ആകാശത്തേയ്ക്ക് ഒരു ജലധാര, ചുറ്റും മഴവില്ല്!
ഹുന്ത്രാപ്പിബുസാട്ടോ. വൈക്കം മുഹമ്മദ് ബഷീര്‍ കഥാപാത്രമായി വരുന്ന കുട്ടികളുടെ നോവല്‍ ഭാഗം 9. രചന: കെ പി ജയകുമാര്‍. രേഖാചിത്രം: ജഹനാര.
പ്രിയപ്പെട്ട കൂട്ടുകാരെ,
എന്നാല്‍, നമുക്കൊരു നോവല്‍ വായിച്ചാലോ?
ഹുന്ത്രാപ്പി ബുസ്സാട്ടോ.
ഈ പേര് ചിലരൊക്കെ കേട്ടിട്ടുണ്ടാവും.
നമ്മുടെ നാട്ടിലെ ഒരേയൊരു സുല്‍ത്താന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയുടെ പേര്.
ആ പേര് സ്വന്തമായി കിട്ടിയ രണ്ട് കുട്ടികളുടെ കഥയാണിത്.
നിങ്ങളെ പോലെ രസികന്‍ കുട്ടികള്‍.
അച്ഛനും അമ്മയും ഇട്ട പേര് ഇഷ്ടപ്പെടാത്തതിനാല്‍
ബഷീറിനെ തേടിവന്നതാണ് ആ കുട്ടികള്‍.
ബഷീര്‍ അവര്‍ക്ക് ഹുന്ത്രാപ്പി എന്നും ബുസ്സാട്ടോ എന്നും പേരിട്ടു.
എന്നിട്ടോ? അവര്‍ ലോകം കാണാനിറങ്ങി.
ഈ കഥ എഴുതിയത്, കെ പി ജയകുമാര്‍ എന്ന അങ്കിളാണ്.
ചേര്‍ത്തല എന്‍ എസ് എസ് കോളജിലെ മലയാളം അധ്യാപകനാണ് ജയകുമാര്‍.
പുസ്തകങ്ങളും ലേഖനങ്ങളും ഒക്കെ എഴുതുന്ന ആളാണ്.
ഇതിലെ ചിത്രങ്ങള്‍ വരച്ചത് നിങ്ങളെ പോലൊരു കുട്ടിയാണ്.
ജഹനാരാ എന്നാണ് അവളുടെ പേര്.
തിരുവനന്തപുരം സര്‍വോദയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്.
അപ്പോള്‍, വായിച്ചു തുടങ്ങാം, ല്ലേ.
ഇതു വായിച്ച് അഭിപ്രായം പറയണം.
submissions@asianetnews.in എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതി.
എന്നാല്‍പിന്നെ, തുടങ്ങാം ല്ലേ...
ഈ മരുഭൂമിക്ക് പടിഞ്ഞാറാണ് സൂര്യഗുലുവിന്റെ ഗ്രാമമായ മറാവോ താഴ്വര. ഉപേക്ഷിക്കപ്പെട്ട ഇരുമ്പു ഖനികളുടെ നാടായിരുന്നു അത്. അവിടെ മരവും പുല്ലും ചെടികളും വളരില്ല. നിറയെ ഉരുളന്‍ കല്ലുകളും പാറക്കൂട്ടങ്ങളും മാത്രം. വമ്പന്‍ കുഴികളും ഇടിച്ചുനിരത്തിയ കുന്നുകളുമായിരുന്നു മറാവോയിലെങ്ങും. ഗ്രാമത്തെ നെടുകെ കീറിക്കൊണ്ട് പഴയൊരു റെയില്‍ പാളം കാണാം.
എവിടെയോ തുടങ്ങി മറാവോയില്‍ വന്നുനില്‍ക്കുന്ന ഈ റെയില്‍ പാളത്തിലൂടെ ഒരുകാലത്ത് രാവും പകലുമില്ലാതെ ട്രെയിനുകള്‍ പാഞ്ഞുപോയിരുന്നു. അതില്‍ മുഴുവന്‍ മറാവോയില്‍നിന്ന് കുഴിച്ചെടുത്ത ഇരുമ്പയിരായിരുന്നു. ഖനനം നിന്നപ്പോള്‍ തീവണ്ടികള്‍ നിലച്ചു. തുരുമ്പെടുത്ത പാളം മാത്രം ഗ്രാമത്തില്‍ ബാക്കിയായി. ഖനികള്‍ പൂട്ടിയതോടെ തൊഴിലാളികളും സ്ഥലം വിട്ടു. ഇളകിവീഴാറായ തകര മേല്‍ക്കൂരയുമായി മറാവോയുടെ തീവണ്ടി സ്റ്റേഷന്‍ ഒരിക്കലും വരാനിടയില്ലാത്ത ഏതോ തീവണ്ടിക്കുവേണ്ടി കാത്തുകിടന്നു തുരുമ്പെടുത്തു.
ഇരുമ്പ് ഊറ്റിയെടുത്ത് ഒന്നിനും കൊള്ളാതായ സ്വന്തം മണ്ണിലൂടെ മറാവോയിലെ മനുഷ്യര്‍ വീണ്ടും ഇറങ്ങി നടക്കാന്‍ തുടങ്ങിയത് പിന്നെയും ഒരുപാടുനാള്‍ കഴിഞ്ഞാണ്. ആരുമില്ലാത്ത മണ്ണിലൂടെ നടക്കാന്‍ അവര്‍ ഭയന്നു. തൊഴിലാളികളും തീവണ്ടിയും ഖനന കമ്പനിയും ബഹളവും ഇല്ലാതായ നാട് പ്രേതഭൂമി പോലായിരുന്നു.
ഭൂമിക്കടിയിലുള്ളതെല്ലാം തുരന്നെടുത്ത് ഖനന കമ്പനികള്‍ പോയതോടെ ഗ്രാമത്തില്‍ പിന്നീട് മഴ പെയ്തില്ല. എന്നും വേനലായി. കുടിക്കാന്‍ വെള്ളമില്ലാതെ ഗ്രാമീണര്‍ വിഷമത്തിലായി.
സൂര്യഗുലുവിന്റെ പിതാവ് ചന്ദ്രഗുലുവായിരുന്നു ഗ്രാമമുഖ്യന്‍. അദ്ദേഹം ഗ്രാമീണരെ എല്ലാവരെയും വിളിച്ചു വരുത്തി. പൊളിഞ്ഞു വീഴാറായ തീവണ്ടി സ്റ്റേഷന്റെ മേല്‍ക്കൂരക്കു കീഴില്‍ അവര്‍ ഒത്തുകൂടി.
ചന്ദ്രഗുലു സംസാരിച്ചു തുടങ്ങി. ''കൂട്ടരെ, വേനല്‍ ശക്തമാവുകയാണ്. ഈ നിലയ്ക്ക് പോയാല്‍ കുടിവെള്ളം കിട്ടാതെ നമ്മളെല്ലാം ചാവും. എന്തെങ്കിലും ഉടന്‍ ചെയ്യണം. '' അദ്ദേഹം പറഞ്ഞുനിര്‍ത്തി.
''എല്ലാവരും ഈ ഗ്രാമം വിട്ടുപോകേണ്ടിവരും.'' ചിലര്‍ പറഞ്ഞു.
''ഇല്ലെങ്കില്‍ വെള്ളം കിട്ടാതെ എല്ലാവരും മരിക്കും...'' മറ്റൊരാള്‍ പറഞ്ഞു.
ഗ്രാമീണര്‍ ആകെ നിരാശരായി.
''ഏയ്... നില്‍ക്കു, ഈ ഗ്രാമം രക്ഷപെടാന്‍ ഒരു വഴിയുണ്ട്.''
പെട്ടെന്നൊരു ശബ്ദം. എല്ലാവരും ശബ്ദം കേട്ടഭാഗത്തേയ്ക്ക് നോക്കി.
ചിങ്കാരി മുത്തശ്ശി!
മറാവോ താഴ്വരയിലെ ഏറ്റവും പ്രായം കൂടിയ ആളാണ് മുത്തശ്ശി. ആ ഗ്രാമ മുഖ്യ ആയിരുന്നു അവര്‍. പ്രായമേറിയപ്പോള്‍ സ്ഥാനമാനങ്ങള്‍ ബുദ്ധിശാലിയും നല്ലവനുമായ ചന്ദ്രഗുലുവിനെ ഏല്‍പ്പിച്ച് മുത്തശ്ശി വിശ്രമിക്കുകയാണ്.
എല്ലാ ദിവസവും അതിരാവിലെ ചിങ്കാരി മുത്തശ്ശി ഉണരും. കുറേദൂരം നടക്കും. പക്ഷികളോടും ചെറുജീവികളോടും വിശേഷങ്ങള്‍ തിരക്കും. നേരം പുലര്‍ന്നാല്‍ കുടിലിലെത്തുന്ന കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കും. ഗ്രാമത്തിലെ വിദ്യാലയമായിരുന്നു മുത്തശ്ശിയുടെ വീട്. കഥകള്‍ കേട്ടും കളിച്ചും കുട്ടികള്‍ വളര്‍ന്നു.
''കോടപോലെ കനത്ത മൂടല്‍ മഞ്ഞ് ഗ്രാമത്തിനു മുകളില്‍ തങ്ങി നില്‍ക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ...?''-മുത്തശ്ശി അവരോട് ചോദിച്ചു.
''ഉണ്ട്'' എല്ലാവരും പറഞ്ഞു.
മുത്തശ്ശി എന്താണ് പറഞ്ഞുവരുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല.
''എന്നാല്‍, ഞാനൊരു സംഭവം പറയാം.'' മുത്തശ്ശി തുടര്‍ന്നു
''ഈ വേനലില്‍ ഒരു സംഭവമുണ്ടായി. മുറ്റത്ത് ഉണങ്ങാനിട്ടിരുന്ന എന്റെ കമ്പിളിപ്പുതപ്പ് ഒരു ദിവസം എടുക്കാന്‍ മറന്നു. രാത്രി മുഴുവന്‍ അതു മുറ്റത്ത് കിടന്നു. രാവിലെയല്ലേ അത്ഭുതം! പുതപ്പ് നനഞ്ഞ് വെള്ളം ഇറ്റു വീഴുന്നു. ഞാന്‍ ഒരു മണ്‍കുടത്തില്‍ വെള്ളം പിഴിഞ്ഞെടുത്ത് ചെടികള്‍ക്ക് ഒഴിച്ചു. പക്ഷെ, അതൊന്നും അപ്പോള്‍ ഞാന്‍ ആരോടും പറഞ്ഞില്ല. പിന്നീട് കുറേ കൂടി തുണികള്‍ മുറ്റത്ത് വിരിക്കാന്‍ തുടങ്ങി. അതിനുതാഴെ പാത്രങ്ങളും വെക്കും. കോടമഞ്ഞ് തുണികളിലൂടെ നനഞ്ഞിറങ്ങി തുള്ളികളായി പാത്രങ്ങളിലേയ്ക്ക് വീഴും. രാവിലെ ഞാന്‍ അതെടുത്ത് ചെടികള്‍ നനക്കും. കുടിക്കാനും എടുക്കും. നിങ്ങള്‍ ശ്രദ്ധിട്ടുണ്ടോ, എന്റെ കുടിലിന്റെ മുറ്റത്ത് ഇപ്പോള്‍ മനോഹരമായ ഒരു പൂന്തോട്ടമുണ്ട്.''
മുത്തശ്ശി പറയുന്നത് എല്ലാവരും വിസ്മയത്തോടെ കേട്ടുനിന്നു.
പിറ്റേന്ന് മറാവോയുടെ താഴ്വരയില്‍, ഉപേക്ഷിക്കപ്പെട്ട ഇരുമ്പ് ഖനിയോട് ചേര്‍ന്ന് രണ്ട് വലിയ മരക്കമ്പുകള്‍ കുഴിച്ചിട്ടു. അതില്‍ പരുത്തി നൂലുകൊണ്ട് നെയ്ത തുണിവലിച്ചുകെട്ടി. മഞ്ഞ് കൊയ്തെടുക്കുന്ന വിദ്യ ചിങ്കാരി മുത്തശ്ശി മറാവോ ഗ്രാമവാസികളെ പഠിപ്പിച്ചു.
വൈകിയില്ല അത്തരം തുണികള്‍കൊണ്ട് താഴ്വര നിറഞ്ഞു.
രാത്രിയിലെ മൂടല്‍മഞ്ഞ് ഈ തുണികളില്‍ തങ്ങി, നനഞ്ഞ് താഴേക്ക് ഒഴുകി. ആ വെള്ളം താഴെ വെച്ചിരിക്കുന്ന പാത്രങ്ങളില്‍ നിറഞ്ഞു. അവ നീളമുള്ള കുഴലിലൂടെ വലിയ ജലസംഭരണിയിലേക്ക് കൊണ്ടുവന്നു. അവിടെ നിന്ന് ഗ്രാമീണര്‍ ആവശ്യങ്ങള്‍ക്ക് വെള്ളം എടുത്തു.
ചിങ്കാരിമുത്തശ്ശി താഴ്വരയില്‍ മരങ്ങള്‍ നട്ടു. കുട്ടികള്‍ മരത്തൈകള്‍ക്ക് വെള്ളമൊഴിച്ചു. തലങ്ങും വിലങ്ങും ചെടികള്‍ മുളച്ചു. കരിങ്കല്‍ കൂട്ടങ്ങള്‍ക്കിടയിലെ ഇത്തിരി മണ്ണില്‍ ആളുകള്‍ കൃഷിയിറക്കി. അടുക്കളപ്പുറത്തും വീട്ടുമുറ്റത്തും ചെടികളും പച്ചക്കറികളും കിളിര്‍ത്തു. മറാവോ ഗ്രാമം പതിയെ പച്ചപ്പിലേയ്ക്ക് മടങ്ങി.
മുത്തശ്ശിക്ക് വളരെ പ്രായമായിരുന്നു. പഴയതുപോലെ നടക്കാനൊന്നും പോകാറില്ല.
എല്ലാദിവസവും ചന്ദ്രഗുലു മുത്തശ്ശിയെ കാണാനെത്തും. മുത്തശ്ശിയുടെ നിര്‍ദ്ദേശപ്രകാരമാണ് താഴ്വരയിലെ എല്ലാക്കാര്യങ്ങളും നടന്നിരുന്നത്.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.
മുത്തശ്ശിക്ക് തീരെ സുഖമില്ല. സന്ധ്യയ്ക്കാണ് അസുഖം തുടങ്ങിയത്. ചന്ദ്രഗുലു മുത്തശ്ശിയുടെ അടുത്തു തന്നെയുണ്ട്. വൈദ്യന്‍മാര്‍ പല ചികിത്സയും നടത്തുന്നു. വല്ലാത്ത ശ്വാസ തടസം. രാത്രി വളരെ വൈകി.
ഗ്രാമീണര്‍ വലിയ വിളക്കുകള്‍ കൊളുത്തി വീടിന് പുറത്ത് ഉറങ്ങാതിരുന്നു.
നേരം പുലരാറായി. മുത്തശ്ശിയുടെ സ്ഥിതി കൂടുതല്‍ മോശമാവുകയാണ്.
പൊടുന്നനെ ആകാശത്ത് ഒരു വെളിച്ചം... ഒരു മിന്നല്‍... ഇടിമുഴക്കം.
കുട്ടികള്‍ ഞെട്ടിവിറച്ചു. മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് അനങ്ങാതെ നിന്നു.
ഒരു തണുത്ത കാറ്റ് എല്ലാവരെയും തഴുകി കടന്നുപോയി.
അന്തരീക്ഷത്തില്‍ കാറ്റിന്റെ ഇരമ്പല്‍ കേട്ടു.
ചന്ദ്രഗുലു വീടിന് പുറത്തേയ്ക്ക് വന്നു. എല്ലാവരും കാതോര്‍ത്തു.
''കൂട്ടരെ, ഒരു ദുഃഖവാര്‍ത്ത പറയാനാണ് ഞാന്‍ വന്നത്. ആരും കരയരുത്. ചിങ്കാരി മുത്തശ്ശി നമ്മെ വിട്ടു പോയി.''
പറഞ്ഞു തീര്‍ക്കുവാനാവാതെ ചന്ദ്രഗുലു വിഷമിച്ചു.
ഗ്രാമീണര്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. അന്തരീക്ഷത്തില്‍ കാറ്റിന്റെ ഇരമ്പല്‍ കൂടിക്കൂടി വന്നു.
പൊടുന്നനെ മഴ പെയ്തു. കോരിച്ചൊരിയുന്ന മഴ. മഴ.
മറാവോ താഴ്വരയില്‍ എത്രയോ പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി മഴ പെയ്തിരിക്കുന്നു.
''പാവം മുത്തശ്ശി മഴ കാണാതെയാണല്ലോ മരിച്ചത്.'' ഗ്രാമം സങ്കടപ്പെട്ടു.
മഴ തോരാതെ പെയ്തു.
വൈകുന്നേരം ചിങ്കാരി മുത്തശ്ശിയേയും വഹിച്ച് വിലാപയാത്ര ശ്മശാനത്തിലേയ്ക്ക് പുറപ്പെടുമ്പോഴും മഴപെയ്യുകയായിരുന്നു.
ചിങ്കാരി മുത്തശ്ശിയെ സംസ്‌ക്കരിച്ച സ്ഥലത്തിന് ചുറ്റും കുട്ടികള്‍ പൂച്ചെടികള്‍ നട്ടു.
മഴ തോര്‍ന്നില്ല. ദിവസങ്ങളോളം അത് നിന്നുപെയ്തു.
ഏഴു രാത്രികളും ഏഴുപകലുകളും നിര്‍ത്താതെ പെയ്ത മഴ എട്ടാം നാള്‍ മെല്ലെ തോര്‍ന്നു. കാറ്റില്‍ മരങ്ങള്‍ ഇരമ്പലോടെ വെള്ളം കുടഞ്ഞു. കുട്ടികള്‍ മുറ്റത്ത് കളിക്കാനിറങ്ങി. തൊടികളില്‍ ഒരുപാട് പുതിയ ചെടികള്‍ തളിര്‍ത്തിരുന്നു. നിറയെ പൂക്കഹ വിരിഞ്ഞു. ഗ്രാമ വൃക്ഷങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടി. പാട്ടുപാടി.
ഒരു ദിവസം മഞ്ഞക്കിളികളെ തേടി കുന്നിന് മുകളിലേയ്ക്കുപോയ കുറിഞ്ഞിയും കൂട്ടുകാരുമാണ് ആ വാര്‍ത്തയുമായി ഗ്രാമമുഖ്യന്റെ മുന്നിലെത്തിയത്. എന്തോ അല്‍ഭുതം കണ്ടമാതിരി കുറിഞ്ഞി കിതയ്ക്കുന്നുണ്ടായിരുന്നു.
''എന്താ കുട്ടികളെ, എല്ലാവരുമുണ്ടല്ലോ...'' ചന്ദ്രഗുലു തിരക്കി.
''കുന്നിനു മുകളിലെ പേരമരമുണ്ടല്ലോ, അതിന്റെ ചുവട്ടില്‍ വെള്ളം പൊങ്ങുന്നു''കുറിഞ്ഞി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
''ആ വെള്ളം ഒരു ചാല് പോലെ താഴേക്ക് ഒഴുകുന്നുമുണ്ട്...''കൂട്ടത്തിലുണ്ടായിരുന്ന ചെമ്പരത്തി പറഞ്ഞു.
ചന്ദ്രഗുലു കണ്ണുകളടച്ച് ആകാശത്തേയ്ക്ക് തലയുയര്‍ത്തി അല്‍പസമയം നിന്നു. എന്നിട്ട് കുട്ടികള്‍ക്കൊപ്പം കുന്നിന് മുകളിലേയ്ക്ക് നടന്നു.
അത് കണ്ട ഗ്രാമവാസികള്‍ അല്‍ഭുതപ്പെട്ടു. കണ്ടവര്‍ കണ്ടവര്‍ പിന്നാലേ കൂടി. ആരും ഒന്നും സംസാരിക്കുന്നില്ല. വേഗം നടക്കുകയാണ്. കാണെക്കാണെ അത് വലിയൊരു ജനക്കൂട്ടമായി.
വര: ജഹനാര
ജനക്കൂട്ടം കുന്നു കയറി പേരമരച്ചുവട്ടലെത്തി. അവിടെക്കണ്ട കാഴ്ചയില്‍ ജനക്കൂട്ടം അമ്പരന്നു.
ഭൂമിക്കടിയില്‍ നിന്നും ആകാശത്തേയ്ക്ക് ഒരു ജലധാര!
ചുറ്റും മഴവില്ല്.
ഒരു ചെറു ചാലിലൂടെ വെള്ളം താഴേയ്ക്കൊഴുകുന്നു.
മറാവോ താഴ്വരയില്‍ പിന്നെയും ചെറിയ ചെറിയ നീരുറവകളുണ്ടായി. അവ ഒഴുകി ഒന്നായി. നീര്‍ച്ചാലുകള്‍ ഒന്നുചേര്‍ന്ന് പുഴയായി. അങ്ങനെ മറാവോയില്‍ നിന്നും ഒരു നദി കടലിലേയ്ക്കൊഴുകി.
ഗ്രാമവാസികള്‍ ആ നദിയെ സ്നേഹപൂര്‍വ്വം ചിങ്കാരിപ്പുഴ എന്ന് വിളിച്ചു.
പുഴയുടെ രണ്ട് കരയിലും ഗ്രാമവാസികള്‍ കുടിലുകെട്ടി. നദിയിലെ ജലം കൃഷിയിടങ്ങളിലേയ്ക്കും വരണ്ട മണ്ണിലേയ്ക്കും ചെന്നു. മറാവോയില്‍ വയലുകളുണ്ടായി. വയലുകളില്‍ തിന വിതച്ചു. തിന വിളഞ്ഞപ്പോള്‍ കിളികള്‍ വന്നു. പറമ്പിലും വൃക്ഷത്തലപ്പുകളിലുമിരുന്ന് പക്ഷികള്‍ പാടി. തിന കൊയ്തപ്പോള്‍ പാടത്ത് തുമ്പികള്‍ പാറി നടന്നു. കുട്ടികള്‍ തുമ്പികളെ പിടിച്ച് വീണ്ടും ആകാശത്തേയ്ക്ക് പറത്തിവിട്ടു. മഞ്ഞയും ചുവപ്പും നീലയും പച്ചയും വെള്ളയും നിറങ്ങളില്‍ ദേശാടനക്കിളികള്‍ വന്നു പോയി.
സൂര്യഗുലു ഒരു നാടിന്റെ കഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍, കൂടി നിന്നവരെല്ലാം ദീര്‍ഘനിശ്വാസം വിട്ടു.
എല്ലാ പ്രയാസവും നീങ്ങുന്നതായി ആമി മുത്തശ്ശിക്ക് തോന്നി.
സൂര്യഗുലു മുത്തശ്ശിയോടു പറഞ്ഞു: ''ഞങ്ങളില്‍ ചിലര്‍ രണ്ടു ദിവസം കൂടി നിങ്ങളോടൊപ്പം കഴിയും. ഈ മണല്‍കാട്ടില്‍ വലകള്‍ വിരിച്ച് മഞ്ഞുകൊയ്യുന്ന വിദ്യ അവര്‍ പഠിപ്പിക്കും...''
''വലിയ സന്തോഷം...'' മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞു. എന്നിട്ട് മുത്തശ്ശി സൂര്യഗുലുവിനോട് പറഞ്ഞു. ''ഞങ്ങള്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.''
നേരം പുലര്‍ന്നു.
സൂര്യഗുലുവിന്റെ സംഘം യാത്രക്ക് ഒരുങ്ങുകയാണ്. കുറച്ചുപേര്‍ അവിടെ നിന്നു. ബാക്കിയുള്ളവര്‍ ഒട്ടകങ്ങളെ നയിച്ച് യാത്രയായി. ആമിമുത്തശ്ശിയും കൂട്ടരും കൈകള്‍ വീശി അവരെ യാത്രയാക്കി.
സൂര്യഗുലുവിന്റെ നിര്‍ദ്ദേശപ്രകാരം അവിടെ നിന്നവര്‍ മരുഭൂമിയുടെ പലഭാഗങ്ങളില്‍ കുഴികള്‍ കുഴിച്ച് നീളമുള്ള മരക്കമ്പുകള്‍ കുഴിച്ചിട്ടു. കുഴിച്ചിട്ട കമ്പുകളില്‍ പരുത്തിത്തുണികള്‍ കെട്ടി. ഏകദേശം പത്തോളം മഞ്ഞുവലകള്‍. പണികള്‍ കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞ് സൂര്യഗുലുവിന്റെ സംഘം യാത്ര പറഞ്ഞ് പിരിഞ്ഞു.
(ബാക്കി നാളെ)
ഭാഗം ഒന്ന്: ഹുന്ത്രാപ്പി ബുസ്സാട്ടോ, ബഷീര്‍ കഥാപാത്രമായ കുട്ടികളുടെ നോവല്‍ ആരംഭിക്കുന്നു
ഭാഗം രണ്ട്. ആ ആഞ്ഞിലിമരം എവിടെ?
ഭാഗം മൂന്ന്: പറന്നിറങ്ങുന്ന തക്കോഡക്കോയുടെ കാലിലതാ, ഒരാള്‍!
ഭാഗം നാല്: അന്നു രാത്രി അവര്‍ കാടിനു തീയിട്ടു, പക്ഷികളും മൃഗങ്ങളും കാട്ടുമനുഷ്യരും വെന്തു മരിച്ചു
ഭാഗം അഞ്ച്: മരുഭൂമിയിലെ നീരുറവ
ഭാഗം ആറ്: മരുഭൂമി മുറിച്ചു വരുന്ന ആ ഒട്ടകങ്ങളില്‍ ശത്രുവോ മിത്രമോ?
ഭാഗം ഏഴ്: നെല്ലിക്കയുടെ രുചിയുള്ള കാട്ടമൃത്!
ഭാഗം എട്ട്: പരല്‍മീനിനെ വലവീശും പോലെ മഞ്ഞിനെ പിടിക്കാനാവുമോ?