അമ്മക്കിളി, ജി പത്മകുമാരിയമ്മ എഴുതിയ കഥ
വാക്കുല്‍സവത്തില്‍, ജി പത്മകുമാരിയമ്മ എഴുതിയ കഥ
അല്‍പ്പനേരം കഴിഞ്ഞുകാണും. ഒരു ചെറിയ പക്ഷി പാത്തും പതുങ്ങിയും വന്നുനിന്നു. രണ്ടുമൂന്ന് വട്ടം അത് മുകളിലൂടെ പറന്നു. മതിലിനോട് ചേര്‍ന്നുള്ള അടുത്ത വീടിന്റെ ടെറസ്സില്‍ ഇരുന്ന് അതാ മരത്തിലേക്ക് നോക്കി. ചെറുതായി ഒച്ചവെച്ചു. ഒരമ്മക്കിളിയുടെ ദയനീയ രോദനമായിരുന്നു അത്.
അന്നൊരു ഞായറാഴ്ചയായിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്നതിനാല്‍ താമസിച്ച് എഴുന്നേറ്റു.
പതിവു സഹായിയെ കൂടാെത പുതുതായി ഒരു ആണ്‍സഹായിയെ കൂടെ നിയമിച്ചിട്ട് ഒരാഴ്ചയേ ആയുള്ളൂ. അയാളെക്കൊണ്ട് എന്ത് ജോലി ചെയ്യിക്കാമെന്ന് ആേലാചിച്ചു. അപ്പോഴാണ് ഞങ്ങളുടെ ആയുര്‍വേദാശുപത്രി മതിലിനോട് ചേര്‍ന്ന് നട്ടിട്ടുള്ള മുളഞ്ചെടികള്‍ ചീകിയൊതുക്കി ഭംഗിയാക്കാമെന്ന് വിചാരിച്ചത്. ഓരോ ചെടിയും വെട്ടിവെടിപ്പാക്കി. ഏറ്റവും ഒടുവില്‍ മതിലിനോട് ചേര്‍ന്ന് മൂലയ്ക്ക് നിന്ന മുളയുടെ അടുത്തെത്തി. അത് നന്നായി തഴച്ചു വളര്‍ന്നുനിന്നിരുന്നു. കുറേ അധികം വെട്ടാതെ അതു ഭംഗിയാക്കാന്‍ പറ്റുമായിരുന്നില്ല. അങ്ങന ഓരോ കമ്പും വെട്ടിവൃത്തിയാക്കി. വെട്ടിയ ശിഖരങ്ങള്‍ മാറ്റി അവന്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുവന്നു.
ഞാനതുനോക്കി തണലത്ത് ഒതുങ്ങിനിന്നു. അതിലൊരു ശിഖരം എടുത്ത് അവന്‍ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതുമായി മെല്ലെ അടുത്തുവന്ന് അവന്‍ ആ ശിഖരം കാണിച്ചു. ഞാന്‍ അതു വാങ്ങിനോക്കി. ഒരു വലിയ ആപ്പിളിന്റെ വലിപ്പത്തില്‍ ഒരു പക്ഷിക്കൂട്. ആ കൂട്ടില്‍നിന്ന് ഒരു ചെറിയ പക്ഷിക്കുഞ്ഞ് തലനീട്ടുന്നുണ്ടായിരുന്നു.
അതിന്റെ ചുവന്ന ചെറിയ ചുണ്ടുകള്‍ ചലിക്കുന്നുണ്ട്. എന്റെ ഹൃദയം വല്ലാത്ത ശബ്ദത്തോടെ മിടിച്ചു. ഉള്ളില്‍നിന്നുവന്ന സങ്കടം ഉലച്ചുകളഞ്ഞു. ആ മരം വെട്ടാന്‍ തോന്നിയ നിമിഷത്തെ ഞാറിയാതെ ശപിച്ചു.
അല്‍പ്പനേരം കഴിഞ്ഞുകാണും. ഒരു ചെറിയ പക്ഷി പാത്തും പതുങ്ങിയും വന്നുനിന്നു. രണ്ടുമൂന്ന് വട്ടം അത് മുകളിലൂടെ പറന്നു. മതിലിനോട് ചേര്‍ന്നുള്ള അടുത്ത വീടിന്റെ ടെറസ്സില്‍ ഇരുന്ന് അതാ മരത്തിലേക്ക് നോക്കി. ചെറുതായി ഒച്ചവെച്ചു. ഒരമ്മക്കിളിയുടെ ദയനീയ രോദനമായിരുന്നു അത്.
ഞങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. ആ ശിഖരം ഞാന്‍ മതിലില്‍ വെച്ചു. എന്നിട്ട്, ആ പക്ഷി എന്തു ചെയ്യുമെന്നു നോക്കി.
അതൊന്നും ചെയ്തില്ല. പകരം, പരിതാപകരമായ ഒരു ശബ്ദമുണ്ടാക്കി മെല്ലെ പറന്നുപോയി. ഞാനും ദു:ഖത്തോടെ തിരികെ വന്നു.
വൈകുന്നേരം ഞാന്‍ വീണ്ടും ആ ചെടിയുടെ അടുത്തുചെന്നു. പക്ഷിക്കൂടുള്ള ആ ശിഖരമേ അവിടെ ഇല്ലായിരുന്നു.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അമ്മക്കിളി വീണ്ടും വന്നു. അതാ ടെറസ്സില്‍ ഇരുന്നു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ എങ്ങോ പറന്നുപോയി.
രണ്ടുമൂന്നു ദിവസം ഇതുതന്നെയാവര്‍ത്തിച്ചു.
ക്രമേണ പക്ഷിയും ഞാനും കൂട്ടുകാരായി. മനസ്സുകള്‍ തമ്മിലടുത്തു. ആശയവിനിമയം നടക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ പക്ഷിയോട് സംസാരിച്ചു.
''നോക്ക് പക്ഷീ, നിനക്ക് ചേക്കാറാന്‍, കൂടുകൂട്ടാന്‍, മുട്ടയിട്ട് വിരിയിക്കാന്‍ ഈ ചെടി ഞാന്‍ വീണ്ടും ആദ്യത്തേതിലും നന്നായി വളര്‍ത്തിത്തരും. ഉറപ്പ്. ഏറിയാല്‍ ഒരു മാസം. ക്ഷമിക്ക്''
കിളിക്ക് സമാധാനമായി എന്നു തോന്നുന്നു. ചിലു ചിലാ ചിലച്ച് കൊണ്ട് അവള്‍ പോയി. എനിക്കുമന്നേരം സമാധാനമായി.
അറിയാതെ ചെയ്തുപോയ തെറ്റിന് നിന്നെപ്പോലെ ഞാനും ഏറെ സങ്കടത്തിലായിരുന്നു.
''നോക്ക്, എന്റെ അമ്മക്കിളീ...മാപ്പ്.'' ഞാനുള്ളില്‍ പറഞ്ഞു.