Malayalam Short Story : സ്വര്‍ഗ്ഗത്തിലെ വിരുന്നുകാരി, രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
വളവ് തിരിഞ്ഞ് ചെറിയൊരു ഇറക്കം ഇറങ്ങി കാര്‍ മുന്നോട്ട് എടുത്തു. ലൈസന്‍സ് കിട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഒരു ഉള്‍ഭയം ഇപ്പോഴുമുണ്ട്. ആരെങ്കിലും ഒപ്പമുണ്ടെങ്കില്‍ ഒരു ധൈര്യമാണ്. എന്നാലും ഈ യാത്ര തനിച്ചു തന്നെ ആവണം എന്നുള്ളത് ചിലപ്പോള്‍ ഒരു നിയോഗമായിരിക്കാം.
എസി ഓഫ് ചെയ്ത് വിന്‍ഡോ ഗ്ലാസ് താഴ്ത്തി വച്ചു. പൊട്ടിപ്പൊളിഞ്ഞ വീതി കുറഞ്ഞ ചെറിയ റോഡിലൂടെ ആടിയുലഞ്ഞ് മുന്നോട്ട്. ഉച്ചവെയിലിന്റെ വരണ്ട കാറ്റ് മുടിയിഴകളെ മുഖത്തേക്ക് പടര്‍ത്തി വിട്ടു.
റോഡിലെ ചെറിയ കുഴികളും, പൊടി നിറഞ്ഞ് ഇളകിക്കിടക്കുന്ന മെറ്റലും അലംഭാവത്തിന്റെയും ദൈന്യതയുടെയും കൂടിച്ചേരലായി നീണ്ടു നിവര്‍ന്നു കിടന്നു. ഇടയ്ക്ക്, സൈക്കിള്‍ യാത്രക്കാരായ രണ്ടുമൂന്ന് പേരെ കണ്ടതൊഴിച്ചാല്‍ ആ പ്രദേശത്തൊന്നും ആരേയും കണ്ടില്ല.
പരിചയമില്ലാത്ത സ്ഥലമാണ്. എങ്കിലും ഈറോഡ് വഴി തെറ്റിയിട്ടില്ല എന്ന് പറഞ്ഞുതരുന്നുണ്ട്.
കഴിഞ്ഞ ശിവരാത്രിക്കാലത്ത് ലേനമ്മയ്ക്ക് കൊടുത്ത വാക്കാണ്. അത് പൂര്‍ത്തീകരിക്കാനുള്ള സമയമായിരിക്കുന്നു.
പറഞ്ഞതനുസരിച്ച്, ഒരു വലിയ കുളത്തിന് അരികിലൂടെ കുളത്തെ ചുറ്റി നേരെ പോയാല്‍ റോഡിന്റെ വലതുവശത്ത് ഒരു കാവ്, അതും കഴിഞ്ഞ് വീണ്ടും മുന്നോട്ടെടുത്താല്‍ റോഡിന്റെ ഇടതുവശത്ത് ഗേറ്റ്.
പണ്ടെങ്ങോ കണ്ടു മറന്ന ഒരു ചിത്രം കണക്കെ ഓരോ കാഴ്ചകളും മുന്നിലേക്ക് വന്നുകൊണ്ടിരുന്നു. മുന്നോട്ട് പോകും തോറും അപരിചിതമായ ഏതോ ഒരു കാലത്തിലേക്ക് വഴുതിവീഴുന്നത് പോലെ. പരിഷ്‌കാരങ്ങള്‍ ഒന്നും ഇല്ലാത്ത തനിനാട്ടിന്‍പുറം. ആകെ ഒരു വ്യത്യാസമായി തോന്നിയത് ഈ റോഡ് മാത്രമാണ്.
റോഡിന് ഇരുവശവും മതിലുകളാല്‍ വേര്‍തിരിക്കാത്ത വിശാലമായ പറമ്പുകള്‍. ചിലയിടങ്ങളില്‍ വേലിക്കമ്പുകള്‍. ഓടിട്ട ചെറിയ വീടുകള്‍. കൂട്ടത്തില്‍ ഓലകൊണ്ട് മേഞ്ഞ പുരകളും ഉണ്ട്. പഴയ ഗ്രാമങ്ങളുടെ നേര്‍ക്കാഴ്ച പോലെ ഒരു സ്ഥലം. പഴയകാല ചിത്രങ്ങളിലും സിനിമകളിലും മാത്രമേ ഇതുപോലെയുള്ള സ്ഥലം കണ്ടിട്ടുള്ളൂ.
നിറയെ വെളുത്ത ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന വലിയ കുളം. അതിന്റെ ഓരം ചേര്‍ന്ന് കുളത്തെ ചുറ്റി പോകുന്ന റോഡ്. ഇത്രയധികം ആമ്പല്‍പ്പൂക്കള്‍ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. പച്ചയുടേയും വെളുപ്പിന്റെയും ഒരു മായാജാലം. അത് കുളിര്‍മഴ പോലെ മനസ്സിലേക്ക് നനഞ്ഞിറങ്ങി.
അച്ഛന്‍ പെങ്ങളുടെ വീടിന്റെ പുറകുവശത്തായുള്ള വലിയ ആമ്പല്‍ കുളം, ആമ്പല്‍ പൂവിന്റെ വലിയ തണ്ടുകള്‍ മാലയായി മെനഞ്ഞെടുത്ത് കഴുത്തില്‍ ചാര്‍ത്തിത്തന്ന വള്ളി നിക്കറിട്ട അപ്പേട്ടന്റെ രൂപം ഓര്‍മ്മകളുടെ തിരശ്ശീല നീക്കി മുന്നിലേക്ക് വന്നു. ആ കണ്ണുകളിലെ തിളക്കവും കുസൃതിയും മനസ്സില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.
നിയന്ത്രണങ്ങളുടെ കെട്ടുപാടുകള്‍ ഇല്ലാതെ ഓര്‍മ്മകളുടെ സുഗന്ധം ചുറ്റിലും നിറഞ്ഞു. കവിളിലെ നുണക്കുഴി തെളിഞ്ഞു വന്നു.
കാവ് കഴിഞ്ഞിരിക്കുന്നു. കുറച്ചു ദൂരത്തായി റോഡിന്റെ ഇടതുവശത്തായി വലിയൊരു ഗേറ്റ്. ഗേറ്റിനോട് ചേര്‍ന്ന് റോഡിലേക്ക് നിഴല്‍ വീഴ്ത്തുന്ന രീതിയില്‍ നിറയെ പൂത്തു നില്‍ക്കുന്ന കണിക്കൊന്ന മരം. തുറന്നു കിടക്കുന്ന വലിയ ഇരുമ്പ് ഗേറ്റ്. ഈ ഗ്രാമത്തിലേക്ക് പ്രവേശിച്ച ശേഷം ആദ്യമായാണ് മതിലും ഗേറ്റും ഒക്കെ കാണുന്നത്. എന്നാലും റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് മാത്രമേ മതില്‍ കെട്ടിയിട്ടുള്ളൂ .
എത്രയോ നാളായി വരാന്‍ ആഗ്രഹിച്ച സ്ഥലമാണ്, ഒരു ദീര്‍ഘനിശ്വാസത്തോടെ കാര്‍ വീണ്ടും മുന്നോട്ടെടുത്ത് കറുപ്പും വെളുപ്പും പെയിന്റടിച്ച ഇരുമ്പ് ഗേറ്റ് കടന്ന് അകത്തേക്ക്. ഗേറ്റില്‍ ഇരുമ്പ് കമ്പിയില്‍ തന്നെ 'മുല്ലശ്ശേരി' എന്നെഴുതി വെളുത്ത പെയിന്റ് അടിച്ചു ഭംഗിയാക്കിയിരിക്കുന്നു.
കാലത്തിനും സാഹചര്യത്തിനും ചേരാത്ത വിധത്തിലുള്ള , അധികപ്പറ്റായുള്ള ഏതോ ഒരു വസ്തുവിനെ പോലെയാണ് ഈ കാറ് എന്നെനിക്ക് തോന്നി. ഗേറ്റിന് വലതുവശത്തായുള്ള മാവിന്‍ ചുവടിന്റെ തണലിലേക്ക് പാര്‍ക്ക് ചെയ്തു.
ഇവിടം, ലേനമ്മ ജനിച്ചു വളര്‍ന്നിടമാണ്. ജീവിതത്തിന്റെ ആദ്യ 16 വര്‍ഷങ്ങള്‍ ഉറങ്ങി ഉണര്‍ന്നിടം. ജീവിത ഭാരങ്ങള്‍ ഒന്നുമറിയാതെ പാറിപ്പറന്ന് ജീവിച്ചയിടം. ലേനമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ' ഇവിടം ലേനമ്മയുടെ സ്വര്‍ഗ്ഗമാണ്.' ഇത് പറയുമ്പോഴെല്ലാം തന്നെ ആ കണ്ണുകളില്‍ നീര്‍ പൊടിക്കുന്നത് ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. പിന്നീട് ആ സ്വര്‍ഗ്ഗത്തിലെ ഒരു വിരുന്നുകാരിയായി മാറിയത് പറയുമ്പോള്‍ നിയന്ത്രണം വിട്ട് താഴേക്കൊഴുകുന്ന കണ്ണുനീരിനൊപ്പം ചിരിക്കുന്ന ലേനമ്മയെ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്.
കാറിന്റെ ശബ്ദം കേട്ടിട്ടാവണം. കുറുപ്പ് ചേട്ടനും ഭാര്യയും വേഗം അങ്ങോട്ടേക്ക് എത്തി. കുറുപ്പ് ചേട്ടന്‍ ഇവിടുത്തെ ഒരു കാര്യസ്ഥനെ പോലെയാണ്. രണ്ടുപേരും ഇവിടെത്തന്നെയാണ് താമസം.
മെലിഞ്ഞ് നല്ല ഉയരമുള്ള ഇരുണ്ട നിറമുള്ള കുറുപ്പ് ചേട്ടനെ ഒരു തവണ ലേനമ്മയുടെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഭാര്യയെ ആദ്യമായാണ് കാണുന്നത്. ഉയരം കുറഞ്ഞ വെളുത്ത തടിച്ച ഒരു സ്ത്രീ. അവരെ കണ്ടപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ ബയോളജി പഠിപ്പിച്ച മാലതി ടീച്ചറിനെയാണ് ഓര്‍മ്മ വന്നത്. വലിയ കണ്ണുകളും അഴിച്ചിട്ട അരക്കൊപ്പം എത്തുന്ന നീളന്‍ മുടിയും ആടിയുലഞ്ഞുള്ള നടപ്പും. മാലതി ടീച്ചറിന്റെ ചൂരലിന്റെ ചൂട് ഞാന്‍ ആവോളം അറിഞ്ഞിട്ടുണ്ട്.
'രാവിലെ തന്നെ എത്തും എന്നല്ലേ പറഞ്ഞത്. ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.'
കിതപ്പോടെ ചിരിച്ചുകൊണ്ട് ചെറിയ ഏന്തുള്ള വലതുകാല്‍ വലിച്ചു വച്ച് കുറുപ്പ് ചേട്ടന്‍ അടുത്തേക്ക് വന്നു.
വെളുത്ത ജുബ്ബയും മുകളിലേക്ക് മടക്കി തട്ടുടുത്ത കാവി കൈലിയും. കഴുത്തില്‍ ഇറക്കമുള്ള ഒരു രുദ്രാക്ഷമാല. നെറ്റിയിലെ ചന്ദനക്കുറിക്ക് നടുവിലായി സിന്ദൂരം. മുക്കാലും നര വിഴുങ്ങിയ തോളറ്റം വരെ നീണ്ടു കിടക്കുന്ന മുടിയും നീട്ടി വളര്‍ത്തിയ താടിയും കൊമ്പന്‍ മീശയും പിന്നെ ഒറ്റക്കാതിലെ കടുക്കനും.
'വീട്ടില്‍ നിന്നും ഇറങ്ങാന്‍ കുറച്ചു വൈകി'- ഞാന്‍ പറഞ്ഞു.
'ഇങ്ങോട്ടുള്ള വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലല്ലോ'
'ഇല്ല'.
'അപ്പുവും മോളൂട്ടിയും ഒപ്പം ഉണ്ടാകും എന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. ഔട്ട്ഹൗസ് റെഡിയാക്കി ഇട്ടിട്ടുണ്ട്.'
'അപ്പേട്ടനും മോള്‍ക്കും മടങ്ങി പോകേണ്ട ആവശ്യം വന്നു. ഇങ്ങോട്ടുള്ള യാത്ര മാറ്റിവയ്ക്കണ്ട എന്നത് കൊണ്ടാണ് ഞാന്‍ പോകാതിരുന്നത്.'
'ഇവിടെ രണ്ട് മൂന്ന് ദിവസം ഉണ്ടാവില്ലേ?'-കാറിന്റെ ഡിക്കിയില്‍ നിന്നും ബാഗുകള്‍ പുറത്തേക്ക് എടുത്തുകൊണ്ട് കുറുപ്പ് ചേട്ടന്‍ ചോദിച്ചു.
'ഉം, ഉണ്ടാകും.'
വിശാലമായ പറമ്പ്. പഴമയുടെ മണം നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. പ്രൗഢി ഒട്ടും ചോര്‍ന്നു പോകാത്ത നാലുകെട്ട്. ലേനമ്മയുടെ മുറിയിലെ ഭിത്തിയില്‍ തൂക്കിയിരുന്ന വലിയ ക്യാന്‍വാസ് ചിത്രം ഇപ്പോഴിതാ മുന്നില്‍
നിര്‍വികാരതയുടെ മൂടുപടം അണിഞ്ഞ് ആ കാഴ്ചകളിലേക്ക് കണ്ണുകള്‍ പാഞ്ഞു നടന്നു.
നാലുകെട്ടിന്റെ വലതുവശത്ത് കുറച്ചു ദൂരത്തായി വലുതും ചെറുതുമായ ഓടിട്ട രണ്ട് ഔട്ട്ഹൗസുകള്‍ അതില്‍ ചെറിയ ഔട്ട്ഹൗസില്‍ ആണ് കുറുപ്പ് ചേട്ടന്റെ താമസം. അവരുടെ ഒപ്പം കുറുപ്പ് ചേട്ടന്റെ ഭാര്യ രത്‌നത്തിന്റെ അമ്മയും ഉണ്ട്.
കട്ടകള്‍ വിരിച്ച് ഭംഗി കൂട്ടിയ നടപ്പാതയിലൂടെ ഔട്ട് ഹൗസിലേക്ക് നടന്നു.
'രാവിലെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിയതല്ലേ ഇപ്പോള്‍ നന്നായി വിശക്കുന്നുണ്ടാവും. ഞാന്‍ പോയിട്ട് കഴിക്കാന്‍ ഉള്ളതെല്ലാം എടുത്തു വയ്ക്കാം'-ഇത്രയും പറഞ്ഞ് രത്‌നം ഞങ്ങള്‍ക്ക് മുന്നേ വേഗത്തില്‍ നടന്നു.
രണ്ട്
'വയസ്സ് 85 കഴിഞ്ഞിരിക്കുന്നു. കാഴ്ചയ്ക്ക് പ്രശ്‌നമുണ്ട്. ഉറക്കെ പറഞ്ഞാലേ കേള്‍ക്കുകയുള്ളൂ. മൂന്നാലു മാസങ്ങള്‍ക്കു മുന്‍പ് ഒന്നു വീണു. അതിനുശേഷം പിന്നെ എഴുന്നേറ്റിട്ടില്ല, ഒരേ കിടപ്പാണ്.'- രത്‌നം കട്ടിലില്‍ കിടന്ന അമ്മയെ താങ്ങിയിരുത്തി കൊണ്ട് പറഞ്ഞു.
'അമ്മയ്ക്ക് മനസ്സിലായോ ഇത് ആരാണെന്ന്. ഇത് ജാനകിയാണ്.'- ശബ്ദം ഉയര്‍ത്തി അമ്മയോട് ആയി പറഞ്ഞുകൊണ്ട് രത്‌നം ഒരു തോര്‍ത്ത് കൊണ്ട് മുഖം നന്നായി തുടച്ചു കൊടുത്തു.
കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് കണ്ണട മൂക്കിന് മുകളിലേക്ക് അമര്‍ത്തി വച്ച് മുഖത്തേക്ക് അവര്‍ സൂക്ഷിച്ചു നോക്കി. വളരെക്കാലത്തെ പരിചയമുള്ളവരോടെന്നപോലെ ഒരു ചിരി എനിക്ക് സമ്മാനിച്ചു. വളരെ പെട്ടെന്ന് തന്നെ ആ ചിരി ഒരു കരച്ചിലിലേക്ക് വഴിമാറി. കണ്ണുകള്‍ നിറഞ്ഞു ചുണ്ട് വിറച്ചു ഉറക്കെയുള്ള തേങ്ങല്‍ പുറത്തേക്ക് വന്നു.
'വേണ്ട. വേണ്ടാ, കരയണ്ടാട്ടോ. അമ്മ കിടന്നോളു.' രത്‌നം അമ്മയുടെ മുഖം ഒന്നുകൂടി തോര്‍ത്ത് കൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു.
പെട്ടെന്നുള്ള ആ കരച്ചില്‍ എനിക്ക് വല്ലാത്തൊരു അങ്കലാപ്പ് ഉണ്ടാക്കിയിരുന്നു.
'ജാനകീ , അമ്മയ്ക്ക് വയ്യാണ്ടായതില്‍ പിന്നെ ഇതാണ് അവസ്ഥ. പുറത്ത്ന്ന് ആര് വന്ന് കണ്ടാലും കരച്ചിലാണ്.'
അതുകേട്ടപ്പോള്‍ എന്ത് പറയണം എന്നറിയാതെ കുഴങ്ങിപ്പോയി.
'ശരി, അമ്മ കിടന്നോളൂ . ഞാന്‍ ഇവിടെയെല്ലാം ഒന്ന് കാണട്ടെ'-അതും പറഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ എന്റെ മനസ്സ് നിറയെ ലേനമ്മയായിരുന്നു.
98 വയസ്സിലും ഓര്‍മ്മയുടെ നിറംമങ്ങാതെ, ചിലമ്പിച്ച ശബ്ദത്തില്‍ സംസാരിക്കുന്ന എന്റെ ലേനമ്മ പരസഹായം കൂടാതെ നടക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്.
എനിക്ക് മാത്രമാണ് അവര്‍ ലേനമ്മ. ബാക്കിയെല്ലാവര്‍ക്കും അവര്‍ അത്തായിയാണ്. അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് മക്കളെയും സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച് പോറ്റി വളര്‍ത്തിയവര്‍.
കുറച്ചു ജ്യോതിഷവും കുറച്ച് നാട്ടുവൈദ്യവും ഒക്കെ വശം ഉണ്ട് ലേനമ്മയ്ക്ക് . ലേനമ്മയുടെ വാക്കുകളില്‍ പാമ്പില്‍ നിന്നും പക്ഷിയിലേക്കുള്ള വളര്‍ച്ചയാണ് ആരോഗ്യം. എന്നെ പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കണം എന്ന ലേനമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ എനിക്ക് ആവുമായിരുന്നില്ല. വരകളുടേയും വര്‍ണ്ണങ്ങളുടേയും ലോകമായിരുന്നു എനിക്കിഷ്ടം.
പുറത്തെ വെയിലിന് കാഠിന്യം കുറഞ്ഞുകഴിഞ്ഞിരിക്കുന്നു. കട്ടകള്‍ വിരിച്ച നടപ്പാതയിലൂടെ മുന്നോട്ടു നടന്നു. നടപ്പാതയുടെ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്ന ഓലകളുടെ ഇടയില്‍ നിന്നും ഒരു കുഞ്ഞന്‍ മരത്തവള കുറുകെ ചാടി.
പുറകില്‍ നിന്നും രത്‌നം ഉറക്കെ വിളിച്ചു പറഞ്ഞു. 'ഞാനും വരുന്നുണ്ട്, ഒറ്റയ്ക്ക് പോകണ്ട.'
'അത്താളിന്റെ അച്ഛന്റെ കാലത്ത് ഉണ്ടാക്കിയ വീടാണ്. കാലപ്പഴക്കം നാലുകെട്ടിനെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഇപ്പോഴത് വാസയോഗ്യമല്ല. എന്നാലും ഞാന്‍ തൂത്ത് തുടച്ചൊക്കെ ഇടാറുണ്ട്.'- രത്‌നം അവിടേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
തറനിരപ്പില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന വിശാലമായ മുറ്റം. കല്ലുകള്‍ കൊണ്ട് വശങ്ങള്‍ ഉയര്‍ത്തിക്കെട്ടി ബലവത്താക്കിയിരിക്കുന്നു. നാലു പടികള്‍ കയറി വേണം മുറ്റത്തേക്ക് എത്താന്‍ . വശങ്ങളിലൊക്കെ നിറയെ പൂച്ചെടികള്‍. നാലുകെട്ടിന്റെ മേല്‍ക്കൂരയുടെ മുഖപ്പില്‍ വളരെ മനോഹരമായ കൊത്തുപണികള്‍.
'രണ്ടുപേരും ഇവിടെയുണ്ടായിരുന്നോ? വീടിനകത്തേക്ക് കയറുന്നത് സൂക്ഷിച്ചുവേണം. എപ്പോഴാ ഇതെല്ലാം കൂടെ ഇടിഞ്ഞു വീഴുക എന്ന് പറയാനാകില്ല'-ഞങ്ങളുടെ ഉദ്ദേശം മനസ്സിലാക്കിയിട്ടെന്ന പോലെ കുറുപ്പ് ചേട്ടന്‍ പറഞ്ഞു.
'ഞാനല്ലേ കൂടെയുള്ളത്. ഞങ്ങള്‍ വേഗം തിരിച്ചിറങ്ങും'-ഇതും പറഞ്ഞ് രത്‌നം മുന്നേ നടന്നു.
'കേട്ടോ ജാനകീ... ദിവസവും ഇതിനകത്ത് വൃത്തിയാക്കാനായി ഞാന്‍ കയറുന്നതാ അപ്പോള്‍ ഒന്നും തന്നെ എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല. ഈ മനുഷ്യന് എന്നോട് ഒരു സ്‌നേഹവുമില്ല.'- എത്ര ശ്രമിച്ചിട്ടും ചിരിയടക്കാനാവാതെ ഞാന്‍ ഉറക്കെ ചിരിച്ചു. അവരും അതില്‍ പങ്കുചേര്‍ന്നു.
പൂമുഖത്തോട് ചേര്‍ന്നുള്ള പ്രാധാന വാതില്‍ കടന്ന് അകത്തേക്ക്. കാലപ്പഴക്കത്തില്‍ പൊടിഞ്ഞ്, അടര്‍ന്നു തുടങ്ങിയ മച്ച്. കൊത്തുപണികളാല്‍ മോടി കൂട്ടിയ ചെറിയ വാതിലും ജനാലകളും. തടിയില്‍ നിര്‍മ്മിച്ച ഓടാമ്പലുകള്‍.
ആദ്യമായാണ് ഇതുപോലെ ഒരു വീട് ഞാന്‍ കാണുന്നത്, അറിയുന്നത്.
നടുമുറ്റത്തിന് ചുറ്റുമുള്ള വരാന്തകളിലൂടെ ദാവണിയുടുത്ത് നടന്നുമറയുന്ന ലേനമ്മയെ ഞാന്‍ മനസ്സില്‍ കണ്ടു.
ഇതായിരുന്നു ലേനമ്മയുടെ സ്വര്‍ഗ്ഗം.
അല്ല. ഇതാണ് ലേനമ്മയുടെ സ്വര്‍ഗ്ഗം.
ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയില്‍ ആണെങ്കില്‍ കൂടി മാറാലയും അഴുക്കും ഒന്നും കടന്നുകൂടാന്‍ രത്‌നം അനുവദിച്ചിട്ടില്ല. വൃത്തിയായി, ഭംഗിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
'ആദ്യകാലത്ത് ഓലകൊണ്ടുള്ള മേല്‍ക്കൂരയായിരുന്നത്രെ. പിന്നീടാണ് മേച്ചിലോടുകള്‍ ഉപയോഗിച്ചത്. കുറുപ്പേട്ടന്‍ പറഞ്ഞ അറിവാണ്'-രത്‌നം പറഞ്ഞു.
വടക്കുഭാഗത്തായുള്ള അടുക്കളയും മേലടുക്കളയും കടന്ന് വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി. തണുത്ത കാറ്റ് വീശിത്തുടങ്ങുന്നു.
അടുക്കള മുറ്റം കടന്ന് പറമ്പിലേക്ക്. അവിടമെല്ലാം വാരം കോരി നീണ്ട വരമ്പുകള്‍ ഉണ്ടാക്കിയിട്ടിരിക്കുന്നു. ഏതോ വിളകള്‍ നടാനുള്ള മുന്നൊരുക്കം പോലെ. അരികുകള്‍ കെട്ടാത്ത ചെറിയൊരു കുളവും കുറച്ചു ദൂരത്തായി ചെറിയൊരു മുളങ്കാടും.
'സന്ധ്യയ്ക്ക് വിളക്ക് വയ്ക്കാനുള്ള സമയമായി. നമുക്ക് പോയാലോ'-' ഞാന്‍ വന്നോളാം , രത്‌നം പൊയ്‌ക്കോളൂ'-രത്‌നത്തിനുള്ള മറുപടി എന്നോണം പറഞ്ഞുകൊണ്ട് , വീണ്ടും ഞാന്‍ മുന്നോട്ട് നടന്നു.
ഏറ്റവും പ്രിയമുള്ള സ്ഥലങ്ങളായിരുന്നത്രെ ഈ കുളവും ആ മുളങ്കാടും. കാലം വരുത്തിയ മാറ്റങ്ങള്‍, പറഞ്ഞു കേട്ട മനോഹാരിതയുടെ മാറ്റ് കുറച്ചിരിക്കുന്നു.
ഇവിടെ നിന്നുള്ള പറിച്ചു നടലില്‍ എന്റെ, അച്ഛന്റെ അച്ഛന്‍ നാരായണന്റെ കൈപിടിച്ച് മൂന്നു മക്കളുടെ അമ്മയെന്ന സ്ഥാനം കൂടി ഏറ്റെടുത്ത് ആ വീട്ടിലേക്ക് വന്നു കയറിയത് മുതല്‍ യൗവ്വനകാലം നഷ്ടമായി എന്ന് ലേനമ്മയുടെ വാക്കുകള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ എനിക്കായിട്ടുണ്ട്.
കുഞ്ചി രോമങ്ങള്‍ക്കിടയിലൂടെ തണുപ്പ് അരിച്ചുകയറി. ദിക്കുകള്‍ ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഒരൊറ്റ ദിവസത്തെ കാഴ്ചയാണെങ്കിലും വളരെക്കാലത്തെ പരിചയമുള്ളതുപോലെ ആ വീടും പരിസരവും ചിരപരിചിതമായി തോന്നി.
മൂന്ന്
കുറുപ്പ് ചേട്ടനെ ഏല്‍പ്പിച്ച ജോലി നന്നായി നടക്കുന്നുണ്ട്. കുളത്തിനും മുളങ്കാടിനും ഇടയിലുള്ള സ്ഥലത്തായി ലേനമ്മയുടെ ആഗ്രഹം പോലെ, ആ മണ്ണില്‍ അലിഞ്ഞു ചേരുക . അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള തിരക്കിലാണ് കുറുപ്പ് ചേട്ടന്‍.
കഴിഞ്ഞ ശിവരാത്രിക്കാലത്ത് എന്നോട് ആവശ്യപ്പെട്ട അവസാനത്തെ ആഗ്രഹമായിരുന്നു അത്.
'ജാനകീ, എനിക്ക് ഉറപ്പാണ് ഇനി അധികകാലം ഞാന്‍ ഉണ്ടാവില്ല. ഒരു ആഗ്രഹം എനിക്ക് നിന്നോട് പറയാനുണ്ട്. എന്റെ കാലശേഷം ആ ചിതാഭസ്മത്തിന്റെ ഒരു ഭാഗം എന്റെ മുല്ലശ്ശേരിയിലെ മണ്ണില്‍ അലിയിച്ച് ചേര്‍ക്കണം. അത് നിന്റെ കൈകൊണ്ട് തന്നെ വേണം. അക്കാര്യം ഇവിടെയുള്ളവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാലും നിന്നോട് നേരിട്ട് പറയണമെന്ന എന്റെ ആഗ്രഹവും ഇപ്പോള്‍ സാധിച്ചിരിക്കുന്നു'-
അതു പറയുമ്പോഴുള്ള ആ കണ്ണുകളിലെ തിളക്കം ഇപ്പോഴും ഓര്‍മ്മയില്‍ നിന്നും മാഞ്ഞിട്ടില്ല.
കൊച്ചുമക്കളിലെ ഒരേയൊരു പെണ്‍തരിയോട് ആവശ്യപ്പെട്ട അവസാനത്തെ ആഗ്രഹം.
കഴിഞ്ഞ രാത്രിയില്‍ പെയ്ത ചാറ്റല്‍മഴയുടെ കുളിരുള്ള തണുപ്പ് അവിടമാകെ നിറഞ്ഞു നിന്നു.
ഇളവെയില്‍ പരന്ന് തുടങ്ങി. മുളങ്കാടുകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന തണുത്ത കാറ്റ്. തെച്ചിപ്പൂവിന്റെയും ഗന്ധരാജത്തിന്റെയും മണം കാറ്റില്‍ നിറഞ്ഞു നിന്നു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സ്ഥലത്തേക്ക് ചിതാഭസ്മം നിക്ഷേപിക്കുമ്പോള്‍ എന്റെ ഹൃദയ താളം കൂടുന്നതും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും ഞാനറിയുന്നുണ്ടായിരുന്നു.
ഈ ജീവിതചക്രത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിലൂടെയാണ് ഈ നിമിഷങ്ങള്‍ കടന്നു പോകുന്നതെന്ന ബോധ്യം ആഴങ്ങളില്‍ വേരുറച്ചിരുന്നു .
ആറടി മണ്ണിലേക്ക് ലേനമ്മ ലയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഈ സ്വര്‍ഗ്ഗം ലേനമ്മയ്ക്ക് സ്വന്തം.
എല്ലാത്തിനും ഒപ്പം നിന്ന് സഹായിച്ച കുറുപ്പ് ചേട്ടനോടും രത്‌നത്തിനോടും പറഞ്ഞറിയിക്കാനാവാത്ത ഒരു ആത്മബന്ധം പിറവി കൊള്ളുകയായിരുന്നു.
നാളെയാണ് മടക്കയാത്ര.
മുളങ്കാടുകള്‍ക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന തണുത്ത കാറ്റ്.
കാറ്റിന്റെ കൈകള്‍ തന്നെ ചുറ്റി വരിഞ്ഞു വലം വച്ച് അവിടമാകെ നിറഞ്ഞു നിന്നു. ആ കാറ്റില്‍ ചിരപരിചിതമായ ഒരു കുഴമ്പു ഗന്ധം നിറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...