വെള്ളിക്കൊലുസ്, ട്രീസ ജോസഫ് എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ട്രീസ ജോസഫ് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
അവസാനിക്കാത്ത ഒരൊളിച്ചോട്ടത്തിന്റെ ഒടുവിലാണ് രാജീവന്‍ ഡല്‍ഹിയില്‍ എത്തുന്നത്. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ബന്ധങ്ങളറ്റ്, കാറ്റു പോലെ അലയുകയായിരുന്നു അയാള്‍. നഗരം അയാളുടെ മുഖം സമര്‍ത്ഥമായി ഒളിച്ചു വെച്ചു. റിക്ഷാവാലകളുടെയും തെരുവു കച്ചവടക്കാരുടെയും ശബ്ദം രാത്രി ഏറെ വൈകുവോളം കേള്‍ക്കുന്ന നിരത്തിന്റെ ഒരറ്റത്തായിരുന്നു അയാള്‍ താമസിച്ചിരുന്ന ഒറ്റമുറി. ഒരു ചൂടിക്കട്ടിലും ഏതാനും വീട്ടു സാധനങ്ങളും മാത്രമേ ആ മുറിയില്‍ ഉണ്ടായിരുന്നുള്ളു. മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന ചെറിയ സ്റ്റൗവില്‍ അയാള്‍ വെളുത്ത ചോറും പരിപ്പു കറിയും മാത്രം വെച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ ഒരു സേട്ടുവിന്റെ കടയില്‍ സഹായിയായി നില്‍ക്കുകയും അവധി ദിവസങ്ങളില്‍ ഡല്‍ഹിയിലെ നിരത്തിലൂടെ അലഞ്ഞുനടക്കുകയും ചെയ്തു. ഇതായിരുന്നു കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി അയാളുടെ തെറ്റാത്ത ദിനചര്യ.
ഒരിക്കല്‍ ഡല്‍ഹിയിലെ നിരത്തില്‍ വെച്ചാണ് അയഞ്ഞ ജൂബ്ബയും തോളിലൊരു തുണിസഞ്ചിയുമായി കുറേ കുട്ടികള്‍ക്കൊപ്പം സംസാരിച്ചിരുന്ന താടിക്കാരനെ കണ്ടത്. തെരുവിലെ കുട്ടികള്‍ക്ക് വയലിന്‍ വായിച്ചുകൊടുക്കുകയായിരുന്നു അയാള്‍. സൗമ്യമായ കണ്ണുകള്‍ രാജീവനെ സ്‌നേഹത്തോടെ ഉഴിഞ്ഞു. ഹൃദയത്തിലേക്ക് നീണ്ടു വന്ന ആ നോട്ടം കണ്ടപ്പോള്‍ എന്തിനെന്നറിയാതെ രാജീവന്റെ കണ്ണുകള്‍ നിറഞ്ഞു.
ആ സൗമ്യതക്ക് അടിപ്പെട്ടാണ് രാജീവന്‍ ലാലുഭായി എന്ന് കുട്ടികള്‍ വിളിക്കുന്ന ലളിതിന്റെ ആശ്രമത്തിലെ വാരാന്ത്യ സന്ദര്‍ശകനായത്. വൈദികനായിരുന്ന ലളിത് ക്രിസ്തുവിനെ കൂടുതല്‍ സ്‌നേഹിക്കണം എന്ന് പറഞ്ഞ് സഭാചട്ടങ്ങളുടെ കലഹപ്പുരയില്‍ നിന്ന് ഇറങ്ങി പോന്നിട്ട് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ആരുമില്ലാത്തവര്‍, വെറുതെ ഒരു നിയോഗം പോലെ വന്നു ചേര്‍ന്നവര്‍, പിടി വിട്ടു പോയ മനസ്സ് നേരെയാക്കാന്‍ വരുന്നവര്‍ അങ്ങനെ ഒരുപാട് പേര്‍ അവിടെ വന്ന് പോയിരുന്നു. എവിടുന്നാണെന്ന് പോലും ചോദ്യമില്ലാതെ എല്ലാവരെയും ഒരുപോലെ സ്വീകരിച്ചിരുന്ന ലളിതിന്റെ ആശ്രമത്തില്‍ രാജീവനും പതിവ് സന്ദര്‍ശകനായി.
'ഞാനൊരു തീര്‍ത്ഥാടനത്തിലാണ്' ആശ്രമമുറ്റത്തെ ആര്യവേപ്പ് മരത്തിന്റെ തണലിലിരുന്ന് ഒരുച്ചനേരത്ത് രാജീവന്‍ പറഞ്ഞു. വയലിനില്‍ പതിഞ്ഞ ഒരു ഈണം മീട്ടിക്കൊണ്ട് ലളിത് അടുത്തിരുന്നു. വയലിനിലെ രാഗംമുറിയാതെ തന്നെ അയാള്‍ രാജീവനോട് പറഞ്ഞു ' തീര്‍ത്ഥാടനം ഒരൊളിച്ചോട്ടമാണ്. തന്നില്‍ നിന്ന്, ജനിമൃതികളുടെ ബന്ധനത്തില്‍ നിന്ന്. ഒരിക്കലും തീര്‍ത്ഥാടനം ഒന്നിനും പരിഹാരമാകുന്നില്ല. കാലചക്രം ഉരുളുമ്പോള്‍ നീ ഉപേക്ഷിച്ചു പോന്ന ബന്ധങ്ങള്‍ നിന്നെ തിരികെ വിളിച്ചു കൊണ്ടേയിരിക്കും.'
ആശ്രമമുറ്റത്തെ മരങ്ങളില്‍ കിളികള്‍ ചിലച്ചു. മുറ്റത്ത് വളര്‍ന്നു നിന്ന പേരറിയാത്തൊരു പുല്‍ച്ചെടിയില്‍ ഒരോന്ത് നിറങ്ങള്‍ പലവുരു മാറ്റി ഒളിക്കാന്‍ തത്രപ്പെട്ടു. താവളങ്ങളിലേക്ക് മടങ്ങുന്ന തെരുവ് കുട്ടികള്‍ ഉച്ചത്തില്‍ ഏതോ ഹിന്ദിപ്പാട്ട് പാടി. നാളെയെക്കുറിച്ച് ആകുലതയോ ഇന്നലെകളെ കുറിച്ച് പശ്ചാത്താപമോ ഇല്ലാതെ അവര്‍ ഇരുളിന്റെ മറവില്‍ ഇന്നില്‍ ജീവിച്ചു. ഇന്നിന്റെ മാത്രം നന്മകള്‍ അറിഞ്ഞ്, കൗതുകങ്ങളില്‍ മുഴുകി മരചുവടുകളില്‍ അവര്‍ അന്തിയുറങ്ങി. മുറിയിലേക്ക് മടങ്ങണോ എന്ന ചിന്തയില്‍ രാജീവന്‍ വീണ്ടും തെരുവിലേക്ക് കണ്ണയച്ചു. പോയാല്‍ രാജുവിന്റെ പുസ്തകക്കടയില്‍ കുറച്ചു സമയം ചിലവാക്കാം. മനസ്സില്‍ അപ്പോള്‍ വരുന്ന കവിതകള്‍ ഉറക്കെച്ചൊല്ലി താന്‍ വേറൊരാളാണെന്ന് വെറുതെ ഭാവിക്കാം, രാജീവനോര്‍ത്തു.
ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ലളിതിനോട് യാത്ര പറഞ്ഞില്ല എന്നോര്‍ത്തു. സാരമില്ല ഉപചാരങ്ങള്‍ തീരെ വേണ്ടാത്ത ഒരിടമാണിത്. അയാള്‍ രാജുവിന്റെ കട ലക്ഷ്യമാക്കി നടന്നു.
ഒഴിവ് വേളകളില്‍ രാജീവന്‍ കുത്തിക്കുറിച്ച കവിതകള്‍ മനോഹരമായ കൈപ്പടയില്‍ പകര്‍ത്തി എഴുതുന്നത് രാജുവായിരുന്നു. ലഹരി ഉള്ളില്‍ നുരയുമ്പോള്‍ പോലും വിരലുകളെ അയാള്‍ അസാധാരണ വഴക്കത്തോടെ ചലിപ്പിച്ചിരുന്നു. 'അക്ഷരങ്ങള്‍ മുത്തുകളാണ് ഭായി. അതിങ്ങനെ വിരലുകള്‍ക്കിടയിലൂടെ നൃത്തം ചെയ്യണം. അപ്പോഴാണ് അതൊക്കെ കൂടിച്ചേര്‍ന്ന് മനോഹരമായ കവിത പിറക്കുന്നത്'-രാജു പറഞ്ഞു. എത്ര കുടിച്ചാലും പുസ്തകങ്ങളെപ്പറ്റി പറയുമ്പോള്‍ രാജുവിന്റെ സ്വരത്തില്‍ ബഹുമാനം കലര്‍ന്നിരുന്നു. 'ഇത് ഒരു പുസ്തകമാക്കണം. കവര്‍ ഡിസൈന്‍ ചെയ്യുന്നത് ഞാനായിരിക്കും.'-കുഴഞ്ഞ ശബ്ദത്തില്‍ രാജു പറഞ്ഞു.
'അതിന് കിട്ടുന്ന അവാര്‍ഡ് തുക കൊണ്ട് ഭായി എനിക്കൊരു...'- പറഞ്ഞു തീര്‍ക്കും മുന്‍പ് രാജു ബെഞ്ചിലേക്ക്‌ചെരിഞ്ഞു കിടന്നു ഉറക്കത്തിലാണ്ടു.
രാജീവന്‍ ഒന്നും മിണ്ടാതെ ചിരിച്ചു. തന്റെ ഭൂതകാലത്തിലേക്ക് എത്തിനോക്കാത്ത ആളായിരുന്നത് കൊണ്ടാണ് രാജീവന്‍ അയാളെ കൂട്ടുകാരനാക്കിയത്. അല്ലെങ്കിലും കൂട്ടെന്ന് പറയാന്‍ അവര്‍ക്കിടയില്‍ ഒന്നുമുണ്ടായിരുന്നില്ല. കവിതയെഴുതി കിട്ടുന്ന കാശിന് മദ്യം വാങ്ങുന്ന വാരാന്ത്യങ്ങളില്‍ മാത്രമായിരുന്നു അവര്‍ തമ്മില്‍ കണ്ടിരുന്നത്. സേട്ടുവിന്റെ കടയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ ശമ്പളം മദ്യത്തിന്റെ ആഡംബരത്തിലേക്ക് ഊളിയിടാന്‍ മതിയാകുമായിരുന്നില്ല. എന്നോ കേരളത്തിന്റെ വേരുകള്‍ പറിച്ചെറിഞ്ഞിരുന്നു എങ്കിലും പുസ്തക പ്രേമികളായ ഡല്‍ഹി മലയാളികളുടെ പ്രിയപ്പെട്ട താവളമായിരുന്നു രാജുവിന്റെ കട.
അടുത്ത തവണ ലളിതിനെ കാണാന്‍ എത്തിയപ്പോള്‍ മറക്കാതെ കവിതകളുടെ ശേഖരവും എടുത്തിരുന്നു. 'താനത് ഇവിടെ വെച്ചേക്കൂ, എനിക്ക് സമയമെടുത്ത് വായിക്കണം'- ലളിത് പറഞ്ഞു. പിന്നെ അയാള്‍ രാജീവനെയും കൊണ്ട് ആശ്രമത്തിന്റെ പുറക് വശത്ത് പുതുതായി വളര്‍ന്ന് വരുന്ന പൂച്ചെടികളുടെ ഇടയിലേക്ക് പോയി.
ശൈത്യം ഡല്‍ഹി നഗരത്തെ മരവിപ്പിച്ചിരുന്ന ഒരു വൈകുന്നേരമാണ് രാജീവന്‍ വീണ്ടും ലാലു ഭായിയുടെ ആശ്രമത്തില്‍ എത്തുന്നത്. മുഖം നിറഞ്ഞ ചിരിയുമായി ലാലുഭായി രാജീവന്റെ നേര്‍ക്ക് ഇഞ്ചിയും ഏലക്കായും ചതച്ചിട്ട ചായ നീട്ടി. പിന്നെ മേശപ്പുറത്തു നിന്നും ഒരു ബുക്കെടുത്തു. 'വെള്ളിക്കൊലുസുകള്‍' എന്ന് ബുക്കിന്റെ പുറംചട്ടയില്‍ ഭംഗിയായി എഴുതിയിരുന്നു. രാജീവന്റെ കവിതകള്‍ ലളിത് ഒരു പുസ്തകമാക്കിയിരുന്നു. അമ്പരന്ന് നില്‍ക്കുന്ന അയാളുടെ ചെവിയിലേക്ക് പുസ്തകത്തിലെ വരികള്‍ ഒഴുകി വന്നു.
''ഒരിക്കല്‍ മാത്രം നിന്നെ
'മകളേ'
എന്നൊന്ന് വിളിക്കട്ടെ
ആ പൂപ്പുഞ്ചിരി ഒരുമാത്ര കാണട്ടെ
നിനക്കേകിടാന്‍
ഒന്നുമില്ലിനി,
ചേലൊട്ടുമേയില്ലാത്തൊരീ
വരികള്‍ മാത്രം'
അക്ഷരങ്ങള്‍ രാജീവനെ കൊത്തി വലിച്ചു. എത്രയോ നാളുകളായി മറക്കാന്‍ ശ്രമിക്കുന്നൊരു ഭൂതകാലം വീണ്ടും അയാളുടെ മുന്‍പില്‍ പരിഹാസ പുഞ്ചിരിയണിഞ്ഞ് നിന്നു.
മുറിഞ്ഞൊഴുകുന്ന നോവില്‍ അയാളുടെ ചെവിയില്‍ 'അച്ഛാ' എന്നൊരു വിളി കേട്ടു. ഒന്നെടുത്തിരുന്നെങ്കില്‍എന്ന് കൊതിച്ച് ഒരഞ്ചു വയസ്സുകാരി അയാളുടെ മുഖത്തേക്ക് നോക്കി. രാജീവന്റെ മനസ്സൊന്ന് പിടഞ്ഞു. അച്ഛന്‍ എന്തിനാണ് തന്നെ ഒഴിവാക്കുന്നതെന്ന് അവള്‍ എപ്പോഴും സങ്കടപ്പെട്ടിരുന്നു. 'അച്ഛാ, നിക്ക് കൊലുസ് മേടിച്ചുതരോ?' ഒരു കുഞ്ഞു സ്വരം കാതില്‍.
അയാളുടെ മനസ്സ് പശ്ചാത്താപത്തിന്റെ സ്‌നാനഘട്ടത്തിലേക്ക് ഊളിയിട്ടു. എത്ര പുണ്യനദികളില്‍ കുളിച്ചു കയറി. എങ്കിലും വിടാതെ ഒരു കുഞ്ഞിന്റെ തേങ്ങല്‍ ഇപ്പോഴും കാതില്‍ പതിയുന്നുവോ! തീര്‍ത്ഥങ്ങള്‍ക്ക് കഴുകിക്കളയാനാവാത്ത ഒരു കറുപ്പ് ഉള്ളില്‍ തെളിഞ്ഞു നില്‍ക്കുന്നത് അയാള്‍ കണ്ടു.
ഒരു നിലവിളിയോടെ രാജീവന്‍ ലളിതിന്റെ തോളിലേക്ക് വീണു. ആര്‍ത്തു കരയുന്ന അയാളോട് ലളിത് പറഞ്ഞു-'കരയുക, നിന്റെ അസ്ഥികള്‍ ഉരുകുവോളം. പുരുഷന്‍ കരയുന്നത് അവനെ ശക്തനാക്കും.'
വയലിന്‍ മീട്ടിക്കൊണ്ട് ലളിത് അടുത്തിരുന്നു.
രാജീവന്‍ മുറിഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. വലിയ മുറ്റമുള്ള തറവാട്ടിലേക്കും 'വെളുത്ത നിനക്ക് എങ്ങനെയാടാ കറുത്ത കൊച്ച് ഒണ്ടായേ' എന്ന അമ്മയുടെ ഒച്ച വെക്കലിലേക്കും അയാള്‍ നടന്നു. അയല്‍ക്കാര്‍ അടക്കംപറഞ്ഞ് ചിരിച്ചു. രാധികയെ അമ്മയ്ക്ക് തീരെ ഇഷ്ടമല്ലായിരുന്നു എന്ന് അയാളോര്‍ത്തു. മകള്‍ ജനിച്ച അന്ന് ഇടി വെട്ടി പെയ്യുന്ന മഴയിലൂടെയാണ് അയാള്‍ ആശുപത്രിയില്‍ എത്തിയത്. റെയിന്‍ കോട്ടിനിടയിലൂടെ മഴത്തുള്ളികളുടെ സൂചിത്തണുപ്പ് അയാളറിഞ്ഞു. രാധികയുടെ അടുത്ത് കിടക്കുന്ന മകളെ എടുക്കാനാഞ്ഞതും 'നിന്റെയാണോ എന്ന് ഉറപ്പിച്ചിട്ട് മതി താലോലിക്കുന്നത്' എന്നൊരു താക്കീതിലേക്ക് അമ്മയുടെ സ്വരം അമര്‍ന്നു. രാധികയുടെ കണ്ണുകള്‍ പെയ്യുന്നുണ്ടായിരുന്നു. നിസ്സഹായതയോടെ അവള്‍ രാജീവനെ നോക്കി. മകള്‍ കറുത്തതായത് കൊണ്ട് അവള്‍ മകന്റെതല്ലെന്ന് അയാളുടെ അമ്മ ഉറപ്പിച്ചിരുന്നു.
മകളെ ഒരിക്കല്‍പോലും സ്‌നേഹത്തോടെ അയാള്‍ താലോലിച്ചില്ല. ഓരോ തവണയും കുഞ്ഞിനെ തൊടാനൊരുങ്ങുമ്പോള്‍ സംശയത്തിന്റെ ഒരു കുമിള രാജീവന്റെയുള്ളില്‍ വീര്‍ത്തു പൊന്തിയിരുന്നു.
'ദൈവദോഷം പറയരുത്, ഇത് നിങ്ങളുടെ കുഞ്ഞാണ്' കണ്ണീര്‍ നിറഞ്ഞ ഒരു മുഖം അയാളുടെ കണ്‍മുന്‍പില്‍ തെളിഞ്ഞു. നാട്ടില്‍ നിന്ന് ഏറെ ദൂരെ ഡി.എന്‍. എ ടെസ്റ്റ് നടത്തുന്ന ഒരു ലാബിന്റെ റിസപ്ഷനിലായിരുന്നുഅയാള്‍. കൂടെ പരിഭ്രമം മുറ്റിയ കണ്ണുകളും പകച്ച മുഖവുമായി അയാളുടെ ഭാര്യയും മകളും ഉണ്ടായിരുന്നു. അഞ്ചു വയസ്സുകാരി മകള്‍ 'വിശക്കുന്നു അച്ഛാ' എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവളെ തുറിച്ചു നോക്കി. ഒരിക്കലും സ്‌നേഹത്തോടെ അയാള്‍ കുഞ്ഞിനെ നോക്കിയിട്ടുണ്ടായിരുന്നില്ല. റിസപ്ഷനിസ്റ്റ് പേര് വിളിച്ചപ്പോള്‍ ഭാര്യ അയാളോട് ചോദിച്ചു. 'നമ്മള്‍ എന്തിനാ ഇവിടെ വന്നത്?'
ഒരു നിമിഷം മിണ്ടാതെ നിന്ന ശേഷം അയാള്‍ പറഞ്ഞു 'ഇനിയും ഈ ഭാരം താങ്ങാന്‍ എനിക്ക് കഴിയില്ല. ഇത് പിതൃത്വ പരിശോധന നടത്തുന്ന ലാബ് ആണ്. അതിന്റെ ഫലം അറിഞ്ഞാലേ എനിക്ക് അഞ്ജലിയെ മകളായി അംഗീകരിക്കാനാവൂ.'
അയാളെ തുറിച്ചു നോക്കി ഭാര്യ ഇരുന്നു പിന്നെ എയര്‍കണ്ടീഷന്‍ തണുപ്പിച്ച റൂമില്‍ നിന്നും അവര്‍ പുറത്തിറങ്ങി. രാജീവന്‍ രാധികയുടെ പുറകേ ചെന്നു. 'രാധീ, നീ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്ക്'- രാധിക അയാളുടെ നേരെതിരിഞ്ഞു നിന്നു. പിന്നെ ഡി എന്‍ എ ക്ലിനിക്കിന്റെ മുറ്റത്തേക്ക് കാര്‍ക്കിച്ചു തുപ്പി. ഭംഗിയായി ചരല്‍ വിരിച്ചമുറ്റത്ത് ഒരു കൊഴുത്ത കഫക്കട്ട സൂര്യന്റെ ചൂടില്‍ ഉരുകിയൊലിച്ചു. പിന്നെ അവള്‍ മകളുടെ കൈയും പിടിച്ച് നഗരത്തിന്റെ കത്തുന്ന ചൂടിലേക്കും തിരക്കിലേക്കും അലിഞ്ഞു ചേര്‍ന്നു.
ഏറെ നാളുകള്‍ക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് രാജീവന്‍ ഭാര്യയെയും മകളെയും തിരഞ്ഞെത്തുന്നത്. മുന്‍വശത്തെ തിണ്ണയില്‍ നിര്‍ത്തിയിട്ടിരുന്ന തയ്യല്‍മെഷീനുകളില്‍ പെണ്‍കുട്ടികള്‍ താളത്തില്‍ ചവിട്ടുന്നുണ്ടായിരുന്നു. മുറ്റത്ത് വിരിഞ്ഞു നിന്ന കുടമുല്ലപ്പൂവ് നോക്കി നില്‍ക്കുമ്പോള്‍ രാധിക പുറത്തേക്ക് വന്നു. 'എന്ത് വേണം?'- അവളുടെ ശബ്ദം കേട്ട് രാജീവന്‍ തിരിഞ്ഞു നിന്നു.
'നിന്നെയും മോളെയും കൂട്ടിക്കൊണ്ടു പോകാന്‍...'- അയാളെ പറഞ്ഞു പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ അവള്‍ കൈയ്യെടുത്ത് വിലക്കി. 'ഇനി എന്നെയോ മോളെയോ തിരക്കി വന്നാല്‍ ഞങ്ങളുടെ ശവമായിരിക്കും കാണുന്നത്. അവള്‍ക്ക് അച്ഛനില്ല.'- പകച്ചു നിന്ന അയാളുടെ മുഖത്തേക്ക് വാതില്‍ ശബ്ദത്തോടെ അടഞ്ഞു.
എങ്കിലും പിന്നെയുമൊരിക്കല്‍ അയാള്‍ അവിടെച്ചെന്നു. സ്‌കൂള്‍ വിട്ട് മകള്‍ വരാറായിരുന്നു. രാജീവന്‍ ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ഏറെ നേരം തിണ്ണയില്‍ നിരത്തിയിട്ടിരുന്ന കസേരകളൊന്നില്‍ ഇരുന്നു. പിന്നെ അടച്ചിട്ടിരുന്ന മുന്‍വാതിലില്‍ മുട്ടി. പെണ്‍കുട്ടികള്‍ അയാളെ തീരെ ഗൗനിക്കാതെ പലവര്‍ണ്ണങ്ങളിലുള്ള കുട്ടിയുടുപ്പുകള്‍ തുന്നിക്കൊണ്ടിരുന്നു. രാധിക വാതില്‍ തുറന്ന അതേ നിമിഷമാണ് പാടവരമ്പു മുറിച്ചു കടന്ന് മകള്‍ മുറ്റത്തേക്ക് കയറിയത്. 'ഇറങ്ങിപ്പോകൂ, ഇനി നിങ്ങള്‍ എന്റെ മുന്‍പില്‍ വരരുത്. അച്ഛന്‍ മരിച്ചുപോയെന്നാണ് ഞാന്‍ എന്റെ കുട്ടിയോട് പറഞ്ഞിരിക്കുന്നത്.'-എന്റെ' എന്ന വാക്കിലെ ഊന്നല്‍ രാജീവനെ തളര്‍ത്തി. തല താഴ്ത്തി അയാള്‍ പുറത്തേക്ക് നടക്കുമ്പോള്‍ 'ആരാ അമ്മേ അത്' എന്ന മകളുടെ ചോദ്യവും 'ആര്‍ക്കറിയാം, വഴി ചോദിക്കാന്‍ കയറിയതാ' എന്ന രാധികയുടെ ഉത്തരവും അയാള്‍ കേട്ടു.
അന്ന് തുടങ്ങിയതാണ് പലായനം.അമ്മ മരിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് നാട്ടില്‍ പോയത്. മരിക്കുന്നതിന് മുന്‍പ് രാധികയെയും മകളെയും കാണാന്‍ അവര്‍ ആഗ്രഹം പറഞ്ഞിരുന്നുവെന്ന് രാജീവന്‍ അറിഞ്ഞു. മരിക്കാന്‍ കിടക്കുമ്പോള്‍ എന്താവും അമ്മ ചിന്തിച്ചിരിക്കുക. മകന്റെ ജീവിതം തകര്‍ന്നതോര്‍ത്ത് അവര്‍ ഒരിക്കലെങ്കിലും ദുഃഖിച്ചു കാണുമോ എന്ന് രാജീവനോര്‍ത്തു. ഇപ്പോഴും തന്റെയുള്ളില്‍ അമ്മയോട് പിണക്കം ബാക്കിനില്‍ക്കുന്നുവെന്ന് ഹൃദയത്തിന്റെ ഒരു ഭാഗം അയാളെ ഓര്‍മ്മപ്പെടുത്തി.
ലളിത് വയലിന്‍ താഴെ വെച്ചു. ആശ്രമത്തിലെ സഹായി പയ്യന്‍ കൊണ്ടു വന്ന ചൂട് ചായകളില്‍ ഒന്ന് രാജീവന്റെ നേരെ നീട്ടിക്കൊണ്ട് ലളിത് പറഞ്ഞു.
'ദാ അങ്ങോട്ട് നോക്കൂ' ലളിതിന്റെ കൈവിരലിനെ പിന്തുടര്‍ന്ന് രാജീവന്റെ നോട്ടം ഒരു മരത്തിന്റെ ചുവട്ടില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കളിപ്പിച്ചു കൊണ്ട് ഇരിക്കുന്ന യുവാവിലേക്കെത്തി. ഏകദേശം രണ്ടു വയസ്സ് പ്രായം വരുന്ന അവള്‍ ലോകത്തെ മുഴുവന്‍ മറന്ന് അയാളോടൊപ്പം കലപില ഭാഷയില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഒരുവേള 'അബ്ബാ' എന്നൊരു വിളിയോടെ അയാളുടെ കഴുത്തില്‍ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ വെച്ചു. മരച്ചുവട്ടില്‍ അവര്‍ അവരുടേതായ ഒരു മനോഹര ലോകം തീര്‍ക്കുന്നത് രാജീവന്‍ കണ്ടു.
'രാജീവനറിയുമോ അതാരാണെന്ന്?'
ലളിതിന്റെ ചോദ്യം രാജീവനെ ഉണര്‍ത്തി.
'ഈജിപ്ത്കാരാണ്'-ലളിത് തുടര്‍ന്നു.
'അമീര്‍ ചെറുപ്പം മുതലേ നെഞ്ചിലേറ്റിയ പെണ്ണായിരുന്നു നാദിറ. അവന് വേണ്ടി മാത്രം ജനിച്ചവള്‍. പക്ഷേ വിവാഹ പ്രായമായപ്പോള്‍ വീട്ടുകാര്‍ നാദിറക്ക് വേണ്ടി കണ്ടു പിടിച്ചത് സമദിനെയാണ്. സമദ് അമീറിന്റെ കൂട്ടുകാരനായിരുന്നു. സുന്ദരിയായ നാദിറയെ തനിക്ക് കിട്ടില്ല എന്ന് മനസ്സിലായ അയാള്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. വയലില്‍ പൂര്‍ണ്ണ നഗ്‌നയായി ബോധമില്ലാതെ കിടന്ന നാദിറയെ കണ്ട് വീട്ടുകാര്‍ അവളെ ഉപേക്ഷിച്ചു. നായ്ക്കള്‍ നക്കിക്കൊണ്ടിരുന്ന അവളുടെ ബോധമറ്റ ശരീരം നെഞ്ചോട് ചേര്‍ത്ത് അമീര്‍ അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടി. ആരോ പറഞ്ഞാണ് ഇന്ത്യയിലുള്ള ഈ സ്ഥലത്തെക്കുറിച്ച് അവന്‍ അറിയുന്നത്. സ്വന്തമായി ഉണ്ടായിരുന്നതെല്ലാം വിറ്റ് പെറുക്കി അമീര്‍ നാദിറയെയും കൊണ്ട് ഇവിടെയെത്തി. ഇവിടെ വരുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. താനല്ല ആ കുഞ്ഞിന്റെ പിതാവെന്ന് അമീര്‍ ഒരിക്കലും നാദിറയെ അറിയിച്ചിട്ടില്ല. കുഞ്ഞിനെ പ്രസവിച്ചതോ താന്‍ അമ്മയായതോ ഒന്നും നാദിറ ഏറെ നാളത്തേക്ക് അറിഞ്ഞില്ല. അത് അവരുടെ രണ്ടുപേരുടെയും കുഞ്ഞാണെന്നാണ് അമീര്‍ അവളോട് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നാദിറക്ക് നല്ല ഭേദമുണ്ട്. ഇന്ന് കുഞ്ഞിന്റെ രണ്ടാം പിറന്നാളാണ്. അത് ആഘോഷിക്കാനാണ് അവന്‍ വന്നിരിക്കുന്നത്. ഇനി ഈജിപ്തിലേക്ക് തിരികെ പോകുന്നില്ല എന്നാണ് അമീര്‍ പറഞ്ഞത്. ഇപ്പോഴും അവന്റെ നെഞ്ചില്‍ ഉണങ്ങാത്ത ചോരപ്പാടുകള്‍ ഉണ്ടാവും. ബോധമില്ലാത്ത സമയത്ത് നാദിറ അവനെ ഉപദ്രവിച്ചത്. അവള്‍ക്ക് നടന്ന കാര്യങ്ങള്‍ ഒന്നും ഓര്‍മ്മയില്ല.'
ലളിത് പറഞ്ഞു നിര്‍ത്തി. രാജീവന്റെ കണ്ണുകള്‍ ആ അച്ഛന്റെയും മകന്റെയും അടുത്തേക്ക് നടന്ന് വരുന്ന യുവതിയില്‍ ആയിരുന്നു. അബ്ബയുടെ മടിയില്‍ നിന്ന് ആ കൊച്ചുപെണ്‍കുട്ടി അമ്മയുടെ കൈയിലേക്ക് ചാടി. 'ആഫിയാ' നാദിറ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
'നോക്കൂ, അവനിപ്പോള്‍ രണ്ടു കുഞ്ഞുങ്ങളാണ്. നാദിറയും ആഫിയയും'-ലളിത് പറഞ്ഞു. അമീറിന്റെ മുഖത്ത് നിറയെ ചിരിയായിരുന്നു. രണ്ടു പേരെയും ചേര്‍ത്ത് പിടിച്ച് അമീര്‍ ചുറ്റുമുള്ളവര്‍ക്ക് മധുരം വിതരണം ചെയ്തു.
ചായ തണുത്തിരുന്നു. ഒരീച്ച ചായക്ക് മുകളിലൂടെ പല പ്രാവശ്യം പറന്നതിന് ശേഷം അതിനുള്ളിലേക്ക് സ്‌നാനപ്പെട്ടു. തണുപ്പ് കാലത്ത് നേരത്തെ വിരുന്നു വരുന്ന രാത്രി നഗരത്തിന് മേല്‍ കറുത്ത മേലാപ്പിട്ട് തുടങ്ങി. ദീര്‍ഘമായ മൗനത്തിന് ശേഷം ലളിതിനെ നോക്കിയ രാജീവനോട് അയാള്‍ പറഞ്ഞു
'പോവുക, ഇതായിരിക്കാം ആദിയിലെ തീരുമാനിക്കപ്പെട്ട നിമിഷം. നിയോഗങ്ങളെ മാറ്റാന്‍ നമുക്കെങ്ങനെകഴിയും. നമ്മളൊക്കെ വെറും മനുഷ്യരല്ലേ'- വയലിന്‍ അതിന്റെ കൂട്ടിലേക്ക് വെച്ച് ലളിത് യാത്ര പറയാതെ ആശ്രമത്തിനകത്തേക്ക് പോയി.
ആലോചനക്കൊടുവില്‍ രാജീവന്‍ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. രാജുവിന്റെ പുസ്തകക്കടയിലേക്ക് പോകണോ, റൂമിലെ മണ്ണെണ്ണ മണം നിറഞ്ഞ ഇരുട്ടിലേക്ക് പോകണോ എന്ന ചിന്തയില്‍ മുഴുകി അയാള്‍ ലക്ഷ്യമില്ലാതെ നടന്നു. രാവ് ഏറെക്കനത്തിരുന്നു. വഴിയുടെ കോണുകളിലും കടത്തിണ്ണകളിലും തെരുവിന്റെ മക്കള്‍ ചുരുണ്ടുകിടന്ന് ഉറങ്ങിയിരുന്നു. ലക്ഷ്യമില്ലാതെ അവര്‍ക്കിടയിലൂടെ നടന്ന രാജീവനെ ഒരു സ്വരം പുറകോട്ടു വലിച്ചു. സബ്വേയുടെ നടകള്‍ക്ക് താഴെ ഒരു കൊച്ചു പെണ്‍കുട്ടി ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. ഉറക്കത്തില്‍ അവളുടെ ചുണ്ടുകള്‍ 'ബാബാ' എന്ന് മന്ത്രിച്ചു. പുതക്കാനൊന്നുമില്ലാതെ കിടന്നിരുന്ന അവളുടെ മുഖത്ത് പാതി വിടര്‍ന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു. ബാബയെ സ്വപ്നം കണ്ടതാവും. രാജീവന്‍ 'മകളേ' എന്നൊരു കരച്ചിലിലേക്ക് വീണു. അയാള്‍ പതുക്കെ ആ പെണ്‍കുട്ടിയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു. പിന്നെ ഇട്ടിരുന്ന സ്വെറ്റര്‍ ഊരി അവളുടെ ദേഹത്തിട്ടു. രാജീവനെ കണ്ട് ആ പെണ്‍കുട്ടിയുടെ ചുറ്റും മണത്ത് നടന്നിരുന്ന ഒരു തെരുവു നായ മുരണ്ടു കൊണ്ട് മാറിപ്പോയി. അയാള്‍ അവളെ ചേര്‍ത്ത് പിടിച്ച് രാവെളുക്കുവോളം ഇരുന്നു. ഉറക്കത്തില്‍ അയാള്‍ മുഖം ഓര്‍മ്മയില്ലാത്ത മകളുടെ നെറ്റിയില്‍ ഉമ്മ വെച്ചു. മകളുടെ കൈ പിടിച്ച് അയാള്‍ കടല്‍ത്തീരത്ത് കൂടെ നടന്നു. ഒരുവേള മകള്‍ അയാളുടെ തണുത്ത കവിളുകളില്‍ ഉമ്മ വെച്ച് അച്ഛാ എന്ന് വിളിച്ചു.
പിറ്റേന്ന് രാവിലെ പാലികാ ബസാര്‍ ഉണരുന്നത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിലവിളിയിലേക്കായിരുന്നു. അവളെ പൊതിഞ്ഞു പിടിച്ചിരുന്ന രാജീവന്റെ കൈകള്‍ തണുത്ത് മരവിച്ചിരുന്നു. ആരോ തട്ടി വിളിച്ചപ്പോള്‍ അയാള്‍ ഒരു വശത്തേക്ക് ചെരിഞ്ഞു വീണു. ദേഹം വിറങ്ങലിച്ചിരുന്നു. നീലച്ച ചുണ്ടുകളില്‍ പാതി മുറിഞ്ഞ ഒരുസ്വപ്നത്തിന്റെ ബാക്കിയെന്നോണം ഒരു പുഞ്ചിരി തങ്ങി നിന്നു. മരവിച്ച അയാളുടെ കൈകളില്‍ നിന്നും ആരോ മോചിപ്പിച്ച തെരുവ് പെണ്‍കുട്ടി അടക്കിയ ഒരു കരച്ചിലോടെ രാജീവന്റെ അടുത്തിരുന്ന് തനിക്ക് പാകമല്ലാത്ത സ്വെറ്ററില്‍ തെരുപ്പിടിച്ചു കൊണ്ടിരുന്നു.
അക്കൊല്ലം തെരുവില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ പട്ടികയിലേക്ക് പേരില്ലാത്തൊരാളായി രാജീവനും ചേര്‍ന്നു. അയാളില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റുന്ന ഒരു രേഖയും കണ്ടെടുക്കാന്‍ പോലീസിനായില്ല. കുപ്പായക്കീശയില്‍ ഒരു ജോഡി വെള്ളിക്കൊലുസുകള്‍ മാത്രമുണ്ടായിരുന്നു. ഒരു അഞ്ചു വയസ്സുകാരിയുടെ കാലിന് പാകമാകുന്നത്. തെരുവില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന മേല്‍വിലാസത്തില്‍ പേരില്ലാത്തവനായി അയാള്‍ മണ്ണില്‍ മറഞ്ഞു.