ചെ, സുനിത പി എം എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുനിത പി എം എഴുതിയ കവിതകള്‍
ചില്ല. പുതിയൊരു പംക്തി ആരംഭിക്കുന്നു. ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ചെ
ഞങ്ങളുടെ തെരുവിന്റെ
നാലാമത്തെ വളവില്‍ വച്ചാണ്
ഞാനാദ്യമായി അയാളെ കാണുന്നത്!
തീരെ ചെറിയ പെണ്‍കുട്ടി ആയിരുന്നിട്ടും
അയാളെന്നെ നോക്കിയപ്പോള്‍,
ഒരു വൈദ്യുതസ്ഫുലിംഗം
എന്നിലൂടെ പാഞ്ഞുകയറിപ്പോയി!
അന്നയാള്‍ക്ക് ഇരുണ്ട ചുണ്ടുകളും
ഒട്ടിയ കവിളുകളുമായിരുന്നെങ്കിലും
പാറിക്കിടക്കുന്ന മുടിയും
തിളങ്ങുന്ന കണ്ണുകളുമുണ്ടായിരുന്നു!
മുതിര്‍ന്ന പെണ്ണായിക്കഴിഞ്ഞപ്പോള്‍
തെരുവിന്റെ നാലാമത്തെ വളവില്‍
അയാളെ പ്രതീക്ഷിക്കുമായിരുന്ന
നിറയെ സംഗീതമുള്ള ഒരു ഹൃദയം
എനിക്കുണ്ടെന്ന്
അവിടെയെത്തുമ്പോള്‍ മാത്രം തോന്നി!
വായനശാലയുടെ
മാറാലപിടിച്ചൊരു മൂലയില്‍,
അയാള്‍ പതുങ്ങിയിരിക്കുന്നതായും
മറ്റാരും കാണാതെ
ഗാഢമായി ആശ്ലേഷിക്കുന്നതായും
പലതവണ സ്വപ്നം കണ്ടു!
ഓരോ ആലിംഗനത്തിലും
അടിമുടി പുതുക്കപ്പെട്ടു!
ഉണര്‍വ്വുകളിലൊക്കെ
ഞങ്ങളുടെ തെരുവാകെയും
ആ മോട്ടോര്‍ സൈക്കിള്‍
പ്രകമ്പനത്തിനായി
കാതോര്‍ക്കുകയും ചെയ്തു!
എന്റെ പ്രിയപ്പെട്ട ചെ..
നിങ്ങള്‍ മറ്റൊരു കാലത്തില്‍
മറ്റൊരു ദേശത്ത്,
എനിക്കു മുന്‍പേ..
പോരാളിയായി
ജീവിച്ചില്ലായിരുന്നെങ്കില്‍
ഞാന്‍ മറ്റാരേയെങ്കിലും
പ്രണയിച്ചു പോയേനെ!
മക്കൊണ്ടയിലേക്കുള്ള വഴി!
റാക്കിനപ്പുറം വലതു മൂലയില്‍
ചാരുകസേരയില്‍ മയങ്ങുന്ന
ജോസ് ആര്‍ക്കേഡിയോ ബുവേന്‍ഡിയ!
സമയത്തെ തടവിലിട്ടിരിയ്ക്കുന്ന
സ്ഫടികക്കൊട്ടാരത്തിലെ
സമാനമുറികളിലൂടെ
കടന്നു പോകുന്നതിനിടെ
നേവാനദി ഒഴുകിപരന്ന
കാല്‍ നനവില്‍ ഉണരുമ്പോള്‍,
നിഗൂഢതയെ ഗര്‍ഭത്തില്‍പ്പേറുന്ന
കടലുപോലൊരുവനും
സഹനത്തിന്റെ ദീപ്തമായ സമര്‍പ്പണം
താങ്ങുവടിപോല്‍ നീട്ടിയൊരുവളും
അന്നയും ഫയദോറും
ഒരു ഫ്രഞ്ചുകിസ്സിന്റെ അഗാധതയിലേക്ക്
ധ്യാനത്തിലേക്കെന്ന പോലെ
ഒഴുകിയിറങ്ങുന്നത് കണ്ട്
അത്യന്തം പരിഭ്രാന്തനാകുന്നു!
സ്ഥലകാലങ്ങള്‍ കൂടിക്കുഴഞ്ഞ്
അയാളെ ഭ്രാന്തു പിടിപ്പിക്കുന്നു!
ശേഷം
റാസ്‌കോള്‍ നിക്കാവിനെപ്പോലെ
മനുഷ്യരെല്ലാം സ്വതന്ത്രരാണെന്നുറച്ച്
തസ്രാക്കിലെ ഉച്ചവെയിലില്‍
അപ്പുക്കിളിക്കൊപ്പം നടക്കാനിറങ്ങുന്നു!
നീണ്ട നടത്തത്തില്‍
മുഖവും വിലാസവുമില്ലാത്ത
വന്‍ ജനാവലിക്കിടയില്‍
പിക്കാസോ വരയ്ക്കും
ഷേക്‌സ്പിയര്‍ കഥാപാത്രങ്ങള്‍പോലെ
ബല്‍സാക്, ഹ്യൂഗോ ,ഓര്‍വെല്‍, കാമു
അഗതാ ക്രിസ്റ്റി ,ഓഷോ, നീഷേ, സ്മിത്ത്!
ബീഥോവന്റെ സംഗീതം ആസ്വദിച്ച്
ഗീത വായിച്ചിരിക്കുന്ന ഫ്രോയിഡ്!
ഒറിജിന്‍ ഓഫ് സ്പീഷീസ്
ചര്‍ച്ച ചെയ്യുന്ന
ജോന്‍ ഓഫ് ആര്‍ക്കും ഗാന്ധിയും!
നിശബ്ദ വസന്തത്തില്‍
മേരി ക്യൂറിയും വിക്ടോറിയ രാജ്ഞിയും!
ഖുര്‍ ആനിലെ
ഫോര്‍ത്ത് ഡയമെന്‍ഷന്റെ പ്രസക്തി
ചര്‍ച്ച ചെയ്യുന്ന
അരബിന്ദോയും അരിസ്റ്റോട്ടിലും!
ഒരു ചൈനീസ് പഗോഡയില്‍
ബുദ്ധനും ചെക്കോവും
ബാറ്റ്മിന്റന്‍ കളിക്കുകയാണ്!
അറ്റന്‍ഡന്‍സ് റജിസ്റ്ററില്‍ നോക്കി..
വാന്‍ഗോഗ്, ഇറ്റാലോ കാല്‍വിനോ
മിലന്‍ കുന്ദേര, അമോസ് ഓസ്
സില്‍വിയാ പ്ലാത്ത്, ആശാ പൂര്‍ണ്ണാദേവി
മദര്‍ തേരേസ, മെര്‍ലിന്‍ മണ്‍റോ
ഏണസ്റ്റോ ചെഗുവേര, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
പേരുകള്‍ ഉറക്കെ വായിച്ചുകൊണ്ട്
ഒരധ്യാപകന്‍ ഹാജറെടുത്ത്
ബൈബിള്‍ പഠിപ്പിക്കാനൊരുങ്ങുന്നു!
പെരുവഴി ഒടുങ്ങുന്നിടത്ത്
ഗ്രന്ഥശാലാ രജിസ്റ്ററില്‍
ഇനിയും അടയാളപ്പെടുത്തിയിട്ടില്ലാത്ത
ഒരു പുസ്തകത്തിലെ കഥാപാത്രമായി
കാശ്മീരി ദുപ്പട്ടയണിഞ്ഞ
പര്‍വ്വീണ അഹങ്കര്‍,
കാണാതായവരെ തിരഞ്ഞിറങ്ങി
കുഴഞ്ഞ് നില്‍ക്കുന്നത് കാണുന്നു!
വെടിയൊച്ചയ്‌ക്കൊപ്പം
തെരുവിലേക്കോടിയിറങ്ങുന്ന
ഭയചകിതരായ സ്ത്രീകളെ തടഞ്ഞ്
അയാള്‍ ..
ജോസ് ആര്‍ക്കേഡിയോ ബുവേന്‍ഡിയ,
മക്കൊണ്ടയിലേക്കുള്ള വഴി ചോദിക്കുന്നു!