Malayalam Short Story : ജലം, ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നരച്ച ആകാശത്തിന്‍ കീഴില്‍ വട്ടമിടുന്ന പരുന്തുകളെ നോക്കി ചൂണ്ടക്കൊളുത്തില്‍ ഇരകുരുക്കി അയാളിരുന്നു. കക്ക വാരി തഴമ്പിച്ച നീണ്ട കൈയില്‍ ഇരുന്നിരുന്ന് ചൂണ്ടക്കമ്പു തെന്നിത്തുടങ്ങിയിരുന്നു. അയാളുടെ കണ്ണിലൂടെ കരിമീന്‍ ചാകര ഒഴുകിത്തുടങ്ങി. പള്ളത്തി നീന്തി. മൊട്ടത്തലയിലെ നാലുമുടിയില്‍ കാറ്റ് വട്ടം കറങ്ങി. അങ്ങിങ്ങായി വിയര്‍പ്പു പൊടിഞ്ഞുതുടങ്ങിയ ഉച്ചിയും നെഞ്ചും കുട്ടിത്തോര്‍ത്തിട്ട് അയാള്‍ അമര്‍ത്തിത്തുടച്ചു. നട്ടുച്ചവെയില്‍ കഷണ്ടി തലയില്‍ തട്ടി ചിതറിത്തെറിച്ചു. ചൂണ്ടക്കുരുക്കില്‍ വീണു പിടയുന്ന മീനുകളെയോര്‍ത്ത് അയാളിരുന്നു മയങ്ങി. ചൂണ്ടയില്‍ കൊളുത്തിയ പ്ലാസ്റ്റിക് സഞ്ചി അയാളറിയാതെ പിടഞ്ഞുകൊണ്ടിരുന്നു.
രണ്ട്
പ്രണയമെന്നും കായലിനോടായിരുന്നു. അന്നും ഇന്നും. അന്നാമ്മയെ കെട്ടുന്ന കാലത്ത് അവളോടാദ്യം പറഞ്ഞതും അതു തന്നെയാണ്. ഇളം നീലയോ പച്ചയോ നിറമായിരുന്നു തന്റെ കണ്ണിലെന്നും ആ പ്രണയിനിക്ക്. എത്ര മുങ്ങാംകുഴികള്‍? എത്ര മനോരാജ്യങ്ങള്‍? കൊതുമ്പുവള്ളത്തില്‍ അവളെ കാണാന്‍ തുരുത്തുകളറിയാന്‍ തനിച്ചു നടത്തിയ യാത്രകള്‍. അന്നാമ്മയെ കണ്ടതുപോലും അങ്ങനെയൊന്നിലാണ്. അവള്‍ക്ക് വെള്ളമെന്നും ഭയമായിരുന്നു.വീട്ടുവക്കിലെ വേലിക്കപ്പുറത്ത് ജലം തീര്‍ത്ത ലോകം അവള്‍ക്കന്യമായത് ആ ഭയം കൊണ്ടു തന്നെയായിരുന്നു.
തുരുത്തിലൊന്നില്‍ അവളെയും കൊണ്ടു കേറിക്കൂടിയപ്പോള്‍ സാക്ഷിയായതും ജലം തന്നെയാണ്. കൊച്ചുമുണ്ടുടുത്തു ചട്ടയുമിട്ട് വാഴച്ചോട്ടിലിരുന്നു കുണുങ്ങിക്കുണുങ്ങി ചട്ടീം കലോം കഴുകുന്ന അവളൊരു സമ്പന്ന കുടുംബത്തിലെ പെണ്ണാണെന്ന് പറയുകയേ ഇല്ല. ആലപ്പുഴയില്‍ കല്യാണം കൂടാന്‍ വന്ന പാലാക്കാരി ചേക്കേറിയത് തന്റെ നെഞ്ചിനുള്ളിലാരുന്നു. അവളുടെ കണ്‍കോണുകളില്‍ പ്രണയം പൂത്തു. നാലു മക്കളെ പെറ്റു പലവഴിക്ക് ആക്കി കഴിഞ്ഞപ്പോളാണ് പിറുപിറുപ്പ് തുടങ്ങിയത്. 'ഇവിടുന്നു പോകാം. വെള്ളമാണ് ചുറ്റും. മക്കള്‍ക്ക് പോലും വേണ്ടാത്ത ഇവിടം നമുക്കെന്തിനാ? അരയ്ക്കാനൊരു തേങ്ങ പോലുമില്ല. കടലുപ്പ് കേറി എല്ലാം നശിച്ചു പോയില്ലേ? ഇനിയെന്തു നോക്കിയിരിക്കുവാ..'
നെഞ്ചിലെ നരച്ച രോമങ്ങള്‍ തെരുപ്പിടിച്ചു അവള്‍ പറഞ്ഞുകൊണ്ടിരുന്നു. 'നിന്നെക്കാള്‍ നിഷ്‌കളങ്കയാണ് ഈ വെള്ള'മെന്നു പണ്ട് പറയും പോലെ പറയാന്‍ കഴിഞ്ഞില്ല. കടുത്ത കറുപ്പ് കലര്‍ന്ന വെള്ളം വേലിക്കപ്പുറത്ത് നാനാവിധ അഴുക്കുകളും പേറി ഒഴുകിക്കൊണ്ടിരുന്നു. തെക്കുദിക്കില്‍ പുതിയതായി വന്ന ഫാക്ടറി ജലത്തെ മാനഭംഗപ്പെടുത്തി കൊണ്ടിരുന്നു. മൂന്നാമത്തെ മകന് അവിടെയായിരുന്നു ജോലി. അതുകൊണ്ട് തന്നെ സാക്ഷി പറയാനാളില്ലാതെ നിരന്തരം ജലം വിവസ്ത്രയാക്കപ്പെട്ടു.
മൂന്ന്
ഒരു പരുന്തു താഴ്ന്നു പറന്നു പുറത്ത് വേലിക്കരികില്‍ വലിച്ചു കെട്ടിയ അയയില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന തുണിയില്‍ ഇരുന്നു. മഴ മുളപ്പിച്ച വെള്ളം വേലിക്കിപ്പുറത്തേക്ക് എത്തിനോക്കി തുടങ്ങിയിരുന്നു. തട്ടിന്‍ പുറത്ത് കേറാനുള്ള സമയമായെന്ന് മനസ്സ് പറഞ്ഞു. കറണ്ട് പോയിട്ട് നാലഞ്ച് ദിവസമായി. റേഡിയോയില്‍ വെള്ളപ്പൊക്ക സാധ്യത വാര്‍ത്തകള്‍ കേട്ടുകൊണ്ടിരുന്നു. ഈ വര്‍ഷം വിളവുകള്‍ക്ക് അനുയോജ്യമായ മഴ ലഭിക്കുമെന്ന് പറഞ്ഞ ജ്യോത്സ്യനെ കളിയാക്കുന്നിടത്തു നിന്നു അവളിങ്ങെത്തി. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാലിലെ (1924) വെള്ളപ്പൊക്കത്തിന് തട്ടിന്‍പുറത്ത് ഇരിക്കാന്‍ പറ്റാത്തതും പറഞ്ഞു അയാള്‍ ചായക്കടയില്‍ നിന്നു വീട്ടിലെത്തിയപ്പോളാണ് വാതില്‍ക്കലോളം കായലെത്തിയത് കണ്ടത്. കായലിന്റെ തണുപ്പും വശ്യതയും ഒന്നുമില്ലാത്ത കലക്കവെള്ളം...അഴുക്കുചേര്‍ന്നു ആകാശത്തോളം കറുത്തവെള്ളം...
മഴ തുള്ളിക്കൊരുകുടം എന്ന പോലെ പെയ്യുന്നു. തോരാനിട്ടിരുന്ന തുണികളില്‍ നിന്നു മഴത്തുള്ളികള്‍ താഴേക്കൂര്‍ന്നിറങ്ങുന്നു. നരച്ചതും നിറമിളകുന്നതുമായ തുണികളിലൂടെ വെള്ളമൊഴുകി ഭൂപടം തീര്‍ക്കുന്നു. വേലിയ്ക്കല്‍ മണ്ണിളകി ഊര്‍ന്നു വീഴുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യമെങ്കിലും കരിങ്കല്ലുകെട്ടിക്കാന്‍ പിള്ളേരോടൊന്നു യാചിക്കാമായിരുന്നു. അമ്മയും അപ്പനും അവരുടെ കൂടെ നഗരത്തിലേക്ക് ചേക്കേറാഞ്ഞതില്‍ മക്കള്‍ക്കെന്നും പിണക്കമുണ്ട്. അവര്‍ക്കെന്തറിയാം? ഇന്നും ചൂണ്ടയുമായിരുന്നാല്‍ ഒരുനേരത്തേക്കുള്ള വക ഇവിടുന്നു കിട്ടും.
മകന്റെ അഞ്ചാം നിലയിലെ ഫ്‌ലാറ്റ് കാണാന്‍ പോയപ്പോള്‍ അവള് പറഞ്ഞതിന്നും ഓര്‍മയുണ്ട്. 'നല്ല മഴ' അതുവരെ 'നാശവും മുടിയാനകൊണ്ടും തുണി ഉണക്കാത്തതും ഒരു പണി ചെയ്യാന്‍ സമ്മതിപ്പിക്കാത്തതും' ഒക്കെ ആയിരുന്നു മഴ. മഴ നനഞ്ഞാല്‍ നാലു വീടപ്പുറം തുമ്മി അവള്‍ എല്ലാവരെയും വിളിച്ചുണര്‍ത്തും. മഴയുടെ നേര്‍ത്തു നീണ്ട വിരല്‍സ്പര്‍ശമേല്‍ക്കാന്‍ അയാള്‍ക്കെന്നും ഇഷ്ടമായിരുന്നു. കക്ക വാരുമ്പോള്‍ കണ്ണുവേദനിപ്പിക്കുന്ന മഴത്തുള്ളികളേറ്റ് കായലിന്റെ ഗര്‍ഭപാത്രത്തിലേക്ക് അയാളെത്ര ചുരുണ്ടുകൂടി കിടന്നിരിക്കുന്നു. ഞണ്ടും ആമയും ചെറുമീനുകളും എത്ര പ്രാവശ്യം അയാളെ വകഞ്ഞുമാറ്റി നീന്തിയിരിക്കുന്നു.
'ഈ മഴ നില്‍ക്കുമെന്ന് തോന്നുന്നില്ല. ഇരുണ്ടിരുണ്ട് വരുന്നു. തട്ടടിച്ചു ഇരിക്കേണ്ടി വരുമല്ലോ' എന്നു പറഞ്ഞപ്പോളുള്ള അവളുടെ പരിഹാസം വീടുമുങ്ങി കാലോളം ജലമോടിയെത്തിയപ്പോള്‍ നിന്നു. ചെറുപ്പത്തില്‍ അമ്മ കാല്‍നനച്ചു തന്നതോര്‍ത്ത് തട്ടടിച്ചു കയറി. തട്ടിന്‍പുറത്തേക്കും പുഴ കയറി വന്നപ്പോള്‍ ഭയമായി.
'എട്ടു കന്നാലിയുമായി കണാരന്‍ എന്തു ചെയ്തു കാണും?'
അവളെ സ്റ്റൂളില്‍ കേറ്റി നിര്‍ത്തി.
'ഇച്ചായാ..എനിക്ക് പേടിയാകുന്നു. ഞാന്‍ പറഞ്ഞതല്ലേ പോകാന്ന്. മുങ്ങിച്ചാകാന്‍ പോലും പറ്റാത്ത വെള്ളം. ഡാമിലെ അല്ല അഴുക്കുചാലിലെയാണ്. മുടിഞ്ഞ സര്‍ക്കാര്‍..'
ഇവിടെവിടെയാടീ ഡാമെന്ന ചോദ്യം വിഴുങ്ങി. മഴപെയ്തു കേറുന്നു. അയാള്‍ പാമ്പിനെയും ജീവികളെയും തട്ടിയിട്ട് തുടങ്ങി. ഉണ്ടായിരുന്ന മെഴുകുതിരി തീര്‍ന്നു . നീന്താനറിയാം. ഇരുട്ടില്‍ വഴിയറിയില്ല. വാതിലും മൂടി പുഴയൊഴുകുന്നു. നെഞ്ചിടിപ്പു കൂടി തുടങ്ങി. ഒരു ഓട് പൊളിച്ചു പുരപ്പുറത്തു കയറി. അവളെയും കയറ്റി. ആധാരവും നെഞ്ചിലടക്കിപ്പിടിച്ചു അവള്‍ കൊന്ത ചൊല്ലിക്കൊണ്ടിരുന്നു. ഇടയ്ക്ക് 'യഹൂദന്മാരുടെ രാജാവേ...പെട്ടന്നുള്ള മരണത്തില്‍ നിന്നും....'
അവളുടെ പിറുപിറുപ്പ് മഴയുടെ ഇരമ്പലില്‍ അലിഞ്ഞുപോയി. ചുവപ്പ് സിരകളില്‍ പിടിച്ച വിപ്ലവനേതാവായ തനിക്കെന്തു പ്രാര്‍ത്ഥന? അകലെ ഒരു പട്ടി ഓരിയിടുന്നു.
കായലിനോടുള്ള തന്റെ പ്രണയം അവളറിഞ്ഞില്ല എന്നുണ്ടോ? അതോ കായലെന്നെ അന്വേഷിച്ചെത്തിയതോ? ഓടൊഴുകുന്നു.
അവളെവിടെ... 'അന്നാമ്മോ.. എടിയേ... ' കല്യാണത്തിന് മുന്‍പ് പറഞ്ഞതാണ് നീന്താന്‍ പഠിപ്പിക്കാമെന്ന്'
'എടിയേ.. ' നല്ല പ്രായത്തില്‍ കൂട്ട് വന്നവളാണ്...കാലത്തിത്തിരി വെള്ളമനത്തി തരാനുള്ളോളാണ്..ദൈവമേ... വിളിച്ചു പോയി. ഇരുട്ടിലൊന്നും കാണുന്നില്ലല്ലോ...അഴുക്കുവെള്ളം...കറുത്ത രാത്രി... കറുത്തു പൊട്ടി വീഴുന്ന ആകാശം. അവളില്ല.. 1924 കൊണ്ടുപോയ അമ്മയെപ്പോലെ അവളും.
നാല്
ഉച്ച കനത്തു. ഉച്ചിയില്‍ തീപാറി. ചൂടുകൊണ്ട് അയാളെണീറ്റു. ഒരു പരുന്ത് തണലുപോലുമില്ല. ചൂണ്ടയില്‍ വലിച്ചു കയറ്റിയ പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നു കിട്ടിയ ആധാരവും ബില്ലുകളും റേഷന്‍കാര്‍ഡും കൂടയിലിട്ട് അയാള്‍ ആഞ്ഞു നടന്നു. വളഞ്ഞ മുതുകില്‍ കുട്ടിത്തോര്‍ത്ത് ചേര്‍ന്നു കിടന്നു. നെഞ്ചിലെ നരച്ച രോമങ്ങള്‍ തെരുപ്പിടിച്ചു വീടിനു നേരെ കൂട നീട്ടി അയാള്‍ വിളിച്ചു. 'എടിയേ...'
നിലയില്ലാവെള്ളം പച്ചവരച്ച ഭിത്തികളില്‍ തട്ടി അയാളുടെ വിളി തിരിച്ചു വന്നു. അഴുക്കുകേറിയിറങ്ങി നാറുന്ന കാറ്റ് വീടിനുള്ളില്‍ നിന്നും അയാളുടെ മൂക്ക് തുളച്ചു..
'അന്നാമ്മേ..മഴയാ ചതിച്ചേ.. സ്‌നേഹിക്കുന്നോനെ കായലു ചതിക്കൂലെടി.'
റേഷന്‍കാര്‍ഡിലെ ഗൃഹനാഥയായ അവളുടെ ചിത്രം നോക്കി അയാള്‍ പിറുപിറുത്തു. മതിലും വേലിയും പൊളിച്ചെറിഞ്ഞവള്‍ ഓളമിട്ട് അയാളുടെ പാദം നനച്ചു മുറ്റത്തിലൂടെ ഒഴുകി.