന്നും ബാലന് കിട്ടിയ ഉപദേശത്തെ കുറിച്ചാണ്. ആധുനിക കവിതയെ ആക്രമിച്ചുകൊണ്ട് എം. കൃഷ്ണൻ നായരും എൻ. വി കൃഷ്ണവാരിയരും എഴുതിയപ്പോൾ അതിശക്തമായി അവരെ ചുള്ളിക്കാട് എതിർത്തു. "ഇതൊക്കെ വലിയ അതിക്രമം അല്ലേ?ഇങ്ങനെയൊക്കെ മുതിർന്നവരെ പറയാമോ, അങ്ങനെ ഒന്നും പറയാൻ പാടില്ല കേട്ടോ..." എന്ന് ഉപദേശിച്ചുവത്രേ.
1976 -ൽ അക്കാദമി നടത്തിയ കവി സമ്മേളനത്തിൽ വൈലോപ്പിള്ളി, ഒളപ്പമണ്ണ, എൻ. കെ ദേശം, കുഞ്ഞുണ്ണി മാഷ്, സി. എ ജോസഫ് എന്നിവർ പങ്കെടുത്തിരുന്നു. ഉദ്ഘാടനം അക്കിത്തം. ഏക വനിതയായി വേദിയിൽ ലളിതാംബിക അന്തർജ്ജനവും. ഏറ്റവും പ്രായം കുറഞ്ഞ 19 വയസ്സ് ഉള്ള ചുള്ളിക്കാട് അന്ന് 'യാത്രാമൊഴി' എന്ന കവിതയാണ് ചൊല്ലിയത്.
കവിത ഇഷ്ടപ്പെട്ട ലളിതാംബിക അന്തർജ്ജനം ചുള്ളിക്കാടിനെ സമീപത്തേക്ക് വിളിച്ചു. "ധാരാളം എഴുതണം കേട്ടോ... ഇനിയും കൂടുതൽ വായിക്കണം, ഇതിഹാസങ്ങൾ എല്ലാം ഹൃദ്യസ്ഥമാക്കണം" എന്നിങ്ങനെ പറഞ്ഞു. ബാലൻ തുടർന്നു... "77 -ൽ പരിഷത്തിന്റെ വാർഷികത്തിൽ ഞാൻ പങ്കെടുക്കാൻ പോയത് നന്നായി മദ്യപിച്ചിട്ടായിരുന്നു. അന്തർജ്ജനത്തിന് അത് കണ്ട് വലിയ വിഷമമായി. അപ്പോഴും അരികിലേക്ക് വിളിച്ച് ഇങ്ങനെ ഉപദേശിച്ചു. "ബാലചന്ദ്രൻ ഇത്ര ചെറുപ്പമാണ്. മദ്യപിച്ച് ചങ്ങമ്പുഴയുടെ ഗതി ഉണ്ടാക്കി വയ്ക്കരുത്. താക്കീതു പോലെയുള്ള ഉപദേശം ആയിരുന്നു അത്."
"എത്രയോ നാളുകൾക്ക് ശേഷമാണ് ഞാൻ മദ്യപാനം നിർത്തിയത്. സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും ആരോഗ്യപരമായും മദ്യം പ്രശ്നങ്ങൾ ഉണ്ടാക്കി. അത്തരം എല്ലാ വിപത്തുകളെയും നേരിടുകയും അതിൽ നിന്നൊക്കെ പിന്നീട് പുറത്തു വരികയും ചെയ്തു. ഇങ്ങനെ ജീവിക്കുമ്പോൾ ഇടക്ക് അന്തർജ്ജനത്തിന്റെ ഉപദേശം ഓർമ വരാറുണ്ട്." ബാലന്റെ കണ്ണുകൾ ഇതൊക്കെ പറയുമ്പോൾ ഒരു കൊച്ചുകുട്ടിയുടേതുപോലെ തിളങ്ങുന്നുണ്ട്.
ഞാൻ നടത്തിയ രണ്ടു പ്രോഗ്രാമിനും, മറ്റുള്ളവർക്ക് വേണ്ടി ഞാൻ പറഞ്ഞിട്ട് ബാലൻ പോയ ചില പ്രോഗ്രാമുകൾക്കും സാമ്പത്തികത്തെ ചൊല്ലി ഒരു വാർത്തമാനവുമുണ്ടായിട്ടില്ല. സ്വന്തം ചിലവിൽ വന്നു പരിപാടിയിൽ പങ്കെടുത്തു പോകയായിരുന്നു. തീർച്ചയായും അങ്ങനെ ഒരുപാടു പരിപാടികളിൽ ബാലൻ പങ്കെടുത്തിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
ജീവിതം മുഴുവൻ, തന്നെത്തന്നെ, സ്വയം സമൂഹത്തിലേക്കു ഭയരഹിതമായി തുറന്നിട്ട, ചുള്ളിക്കാട് സാഹിത്യത്തിൽ അത്രയേറെ പ്രധാനപ്പെട്ടായാളാണ്. ബാലനൊരു വാക് ധോരിണിയാണ്, പ്രവാഹമാണ്! ഒരാളെ പോൽ മറ്റൊരാൾ ഉണ്ടാവുകയില്ല എന്നത് സത്യം. എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോൽ മറ്റൊരാൾ ഉണ്ടാവുകയില്ല എന്നത് കൂടുതൽ വലിയ സത്യം. എനിക്ക് തോന്നുന്നത് ബാലചന്ദ്രന്റെ കാലശേഷം മാത്രമേ ബാലചന്ദ്രന്റെ വില ഇവിടെയുള്ളവർ മനസ്സിലാക്കൂ എന്നാണ്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം