Malayalam Short Stories; ഓര്‍മ്മ മുറിയുമ്പോള്‍, ശ്രീലേഖ എല്‍ കെ എഴുതിയ മിനിക്കഥകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശ്രീലേഖ എല്‍ കെ എഴുതിയ മിനിക്കഥകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അപരിചിതര്‍
'എന്തൊരു ചൂട്'
അവര്‍ സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ചു.
'മഴ ഇപ്പോഴൊന്നും ഉണ്ടാകും ന്ന് തോന്നുന്നില്ല. അതെങ്ങനെ, കാലാവസ്ഥ പഴേ പോലൊന്നും അല്ലാലോ..'
ഞാന്‍ കണ്ണടച്ചിരുന്നു. യാത്രയിലെ സംസാരങ്ങള്‍ ഒട്ടും ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അതിനര്‍ത്ഥം.
അവര്‍ ഒരു ഓറഞ്ച് തൊലി നീക്കി പകുതി അല്ലികള്‍ നീട്ടി.
എനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു. അപരിചിതയായ ഒരാളില്‍ നിന്ന് അത്തരമൊരു ദയ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നിട്ടും അത് കൊണ്ട് ത്തന്നെ കൈകള്‍ യാന്ത്രികമായി നീണ്ടു.
മധുരമുള്ള അല്ലികള്‍ വരണ്ട തൊണ്ടയെ നനച്ചപ്പോള്‍ 'എങ്ങോട്ടാണ്' എന്ന ചോദ്യത്തില്‍ ഞാന്‍ അവരെ നോക്കി.
അത്രയ്ക്ക് പ്രത്യേകതകള്‍ ഒന്നുമില്ലാത്ത പ്രായമുള്ള ഒരു സാധാരണ സ്ത്രീ. നെറ്റിയില്‍ വലിയ കുറിയും ജപമാലകളും. ഭസ്മത്തിന്റെ മണം.
അമ്മയെ ഓര്‍മ വന്നു. എഴുപതാം വയസ്സില്‍ ഇറങ്ങിപോകുമ്പോള്‍ കൂടെ ഓര്‍മ്മകള്‍ പോലും കൊണ്ട് പോകുന്നില്ലെന്ന് പറഞ്ഞതാണ്. തേടി വരാന്‍ പാടില്ലെന്ന താക്കീതും.
ഓറഞ്ചിന്റെ അല്ലികള്‍ കൈയിലിരുന്നു വിയര്‍ത്തു. തൊണ്ടയില്‍ നിന്ന് ആദിമമായ ഒരു ശബ്ദം പുറത്തേക്ക് വിങ്ങി.
ഓര്‍മ മുറിയുമ്പോള്‍
'ഇതാരാണ്? എന്നെ തുറിച്ചു നോക്കരുതെന്ന് അയാളോട് പറയൂ..'
തൊട്ടു മുന്നിലെ കണ്ണാടി കമഴ്ത്തി വെച്ച് മകള്‍ പറഞ്ഞു.
'പേടിക്കരുത്. അയാള്‍ എപ്പോഴോ പോയ്ക്കഴിഞ്ഞു.'
അച്ഛന്‍ ആശ്വാസത്തോടെ ചിരിക്കുന്നത് അവള്‍ ഒന്നു കൂടി കണ്ടു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...