കേശവന്‍ നായരും  കാക്കത്തൊള്ളായിരം കാക്കകളും

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  തപസ്യ അശോക് എഴുതിയ കഥ

chilla malayalam short story by Thapasya Ashok

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by Thapasya Ashok

 

ഇതിനും മാത്രം കാക്കകളിതെവിടുന്നാണ്?

ഇങ്ങനെ പറഞ്ഞു തുടങ്ങാതെ ഈ അടുത്തൊന്നും ഒരു ദിവസവും കടന്നു പോയിട്ടില്ല. നിങ്ങളോടായതു കൊണ്ട് മെനയ്ക്ക് പറഞ്ഞുവെന്നേയുള്ളൂ. നാശങ്ങള്‍ കാരണം പൊറുതി മുട്ടിയിരിക്കുകയാണ്. 

ആശിച്ചു മോഹിച്ചു വീടിന്റെ ജനാലയ്ക്ക് ചില്ലിട്ടതാണിതിനൊക്കെയും കാരണം. അതില്ലാതിരുന്ന കാലത്ത് സമാധാനമുണ്ടായിരുന്നു. അതിപ്പോ അവറാച്ചന്‍ അപ്പുറത്ത് ജനാലയ്ക്ക് ചില്ലിട്ടു. അവര്‍ക്കാകമെങ്കില്‍, അവരെക്കാളൊട്ടും കുറവല്ല നമ്മളും. പിന്നെ നമ്മളായിട്ടെന്തിന് കുറയ്ക്കണം. പക്ഷേ ഇങ്ങനൊരു മാരണം വന്നു കൂടുമെന്നാരു കണ്ടു. 

അല്ല, ഈ കടന്നല്‍കൂടു പോലിളകി വരുന്നിവറ്റകളുടെ കാക ദൃഷ്ടിയില്‍ അവറാച്ചന്റെ ജനാല ചില്ല് കാണുന്നില്ലെന്നുണ്ടോ?
വെളുപ്പാന്‍ കാലത്ത് ഒന്നുറങ്ങി വരുമ്പോഴാകും ഇവറ്റകളതിന്മേല്‍ വന്ന് കൊത്തിപ്പറിക്കാന്‍ തുടങ്ങുന്നത്. ആദ്യമൊക്കെ ഒരു കൗതുകമായിരുന്നു. കണ്ണാടിയില്‍ തന്നെ കണ്ട് തിരിച്ചറിയാതെ കൊത്തിപ്പറിക്കുന്ന പാവം കാക്ക മണ്ടന്‍ കാക്കയെന്നൊക്കെ. പക്ഷേ ഇതൊരു തൊഴിലാക്കിയാലോ?

ചിലപ്പോ തോന്നും നല്ല ഏറ് വച്ചു കൊടുക്കാം എന്ന്. പക്ഷേ ഇവറ്റകള്‍ക്കുണ്ടോ എണ്ണം. നൂറുവരെ ഞാന്‍ എണ്ണി. നൂറിനു മേലെ എണ്ണാന്‍ അറിയണ്ടേ. പിന്നെ പണ്ടാരോ പറഞ്ഞിട്ടുണ്ട് എണ്ണിത്തീരാത്തതിനെ കാക്കത്തൊള്ളായിരം എന്ന് പറയുമെന്ന്. സത്യം ഇവറ്റകള്‍ക്കുണ്ടോ എണ്ണം.

ശല്യം സഹിക്കവയ്യാതായപ്പോഴാണ് കേശവന്‍ നായരെ കൊണ്ടുവരുന്നത്. ഓ, കേശവന്‍ നായരെ പരിചയപ്പെടുത്തിയില്ല അല്ലേ. 

കല്ലേറു കൊടുക്കാണ്ട് ഈ കാക്കത്തൊള്ളായിരത്തെ എങ്ങനെ ഓടിക്കുമെന്ന് ഓര്‍ത്ത് ദണ്ണിച്ചിരുന്നപ്പോഴാണ് കേശവന്‍ നായരെ കിട്ടുന്നത്. നായരെ കൂടാതെ അഞ്ചാറെണ്ണത്തെ പെറ്റിട്ടുണ്ടായിരുന്നു അതിന്റെ തള്ള. ഒരു ദിവസം കാക്കത്തൊള്ളായിരം ശല്യങ്ങളെ ഓടിക്കാന്‍ പെടാപ്പാട് പെട്ടിങ്ങനെ നിക്കുമ്പോള്‍, ദേ വഴീലങ്ങനെ കടിപിടി കൂടുന്നു തള്ളേം പിള്ളേരും. കാക്കയ്ക്കു കൊള്ളാതെ ബാക്കി വച്ചൊരേറങ്ങ് കൊടുത്തു. തള്ളേം വാലേല്‍ തൂങ്ങികളും ഒരൊറ്റയോട്ടം. ഇവനവിടെ തന്നങ്ങ് നിന്നു. ആ ധൈര്യം, ചങ്കൂറ്റം എനിക്കതങ്ങ് ബോധിച്ചു. ശത്രുക്കളെ വീഴ്ത്താന്‍ ഇവന്‍ മതി എന്നാരോ പറഞ്ഞ പോലെ. പിന്നൊന്നും നോക്കില്ല ഇങ്ങോട്ടു കൊണ്ടു പോന്നു. 

വന്നപ്പോഴാണ്, ഇവനൊരു പേരു വേണ്ടേ?

സാധാരണ പേരൊന്നും പോര. ഒന്നില്ലേലും ഇവനൊരു ചുണക്കുട്ടിയല്ലേ. എന്ത് പേരിടും എന്നോര്‍ത്തിങ്ങനെ ഇരുന്നപ്പോഴാണ് ചുവരിന്‍മേലിരുന്ന വലിയ നിര കണ്ണില്‍ പെട്ടത്. അച്ഛനും അച്ഛച്ഛനും അച്ഛച്ഛച്ഛനും അച്ഛച്ഛച്ഛച്ഛനും ദേ ഇരിക്കുന്നു ചുവരില്‍. അല്ലേലും ഇവരെ കടത്തി വെട്ടുന്ന ചുണക്കുട്ടികളുണ്ടോ ഈ നാട്ടില്‍. 

വീരസാഹസത്തിന്റെ കഥകളൊരുപാട് കേട്ടിട്ടുണ്ട്. അവരുടെ പേരുള്ളപ്പോള്‍ എന്തിനാണിത്ര കഷ്ടപ്പാട്. ഓരോരുത്തരുടേയും പേരിട്ടു നോക്കി.ആദ്യം അച്ഛന്‍. രാധാകൃഷ്ണന്‍, അതിത്തിരി നീണ്ടില്ലേ?. അതു വേണ്ട. അച്ഛച്ഛന്റെ ആയാലോ. കേശവന്‍. അതു കൊള്ളാം. ചില ആനകള്‍ടെയൊക്കെ പേരുപോലെ.കൊള്ളാം. അങ്ങനാണ് കേശവന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയേ.

അപ്പോള്‍ ദേ അടുത്ത പ്രശ്‌നം. കേശവന്റെ കൂടെ പട്ടി ചേര്‍ത്ത് ആരേലും വിളിച്ചാലോ. കേശവന്‍ പട്ടി. അത് നടക്കില്ല. അച്ഛച്ഛനാണേ കുറച്ചില്‍. കേശവന്‍ നായ എന്നു മതി. അല്ല എന്തിനു കുറയ്ക്കുന്നു. ഇരിക്കട്ടെ 'ര്‍' കൂടെ. അങ്ങനെ അവന്‍ കേശവന്‍ നായരായി.

അങ്ങനെ കാക്കത്തൊള്ളാത്തെ ഓടിക്കാനുള്ള പുതിയ പരിപാടി തുടങ്ങി. േകശവന്‍ നായരെ ഉമ്മറത്തു തന്നെ കെട്ടി. അവറ്റകളെ പേടിപ്പിക്കാന്‍. അന്നു ഞാന്‍ സുഖമായി ഉറങ്ങി. ബാക്കി നായരു നോക്കിക്കോളും എന്ന ധൈര്യത്തില്‍. പുലര്‍ച്ചെ തൊള്ളായിരത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അല്ല നായരെവിടെ. നോക്കുമ്പോള്‍ ഉമ്മറത്ത് തന്നെയുണ്ട് പക്ഷേ. കുരയ്ക്കുന്നില്ല.

'കേശവന്‍ നായരേ' ഞാനൊന്ന് നീട്ടി വിളിച്ചു ഒരു ചടച്ച മോങ്ങലോടെ നോക്കി പിന്നെയും അവന്‍ തിരിഞ്ഞതേ ഇരിപ്പിരുന്നു.

പരിചയക്കേടിന്റെയാകുമെന്നോര്‍ത്ത് ഞാന്‍ കാത്തു. ഒന്ന് രണ്ടായി, രണ്ടു മൂന്നായി എവിടെ കേശവനുണ്ടോ കുലുക്കം. 

ഇന്നേരമത്രയും ആ പണ്ടാര കാക്കകള്‍ കലാപരിപാടി ഗംഭീരമായി തുടര്‍ന്നു കൊണ്ടിരുന്നു. അങ്ങനെ സഹീം കെട്ട് മെനേം കെട്ട് നിന്നൊരു ദിവസം  അവറാച്ചന്‍ അതിലേ വന്നു ( എന്റവറാച്ചാ തനിക്കെന്തിന്റെ കേടായിരുന്നു. ജനാലേം ചില്ലും. താനാണിതിനൊക്കെയും കാരണം). അവറാച്ചനോട് കാര്യം പറഞ്ഞു.

'ഓ തുടക്കത്തിലവിടേം ഇങ്ങനാര്‍ന്നെന്നേ. പിന്നെ സഹികെട്ട് ഞാന്‍ ഏറു പടക്കം മേടിച്ചു. കൂട്ടത്തോടെ പറന്നങ്ങു വന്നിരിക്കുമ്പോള്‍ ഒരേറ്. പിന്നെ അവറ്റകളീ പരിസരത്തു വരുകേല്ല.'

അതൊരു പുതിയ അറിവായിരുന്നു. ഇനിപ്പോള്‍ ഒന്നു പരീക്ഷിച്ചാലെന്താ?

ഏറും ചതിച്ചു, നായരും കൈമലര്‍ത്തി. ഇനി പടക്കമെങ്കില്‍ പടക്കം.

അന്ന് ഞാനുറങ്ങിയില്ല. നിലാവെട്ടത്തില്‍ തിളങ്ങിയ ജനലും ചാരി നിന്നു. കിഴക്കു ചുവന്ന വെട്ടം തലപൊക്കി തുടങ്ങിയപ്പോള്‍ കൈയിലെ ഏറു പടക്കം ഒരുക്കി ഞാന്‍ നിന്നു. ദേ വരുന്നു കാക്കത്തൊള്ളായിരം. ഞാന്‍ തീപ്പെട്ടിയുരച്ചു, കൊളുത്തി ഒരേറ്. പൊട്ടലിന്റെ ഒച്ചയില്‍ കറുത്ത തൂവലുകള്‍ എങ്ങോട്ടെന്നില്ലാതെ പറന്നു. പക്ഷേ എന്നെ ഞെട്ടിച്ചത് അതല്ല. അതു വരെ തുറക്കാത്ത കേശവന്‍ നായരുടെ തൊണ്ട തുറന്നിരിക്കുന്നു. അവന്‍ നിര്‍ത്താതെ കുരച്ചു. 

എനിക്കഭിമാനം തോന്നി. തൊള്ളായിരം പേടിച്ചോടുകയും ചെയ്തു നായരു കുരയ്ക്കുകയും ചെയ്തു. സന്തോഷത്തില്‍ ഞാനവന്റെ നെറ്റിയില്‍ കൈയ്യമര്‍ത്തി തടവി. ഒരു വിറ കൈയ്യിലൂടെ പടര്‍ന്നെന്നെ തൊട്ട പോലെ. അപ്പോഴാണ് ശരിക്കും കാര്യം പിടി കിട്ടിയത്. അവന്റെ കുര ധൈര്യത്തിന്റെയല്ല പേടിച്ച് വിറച്ചു വന്ന നിലവിളിയാണെന്ന്. 

ഞാന്‍ വരാന്തയിലെ ചുവരിലേക്ക് നോക്കി ധീരശൂര പരാക്രമി കേശവന്‍ നായര്‍ അവിടെ ചില്ലുകൂട്ടിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios