ഡിസംബറിന്റെ മഞ്ഞുകുരിശ്: അക്ബറിന്റെ കവിതകള്‍
വാക്കുത്സവത്തില്‍ ഇന്ന്, ഡിസംബറിന്റെ മഞ്ഞുകുരിശ്: അക്ബറിന്റെ കവിതകള്‍
'ഭൂമിയുടെ പരിചരണത്തില്‍ നേരിട്ടറിഞ്ഞ ബന്ധ സാഫല്യങ്ങളെയും സന്ദേഹങ്ങളെയും നേരെ ചൊവ്വേയുള്ള വാക്യങ്ങളില്‍ തിളക്കമുള്ള കാവ്യബിംബങ്ങള്‍ കൊത്തി വെക്കുന്നു. അവക്ക് കല്ലിന്റെയും കാതലിന്റെയും മുറിവില്‍ പൊട്ടിയ തളിരുകളുടെയും നിറമുണ്ട്'- ഇത് കവി ഡി വിനയചന്ദ്രന്റെ വാക്കുകള്‍. അക്ബറിന്റെ ആദ്യ കവിതാസമാഹാരമായ ബാംസുരിക്കുള്ള ആമുഖത്തിലാണ് ഈ നിരീക്ഷണം. വിനയചന്ദ്രന്‍ സൂചിപ്പിക്കുന്ന ഇടത്തുനിന്നും രൂപപരമായും ഭാഷാപരമായും പലവഴിക്ക് നടത്തിയ സഞ്ചാരങ്ങളാണ് അക്ബറിന്റെ പുതിയ കവിതകള്‍. കവി എന്ന നിലയില്‍ അക്ബര്‍ നടന്നുപോയ പരിണാമവഴികള്‍ കൂടെയാണത്. മണ്ണിന്റെ, പ്രകൃതിയുടെ, ചിരപരിചിത ഇടങ്ങളുടെ, വൈയക്തിക പ്രതിസന്ധികളുടെ സൂക്ഷ്മമായ പ്രകാശനങ്ങള്‍. വ്യക്തി എന്ന നിലയില്‍ ജീവിതത്തോട് നിരന്തരം നടത്തുന്ന മല്‍പ്പിടിത്തങ്ങളുടെ പകര്‍ത്തെഴുത്തു കൂടിയാണ് അക്ബറിന് കവിത. ഒപ്പം അതിജീവനശ്രമവും. ഭാഷയുടെ തലത്തില്‍ അവ സ്വയം അതിലംഘിക്കുന്നു. ഭാവനയുടെ അസാധാരണമായ ചില ചുവടുവെപ്പുകളിലൂടെ സ്വയം പുതുക്കുന്നു. കെട്ടിനില്‍ക്കുന്ന ജലാശയം പോലെ ഉറച്ചുപോവാതെ നിരന്തരം ഒഴുകാനും സ്വയം നവീകരിക്കാനും ശ്രമിക്കുന്ന ഒരു കവിയെ അക്ബറിന്റെ കവിതകളില്‍ കാണാം.
ഡിസംബറിന്റെ മഞ്ഞുകുരിശ്
രാത്രിയില്‍
മഞ്ഞ് നിന്റെ പേരു വിളിക്കുന്നു,
ഗ്രാമം നിന്നെയോര്‍ക്കുന്നു,
കുഞ്ഞുങ്ങള്‍ സ്വപ്നങ്ങളായി ചിരിക്കുന്നു,
നീയെന്നരികിലിരുന്നു കരയുന്നു,
കൈലേസുകൊണ്ട്
കവിള്‍ തുടച്ചുകൊണ്ടങ്ങനെ...
പുതുവര്‍ഷത്തിന്റെ കലണ്ടറുകള്‍ മറിച്ച്
മഴയുടെ ജന്മനാളന്വേഷിക്കുന്ന
കറുത്ത കുഞ്ഞുങ്ങള്‍
നിന്റെ പിറകേ
നടന്നുപോയൊരു
മഴയേക്കുറിച്ചറിയാതങ്ങനെ...
ദീര്‍ഘധ്യാനങ്ങളുടെ
നിശ്ശബ്ദ പ്രാര്‍ത്ഥനകളാല്‍
ഞാന്‍ നിന്റെ ചിത്രത്തിനു മുന്നില്‍
മുട്ടുകുത്തുന്നു..
വർഷമേ
എന്നെ കാണാത്തതെന്ത്?
ഡിസംബര്‍
കുഞ്ഞുപൂവുകളായി
സെമിത്തേരിയില്‍
വിടര്‍ന്നുനില്‍ക്കുന്നു
എന്റെ ഗ്രാമത്തിന്റെ ശിരസ്സില്‍
മഞ്ഞിന്റെ മുള്‍മുടി
മഞ്ഞിന്റെ ചില്ലുകൂടിനപ്പുറം
മറിയമേ
നീയെന്തിനാണ് കരഞ്ഞത്?
ഇനിയെന്നാണവള്‍ വരിക
പകല്‍ മുഴുവന്‍ പുല്‍ക്കൂടുണ്ടാക്കുവാനും
നക്ഷത്രങ്ങള്‍ തൂക്കാനും
രാവുമുഴുവന്‍ മഞ്ഞുമഴ നനഞ്ഞ്
കുഞ്ഞുങ്ങളോടൊത്തുറങ്ങാതിരുന്ന്
എന്റെ ഹൃദയത്തിലാണ്
ലില്ലിപ്പൂക്കളെന്നും
നീയെനിക്ക്
ഒലിവുനിഴലാണെന്നും
പറഞ്ഞു ചിരിക്കാന്‍...
ഡിസംബര്‍
നീയവളെ കൊണ്ടുവാ
ഈ രാത്രികളില്‍
സെമിത്തേരി മുന്നില്‍
മെഴിതിരി പ്രാര്‍ത്ഥനകളായുരുകി വീഴാം
ഞായറാഴ്ച്ചതോറും
മഴയ്ക്കായി മുട്ടുകുത്താം,
ഒടുവില്‍ വേനലെത്തുമ്പോള്‍
വെയിലേ ദൂരപ്പോ
വെയിലെ ദൂരപ്പോ-
യെന്ന് കവിതയാലപേക്ഷിക്കാം
പകല്‍ മുഴുവനുപവസിച്ച്
സാന്ധ്യപ്രാര്‍ത്ഥനയ്ക്കു മുമ്പ്
നിന്നെ കണ്ട് ഞങ്ങള്‍
നോമ്പു മുറിക്കട്ടെയെന്ന്
നിലാവിനോടു കരയാം
ഡിസംബര്‍,
നീയവളെ കൊണ്ടുവാ...
നിന്നെ നോക്കിയാണ്
ഈ പുഴക്കരയിലെ
ഇല്ലിത്തലപ്പുകളില്‍
കുഞ്ഞുകാറ്റുകള്‍
പതുങ്ങി നില്‍ക്കുന്നത്.
നിന്നെ കാത്താണ്
കാട്ടരുവികളൊന്നുമൊഴുകാത്തത്
നിന്നെയന്വേഷിച്ചാണ്
തൊടി നിറയേ ചെടികള്‍
മൊട്ടുകള്‍ നിറയ്ക്കുന്നത്.
ഡിസംബര്‍
നമുക്കൊരു കരച്ചിലാവാം
നിന്റെ മഞ്ഞില്‍
എന്റെ കൈവെള്ള തറയ്ക്കട്ടെ...
(1999)
അദ്വൈതം
കാലടി സര്‍വ്വകലാശാലയുടെ മുന്നില്‍
ആരൊക്കെയുണ്ടായിരുന്നെങ്കിലും
നീ മാത്രമേയുണ്ടായിരുന്നുള്ളു
നിന്റെ ചിരിയില്‍ ബാക്കിയുള്ളവര്‍ മാഞ്ഞു പോയി
മഴ ചുറ്റുമുണ്ടായിരുന്നിട്ടും ഒട്ടും നനഞ്ഞില്ല
ഏതോ കടലിനടിയിലെ
പവിഴപ്പുറ്റുകള്‍ക്കിടയില്‍പ്പെട്ടപോലെ
അല്ലെങ്കില്‍
ഏതോ വിദൂര നഗരത്തിന്റെ
മൂലയില്‍ കാറ്റുപോലുമില്ലാതെ ഒച്ചയടക്കുംപോലെ
അതിനെന്താണ് എന്നൊക്കെ
അപ്പോള്‍ ആരെക്കെയോ ചോദിച്ചു
അത്രയ്ക്ക് ചങ്കിടിപ്പോടെ ലോകം ഉരുണ്ടു കളിച്ചു
അകലെ നിന്നുള്ള വെളിച്ചം
അത് നിന്റെ കണ്ണുകളായിരുന്നു
നിന്റെ ഉടുപ്പുകള്‍ നനഞ്ഞിരുന്നു
പൂക്കള്‍ തുന്നിച്ചേര്‍ത്ത
ഉടുപ്പായി പറ്റിക്കിടക്കാന്‍ തോന്നി
മഴ അത്രയ്ക്ക് അടുത്തു നിന്നിരുന്നു
നീ ഒറ്റ പോക്കായിരുന്നു
അതിവേഗത്തില്‍
കണ്ണുകള്‍ക്കുള്ളിലൂടെ കയറിയിറങ്ങി
നിശ്ശബ്ദമായി...
ഉറക്കമല്ലായിരുന്നു അത്
നിന്നിലെന്റെ ഉണരല്‍ ആയിരുന്നു
ഇനി കാണുമ്പോള്‍
എനിക്ക് എല്ലാം പറയണം
പക്ഷേ, അന്ന് മഴയുണ്ടാവുമോ
അകലെ നില്‍ക്കുന്ന എന്നെ
നീയെങ്ങാനും കാണുമോ
കാണണ്ട നമുക്ക്
ലോകത്തെ ഞാന്‍ വെറുത്തുപോകും തീര്‍ച്ച
നീയെങ്ങാനുമെന്നെ നിരസിച്ചാല്‍
അദ്വൈതമെന്ന ഒറ്റ വാക്കില്‍
കുറവനായി നിന്നോട് തര്‍ക്കിക്കണം
അത്രയ്ക്ക് പ്രിയമാണ് നിന്നെ
എന്നെയിങ്ങനെ വഴിതിരിച്ചുവിടുന്ന നിന്നെ...
വെറുപ്പിനേക്കാള്‍ പ്രണയം വേറെങ്ങുമുണ്ടാവില്ല!
ഞാനും നീയുമില്ലാത്ത ഏകാവസ്ഥയാണത്
ആര്‍ക്കുമൊന്നും മനസ്സിലാവില്ല!
(2017)
മഴക്കാലം
വേനലിലെ ആദ്യമഴയ്ക്ക്
ഞാന്‍ നിന്റെ പേരിട്ടു
മഴ ഭൂമിയെ ചുംബിക്കുമ്പോള്‍
ഞാന്‍ നിന്റെ മണമോർമ്മിക്കുന്നു
ഓരോ ആദ്യമഴയും
ആദ്യപ്രണയംപോല്‍
ചങ്കിടിപ്പിക്കുന്നൊരു സ്വപ്നമാണ്
നിനക്കു തരാന്‍ മറന്ന
പൂവുകളെ കുറിച്ചെഴുതാൻ
വേനല്‍ വെള്ളത്താള്‍ നീട്ടുന്നു
പേജുകള്‍ നിറയേ
നിന്റെ പേരിന്റെ മാരി
അബോധലായനിയുടെ
കയ്ക്കുന്ന വാക്കാല്‍
നിന്നോടെന്തു പറയും
മഴത്തുള്ളികളെകുറിച്ച്
ഞാന്‍ ആരോട് പറയാന്‍
മലകള്‍
കാറ്റിന്റെ കൈകള്‍കൊണ്ട് പാടുന്നു
ആകാശം
മൗനത്തിന്റെ മണപ്പുറം
ഇതാ
ഒരു തുള്ളിമഴ
മുകളില്‍ നിന്നെന്‍ മുഖത്തേക്ക്
നീയെന്നടുത്തേക്ക്...
ഞാന്‍
നിന്നെ മറക്കുന്നു
(1998)
നിശ്ശബ്ദം, നിസ്സംഗം
മരങ്ങള്‍ക്കിടയിലൂടെ
കാറ്റ് നടക്കുന്ന പോലെ
നീ...
പുഴയില്‍
മഴ മുഖം നോക്കുന്ന പോലെ
നീ...
പാടങ്ങള്‍ക്കു മുകളില്‍
വെയില്‍
ഉണങ്ങാനിട്ടിരിക്കുന്നു
ഒരേ ശ്വാസം
ഒരേ വാക്ക്,
ഒരേ മണം
ഒരേ രാത്രിയില്‍
നാമോര്‍മ്മ
കുത്തിക്കെടുത്തുന്നു
ഇനി ജീവിതം
പ്രണയം പോല്‍
നിശ്ശബ്ദം
ദൈവത്തെ പോല്‍
നിസ്സംഗം.
(1999)
കായലരികിലെ കാട്
അകലെയുള്ളൊരാള്‍
ഉള്ളില്‍ പൂക്കവേ
അഴുകിയ പൂക്കളാണതെന്ന്
നീ പറയുന്നു.
മഞ്ഞിന്റെ
തണുത്ത സ്നേഹത്താല്‍
നിന്നെയോര്‍ക്കുന്നു
അങ്ങനെയല്ലെങ്കിലും
ഓര്‍ക്കുമോ
ഒന്നുമില്ലാ നേരങ്ങളില്‍
ഇതാ
മലകള്‍ക്കടുത്ത്
കായലെത്തി ചുംബിക്കുന്നു.
വെയിലില്‍ കരിഞ്ഞ
മരങ്ങളില്‍ ഉപ്പു നിറയ്ക്കുന്നു
കാടിനുള്ളിലെ എന്നെ
നീ അറിയില്ലയെന്നു പറയുന്നു
അകലെയുള്ളൊരാള്‍
അരികിലില്ലെങ്കിലും
കായലിന്റെ ഉപ്പുകാറ്റെന്നെ
കെട്ടിപ്പിടിക്കുന്നു.
(2014)
ഞാന്‍
വഴി പോലെ
മലര്‍ന്നു നോക്കി
ആരും നടന്നു പോയില്ല
മരം പോലെ
ആകാശത്തുയര്‍ന്നു നോക്കി
ആരും കൂട് കെട്ടിയില്ല
പുഴപോലൊന്നൊഴുകി
തോണി തുഴയാന്‍
നേരമാര്‍ക്ക്.
(2011)
സ്വപ്നം
അവളുടെയൊപ്പമിരുന്നൂ
പറഞ്ഞൂ പല കാര്യങ്ങള്‍
''പുസ്സിക്ക് പിറന്ന കുഞ്ഞുങ്ങള്‍
നാരകത്തിലാദ്യം വന്ന കായ്
കാറ്റും മഴയുമൊരുമിച്ചുവന്ന്
ചെന്തെങ്ങൊടിച്ചു കളഞ്ഞൂ...''
വീട്ടുകാര്യങ്ങള്‍ നാട്ടു കാര്യങ്ങളായി
കുന്നുമിടവഴിയും മാന്തോപ്പും
റബ്ബര്‍ക്കാടും, കാറ്റും വന്ന്
ഞങ്ങള്‍ക്ക് ചുറ്റുമിരിപ്പായി
ഏതുവഴിയേ വന്നൂ..?
ജനലിന്‍ ചതുരത്തിലൂടെ
ഓടിന്‍ പൊട്ടലിലൂടെ
വീട്ടകത്തേക്ക് കേറാന്‍
ഞങ്ങള്‍ക്കത്ര പഴുതുവേണം
പുതപ്പ് മാറിയപ്പോഴോ
പനി പോയതിനാലോ
സ്വപ്നത്തില്‍ അവള്‍ക്കെന്തു ചേല്..!
(2003)
ഏകാന്തം
ബസ്സുറക്കത്തിന്നിറക്കമിറങ്ങുന്നു
മുന്നില്‍ മഴയുടെ തണുത്ത മുടിയിഴ
കവിളിലുരുമ്മുന്നരുമയായി, കമ്പിയില്‍
തലകീഴായി കഥയുരയുന്നുണ്ടു കാറ്റ്
ഉത്തരമില്ലൊന്നിനും; എനിക്കുമീ യാത്രക്കും.
അടുത്ത സ്റ്റോപ്പില്‍ യുദ്ധചിത്രങ്ങളിറങ്ങി
ഉറക്കത്തിന്നിറക്കത്തിലേക്കൊരപകടം
കാലിടറി വീഴുമോ; അരികിലില്ല നീ!
(2005)
പ്രണയം
മഴയ്ക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍
നീയെന്റെ ഹൃദയത്തില്‍
മഴമേഘമായി പറ്റിനിന്നു
സന്ധ്യയ്ക്കായി കേണപ്പോള്‍
നീ നിന്റെ നെറ്റിയിലെ
സൂര്യനെ കാണിച്ചുതന്നു
എനിക്കായി
നിന്റെ ഹൃദയത്തില്‍ തൊട്ടപ്പോള്‍
എന്നില്‍ നിന്നു നീ
(2001)
ബാംസുരി
നിലാവില്‍ ഞാന്‍ നില്‍ക്കുന്നു
ഹരി ബാംസുരിയിലൂടൊഴുകി വരുന്നു.
ആകാശം നക്ഷത്രങ്ങള്‍ വിടര്‍ത്തുന്നു.
പുഴ പറഞ്ഞ കവിതയില്‍ നിലവിളിയുടെ ധര്‍ബാരി
ഏതു ശേറിലാണ്
നിന്നെക്കുറിച്ചുള്ള വിലാപങ്ങള്‍
ഒളിപ്പിക്കുക?
ഏതു മത്‍ലയിലാണ്
നിനക്കുള്ള പ്രണയാശംസകള്‍
ഞാന്‍ നല്‍കുക?
നിലാവ്
ഇടുങ്ങിയ ഗലിയിലൂടെ ഒഴുകിവരുന്നു.
ഈ രാത്രിയില്‍
എന്റെ വീട്ടുമുറ്റത്ത്
ജാസ്മിനുകളെല്ലാം വിടര്‍ന്നിട്ടുണ്ടാവും
എനിക്കു ചന്ദ്രിക കാണണമെന്ന്
പ്രാര്‍ത്ഥിച്ചു കൊണ്ട്
നിശാഗന്ധി കണ്ണുകളടയ്ക്കുന്നുണ്ടാവും
വഴികളെല്ലാം അറ്റമില്ലാതൊടുങ്ങുന്നുണ്ടാവും
റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ
രാവെളിച്ചം നിന്റെ വീട് കാണിച്ചു തരുന്നു.
നീയില്ലാത്ത വീട്
നാവറ്റ സ്വരംപോല്‍ ഭീതിദം.
ഈ വഴിയേ നടന്നാല്‍ നിന്നടുത്തെത്താം
പൂവുകളെല്ലാം വിടര്‍നിരിക്കുന്നുവെന്നു പറയാം
പുലരും വരെ നിന്റെ മയില്‍പ്പീലിമിഴിയില്‍
കണ്ണെറിഞ്ഞ്,
നീ... നീയെന്നു പുലമ്പി
ചാരുകേശാല്‍ ഗസലുതിര്‍ത്ത്,
എനിക്കു നീയല്ലാതാരുമില്ലെന്നും,
മലകളെല്ലാം മഴ കാണാന്‍ കൊതിക്കുന്നെന്നും പറഞ്ഞ്
ഒരു രാത്രികൊണ്ട് ജനിച്ച് ജീവിച്ച്
കിഴക്ക് സൂര്യന്‍ വിരലുകളുയര്‍ത്തുമ്പോള്‍
വേദനയോടെനിക്ക്
മരണത്തിനു പിറകെ നടക്കണം
മൃത്യുവാണുത്തരം, ജീവിതം ചോദ്യവും
പക്ഷേ...
ഹരിയുടെ ബാംസുരി പെയ്തു തീരുന്നില്ല...
(1999)
...................................................
ഹരി: ഹരിപ്രസാദ് ചൗരസ്യ
ബാംസുരി: പുല്ലാങ്കുഴല്‍
ധര്‍ബാരി: ഹിന്ദുസ്ഥാനി രാഗം
ശേര്‍: ഗസല്‍ ഈരടി
മത്‍ല: ഗസലിലെ ആദ്യ രണ്ടു ചരണങ്ങള്‍
ചാരുകേശ്: ഹിന്ദുസ്ഥാനി രാഗം