നൂറയുടെ സ്വര്‍ഗലോകം

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സഫീറ താഹ എഴുതിയ കഥ
 

chilla  malayalam short story by Safeera thaha

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


chilla  malayalam short story by Safeera thaha

 

ലിഡ്ഡര്‍ നദിയ്ക്ക് കുറുകെയുള്ള വലിയ ഇരുമ്പു പാലം മറികടന്ന് പഹല്‍ഗാമെന്ന മലയോരപട്ടണത്തില്‍ കാറെത്തി. മലഞ്ചെരുവിന്റെ അടിവാരത്തായി  നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ചെറിയൊരു പട്ടണമാണത്. കണ്ണെത്താ  ദൂരത്തോളം ആപ്പിള്‍ മരങ്ങള്‍ പൂത്തുനില്‍ക്കുന്നു. വഴികള്‍ക്കിരുവശവും വീടുകളുടെ നീണ്ടനിര,  ഇടതൂര്‍ന്ന് നില്‍ക്കുന്ന പൈന്‍, പ്ലോപ്ലാര്‍,  ചിന്നാര്‍ മരങ്ങള്‍ 

തടികൊണ്ടുണ്ടാക്കിയ ഭംഗിയുള്ള ഇരുനിലയുള്ള ചെറിയൊരു വീടാണ് ആദ്യം കണ്ണില്‍പ്പെട്ടത്. അതിനടുത്തായി വലിയൊരു വീടും.  ടാക്‌സി കൂലി കൊടുത്തുകൊണ്ട് സ്‌മേര ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. 

.............

'അകലങ്ങളില്‍ എന്നെനോക്കി കൊഞ്ഞനം കുത്തുന്നത് ഏകാന്തമായ ഇന്നലെകളല്ലേ. മുഖം തിരിക്കുമ്പോള്‍ വാശിയോടെ എന്നിലേക്ക് അടുത്തു  വരുന്നത് ഓര്‍മ്മകളുടെ തൂവലുകള്‍ ചേര്‍ത്തു തുന്നിയ സ്വപ്നച്ചിറകുകളല്ലേ? '

'നൂറാ..... നിര്‍ത്താറായില്ലേ നിന്റെ മനോരാജ്യം 'എന്ന കാര്‍ക്കശ്യം  നിറഞ്ഞ  അബ്ബയുടെ സ്വരം കേട്ടാണ് അവള്‍ സ്വപ്നത്തേരില്‍  നിന്നിറങ്ങിയത്. നിറഞ്ഞ കണ്ണുകളോടെ അബ്ബയെ നോക്കി തലകുനിച്ചു കൊണ്ടവള്‍ മുറിയിലേക്ക് നടന്നു. അവളെ നോക്കിയപ്പോള്‍ വ്യസനം അദ്ദേഹത്തിന്റെ മനസ്സിനെ ശ്വാസം മുട്ടിച്ചു. 

ആടുകളുടെ കലപില സ്വരം കേട്ടാണ് നൂറ മുന്‍വാതില്‍ തുറന്നത്. പരിചയമില്ലാത്ത ഒരു യുവതിയെ  കണ്ടപ്പോള്‍ ആരാണ് എന്ന ചോദ്യം മുഖത്ത് തെളിഞ്ഞു. 

'ഇതല്ലേ ഹാലിം അബ്ബാസിന്റെ വീട്?' 

'അതെ' എന്ന് നൂറ മറുപടി പറയുമ്പോഴേക്കും അബ്ബ അവിടേക്ക് വന്നു. 

'സ്‌മേര അല്ലേ? ജെയിംസ് വിളിച്ചു പറഞ്ഞിരുന്നു. കയറിയിരിക്കൂ.'

അവള്‍ അകത്തേക്ക് കയറി ഇരുന്നു. നൂറയോട്  അബ്ബാ പറഞ്ഞു, 'ഇത് സ്‌മേര.  ജയിംസിന്റെ ബന്ധു. പോയി കുടിക്കാന്‍ എന്തെങ്കിലും എടുക്കു.'

അടിയില്‍ കനല്‍ ഒളിപ്പിച്ചുവെച്ച മനോഹരമായ കൂജയില്‍ നിന്നും ചെറിയ മണ്‍കപ്പില്‍ ഒരു പാനീയമൊഴിച്ചു നൂറ സ്‌മേരക്ക് കൊടുത്തു. കാശ്മീരിന്റെ  തനത് രുചി നിറഞ്ഞുനില്‍ക്കുന്ന കാശ്മീരി കാവ. ഉണങ്ങിയ പഴങ്ങളും തേനും കുങ്കുമവും ചേര്‍ത്തുണ്ടാക്കുന്ന  മധുരമുള്ള പാനീയം. കൂടെ പക്കോടയും. മധുരവും എരിയും ആസ്വദിച്ചു സ്‌മേര. 

'നൂറാ, ഔട്ട് ഹൗസ്  കാണിച്ചു കൊടുക്ക്.' അബ്ബാസ് പറഞ്ഞു. 

നൂറ താക്കോലുമെടുത്ത്  മുന്നിലും  സ്‌മേര പിന്നിലുമായി നടന്നു.  തടികള്‍  കൊണ്ട് തീര്‍ത്ത രണ്ട് നിലകളുള്ള ഭംഗിയുള്ള വീട്. അതിന്റെ രണ്ടാമത്തെ നിലയിലാണ് അവള്‍ക്കായി സൗകര്യം ഒരുക്കിയത്. അവിടത്തെ അന്തരീക്ഷം ആര്‍ക്കും ഇഷ്ടമാകും. 

സ്റ്റാര്‍ ടുഡേയുടെ ലേഖികയാണ് സ്‌മേര. ഇവിടേക്ക് വന്നത് 'ഭൂമിയിലെ സ്വര്‍ഗ്ഗം 'എന്ന പേരില്‍  അവള്‍ മേല്‍നോട്ടം വഹിക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ്. 

'ഞാന്‍ പോകുന്നു ഭക്ഷണം എത്തിക്കാം 'എന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞിട്ട് നൂറ പോകുമ്പോള്‍  സ്‌മേര  അവളെ ശ്രദ്ധിച്ചു. വലിയ കണ്ണുകളും  ഭംഗിയുള്ള മുഖവുമുള്ള ഏകദേശം ഇരുപത്  വയസ്സുള്ള ഒരു പെണ്‍കുട്ടി. തോരാതെ പെയ്യുന്ന കണ്ണുകളാണ് അതെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും  മനസ്സിലാകും.  

ചുറ്റാകെ മഞ്ഞു പെയ്യുന്ന കാഴ്ച സ്‌മേര ക്യാമറയില്‍ പകര്‍ത്തി. തണുപ്പ് സ്വെറ്ററിനെ തോല്‍പ്പിച്ചുകൊണ്ട് ശരീരത്തിലേക്ക്   കുത്തിക്കയറുന്നു. അവള്‍  ജനല്‍ അടയ്ക്കാനായി  തിരിഞ്ഞപ്പോള്‍ നൂറ അപ്പുറത്തെ വീട്ടിലെ അവളുടെ മുറിയില്‍ ഇരുന്ന് എന്തോ എഴുതുന്നത് ശ്രദ്ധയില്‍പ്പെട്ടു. 

അവള്‍ ജനല്‍ വലിച്ചടച്ചു  ഉറങ്ങാനായി കിടന്നു. ക്ഷീണം കൊണ്ട് അഗാധമായ ഉറക്കത്തിലേക്ക് വഴുതി വീണു.  ആരോ മുട്ടുന്ന ഒച്ച കേട്ടാണ് പിന്നെ ഉണര്‍ന്നത്. ഉറക്കച്ചടവില്‍ എണീറ്റു വാതില്‍ തുറന്നപ്പോള്‍ നൂറയാണ്. കയ്യില്‍ ഉണ്ടായിരുന്ന മണ്‍ഗ്ലാസ്സ് അവള്‍ സ്‌മേരയ്ക്ക് നല്‍കി. പ്രഭാത അഭിവാദനത്തിന് തിരികെ വിഷാദം സ്ഫുരിക്കുന്നയെങ്കിലും  ഭംഗിയുള്ള ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നൂറ കോണി ഇറങ്ങി വീട്ടിലേക്ക് നടന്നു. 

കുറച്ച് കഴിഞ്ഞ് സ്‌മേര പുറത്തേക്ക് പോകുമ്പോള്‍ നൂറയും എവിടേക്കോ  പോകാനിറങ്ങുന്നത് കണ്ടു. 

' എവിടേയ്ക്കാ നൂറാ' എന്ന ചോദ്യത്തിന് 'പോസ്റ്റ് ഓഫീസിലേക്ക് 'എന്നവള്‍ ഉത്തരം നല്‍കി. 

സ്‌മേര പുറം കാഴ്ചകളെ കൂട്ട് പിടിച്ചുകൊണ്ട് പതിയെ നടന്നു. മഞ്ഞുരുകിയെത്തുന്ന പുഴയില്‍ നിന്നും തണുപ്പവളെ ആശ്ലേഷിച്ചു.  ഏതൊക്കെയോ പൂവിന്റെ സമ്മിശ്ര ഗന്ധമുള്ള കാറ്റ്  മുടിയിഴകളെ തലോടി. കീഴ്ക്കാംതൂക്കായ കുന്നുകളും, മഞ്ഞുകിടക്ക പോലെ  പുല്‍മേടുകളും പൈന്‍ മരക്കാടുകളും അങ്ങിങ്ങു പൂത്തു നില്‍ക്കുന്ന ചെടികളും തലപ്പില്‍ മഞ്ഞു നെയ്ത തലപ്പാവ് ചൂടിയ നീല കൊടുമുടികളും  മഞ്ഞു കാലത്തെന്നോ തുന്നിയ പച്ചക്കുപ്പായം പുതച്ചുറങ്ങുന്ന ഭൂമിയും. 

ഉച്ചയോടടുത്ത് അവള്‍ തിരികെ വരുമ്പോള്‍ നൂറ അവിടെയുണ്ട്. ജനലിന്റെ അടുത്തിരുന്നു എഴുതുന്ന നൂറ സ്‌മേരയ്ക്ക് നിത്യ കാഴ്ചയായി. പതിവായി പുറത്തേയ്ക്ക് പോകുന്നത് പോസ്റ്റ് ഓഫീസിലേക്കാണെന്ന് അറിയുന്നതിനാല്‍ അവളെ കണ്ടാലും ആ ചോദ്യമങ്ങ് വിഴുങ്ങിക്കളയുകയാണ് പതിവ്.  

അന്ന് ഉച്ചയോടെ ജെയിംസ് കൂടി സ്‌മേരയുടെ താമസസ്ഥലത്തെത്തി. 

'ജെയിംസ്..... നൂറ എന്നും എന്തിനാണ് പോസ്റ്റ് ഓഫീസില്‍ പോകുന്നത്? എന്തിലും വിലക്ക് കല്‍പ്പിക്കുന്ന ഇവരൊക്കെ എന്നുമുള്ള ഈ പോക്ക് അനുവദിക്കുന്നതാണ് എനിക്ക് അത്ഭുതം. നൂറയെ എനിക്ക് മനസ്സിലാകുന്നേയില്ല' സ്‌മേര സംസാരം നിര്‍ത്തി ആകാംക്ഷയോടെ ജെയിംസിനെ നോക്കി. 

മുഖത്തേക്ക് വിരുന്നു വന്ന നൊമ്പരം മറച്ചുകൊണ്ട് ചെറിയചിരിയോടെ ജെയിംസ് പറഞ്ഞു. 'നിനക്കറിയാല്ലോ കുട്ടിക്കാലം മുതല്‍ പഞ്ചാബിലാണ് എന്റെ കുടുംബം. അവിടെ നിന്നും   അവരുടെ മാനേജര്‍ ആയി വന്നിട്ട് എട്ടു വര്‍ഷമായി. നല്ല  സ്‌നേഹമുള്ള ആളുകളാണ് ഇവര്‍. നൂറയെ കുറിച്ച് അറിയുന്നതിന് മുന്‍പ് നീ റോബിന്‍ അലോഷിയെ  കുറിച്ച് അറിയണം. എങ്കില്‍ മാത്രമേ നൂറയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക്  നിനക്ക് ഉത്തരം കിട്ടു. '

'തിരുവനന്തപുരത്തുകാരന്‍ റോബിന്‍ അലോഷി ജോലി സംബന്ധമായ കാര്യത്തിന് എന്നെ സന്ദര്‍ശിക്കുവാനായാണ്  കാശ്മീരിലേക്ക് വന്നത്. പപ്പയുടെ സഹോദരി പുത്രന്‍. ആരും ഇഷ്ടപെടും. സുന്ദരന്‍, സുമുഖന്‍. ഞാന്‍  താമസിച്ചിരുന്ന ഈ  ഔട്ട്ഹൗസ്തന്നെയാണ് അലോഷിക്കും  കൊടുത്തത്. ആരുമില്ലാത്ത അവന്‍ പെട്ടെന്ന് തന്നെ നൂറയുമായും  വീട്ടുകാരുമായും  അടുത്തു. ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞ അവനെ എല്ലാ തരത്തിലും അവര്‍ക്ക് ഇഷ്ടമായി.  സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കുന്നതിനായി നൂറയും ഞാനും അലോഷിയോടൊപ്പം കൂടി. 

അവന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു അവന്തിപ്പുരയിലെ ക്ഷേത്രം കാണുക എന്നത്.  പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ ഞങ്ങള്‍ ഓരോന്നും സംസാരിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. വില്ലോ മരങ്ങളില്‍ നിന്നും അവ്യക്തമായ സംഗീതം ചെറിയ കാറ്റിന്റെ ഉലച്ചിലില്‍  കേള്‍ക്കുന്നുണ്ടായിരുന്നു.  അധികദൂരം പോകേണ്ടിവന്നില്ല. റോഡിന്റെ ഇടതുഭാഗത്തായി അവന്തിപ്പുര ക്ഷേത്രം പ്രത്യക്ഷപ്പെട്ടു. തകര്‍ന്നു തരിപ്പണമായ ഒരു ചെറിയ കോട്ടപോലെ.  അവന്തിവര്‍മ്മന്‍ എന്ന കാശ്മീര്‍ രാജാവ് പണികഴിപ്പിച്ച പുരാതന  ക്ഷേത്രം.അവിടെ വെച്ചാണ് അലോഷിയുടെ മനസ്സിലേക്ക് നൂറ പ്രവേശിച്ചത്. 

'കുങ്കുമ പാടത്തിലേക്ക് അബ്ബയ്ക്ക് ആഹാരവുമായി നൂറ പോകുമ്പോള്‍ അലോഷി കൂടെ അവളോടൊപ്പം  പോകുമായിരുന്നു. പര്‍പ്പിള്‍ നിറത്തില്‍ പൂത്തുകിടക്കുന്ന   കുങ്കുമപ്പാടങ്ങള്‍  മനോഹരമായ കാഴ്ചയാണ്.
പാംപോറിലാണ് കുങ്കുമപ്പൂവ് ഏറിയ പങ്കും കൃഷി ചെയ്യുന്നത്. ചുറ്റാകെ കാട്ടുചെടികള്‍ പൂത്തുനില്‍ക്കുന്നു. അതിന്റെ  മധ്യത്തില്‍ കുങ്കുമപ്പാടം മനോഹരമായിരുന്നു.'

'നൂറാ എനിക്ക് കുങ്കുമപ്പൂവിന്റെ കാര്യങ്ങള്‍ പറഞ്ഞു തരുമോ?' ഇതുപോലെ അലോഷി നൂറയോട് പല സംശയങ്ങളും ചോദിച്ചുകൊണ്ടേയിരിക്കും. 

ആഗസ്ത് മാസമാണ് കുങ്കുമം കൃഷിചെയ്ത് തുടങ്ങുക. ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണതിന്റെ വിളവെടുപ്പുകാലം.  നൂറു കിലോ പൂവില്‍ നിന്നും കേവലം  മൂന്നു കിലോ കുങ്കുമ പൂവ് ആണ് ലഭിക്കുക. ഒരു കിലോ കുങ്കുമത്തിന് രണ്ടു ലക്ഷം രൂപയാണ് വിപണിവില. യാതൊരു നീരസവുമില്ലാതെ അവള്‍ ഉത്തരങ്ങളും  പറഞ്ഞുകൊടുത്തിരുന്നു.

നൂറയും അലോഷിയും ഏറെ അടുത്തു. അതറിയാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞത് അലോഷി പോയതിനു ശേഷമായിരുന്നു. 

എഴുത്തുകള്‍ വഴി അവരുടെ പ്രണയം സഞ്ചരിച്ചു കൊണ്ടിരുന്നു. നൂറ കത്തുകള്‍ അയച്ചു കൊണ്ടിരുന്നു. അലോഷി മറുപടിയും. രണ്ട് മാസം കഴിഞ്ഞപ്പോള്‍ നൂറയ്ക്കു മറുപടി ലഭിക്കാതായി  ഭൂരിപക്ഷം പ്രണയത്തിലും  പതിവുള്ളത് പോലെ മറവിയുടെ മാറാലകള്‍  പിടിച്ചുകാണുമെന്ന് വീട്ടുകാര്‍  പറഞ്ഞുവെങ്കിലും നൂറ അതൊന്നും സമ്മതിച്ചില്ല എന്ന് മാത്രമല്ല കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ രണ്ട് വരിയില്‍ ആരോ എഴുതിയ ഒരു കത്ത് ഇവിടെ ലഭിച്ചു. 

'കാര്‍ ആക്സിഡന്റില്‍  അലോഷി മരണമടഞ്ഞു 'എന്നായിരുന്നു അതിന്റെ ഉള്ളടക്കം. എന്നിട്ടും നൂറ കരഞ്ഞില്ല, അവള്‍ കത്തുകള്‍ എഴുതി കൊണ്ടിരുന്നു. ഒരുപക്ഷെ ഇവളുടെ  കത്തുകള്‍ക്ക് മാത്രമാവണം ഈ പട്ടണത്തില്‍  ആ പോസ്റ്റ്പെട്ടി എന്ന്  പോലും തോന്നിയിട്ടുണ്ട്... 'ജെയിംസ് പറഞ്ഞു നിര്‍ത്തി. 

പിറ്റേന്ന് പ്രഭാതത്തില്‍ നൂറ വന്നു. മനോഹരമായ പുഞ്ചിരിയുടെ അകമ്പടിയോടെ കയ്യിലിരുന്ന മണ്‍കോപ്പ  സ്‌മേരയ്ക്ക് കൊടുത്തുകൊണ്ട് പതിയെ ചോദിച്ചു.

'ജെയിംസ് അച്ചായന്‍ എല്ലാം പറഞ്ഞുവല്ലേ '

'അതെ 'എന്ന് മറുപടി പറഞ്ഞപ്പോള്‍ അവള്‍ തിരിഞ്ഞു നടക്കുവാന്‍ തുടങ്ങി.

'എന്തിനാണ് കുട്ടീ കൈപ്പറ്റാന്‍ ആളില്ലാതെ ഈ കത്തുകള്‍ അയക്കുന്നത് 'പിന്നില്‍ നിന്ന് വിളിച്ചു ചോദിച്ചപ്പോള്‍ മറുപടി പറയാതെ, തിരിഞ്ഞുനോക്കാതെ അവള്‍ പടികളിറങ്ങി താഴേയ്ക്ക് പോയി.  തിരികെ വന്നത് ഒരു ഫയല്‍  നിറയെ കടലാസുകളുമായാണ്. സ്‌മേരയുടെ നേര്‍ക്ക് നീട്ടികൊണ്ട് 'ഇതാണ് ആ ചോദ്യത്തിനുള്ള ഉത്തരം' 


അലോഷിയുടെ കത്തുകളായിരുന്നു. വായനയുടെ ഒടുവില്‍ സ്‌മേര നൂറയെ നോക്കി. 

................


'റോബിന്‍ അലോഷി ജീവിച്ചിരിപ്പുണ്ട് അച്ചായാ. ന്റെ മനസ്സ് അങ്ങനെ പറയുന്നു. പിറ്റേന്ന് ജെയിംസ് വന്നപ്പോള്‍ സ്‌മേര പറഞ്ഞു

'ജെയിംസ് ഒന്നും മിണ്ടിയില്ല. ദീര്‍ഘമായി ഒരു നിശ്വാസം  പുറത്തേക്ക് വിട്ടുകൊണ്ട് അവന്‍ പറഞ്ഞു. 'സത്യമാണ്. അലോഷി മരിച്ചിട്ടില്ല. ജീവിച്ചിരിക്കുന്നു.' 

ആശ്ചര്യഭരിതയായി സ്‌മേര  നോക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു. പക്ഷെ നൂറയെ കാണാന്‍ അയാള്‍ക്ക് താല്പര്യമില്ല. അതുകേട്ടപ്പോള്‍ സ്‌മേര ഞെട്ടിപ്പോയി. 

'എന്താണ് അങ്ങനെ?'

മറുപടി പറയാതെ ജെയിംസ് ഫോണില്‍ ആരെയോ വീഡിയോ കോള്‍ ചെയ്തു. 

മറുഭാഗത്ത്  ഒരു യുവതിയുടെ മുഖം തെളിഞ്ഞു. 

'നിത അലോഷിയെ ഒന്ന് കാണിക്കൂ'

സുമുഖനായ  ഒരു യുവാവിന്റെ മുഖം തെളിഞ്ഞു. പുഞ്ചിരിക്കുന്ന മുഖം. 

'ഇതാണ് റോബിന്‍ അലോഷി. കൂടെയുള്ളത് അവനെ നോക്കുവാന്‍ നില്‍ക്കുന്ന നിത എന്ന നഴ്‌സ്.'-ജെയിംസ് പറഞ്ഞു 

പിന്നെയാണ് സ്‌മേര അലോഷിയെ പൂര്‍ണ്ണമായി കാണുന്നത്. ഒരു കട്ടിലില്‍ കിടക്കുകയാണവന്‍. ഫോണ്‍ ഓഫ് ചെയ്തിട്ട് ജെയിംസ് തുടര്‍ന്നു, ഒരു വാഹനാപകടം കാരണം അലോഷിയുടെ  ചലനശേഷി  നശിച്ചു. തിരികെ വരാനുള്ള സാധ്യത വളരെ കുറവാണ്. അവന്റെ ഇപ്പോഴുള്ള വിഷമം നൂറയാണ്. നൂറായുടെ  അബ്ബയ്ക്ക് അലോഷി ജീവിച്ചിരിപ്പുണ്ടെന്ന്  അറിയാം. അവനെ സ്വീകരിക്കാന്‍ അദ്ദേഹം ഇപ്പോഴും തയ്യാറാണ്. എന്നാല്‍ അലോഷി സമ്മതിക്കില്ല. നൂറായുടെ ഭാവിയ്ക്കാണ്  പ്രാധാന്യം. എന്നെ സ്‌നേഹിച്ചു എന്നതിനാല്‍ അവള്‍ നരകിച്ചു ജീവിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്നാണ് അവന്‍ പറയുന്നത്. '

................

 

താഴ്വാരത്തിലെ ആ വീട്ടിലേക്ക് വരുമ്പോള്‍ സ്‌മേരയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.  ചരല്‍ വിരിച്ച മുറ്റത്ത്   ഭംഗിയുള്ള ഒരു പൂന്തോട്ടം. അവിടെ പല വര്‍ണ്ണങ്ങളിലുള്ള പനിനീര്‍പ്പൂവുകള്‍ മഞ്ഞണിഞ്ഞു നില്‍ക്കുന്നു. കിളിക്കൂടുകളും ഓര്‍ക്കിഡുകളും തൂക്കിയിരിക്കുന്ന പൂമുഖം. 'കുങ്കുമപ്പാടം 'എന്ന് തടിയില്‍ ആലേഖനം ചെയ്തു വെച്ചിരുന്നു. അവിടെ തന്നെ വിശാലമായ ഒരു അലമാരയില്‍ നിറയെ പുസ്തകങ്ങള്‍.  നന്നായി ഒരുക്കിയിരിക്കുന്ന ഒരു സ്വര്‍ഗ്ഗം.  

ആരോടോ കലപില  സംസാരിച്ചുകൊണ്ട് പൂമുഖത്തേക്ക് വന്ന നൂറ സ്‌മേരയെ കണ്ട് ഓടി വന്ന് കെട്ടിപ്പിടിച്ചു. നൂറയുടെ മുഖം അവളുടെ സന്തോഷം വിളിച്ചു പറയുന്നുണ്ടായിരുന്നു. 'ആരാ നൂറ' എന്ന് ചോദിച്ചു കൊണ്ട് അങ്ങോട്ടേക്ക് വീല്‍ചെയറില്‍ അലോഷിയും എത്തി. 

'സുഖമാണോ അലോഷി? 'എന്ന ചോദ്യത്തിന് സ്വര്‍ഗ്ഗത്തിലാണ് 'ഞാനിപ്പോള്‍ എന്നവന്‍ മറുപടി നല്‍കി. '

അകത്തേക്ക് കയറുമ്പോള്‍ തൊട്ടിലില്‍ ഉറങ്ങി കിടക്കുന്ന  രണ്ട് കുഞ്ഞുങ്ങള്‍. നിലത്തിരുന്നു കളിക്കുന്ന മൂന്നുപേര്‍ വേറെയും. ജെയിംസിന്റെയും എന്റെയും കണ്ണുകളിലെ ചോദ്യം മനസ്സിലായപ്പോള്‍ അലോഷി  മറുപടി പറഞ്ഞു:  'ഞാന്‍ തന്നെയാണ് അവരും. അവരുടെ സ്വപ്നങ്ങള്‍ക്ക്  ഞങ്ങള്‍ നല്‍കുന്നത് സ്‌നേഹമെന്ന വളമാണ്.  അനാഥത്വം എന്ന ഇത്തിള്‍  അവരുടെ ജീവിതത്തില്‍ എങ്കിലും ഇല്ലാതിരിക്കട്ടെ.'

അഞ്ചു മക്കളുടെ അമ്മയും അച്ഛനും. അവര്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. 

 

Latest Videos
Follow Us:
Download App:
  • android
  • ios