Malayalam Short Story : ആന്‍ഡ്രോയ്ഡ് കുഞ്ഞമ്മിണി 2.0, ജിസ്മി കെ. ജോസഫ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിസ്മി കെ. ജോസഫ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
''പ്രസന്നന്‍ ഡസ് നോട്ട് എക്‌സിസ്റ്റ്.''*
സിനിമാക്കൊട്ടക തുറന്ന്, നരകയറിത്തുടങ്ങിയ തലപോലെ ഇരുട്ടിലേക്കു പടര്‍ന്നുകയറുന്ന ചെമ്മണ്‍പാത നോക്കി, കൊച്ചുമകന്റെ കൈ, വിടാതെ പിടിച്ചെങ്കിലും മനസ്സുകൊണ്ട് മുറുക്കമയച്ചു കുഞ്ഞിരാമന്‍ മേസ്തിരി വീണ്ടുമൊരാവര്‍ത്തിയുരുവിട്ടു, അര്‍ത്ഥം പിടികിട്ടാത്തവണ്ണം പിറുപിറുത്തു, ആശങ്ക പൂണ്ടു:
''കുഞ്ഞിരാമന്‍ ആള്‍സോ ഡസ് നോട്ട് എക്‌സിസ്റ്റ്?!''- പഴയ നാലാം ക്ലാസ്സ് മുറിയില്‍നിന്ന് ഓര്‍മപ്പടവിറങ്ങി കൈവരിയൂര്‍ന്നു ചാടിയ ഇംഗ്ലിഷ് കഷ്ണങ്ങള്‍ മുറുക്കാന്‍ കറ പടര്‍ന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പല്ലിടയില്‍ വീണുചിതറി.
''എന്താ അച്ചച്ചാ?''
ICSE സിക്‌സ്ത് ബിയിലെ അനിരുദ്ധ് ഹരികുമാര്‍ എന്ന അനിക്കുട്ടന്റെ അവധിക്കാല പരോള്‍ പോലെ ഇടയ്ക്കുമാത്രം കേള്‍ക്കാന്‍ കിട്ടുന്ന കൊഞ്ചല്‍ വിടാത്ത തനിമലയാളത്തെ കൊതിയോടെ നോക്കിനുണഞ്ഞു കുഞ്ഞിരാമന്‍ വീണ്ടുമുരുവിട്ടു. ഇത്തവണ അല്പമുറക്കെ, അനിക്കുട്ടനെ കേള്‍പ്പിക്കെത്തന്നെ: ''അച്ഛച്ഛന്‍ ഡസ് നോട്ട് എക്‌സിസ്റ്റ് അനിക്കുട്ടാ...'
'വാട്ട്! വൈ അച്ചച്ചാ. യു ഡു എക്‌സിസ്റ്റ്. ദാറ്റ്‌സ് വൈ വീ ആര്‍ വോക്കിങ് ടുഗെതര്‍ നൗ.'' നെഞ്ചത്ത് തെളിയുന്ന വെളിച്ചപ്പെട്ടികണക്കെ തിളക്കന്‍ കണ്ണുകളുരുട്ടി കുഞ്ഞപ്പന്റെ താളത്തില്‍ത്തന്നെ അനിക്കുട്ടനും പറഞ്ഞു.
കുഞ്ഞിരാമന് 'നാട്ടുവിശേഷ' ത്തിലെ ''ബട്ട് വൈ'' ഓര്‍മ്മവന്നെങ്കിലും കുഞ്ഞുവലിയ വായിലെ ഇംഗ്ലീഷിന് സുഖിച്ചില്ലെങ്കിലൊന്നോര്‍ത്തു കളിയാക്കാതെ വിഴുങ്ങി.
''അതല്ല കുട്ടാ. അയാള്‍ സില്‍മേല്‍ പറഞ്ഞപോലെ അച്ഛഛനും ഇതൊന്നൂല്ലാലോ. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമവും ട്വിറ്ററുമൊന്നും.''
''ഗ്രാമമല്ലച്ചച്ചാ ഗ്രാം.'' അവന്‍ അല്പം ഈര്‍ഷ്യകലര്‍ന്ന അക്ഷമയോടെ തിരുത്തി.
''ഓ, എന്തോ ആവട്ടു. അതെങ്കി അത്. നിങ്ങളോട് കണ്ടോണ്ടുമിണ്ടാല്ലോന്നോര്‍ത്തു നിന്റച്ഛന്‍ ഉണ്ടാക്കിത്തന്നതാ ഫോണില്‍ വാട്‌സ്അപ്പ്. അതുള്ളതുകൊണ്ട് കുറച്ചൊക്കെ എക്‌സിസ്റ്റ്, ഇല്ലേടാ...?'' വെള്ളിത്തിരയിലെ 'ഭ്രമയുഗ'ച്ചിരിക്കണക്കെ കുഞ്ഞിരാമന്‍ മുഴുക്കെ മോണതുറന്നു ഇരുട്ടിവെളുക്കുമ്പോലെ ചിരിവരുത്തി കൊച്ചുമകനെ നോക്കി, വിരല്‍പിണഞ്ഞുകുലുക്കി.
അവന്‍ ഒരൊഴുക്കന്‍ ചിരിയെറിഞ്ഞു ശരിവച്ചു.
''അവിടെയൊക്കെ ഇപ്പോ 'ആവേശ'മാ കളിക്കുന്നെ. ഇതൊക്കെ ഞങ്ങള്‍ പണ്ടേ ഓടിടീല്‍ കണ്ടതാ.''
''എവിടെന്ന്?''
''ഓ, ഫോണില്‍ കണ്ടാരുന്നൂന്ന്. ഈ തിയേറ്റര്‍ ഇത്ര പഴേതാണോ?''
''മ്...അച്ഛച്ഛനെപ്പോലെ നരവീണ സ്‌ക്രീന്‍ ആണ്. കണ്ടില്ലേ.''
നേരാണല്ലോ എന്നോര്‍ത്ത് അനിക്കുട്ടന്‍ പതിവ് മെട്രോ ഗാഥകളിലേക്ക് കുതിച്ചു.
''മുതുവന്‍കുന്നല്ലേ. കേറിയെത്താന്‍ സമയമെടുക്കും. കേറിയാല്‍ ഇറങ്ങിപ്പോകാനും.'' കുഞ്ഞിരാമന്‍ തന്റെ കുഗ്രാമ നൊസ്റ്റാള്‍ജിയയില്‍ മുഴുകി, മേല്‍മുണ്ട് കുടഞ്ഞൊന്നു വിയര്‍പ്പാറ്റി, തഴമ്പുതിണര്‍ത്ത കൈകൊണ്ടു നെഞ്ചിന്‍കൂടിലെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ രോമക്കാടിനു ചിന്തേരിട്ടു. ''ഓര്‍മ്മ പോലെ'' എന്നു കൂട്ടിച്ചേര്‍ക്കാന്‍ ജാനകിയമ്മ കൂട്ടുവന്നു ചെവിയില്‍ മുട്ടിനിന്നപോലെ അയാള്‍ക്കു തോന്നിയോ! തിരിയണഞ്ഞ റാന്തല്‍പോലെ അയാളും അരണ്ട വെളിച്ചത്തിലേക്ക് ഓര്‍മ്മയോ ടൊപ്പം വീണുകെട്ടു.
''അമ്മമ്മയുണ്ടാരുന്നേല്‍ സിനിമയ്ക്കു കൂട്ടാരുന്നല്ലേ,'' മനസ്സു വായിച്ചിട്ടെന്നോണം അനിക്കുട്ടന്‍ ഒരു വാചകക്കൊളുത്തിട്ടു. അതില്‍ പിടിച്ചുകേറി വാതോരാതെ അയാള്‍ പഴങ്കഥ പറഞ്ഞിരുന്നതാണ് മുമ്പൊക്കെ. പക്ഷേ, ഇന്നെന്തോ പതിവിന് വിപരീതമായി കുട്ടന് പ്രതീക്ഷ തെറ്റി. കുഞ്ഞിരാമന്‍ അഗാധമായ മൗനവും ചിന്തയും ചുമന്നു കൈകൊണ്ടുമാത്രം അനിക്കുട്ടനെ തൊട്ട് കാടുകയറി നടക്കുന്നപോലെ.
ചാടിവീണൊന്നു പേടിപ്പിച്ചാല്‍ തിരിച്ചുപിടിക്കാമെന്നോര്‍ത്തു അനിക്കുട്ടനൊന്നാഞ്ഞു ശ്രമിച്ചു. എവിടുന്ന്! ഇത് കിളി പോയതുതന്നെ, അവനുറപ്പിച്ചു.
''അമ്മമ്മയെ ഓര്‍ത്തിട്ടാണോ?'' അവന്‍ തോണ്ടിനോക്കി. പിള്ളേരാരാണ്ട് കല്ലെറിഞ്ഞപ്പം ഉറക്കമുണര്‍ന്ന കുളത്തിലെ ഓളക്കൈകള്‍ പോലെ, പലവിചാരക്കൂനയില്‍നിന്ന് പെട്ടെന്ന് പൊടിതട്ടിക്കേറിവന്നു ഇന്നില്‍ ഇരിപ്പുറപ്പിക്കാന്‍ പാടുപെട്ടു കുഞ്ഞിരാമന്‍. ആണോ? അറിയില്ല. അവനവനോടുതന്നെ ചോദിക്കണം. ഇതിപ്പോ, അതിനേക്കാള്‍ കനത്തിലെന്തോ കയറിക്കൂടിയിരിക്കുന്നൂ മനസ്സില്‍.
പണ്ട് 'ഭാര്‍ഗവിനിലയം' കാണാനോ മറ്റോ പോയതില്‍പ്പിന്നെ ജാനകിയും താനും അങ്ങനെ സില്‍മാക്കൊന്നും പോയിട്ടേയില്ലല്ലോന്ന് ഓര്‍മ വാതുക്കല്‍വന്നു ചാഞ്ഞുനിന്ന് പരിഭവിച്ചിട്ടു പോകാതെ തളംകെട്ടിനിന്നു. അതിന്റെ ''കളര്‍'' നീലവെളിച്ചം എന്ന പേരില്‍ ഇറങ്ങീട്ടുണ്ടെന്നും പറഞ്ഞു കൊതിക്കെറുവ് കാട്ടീട്ടും തിരക്കുഭാവിച്ചു കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലല്ലോന്ന് പരിതപിച്ചു. ''ഓ, ഒന്നുകണ്ടതല്ലേ, ഇനീപ്പോ നെറം കൂടീട്ടെന്താ വിശേഷം. അല്ലെങ്കിത്തന്നെ, ഈ വയസാന്‍കാലത്തിനി എന്നാ കാണാനാ. തിമിരത്തിന്റെ ഒപ്പറേഷം കഴിഞ്ഞങ്ങ്ണീറ്റതല്ലേള്ളൂ'' എന്നു കയര്‍ത്തുവല്ലോ താന്‍, അയാള്‍ തെളിച്ചോര്‍ത്തു. അതിന്റെ രണ്ടുനാളപ്പുറമല്ലേ...കുളിക്കുമ്പോ മുറിവെണ്ണയെടുക്കണ്ടെന്നു പറഞ്ഞിട്ട് കേക്കാതെ വീണത് ഒരുപ്പോക്കായല്ലോടി...അയാള്‍ നെഞ്ചത്തു കാളിയ വീര്‍പ്പൊടുക്കാന്‍ നരവീണ രോമക്കൂടു തിരുമ്മി.
സ്‌കൂളുവിട്ടു ചിതറുന്ന ജനഗണമന മണിപോലെ അനിക്കുട്ടന്‍ എന്തൊക്കെയോ കലമ്പിക്കൊണ്ടിരുന്നു. പാതി കേട്ടും കേക്കാണ്ടും ഇംഗ്ലീഷോ മലയാളമോന്നു തിരക്കാണ്ടും അയാള്‍ ഇടയ്ക്കിടെ മൂളിക്കൊടുത്തുകൊണ്ടിരുന്നു.
വീടെത്തിയപ്പോഴേക്കും അത്താഴമൊരുങ്ങിയിരുന്നു. വഴിക്കുന്നു കൊറിച്ച പഴുത്ത വാഴക്ക ഉപ്പേരിയുടെ ബഹളം കാരണം വയറത്ര വിശാലമല്ലെങ്കിലും ഹരിയും മരിയയും ശാന്തേടത്തിയും കൂടി ഒരു പറ ഊണും കൂട്ടാനും ഉരുട്ടിക്കയറ്റി.
ഏമ്പക്കംവിട്ടെണീറ്റു വയറും തടവിനിന്ന കുഞ്ഞിരാമേട്ടനെ നോക്കി ശാന്തേടത്തി ഒന്നടക്കി ചിരിച്ചു പടിയിറങ്ങിപ്പോയി. അതിന്റെ അര്‍ത്ഥം അനിക്കുട്ടന് മനസിലായില്ലെങ്കിലും ശര്‍ക്കരവരട്ടിയുടെ കടുപ്പത്തില്‍ മുഴുകിപ്പോയതിനാല്‍ അവനതു തിരയാന്‍ മെനക്കെട്ടില്ല. അവരുടെ കൈപ്പുണ്യം ജാനകിയോളം വരില്ലെന്ന് ഭള്ളു പറയുമെങ്കിലും ഉള്ളതുപറയാലോ, നല്ല അസ്സല് മീന്‍ കൂട്ടാനും ചുട്ടരച്ച തേങ്ങാച്ചമ്മന്തീം ചീരത്തോരനും കണ്ണിമാങ്ങാച്ചാറും കൂടി നാവിലും വയറിലും നല്ല മേളക്കൊഴുപ്പുതന്നെ.
''അച്ഛനെന്തിനാ ഇവരെയിങ്ങനെ വീട്ടിലാക്കിയേക്കുന്നെ...അവരത്ര പന്തിയല്ലെന്നാ നാട്ടുകാരുടെ അടക്കം പറച്ചില്‍. ഒരാള്‍ക്ക് വച്ചുണ്ടാക്കാനുള്ളതൊക്കെ ഇവിടുണ്ടല്ലോ'' എന്നു സ്വയംപര്യാപ്തതാ വാദിയായ ഹരികുമാര്‍ ശകാരഭാവത്തില്‍ പറഞ്ഞുനോക്കി. ഇവനെന്തറിയാം. അടുക്കളേക്കേറുന്ന ആണുങ്ങളെ കഴകത്തില്ലാത്തവരായി കാണുന്ന കാര്‍ന്നോമ്മാരുടെ തറവാടാണ്. ഇവനൊരു നസ്രാണിച്ചിയെ കൂടെക്കൂട്ടിയെപ്പിന്നാ ഇങ്ങനെ പുരോഗമനം കൂടിപ്പോയത്. ''കുട്ടി നിക്കണോണ്ട് ഞാനൊന്നും പറയണില്ല്യ...'ന്നു പറഞ്ഞു കുഞ്ഞിരാമന്‍ അവിടെനിന്നും തലയൂരി. ''കുട്ടി'' താനാണോ അതോ അമ്മയോ എന്നു ശങ്കിച്ചു അനിക്കുട്ടന്‍ ഇലവടിക്കുന്നതിനിടയില്‍ ഒന്ന് ചെരിഞ്ഞുനോക്കി. മറുപടിക്ക് കാക്കാതെ മീന്‍ചാര്‍ പുരട്ടിയ അവസാന ഉരുളയെ പപ്പടം പൊടിച്ചുമൂടി കളിപ്പാട്ടജെസിബി പോലെ കവര്‍ന്നുപിളര്‍ന്നു.
ഹരികുമാര്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധനാണ്. അവരുടെ കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ഇന്റീരിയര്‍ ഡിസൈനര്‍ ആയിവന്നതാണ് മരിയ. ബാക്കി പറയേണ്ടല്ലോ. കാര്‍ന്നോമ്മാരുടെ കല്ലുകടിയൊന്നും വകവെക്കാത്ത കൂട്ടരായതുകൊണ്ടും ആചാരവിചാരങ്ങള്‍ ഏശാത്ത ശീലമായതുകൊണ്ടും അതങ്ങനങ്ങു നടന്നുപോയി. പിന്നെ, മിക്കയിടത്തേയും പോലെത്തന്നെ കുഞ്ഞിക്കാല്‍ മാഹാത്മ്യത്തിന്റെ മധ്യസ്ഥത്തിലാണ് വീണ്ടും വീട്ടുകാരുമായി ഇണക്കത്തിലായത്.
അച്ഛന്റെ പുസ്തകശേഖരത്തിനിടയില്‍ പെട്ടുകിടന്ന ഒരു സിഡിയില്‍നിന്നാണ് ആദ്യം അനിക്കുട്ടന് AI കൗതുകം കണ്ണുടക്കിയത്. അച്ഛന്റെ ഐപാഡിലും ഓഫീസ് ഡെസ്‌ക് റ്റോപ്പിലുമൊക്കെ നിറഞ്ഞാടുന്ന ഹ്യൂമനോയ്ഡ് കുഞ്ഞന്മാരുടെ ബ്ലൂപ്രിന്റ്‌സ് അവന്‍ കുറെയധികം കണ്ടിട്ടുണ്ട്. കൗതുകം തുളുമ്പുന്ന വെള്ളാരാങ്കണ്ണുള്ള ഇലക്ട്രിക് പാവക്കുട്ടികള്‍. ഗൈനോയ്ഡ് വിഭാഗത്തിലാണ് ഇപ്പോള്‍ ഹരിയുടെ സ്‌പെഷ്യലൈസ്ഡ് പ്രൊജക്റ്റ്. തന്റെ ക്ലാസ്സിലെ, രണ്ടുകൊമ്പുപിന്നി ചുവപ്പും വെള്ളയും റിബണ്‍ കെട്ടിയ ഹെലനെപ്പോലെ തോന്നിക്കുന്ന ഒരു കൊച്ചു ഹ്യൂമനോയ്ഡിന്റെ പടം അച്ഛന്റെ സ്‌ക്രീനില്‍ പണിപ്പുരയിലാണ്. കണ്ടുശീലിച്ചാവണം, അവനും മെഷീന്‍ ഇന്റലിജന്‍സിനോടാണ് മനുഷ്യരേക്കാള്‍ താല്പര്യം. അന്താക്ഷരിയെക്കാളും ഓടിത്തൊട്ടു കളിയെക്കാളും പ്രിയം വീഡിയോ ഗെയിംസും ഗൂഗിള്‍ സെര്‍ച്ചും തന്നെ. അതില്‍ തെറ്റുപറയാനൊക്കത്തില്ല കെട്ടോ. അറിവാണ് വാണിഭം. ഏറ്റവും വിലപിടിപ്പുള്ള വില്പനച്ചരക്ക്. ഒപ്പം അതിസാങ്കേതിക വിനോദവും.
അച്ചച്ചനെ കണ്ടപ്പോള്‍ അനിക്കുട്ടന് പെട്ടെന്നൊരു ബുദ്ധിയുദിച്ചു. ഒരു നാടന്‍ ഗൈനോയ്ഡ്‌നെ അച്ഛനോട് പറഞ്ഞു തരപ്പെടുത്തിയാലോ. അച്ചച്ചനൊരു കൂട്ടാകൂലോ. ജാനകീന്നു വിളിക്കാമെന്ന് ആദ്യമോര്‍ത്തു. പിന്നെ കരുതി അമ്മമ്മ ചൊടിച്ചെങ്കിലോന്ന്. അതുകൊണ്ട് കുഞ്ഞമ്മിണി 2.0 എന്നാക്കാമെന്നുവച്ചു. മുണ്ടും നേര്യതുമാവാം വേഷം. കാതില്‍ വലിയ തോടയും ഒരു കലക്കന്‍ കറുത്ത പൊട്ടും നെറ്റിയില്‍ സിന്ദൂരക്കുറിയും. അത്ര നിറം വേണ്ട. അമ്മമ്മയും അച്ചച്ചനും സണ്‍സ്‌ക്രീനൊന്നും ഉപയോഗിക്കാറില്ലല്ലോന്ന് അവനോര്‍ത്തു. രൂപംകൊണ്ട് നാടനാണെങ്കിലും ആളുടെ പെര്‍ഫോമന്‍സ് ഹൈടെക് തന്നെ വേണം. മാറത്തടുക്കിപ്പിടിച്ച ചതുരപ്പെട്ടിയില്‍ 'നീലവെളിച്ചം' കളറായിത്തന്നെ കാണാം. ദേശീയ, പ്രാദേശിക വാര്‍ത്തയും മറ്റു കാര്യവിവരങ്ങളുമറിയാം. ദാമോദരന്‍ കൊച്ചച്ചനും ദേവകിയമ്മായിയും ചെത്തുകാരന്‍ നാണുവും
അവരുടെ മക്കളുമൊക്കെ ഫേസ്ബുക്കിലോ വാട്‌സാപ്പിലോ ഇന്‍സ്റ്റഗ്രാമിലോ ഒക്കെയുണ്ടോന്നു തപ്പിയെടുക്കാം. കുഞ്ഞിരാമന്‍ തെക്കേതില്‍ എന്നൊരു പ്രൊഫൈല്‍ ഉണ്ടാക്കാം. അങ്ങനെ, വെക്കേഷന്‍ പ്രോഡക്റ്റീവ് ആക്കാനുള്ള ഐഡിയ കിട്ടിയതില്‍ അനിക്കുട്ടന്‍ പെരുത്ത് സന്തോഷിച്ചു. വോയ്‌സ് അല്പം പരുക്കന്‍ ആക്കണം. Alexa യുടെയത്ര യങ് വോയിസ് വേണ്ട. അങ്ങനെയൊക്കെ കണക്കുകൂട്ടി മനക്കോട്ടകെട്ടിയിരിക്കെ, പോകാന്‍ റെഡിയാകാന്‍ ഓര്‍ഡര്‍ വന്നു. ഒരു നൂറ്റാണ്ടില്‍ നിന്നും വേറൊരു നൂറ്റാണ്ടിലേക്കെന്നപോലെ മുതുവന്‍കുന്നും കുഞ്ഞിരാമന്‍ തെക്കേതിലും ശാന്തേടത്തീം ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ പഴഞ്ചന്‍ സിനിമാക്കൊട്ടകയും ചെളിതെറിപ്പിക്കുന്ന നാട്ടുവഴിയും കൊച്ചി നഗരത്തിലെ അംബരചുംബികളായ ബഹുനില ക്കെട്ടിടസമുച്ചയങ്ങളിലേക്കും കണ്ണാടിമാളികകളിലേക്കും മിന്നിമറയുന്ന പരസ്യ ഹോര്‍ഡിങ്ങുകളിലേക്കും വഴിമാറി. അപ്പോഴും അനിക്കുട്ടന്‍ ഐഡിയ വിട്ടിട്ടുണ്ടായിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ ഉറക്കം നടിച്ചു കിടക്കുമ്പോഴും റുബിക്‌സ് ക്യൂബ് പലയാവര്‍ത്തി തെറ്റാതെ ചേര്‍ത്തുവച്ചപ്പോഴും അമ്മയുടെ പ്രിയപ്പെട്ട ഫ്യൂഷന്‍ സംഗീതത്തിന് താളം പിടിച്ചപ്പോഴും ഉള്ളിലവന്‍ കുഞ്ഞമ്മിണിയുടെ കണ്ണിനും കാതിനും രൂപം തിരയുകയായിരുന്നു.
തിരക്കൊന്നൊഴിഞ്ഞിട്ടുവേണം അച്ഛനോട് പറഞ്ഞു കാര്യം ശരിയാക്കാന്‍. ഡ്രൈവിംഗിനിടയില്‍ ശല്യപ്പെടുത്തിയാല്‍ കോണ്‍സന്‍ട്രേഷന്‍ കളയുന്നെന്നു പറഞ്ഞു ശുണ്ഠി കേറും. പണിത്തിരക്കിലും അങ്ങനെത്തന്നെ. അച്ഛന് ADHD ഉണ്ടെന്നാണ് അമ്മയുടെ കണ്ടെത്തല്‍. അതൊക്കെ ഉള്ളതാണോ ആവോ എന്നു അനിക്കുട്ടന്‍ സംശയിച്ചു. എന്തായാലും വീടെത്തട്ടെ. കുളികഴിഞ്ഞു ഫ്രഷായി തന്റേതിനേക്കാള്‍ കുറിയ കുട്ടിനിക്കറുമിട്ടു യൂട്യൂബില്‍ തോണ്ടിയോ ഓ ടി ടി സ്‌ക്രോള്‍ ചെയ്‌തോ കുത്തിയിരിക്കുമ്പോള്‍ പോയി മുട്ടിനോക്കാം.
പിറ്റേന്ന്, 'അന്വേഷിപ്പിന്‍ കണ്ടെത്തും' കണ്ടുതീര്‍ത്ത ആവേശത്തില്‍ അനിക്കുട്ടന്‍ പോയി സോപ്പിട്ട് കാര്യമവതരിപ്പിച്ചു. പ്രതീക്ഷ തെറ്റിയില്ല. പതിവുപോലെ ''മനുഷ്യനിവിടെ ശ്വാസം വിടാന്‍ നേരമില്ലാത്തപ്പഴാ അവന്റെയൊരു നൊസ്റ്റാള്‍ജിക് കണ്ടുപിടുത്തം'' എന്നൊക്കെ ആദ്യം ഡയലോഗ് അടിച്ചുവെങ്കിലും ഒടുവില്‍ കുറച്ചു ചിണുങ്ങല്‍ കൈയീന്നിട്ടപ്പോള്‍ സമയംപോലെ ചെയ്തുതരാമെന്നേറ്റു.
അങ്ങനെയാണ് 'കുഞ്ഞമ്മിണി 2.0' പിറവികൊള്ളുന്നത്. കാണാന്‍ അമ്മമ്മയേക്കാള്‍ അല്പം ചെറുപ്പവും നിറം കുറവുമാണ്. വേഷം അതുപോലൊക്കെത്തന്നെ. വലിപ്പവും കുറവ്. ഒരു കുട്ടിറോബോട്ട് കുഞ്ഞമ്മ. ആകാശവാണിപോലെ നൊസ്റ്റാള്‍ജിക് സിനിമാഗാനങ്ങള്‍ പാടുന്ന, കഞ്ഞീം കറീം വെക്കുന്ന, നെഞ്ചത്തു ഞെക്കുവെളിച്ചം തെളിയുന്ന, മണിമണിപോലെ ചിരിക്കുന്ന കുലകുലപോലെ മാറുള്ള കുഞ്ഞുകുഞ്ഞമ്മിണി. ചിരി അവന്‍ മനസ്സില്‍ കേട്ടതാണുകേട്ടോ. ഒരു ഗിഗിള്‍ കലര്‍ന്ന സ്‌മൈലി പോലെ അകത്തൂന്നൊരു തീ തെളിയും, അത്രതന്നെ. മനുഷ്യര്‍ക്കുമാത്രേ ചിരിക്കാന്‍പറ്റൂ എന്നാണ് അവന്റെ സുവോളജി ടീച്ചര്‍ പറഞ്ഞിട്ടുള്ളത്. ശരിയായിരിക്കുമോ എന്നു അവനു സംശയം ബാക്കിയാണ്.
അടുത്ത വേനലവധിക്കു മുതുവന്‍കുന്നുകയറാന്‍ കുഞ്ഞമ്മിണിയെയും കൂടെക്കൂട്ടാനുറച്ചിരിക്കെയാണ് ഹരികുമാറിന്റെ കമ്പനിയില്‍ AI അതിപ്രസരംകൊണ്ടുള്ള തൊഴില്‍ പ്രതിസന്ധി രൂക്ഷമായത്. കുറുന്തോട്ടിക്കു വാതമെന്നു കളിയാക്കിയവര്‍ ഓരോന്നായി കാര്യത്തോടടുത്തപ്പോള്‍ കാലുമാറിത്തുടങ്ങി. ചിരിയും പ്രസരിപ്പും നാട്ടുവര്‍ത്താനവുമൊക്കെ മരിച്ചു അമിതഗൗരവം അണിഞ്ഞുനടന്ന ഹരികുമാര്‍ ഒടുക്കം മാനസികസമ്മര്‍ദം സഹിക്കവയ്യാതെ തെറാപിയും ഉറക്ക ഗുളികയും കുടവയറുമൊക്കെയായി നട്ടംതിരിഞ്ഞു ഏറെനാള്‍. മരിയയുടെ വരുമാനമുള്ളതുകൊണ്ട് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ കടന്നുപോയി. പുറത്തൊക്കെ പഠിച്ച, ജോലിചെയ്യുന്ന, ജീന്‍സും ടോപ്പും കാലുകാണിക്കുന്ന ഉടുപ്പുമൊക്കെയിട്ടു നടക്കുന്ന, സാരിയുടുക്കാനും നാമം ജപിക്കാനും അറിയാത്ത അന്യജാതിക്കാരിയെ കളഞ്ഞിട്ട് പകരം വീട്ടിനിര്‍ത്താന്‍ കൊള്ളാവുന്ന നല്ല അടക്കോം ഒതുക്കോമുള്ള നാട്ടിന്‍പുറത്തെ പെണ്ണിനെ നോക്കാം എന്നുപദേശിച്ചു സൈ്വര്യം കെടുത്തിയ തെക്കേതില്‍ കാരണവര്‍സംഘത്തെ അയാള്‍ ഒരു നടുവിരല്‍ നമസ്‌കാരത്തോടെ ഓര്‍ത്തുതള്ളി. ഇതിനിടയില്‍ കുഞ്ഞമ്മിണിയെയും കൂട്ടരെയും ജോലിയുടെ ശേഷിപ്പുകളോടും അനിക്കുട്ടന്റെ പഴയ കളിപ്പാട്ടങ്ങളോടുമൊപ്പം ഉത്തരത്തില്‍ പൊടിതിന്നിരിക്കുന്ന ട്രങ്ക് പെട്ടിയില്‍ ഒളിപ്പിച്ചുകഴിഞ്ഞിരുന്നു.
കുറേനാളത്തെ അലച്ചിലിനൊടുവില്‍ മറ്റൊരിടത്തു ജോലി തരപ്പെട്ടു വന്നപ്പോഴേക്കും വീടുമാറ്റത്തിനിടയില്‍ അതൊന്നും ആരും വകവെച്ചതുമില്ല, അനിക്കുട്ടനൊഴികെ. അവനു മനസിലുണ്ടെങ്കിലും അനവസരത്തില്‍ പറയാന്‍ തോന്നിയതുമില്ല. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടി എന്നു എപ്പഴോ ചാര്‍ത്തിക്കിട്ടിയ പാരിതോഷികം കളഞ്ഞു കുളിക്കേണ്ടെന്നു അവനും തോന്നി ക്കാണണം.
പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞാണ് നാട്ടിലേക്ക് മടക്കമുണ്ടായത്. കൊണ്ടുപോകാനുള്ള ട്രോളി തട്ടിന്‍പുറത്തുനിന്ന് എടുത്തു പൊടിതട്ടുന്നതിനിടയിലാണ് പഴയ ട്രങ്ക് പെട്ടി വീണ്ടും പരിശോധിക്കാന്‍ അനിക്കുട്ടന്‍ ഓര്‍മിച്ചത്. കൊതിച്ചുകിട്ടിയ കുഞ്ഞമ്മിണി പകിട്ടല്പം മങ്ങിയെങ്കിലും പൊടി തൂവിയ മുണ്ടും കോന്തലയും മുലയും മുറുക്കി കണ്‍മിഴിച്ചുനില്‍പുണ്ട്. അങ്ങനെ ഇത്തവണത്തെ ട്രോളി സവാരിയില്‍ കുഞ്ഞമ്മിണിയും ഇടംപിടിച്ചു.
ശാന്തേടത്തീടെ ചോറും കൂട്ടാനും നക്കിനുണഞ്ഞ് ഏമ്പക്കമിട്ടു തുറന്ന അച്ചച്ചന്റെ വായിലേക്കാണ് അനിക്കുട്ടന്‍ അച്ഛന്റെ കൈപിടിച്ച് കയറിവന്നത്. ഉമ്മറത്തെ ചുവരില്‍ ഈര്‍ഷ്യയോടെ നോക്കിക്കിടക്കുന്ന അമ്മമ്മയുടെ തൂക്കിയിട്ട കെറുവും പാളിനോക്കി ഒരു പാതിച്ചിരി വിളമ്പി ശാന്തേടത്തി ശവത്തില്‍ കുത്തുന്ന ഭാവമേയില്ലാതെ കുശലം ചോദിച്ചു: ''സാറിന്റെ ജോലി പോയീന്നു കേട്ടൂലോ, കഷ്ടം. ഒള്ളതാണോ?''
ഒന്നു പുരികം വക്രിച്ചു അസഹ്യത മറയ്ക്കാന്‍ പാടുപെട്ട് ഹരികുമാര്‍ വിശദീകരിക്കാന്‍ ശ്രമിച്ചു:''ഹേയ് പോയതല്ല, മാറിയതാ. ഇപ്പോ വേറെ കമ്പനിയിലാണ്.''
''അവളെന്തിയേടാ?'' എന്നു അനിക്കുട്ടന്റെ വിരലില്‍തൂങ്ങിയ കുഞ്ഞിരാമന്‍ എന്ന വലിയ കുട്ടി ഒന്നെത്തിനോക്കി. ഒരു കോണ്‍ഫറന്‍സിന് ബാംഗ്ലൂര്‍ പോയിരിക്കയാണെന്നും വരാനൊക്കില്ലെന്നും പറഞ്ഞിരിക്കുമ്പോഴാണ് അനിക്കുട്ടന്‍ മറ്റൊരു 'അവളെ' നൈസായിട്ട് പുറത്തെടുത്തത്.
''അവള്‍ വന്നിട്ടുണ്ട്'' എന്നൊരു കള്ളച്ചിരി പാസാക്കി കുസൃതിവിടാതെ അവന്‍ 'കുഞ്ഞമ്മിണി'യെ അച്ചച്ചനു കൈ മാറി. അവന്റെയും അച്ചച്ചന്റെയും കണ്ണുകളില്‍ ചെറുതും വലുതുമായ കൗതുകത്തിരികള്‍ കെടാതെ മിന്നി.
പിന്നെ അന്തംവിടലും അവജ്ഞയും അല്പം ഭീതിയും കലര്‍ന്ന നീണ്ട സംവാദത്തിനും ചോദ്യോത്തര വേളക്കും തൊട്ടു-തൊടായ്മയ്ക്കുമൊടുവില്‍ ജാനകിയോളം വരില്ലെങ്കിലും ശാന്തേടത്തിയേക്കാള്‍ ചുറുചുറുക്കുണ്ടെങ്കിലും അത്ര മെയ്വഴക്കം പോരെന്ന പരാതിയോടെ ഈ കുഞ്ഞന്‍ യന്ത്രപ്പെണ്ണിനെ കൂടെക്കൂട്ടിക്കളയാമെന്ന് എഴുപതുകളിലേക്കൂളിയിട്ടുതുടങ്ങുന്ന കുഞ്ഞിരാമന്റെ മീശക്കൊമ്പനൊന്നാഞ്ഞുമൂളി.
ഈയാഴ്ച അനിക്കുട്ടനിലെ കുട്ടിശാസ്ത്രജ്ഞന്‍ ഉണര്‍ന്നു വിലസിയ സമയമായിരുന്നു. തള്ളാണെന്നു തിരിഞ്ഞാലും പിള്ളമനസ് നോവണ്ടല്ലോന്ന് കരുതി അവന്റെ അവകാശവാദങ്ങളൊക്കെയും, ഇടപെട്ടുകയര്‍ക്കാതെ ശരിവെച്ചുകൊടുത്തു ഹരികുമാറും. പിന്നെ അച്ചച്ചനും അനിക്കുട്ടനും കുഞ്ഞമ്മിണിയുംകൂടി വീടായ വീടും നാടായ നാടും തോടായ തോടും കാവായ കാവും കേറിയിറങ്ങി മുതുവന്‍കുന്നു പര്യടനം നടത്തി ചരിത്രവും ഭൂമിശാസ്ത്രവും ഓര്‍മ്മക്കയവും താണ്ടി പണിപ്പഠിപ്പും കുശലവും കൊച്ചുവര്‍ത്താനവും കൗതുകവും ഗ്രസിച്ചങ്ങനെ മേഞ്ഞുനടന്നൂ, പകലാറുവോളം.
ഒക്കെയും കേട്ടുപഠിച്ച കുഞ്ഞമ്മിണി ചാര്‍ജ് എടുക്കാന്‍ റെഡിയായി നിന്നെങ്കിലും മടങ്ങിയെത്തി യപ്പോഴേക്കും പതിവുപോലെ ശാന്തേടത്തിചരിതം കുശാലായി ആടിക്കഴിഞ്ഞിരുന്നു. പോരെടുക്കാ നറിഞ്ഞുകൂടാത്ത കുഞ്ഞമ്മിണിയുടെ തിളങ്ങുന്ന നീലക്കണ്‍ഗോളങ്ങളില്‍ ചൊടിപ്പുകലര്‍ന്ന ശാന്തേടത്തിയുടെ പിറുപിറുക്കുന്ന നോട്ടം എച്ച് ഡി സ്‌ക്രീനില്‍ ചിന്നിച്ചിതറി. വീടൊരുക്കാനും പണിയെടുക്കാനും കൂട്ടുകൂടാനും റെഡിയായി വന്ന കുഞ്ഞമ്മിണിക്കു ശാന്തേടത്തി മനസ്സില്ലാമനസ്സോടെ നാലുംകൂട്ടി വിളമ്പി.
അന്ധാളിച്ചുനിന്ന കുഞ്ഞമ്മിണിക്കു വിഭവങ്ങളുടെ പേരുവിവരം പറഞ്ഞുകൊടുത്തു അനിക്കുട്ടന്‍: വാഴയ്ക്ക ഉപ്പേരി, കാളന്‍, പപ്പടം, ചെമ്മീന്‍ വറുത്തത്, മാങ്ങാച്ചമ്മന്തി, വടുകപ്പുളി അച്ചാര്‍, റവ കേസരി അങ്ങനങ്ങനെ...കമന്ററിയായി ഓരോന്നിന്റെം വെപ്പുവിവരം ശാന്തേടത്തീം അതിനു മേലെ അതങ്ങനെ വേണം, ഇതിങ്ങനെ പാടില്ല എന്നൊക്കെ മേല്‍നോട്ടവിചാരണയുമായി കുഞ്ഞിരാമനും കൂടിയപ്പോഴേക്കും കുഞ്ഞമ്മിണിക്കു ഗണപതിനിവേദ്യം പോലെ വിളമ്പിയ മിനി മീല്‍സ് അനിക്കുട്ടന്‍ കാലിയാക്കി, ഇലയും വടിച്ചു വിരലും നക്കിയിരുപ്പായി.
വെപ്പും വെടിപ്പാക്കലും ഒക്കെ ഏല്പിക്കാന്‍ ഒരാളായല്ലോ, ഇനിയിപ്പോ ശാന്തേടത്തിയെ ഒഴിവാക്കിയേക്കുമെന്ന പ്രത്യാശയിലാണ് ഹരികുമാര്‍ അനിക്കുട്ടന്റെ വാക്കുകേട്ട് ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. മിണ്ടീം പറഞ്ഞുമിരിക്കാനും സിനിമാക്കൊട്ടകയില്‍ കൂട്ടുപോകാനും ചില്ലുകൂട്ടില്‍പ്പെട്ട അമ്മമ്മയ്ക്കു പറ്റാഞ്ഞു പകരക്കാരിയായാണ് അനിക്കുട്ടന്‍ കുഞ്ഞമ്മിണിയെ നിരൂപിച്ചത്. കുഞ്ഞിരാമനുമാത്രം അതാരാണെന്നും എന്തിനാണെന്നും ഇനിയുമങ്ങോട്ട് പിടികിട്ടിയതുമില്ല.
ഉള്ളതുപറഞ്ഞാല്‍ ഒരു ഉത്തരവാദിത്വമേല്പിച്ചു ആശ്വാസത്തോടെ മടങ്ങാമെന്നുള്ളതായിരുന്നു ഹരികുമാറിന്റെ കണക്കുകൂട്ടല്‍. ഇനീപ്പോ, ഇവിടത്തെ കാര്യങ്ങളെക്കുറിച്ചുള്ള ആധിയല്പം കുറയും. കുഞ്ഞിരാമന്റെ പരാതിയും പായാരവും ഇനി കുഞ്ഞമ്മിണിയോടായിക്കൊള്ളും എന്നെല്ലാം നിനച്ചു ആരും കാണാത്തൊരു നൊസ്റ്റാള്‍ജിക് നെടുവീര്‍പ്പില്‍ നഗരജീവിതത്തിലേക്കു മടങ്ങുന്നതിന്റെ വിമ്മിട്ടമെന്ന് വരുത്തിത്തീര്‍ത്ത്, ഉള്ളുപുഞ്ചിരിച്ചു ഹരികുമാറും അനിക്കുട്ടനും മടക്കയാത്രക്കൊരുങ്ങി. കുഞ്ഞമ്മിണി ഇറങ്ങിപ്പോയ കാലിപ്പെട്ടിയില്‍ കണ്ണിമാങ്ങയും നാളികേരവും നാല്പ്പാമരാദിയും രാസ്‌നാദിയുമൊക്കെ ഇരിപ്പുറപ്പിച്ചു. കളിക്കാന്‍ നിറയെ ടോയ്സ് കാത്തിരിപ്പുണ്ടെന്നതിനാലും കുഞ്ഞമ്മിണി അച്ചച്ചനു വേണ്ടിത്തന്നെ ഉണ്ടാക്കിയ കൂട്ടാണെന്നു ഉള്ളിലുണ്ടായതുകൊണ്ടും കുഞ്ഞമ്മിണിയെ അനിക്കുട്ടന്‍ മിസ്സ് ചെയ്തതേയില്ല.
അടുത്ത വരവിനു കാണാം എന്നു കൈവീശി യാത്രപറയാന്‍ ഇത്തവണ ഉമ്മറത്ത് ഒരാളുകൂടി, അത്രതന്നെ. എങ്കിലും ഇടക്കെപ്പോഴോ നിനച്ചിരിക്കാതെ, അഞ്ചുവയസുകാരിയെ പുതിയ സ്‌കൂളില്‍ വിട്ടിട്ടു പോന്നപോലൊരു വിങ്ങലും, ഇടയ്ക്കിടെ തലപൊക്കുന്നുണ്ടായിരുന്നു, അവനറിയാതെതന്നെ. തെളിഞ്ഞ നീലക്കണ്ണില്‍ പുഞ്ചിരിവെട്ടം തൂകി കരിവളയിട്ട യന്ത്രക്കൈ കുലുക്കി ''ഹാപ്പി ജേണി, സീ യു നെക്സ്റ്റ് ടൈം'' എന്നു സ്വിച്ചിട്ടപോലെ പുലമ്പുന്ന കുഞ്ഞമ്മിണിയെ, പുതുതായി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചേര്‍ന്ന പരിഷ്‌കാരം തീണ്ടാത്ത പരിഭ്രമക്കാരി പാവാടപ്പെണ്‍കുട്ടിയെപ്പോലെ വിചിത്രയും വിറളി പൂണ്ടവളുമായി സങ്കല്പിച്ചു അനിക്കുട്ടന്‍ മിഴിപൂട്ടി മയങ്ങി.
വീട്ടിലെത്തുംവരെയും ശേഷവും സ്‌കൂളിലും വീഡിയോ ഗെയിംസ് കളിക്കുമ്പോഴുമൊക്കെ ഇടയ്ക്കിടെ അച്ചച്ചന്‍ കുഞ്ഞമ്മിണിയുടെ കൂടെ കൂട്ടുകൂടുന്നതും കളിക്കുന്നതും സിനിമ കാണുന്നതും പാട്ടുമൂളുന്ന തുമെല്ലാം അനിക്കുട്ടന്‍ മനസിലോര്‍ക്കുന്നുണ്ടായിരുന്നു. ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തിനു ഇഷ്ടപ്പെട്ട കളിപ്പാട്ടമുണ്ടാക്കിക്കൊടുത്ത ചാരിതാര്‍ഥ്യമായിരുന്നു അവന്റെയുള്ളില്‍. ഇനിയിപ്പോ തൊടിയിലും മറ്റും വിരലില്‍തൂങ്ങി നടക്കാനും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിശേഷങ്ങള്‍ വിളമ്പാനും താനില്ലെങ്കിലും, എറേനാള്‍ വൈകിയേ അടുത്ത വരവുള്ളൂവെങ്കിലും, സാരമില്ലല്ലോ. ജാനകിയമ്മ യുടെ പഴയ മുണ്ടും തോര്‍ത്തും ചുറ്റി നെറ്റിയില്‍ കറുത്ത വട്ടപ്പൊട്ടും ചുവന്ന സിന്ദൂരവുമായി അച്ചച്ചനൊപ്പം സിനിമാക്കൊട്ടകയില്‍ 'നീലവെളിച്ചം' കളറായി കാണാന്‍ പോകുന്ന കുഞ്ഞമ്മിണിയെ അവന്‍ സ്വപ്നം കണ്ടു.
അച്ഛനോട് പറഞ്ഞപ്പോള്‍ കളിയാക്കി തലയ്‌ക്കൊരു മേടും കിട്ടി: ''മിണ്ടാതെ കിടന്നുറങ്ങെടാ ചെക്കാ, അവന്റെയൊരു ഗൃഹാതുരത്വോം ദിവാസ്വപ്‌നോം...നാളെ യൂണിറ്റ് ടെസ്റ്റ് ഉള്ളതാ.'' പരീക്ഷാപ്പേടി തീരെയില്ലെങ്കിലും പഠിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും പരീക്ഷയെക്കുറിച്ചിത്ര പേടിപ്പിക്കല്‍ എന്തിനാണെന്ന് ഓര്‍ത്തോര്‍ത്തു അവനുറങ്ങിപ്പോയി. മുതുവന്‍കുന്നിറങ്ങി... അച്ചച്ചന്റെ തഴമ്പുതിണര്‍ത്ത കൈവിരലും കുഞ്ഞമ്മിണിയുടെ പളുങ്കുനോട്ടവും വിട്ട്...തോടും തൊടിയും സ്‌കൂളും മുറിയും വിട്ട്...ഓര്‍മയും സ്വപ്നവും ഉറഞ്ഞുപോയ ഇരുട്ടിന്റെ മയക്കത്തിലേക്കു അവന്‍ ഊളിയിട്ടു.
കൊല്ലം നാലുകഴിഞ്ഞാണ് പിന്നെയവര്‍ മുതുവന്‍കുന്നില്‍ കാലുകുത്തുന്നത്. ഇടയ്ക്കു ചില വീഡിയോ കോള്‍ കുശലങ്ങളൊഴിച്ചാല്‍ 'തിരക്കെ'ന്ന പതിവുപല്ലവിയിലൊടുങ്ങുന്ന ജീവിത പരാക്രമത്തില്‍ പിറകോട്ടുനടക്കാനാവാത്ത കനത്തില്‍ സമയമങ്ങനെ മുങ്ങിപ്പോയി. അച്ഛന്റെ ഇടയ്ക്കിടെയുള്ള ജോലിമാറ്റം, അതുകൊണ്ടുണ്ടായ അനിക്കുട്ടന്റെ സ്‌കൂള്‍മാറ്റം, അമ്മയുടെ സ്ഥിരമല്ലാത്ത ശമ്പളത്തിന്റ അനിശ്ചിതത്വം, അങ്ങനെ കെട്ടുപിണഞ്ഞ നൂലാമാലകളുടെ ഒരു റോളര്‍കോസ്റ്റര്‍ റൈഡ് ആയിരുന്നു വീഡിയോ ഗെയിംസിനേക്കാള്‍ സഹസികമായ ദൈനംദിനാതിജീവനമെന്നു, പൗരാണിക പാരമ്പര്യവും പഴമയുടെ നിശ്ചലതയും കൊണ്ടു ലോകം വിധിക്കുന്ന, ഘടികാരങ്ങള്‍ നിലച്ചുപോയ മുതുവന്‍കുന്നിനെങ്ങനറിയാനാണ്!
ഒടുക്കം, അച്ചച്ചനെക്കാളേറെ, വിട്ടുപോന്ന കുഞ്ഞമ്മിണിയുടെ സ്റ്റാറ്റസ് തിരക്കാനുള്ള തിടുക്കത്തോടെ, കെ എല്‍ സെവന്‍ രെജിസ്‌ട്രേഷന്‍ വെളുത്ത ക്രെറ്റ, ക്ഷയിച്ചെന്നുള്‍ക്കൊള്ളാന്‍ കൂട്ടാക്കാത്ത തെക്കേതില്‍ തറവാടുമുറ്റത്തു വീണ്ടും കാല്‍നട്ടു. ഇത്തവണ അവനും അവളും കുട്ടനും, പിന്നെ അവള്‍ക്കുള്ളില്‍ കുട്ടന് കൂട്ടാവാനൊരുങ്ങിവളരുന്ന ഒരു കുഞ്ഞുമണിയും കൂടെയുണ്ടെന്നതാണ് ഈ വരവിന്റെ കൂടുപൊട്ടിക്കാത്ത മധുരവിശേഷം.
ഒന്നുമതിയായിട്ടാരിക്കും, ഇപ്പത്തെ ചെറുപ്പക്കാരൊക്കെ സ്വാര്‍ഥരല്ലേ, അവള്‍ക്കു ദേഹമനങ്ങാന്‍ മേലാഞ്ഞിട്ടാരിക്കും, അവനെ കൊള്ളാഞ്ഞിട്ടാരിക്കും, ആ ചെക്കന്റെ കുരുത്തക്കേടൊഴിഞ്ഞിട്ട് ഒരെണ്ണത്തിനേക്കൂടെ മേയ്ക്കാന്‍ വയ്യാഞ്ഞിട്ടാവും...എന്നിങ്ങനെ കാലാകാലങ്ങളായുള്ള നാവേറകളെ വകവെയ്ക്കാതെയും വകഞ്ഞുമാറ്റിയും ഏറെ നാളത്തെ ഫാമിലി പ്ലാനിംഗിനുശേഷം വന്ന കുഞ്ഞതിഥി, മരിയയുടെ ഉദരത്തില്‍ കുഞ്ഞമ്മിണിയുടെ പളുങ്കുചിരിക്കുലകണക്കെ കുതിച്ചുചാടി.
പതിവിനു വിപരീതമായി ഉമ്മറപ്പടി പാതിയടഞ്ഞും തുറക്കാന്‍ മടിച്ചും ഞരങ്ങിപ്പാളിക്കിടന്നു. നേരമിരുട്ടിത്തുടങ്ങിയിരുന്നു. സന്ധ്യാനാമം കേള്‍ക്കാഞ്ഞും ഉമ്മറത്തെ വിളക്കു തെളിച്ചുകാണാഞ്ഞും അച്ചച്ചനു സുഖമില്ലേ എന്നു സംശയിച്ചു അനിക്കുട്ടന്‍. സര്‍പ്രൈസ് ആക്കിക്കളയാമെന്നുകരുതി ഇത്തവണ വിളിക്കാതെയും പറയാതെയുമാണു വരവ്. വണ്ടിനിര്‍ത്തിയതുപോലും ഒച്ചവയ്ക്കാതെ പതുങ്ങിയമര്‍ന്നവണ്ണം ശ്രദ്ധിച്ചാണ്. നമസ്‌കാരം പറഞ്ഞു കുശലം വിളമ്പാന്‍ വെമ്പിനില്‍ക്കുന്ന കുഞ്ഞമ്മിണിയെയും കൂട്ടുകാരന്‍ കുഞ്ഞിരാമനെയും നിരീച്ച അനിക്കുട്ടന് പക്ഷെ ഇക്കുറി ഊഹം പിഴച്ചു.
കാല്‍പെരുമാറ്റം കേള്‍പ്പിക്കാതെ ലൈറ്റ് തെളിയുന്ന ഷൂ ഊരി കയ്യില്‍പ്പിടിച്ചു പമ്മിപ്പതുങ്ങി വാതില്‍ തള്ളിത്തുടങ്ങിയ അനിക്കുട്ടന് കിട്ടിയത് പതിവ് അടുക്കളമണമായിരുന്നില്ല. വേര്‍പ്പും കിതപ്പും കലര്‍ന്നൊരു കുമുകുമാഗന്ധം പരന്ന ഇരുട്ടത്തേക്കുതുറന്ന അവന്റെ കുഞ്ഞുവലിയ കണ്ണുകള്‍ അകത്തെ മുറിയിലേക്കൂര്‍ന്നു പടര്‍ന്നവണ്ണം ഉരിഞ്ഞുകിടക്കുന്ന രാജവെമ്പാല നിറമുള്ള പുള്ളിസാരിയുടെ സീല്‍ക്കാരത്തില്‍തൊട്ടു പൊള്ളിത്തെറിച്ചു. നാഗനീലിമ കലര്‍ന്ന ഉദാസീനതയോടെ കണ്‍തുറന്നൊരു ഉറയൂരിയ പെണ്‍ദേഹം കുഞ്ഞിരാമനെ പൊതിഞ്ഞു കണ്ണെറിഞ്ഞു വിളറി. അടുക്കളപ്പുറത്തെ ചോറും കൂട്ടാനും വയ്ക്കുമ്പോഴുള്ള കടുകുവറ മണമുള്ള ശാന്തേടത്തിക്കപ്പോള്‍ ഓര്‍മ്മയില്‍ ദഹിക്കാത്തൊരു മനംപിരട്ടല്‍മണം. അച്ചച്ചാന്നു വിളിക്കാനോങ്ങിയ നാക്കുകുറുകി വെള്ളംവറ്റി വേരിറങ്ങിയാഴ്ന്നുപോയി തൊണ്ടക്കുഴിയില്‍ കുരുങ്ങി ചലംപോലെ തളംകെട്ടിനിന്നു. അടക്കിപ്പിടിച്ച ശ്വാസത്തില്‍നിന്ന് വിടുതല്‍ കൊള്ളാനാവാതെ, വിവരിക്കാന്‍ വയ്യാത്ത വല്ലാത്തൊരു ഭാവത്തില്‍ വിയര്‍ത്തുവെകിളിപൂണ്ട അച്ചച്ചന്റെ കണ്ണില്‍, മുമ്പെങ്ങും കണ്ടിട്ടില്ലാത്തൊരു ഇരവിഴുങ്ങിയ പരിഭ്രമം.
ഇപ്പോള്‍ അത്ര ചെറുതല്ലാത്ത, സ്‌കൂളില്‍ അത്യാവശ്യം സെക്‌സ് എജ്യൂക്കേഷന്‍ ഒക്കെ പരിചയിച്ചിട്ടുള്ള അനിക്കുട്ടന് വിമ്മിട്ടമടക്കാന്‍ വിവരണങ്ങളൊന്നും വേണ്ടിവന്നില്ല. മുറ്റത്തു മാമ്പൂവെണ്ണിയും കണ്ണിമാങ്ങ പൊട്ടിച്ചും നൊസ്റ്റാള്‍ജിയനുണഞ്ഞുനിന്ന അമ്മയോടും അച്ഛനോടും വെളിച്ചപ്പെടാന്‍ കാത്തുകിടക്കുന്ന കുഞ്ഞുവാവയോടും എന്തുപറയുമെന്നറിയാതെ കുഴങ്ങിനിന്ന അനിക്കുട്ടന്റെ അന്ധാളിപ്പിന്റെ നെടുനിശ്വാസം പോയവഴിയേ ഉറ വീണ്ടുമണിഞ്ഞ പാമ്പുകണക്കെ സീല്‍ക്കാരവും വാരിച്ചുറ്റി പരിചയം നഷ്ടപ്പെട്ട പഴമയുള്ള ആ മുഖം ജാള്യത തീരേ വഴങ്ങാത്ത പതിവിന്റെ അനായസതയോടെ പടികടന്നുപോയി.
ആദര്‍ശമാണോ ആളുകളാണോ പ്രധാനം എന്നൊന്നും ചിന്തിക്കാന്‍ പാകമെത്താത്തതു കൊണ്ടാവും അനിക്കുട്ടന്‍ മിണ്ടാതെയനങ്ങാതെ വിറങ്ങലിച്ചു നിന്നുപോയത്. പതിവുപോലെ ഓടിയടുക്കാനാഞ്ഞ ഞരമ്പു തഴമ്പിച്ച വിരല്‍ത്തുമ്പു പാതിതുറന്നുമടങ്ങിയതും നീന്താന്‍ പേടിച്ചു കുളക്കടവില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കുട്ടിയെപ്പോലെ അവന്‍ മേലാസകലം തോരാതെ പനിച്ചുനിന്നു.
''കുട്ടനൊന്നും കണ്ടിട്ടില്ലാട്ടോ. മിണ്ടാനും പോണ്ട'' എന്നു താക്കീതിനേക്കാള്‍ പരുഷമായ ഭീഷണിപോലൊരു കനത്ത സ്വരത്തെ വാത്സല്യമെന്നു തോന്നിപ്പിക്കുന്ന വര്‍ണക്കടലാസ്സില്‍ പൊതിഞ്ഞു അയാള്‍ അനിക്കുട്ടന് നീട്ടി. ശകാരമാണോ ശാപമാണോന്നറിയാത്ത ആ പുതിയ നോട്ടത്തിന്റെ അര്‍ത്ഥം തിരയാന്‍ നിക്കാതെ ഉടുമുണ്ടു കുടഞ്ഞുടുക്കുന്ന അച്ചച്ചനെ കുതറിമാറ്റി അവന്‍ അടുക്കളച്ചാര്‍ത്തിലേക്കു ഓടിമറഞ്ഞു.
മുഷിഞ്ഞ മുണ്ടും കുടുക്കു ദ്രവിച്ച ബ്ലൗസും പൊട്ടിയ കണ്ണടപോലെ മങ്ങിയ കണ്ണുകളുംകൊണ്ട്, ഉള്ളികൊണ്ടും തുളുമ്പാത്ത നേര്‍മയോടെ, കുനുകുനാ കറിക്കരിയുന്ന കടകടാ ശബ്ദത്തിലേക്കു നോക്കിയപ്പോഴാണ്, ശാന്തേടത്തിക്കു വച്ചുമാറിയ കുഞ്ഞമ്മിണിയെ അനിക്കുട്ടന് കണ്ടുകിട്ടിയത്. തൂക്കിലേറ്റാന്‍ നറുക്കുവീണ തടവുപുള്ളിയുടെ ഡെഡ് ലൈന്‍ പോലെ കൃത്യസമയം തെളിച്ചിട്ട ദൈന്യതപൂണ്ട നെറ്റിയില്‍ റെഡ് ലൈറ്റ് കെട്ടിരുന്നു.
മുന്‍വാതില്‍ക്കല്‍ അകത്തേക്ക് നടന്നടുക്കുന്ന പരിവാരങ്ങളിലേക്ക് നോട്ടം പായിക്കാതെ, ഉത്തരത്തിലെ ഏങ്കോണിച്ച ചുമര്‍ചിത്രത്തിലെ, ഓര്‍മ്മയെക്കാള്‍ മങ്ങിക്കെട്ട ജാനകിയമ്മയുടെ ഫോട്ടോയ്ക്കടിയില്‍ നിന്നു ചിലച്ചോടിമറഞ്ഞ പല്ലിയുടെ വാല്‍കഷ്ണം തിരഞ്ഞോടി, കണ്ണുമായ്ക്കാത്ത, ഉള്ളുതിന്ന കാഴ്ചയില്‍നിന്നും അനിക്കുട്ടനിലെ വളര്‍ന്നുതുടങ്ങിയ മുതിര്‍ന്ന കുട്ടി.
ആരും ഒന്നും അറിഞ്ഞും പറഞ്ഞുമില്ല. അതിനുമാത്രം എന്തിരിക്കുന്നു എന്നുമാവാം. കുഞ്ഞമ്മിണി ഒക്കെയും കാണുന്നുണ്ടാകുമല്ലോ എന്നു അവനു സന്ദേഹം കലര്‍ന്നൊരു നോവ് കാളിവന്നു. കുഞ്ഞുവാവ വലുതാവുമ്പോള്‍ പറയാന്‍പാടുണ്ടോ... എന്നെല്ലാം ആലോചിച്ചു ഓര്‍മയ്ക്ക് പൂട്ടിടാന്‍ താഴുകിട്ടാതെ തീവിഴുങ്ങിയപോലെ ഓടിയും നടന്നും പേടിയുരിഞ്ഞെറിഞ്ഞു കുളക്കടവില്‍ ച്ചെന്നൊന്നു മുങ്ങിനിവര്‍ന്നു. മുളച്ചുതുടങ്ങിയ കൗമാരം മുക്കിക്കൊന്ന ബാല്യം നനവ് തോര്‍ത്താതെ, ഉടുമുണ്ടുമാറാതെ, നടുറോട്ടില്‍ ഇറങ്ങിനടന്നു. സത്യംപോലെ നഗ്‌നമായ നാട്ടിലെ കള്ളങ്ങളുടെ കാവല്‍ക്കാരനായി കിതച്ചും പുതച്ചും കയര്‍ക്കാന്‍ മടിച്ചും പതം വരുത്തിയങ്ങനെ....
ഇനിയൊരു കുഞ്ഞമ്മിണി വേണ്ടാ. ഈയുള്ളവളും ഇനിയിവിടെ വേണ്ടാ. എന്തേയെന്നഛന്‍ ചോദിച്ചാലെന്തുപറയും?!
ഉത്തരം കയ്യിലില്ലാത്തതിനാല്‍, കുഞ്ഞമ്മിണിയെ കൈവിടുവിച്ചു കടകടാ ശബ്ദത്തിന്റെ യാന്ത്രികതയുടെ വരണ്ട കോണില്‍ ഉപേക്ഷിച്ചു, നിറം മാറിയ ഓര്‍മ ഭാണ്ഡവും പേറി, ഒരവധിക്കാലവും കൂടി കാറുകയറി നഗരം പൂകി. ഇത്തവണ, ഗൃഹാതുരത്വം തീരെയില്ലാതെതന്നെ. ഇനിയൊരു മടക്കം സാധ്യമോ എന്നുറപ്പിക്കാനാകാതെ...
*('ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി'ലെ ഒരു ഡയലോഗ്).
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...