ഏകാന്തം, രാജന്‍ സി എച്ച് എഴുതിയ കവിതകള്‍
വാക്കുല്‍സവത്തില്‍ രാജന്‍ സി എച്ച് എഴുതിയ കവിതകള്‍
കണക്കും കവിതയും തമ്മിലുള്ള ദൂരമാണ് കവി രാജന്‍ സി എച്ചിന്റെ ജീവിതം. ഒരറ്റത്ത് ബാങ്കിംഗ് രംഗത്തെ തിരക്കുള്ള പ്രൊഫഷണല്‍ ജീവിതം. മറ്റേയറ്റത്ത്, ഏറ്റവും സൂക്ഷ്മവും ഏകാന്തവുമായ ധ്വനികള്‍ ഒപ്പിയെടുക്കാന്‍ കാതുകൂര്‍പ്പിച്ചിരിക്കുന്ന കാവ്യജീവിതം. അക്കങ്ങള്‍ക്കും അക്ഷരത്തിനുമിടയിലൂടെ ചരിക്കുന്ന രാപ്പകലുകളെ വാക്കുകള്‍ കൊണ്ട് ബാലന്‍സ് ചെയ്യുന്നതിന്റെ സംഘര്‍ഷങ്ങള്‍ എന്നാല്‍, രാജന്‍ സി എച്ചിന്റെ കവിതകളില്‍ കാണാനാവില്ല. പകരം, അവിടെയുള്ളത് അപാരമായ ശാന്തത. മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍. ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടരുകള്‍. ആരവങ്ങള്‍ മുഴക്കിപ്പായുന്ന ജീവിതത്തിന്റെ ഓരത്തിരുന്ന്, ഉള്ളിനുള്ളിലേക്ക് യാത്ര പോവുന്ന കവിതകളാണത്. ഏകാന്തമായ നടത്തങ്ങള്‍ക്ക് ആജീവനാന്തം വിധിക്കപ്പെട്ട വരികള്‍. ആര്‍ക്കും വേണ്ടാത്തവയ്ക്കു ചുറ്റുംകഴിയുന്ന ആക്രിക്കാരിയെപ്പോലെ, ഇറയത്തിരുന്ന് പെറുക്കിക്കൂട്ടുന്ന വെയില്‍ച്ചീളുകള്‍ അവിടെക്കാണാം. തുറക്കാനിടയില്ലാത്ത വാതില്‍ക്കല്‍ തനിച്ചുനില്‍ക്കുന്ന നിലാവിനെ അവിടെയറിയാം. കണക്കുപെട്ടികളിലിടമില്ലാത്ത മൂകനിശ്വാസങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമായി മാറുന്നുണ്ട്, ഈ കവിതകള്‍.
ഏകാന്തം
ചതഞ്ഞതും ഉടഞ്ഞതും
ഉപയോഗശൂന്യവുമായവ
പെറുക്കിക്കൂട്ടിയിരുന്ന
ആക്രിക്കാരിയെപ്പോലെ
ഇറയത്തിരുന്ന്
പെറുക്കിക്കൂട്ടുന്നു
ചിതറിയ വെയില്‍ച്ചീളുകള്‍
ചതഞ്ഞൊടിഞ്ഞ നിഴലുകള്‍
കിളിപ്പേച്ചുകള്‍
കാക്കക്കരച്ചിലുകള്‍.
സൂക്ഷിക്കാനിടമില്ലാത്തതിനാല്‍
ഒഴിവാക്കുന്നു
മനുഷ്യരുടെ മൂകനിശ്വാസങ്ങള്‍.
........................
Read more: പൂട്ടഴിഞ്ഞനേരത്തെ കടല്‍-ക്കാടു-പുഴകള്‍, സുജിത സി.പി എഴുതിയ കവിതകള്‍
........................
സ്വപ്‌നത്തിന്റെ മണം
സ്വപ്നത്തില്‍ക്കൈവിട്ടു പോയ
സുഹൃത്തുണ്ട് പാതിരാവില്‍
വീട്ടുവാതിലില്‍ മുട്ടുന്നു.
ഉറക്കത്തിന്റെ കതകുകള്‍
ഞാനയാള്‍ക്ക് തുറന്നിടുന്നു.
തീവണ്ടിയില്‍ വില്‍ക്കുന്ന
വെള്ളത്തിന്റെയൊഴിഞ്ഞ
പ്ലാസ്റ്റിക് കുപ്പി
അയാളെനിക്കു നീട്ടുന്നു.
ഗംഗാജലമാണ്,
അയാള്‍ ചിരിക്കുന്നു.
അയാള്‍ക്ക്
ശവമെരിയുന്ന മണമാണ്.
..................................
Read more: പുഴയില്‍ പുലര്‍ച്ചയ്ക്ക്, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍
..................................
ഉറക്കത്തില്‍ നിന്ന്
സ്വപ്നത്തില്‍ നിന്നും
ഇറങ്ങിപ്പോന്നതില്‍പിന്നെ
ഞാനുറക്കത്തിലേക്ക്
തിരിച്ചു പോയിട്ടില്ല,
അയാള്‍ പറഞ്ഞു.
ഓ, ഉറക്കമെന്നെ
ഇറക്കി വിട്ടതില്‍പിന്നെ
ഞാന്‍ സ്വപ്നത്തെ
കണ്ടിട്ടേയില്ല,
അവള്‍ പറഞ്ഞു.
ശരിയാണ്,
ജീവിതത്തില്‍ നിന്നെന്ന പോലെ,
അയാള്‍ പറഞ്ഞു.
തെറ്റ്,
അവള്‍ എതിര്‍ത്തു,
മരണത്തിലേക്കെന്ന പോലെ.
.............................
Read more: പുഴയില്‍ പുലര്‍ച്ചയ്ക്ക്, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍
.............................
ഓര്‍മ്മ
എത്രയുറങ്ങിയിട്ടും
ഉറക്കം വിട്ടുണരാത്ത
മറവിക്കു മേലെ
ജീവിതത്തിന്റെ പുതപ്പ്
വലിച്ചു വാരിയിട്ട്
തുറക്കാനിടയില്ലാത്ത
പുറംവാതില്‍ക്കല്‍
തനിച്ചു നില്‍ക്കുന്നു
ഒരു തുള്ളി
നിലാവ്.
..........................
Read more: കല്ലേ എന്ന വിളിയില്‍, ഇ.എം. സുരജ എഴുതിയ കവിതകള്‍
..........................
വായിക്കാനുള്ളവ
വായിച്ച പേജില്‍ത്തന്നെ
തലവെച്ചുറങ്ങിപ്പോയ്
ജീവിത,മാരോ വലി-
ച്ചെടുത്തു പൂട്ടിവെച്ചു.
ഉണരുന്നേരമേതു
ജീവിതം?
മരിച്ച പോല്‍
തലയ്ക്കല്‍ക്കിടക്കുന്നു
പുസ്തകം,
വായിക്കാമോ?
..............................
Read more: മൃഗപൗരാവലി, ഷീജ വക്കം എഴുതിയ കവിതകള്‍
..............................
പേടി
വീട്ടു ചുവരിലെ പല്ലി
എന്നെയൊരു ചീങ്കണ്ണിയായി
തല ചെരിച്ചു നോക്കും.
വീട്ടു ചുവരിലെ ചീങ്കണ്ണിയെ
ഞാനൊരു പല്ലിയെന്ന്
വാലു മുറിച്ചിട്ടോടും.
പാതയില്‍
എന്നെയുപേക്ഷിച്ച്
പാത പോയി.
എങ്കിലും ഞാനുപേക്ഷിച്ച
കാല്‍പാടുകളെ
അതെങ്ങനെ മറക്കും?
പാതയുപേക്ഷിച്ച്
ഞാനുമൊരു നാള്‍
യാത്രയാവുമ്പോള്‍
പാതയെന്നിലര്‍പ്പിച്ച
കാല്‍പ്പാടുകളെ
ഞാനാരെയേല്പിക്കും
.......................
Read more: ജാതിമരം, വിപിത എഴുതിയ കവിതകള്‍
.......................
ഒച്ച തിരിച്ച്
പെണ്‍കുട്ടിയുടെ ഒച്ചയില്‍
അയലത്തെ മാവിലൊളിഞ്ഞു
കൂകീ കുയില്‍.
ആണ്‍കുട്ടിയുടെ ഒച്ചയില്‍
ഞാന്‍ മറുകൂക്ക്
കൂകി.
കുയില്‍ നിശ്ശബ്ദയായി.
ഒച്ച കൊണ്ടറിഞ്ഞിരിക്കുമോ
കുയില്‍?