Malayalam Short Story : ലൂക്കയുടെ വിരല്‍വേരുകള്‍, ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ

Chilla malayalam short story by Joyce varghese

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Chilla malayalam short story by Joyce varghese

 

തെങ്ങിന്‍ തടത്തില്‍ വെള്ളം തിരിച്ചുവിട്ടു, തടം നിറയുന്നത് നോക്കി നില്‍ക്കുന്ന ലൂക്കയോട് വെള്ളമുണ്ടിന്റെ കോന്തല അല്പം കൂടി നീട്ടി പുറത്തിട്ടു അപ്പന്‍ പറഞ്ഞു.

'തോടിനപ്പുറത്തു നാലഞ്ച് ഏക്കര്‍ ഭൂമി വില്‍ക്കാനുണ്ടെന്നു കേട്ടു,അതങ്ങു വാങ്ങിയാലോ എന്നൊരു ആലോചന. എന്താ നിന്റെ അഭിപ്രായം?'

'അതൊരു വെറും പറമ്പ്,' ലൂക്ക വലിയ താല്പര്യം കാണിച്ചില്ല.

നീര്‍വാഴ്ചയുള്ള മണ്ണല്ലേ...മേലനങ്ങി പണിതാ മതി, സ്വര്‍ണം കായ്ക്കും.'

അപ്പന്റെ സ്വരത്തിലെ കടുപ്പം മൂത്തമകനായ ലൂക്ക പെട്ടെന്നു തിരിച്ചറിഞ്ഞു.

വശം കോടിയ വെന്തിങ്ങതട്ടില്‍ തിരുപ്പിടിച്ചു ലൂക്ക കുറച്ചു നേരം നിന്നു.

ഓര്‍മ്മവെച്ച നാള്‍മുതല്‍ തന്നെ തൊട്ടുണര്‍ത്തിയിരുന്നത് ഈ തൊടിയിലെ ഇളം കാറ്റായിരുന്നല്ലോ.
തന്റെ കാലടികള്‍ ഏറെ പതിഞ്ഞ മണ്ണിനെ പുറകില്‍ വിട്ടിട്ടു വരുന്ന ചിന്ത, ലൂക്കയുടെ ഉള്ളില്‍ വ്യസനം കോരിനിറച്ചു.

അപ്പന്റെ കട്ടിപുരികത്തില്‍ നരച്ച രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത് കണ്ടയാള്‍ വേഗം കീഴോട്ട് നോക്കി സമ്മതം മൂളി.

ലൂക്കയും ലില്ലിയും രണ്ടു മക്കളും തോടിനരികെയുള്ള പറമ്പില്‍ വീടുപണിതു താമസമായി.

പിന്നെ കാട്ടുപടര്‍പ്പിനോടും ഉറച്ചു കിടന്ന മണ്ണിനോടും യുദ്ധമായിരുന്നു. അതിരാവിലെ പറമ്പില്‍ ഇറങ്ങി കളകള്‍ പിഴുതും പടുമരങ്ങള്‍ വെട്ടിയും മണ്ണ് കിളച്ചു മറിച്ചും ലൂക്ക മണ്ണൊരുക്കി. അയഞ്ഞ മണ്‍തരികള്‍ക്കിടയിലുള്ള സുഷിരങ്ങളില്‍ ഈര്‍പ്പം മെല്ലെ അരിച്ചിറങ്ങി.

പടര്‍പ്പില്‍ നിന്നും ഒരു പക്ഷി ചിറകടിച്ചു ഉയര്‍ന്നു, ആകാശത്തില്‍ കുറച്ചു നേരം വട്ടത്തില്‍ കറങ്ങി ദൂരേക്ക് പറന്നുപോയി. പുഴുക്കളും പ്രാണികളും മണ്ണില്‍ ഇഴഞ്ഞു, 'ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലേ?'

മടകളില്‍നിന്നും പുറ്റില്‍നിന്നും നിന്നും അവ കൂട്ടത്തോടെ പുറത്തിറങ്ങി. വലിയ വൃക്ഷങ്ങളുടെ പോടുകളില്‍ നിന്നും വേരുകളില്‍ ഇഴഞ്ഞിറങ്ങി മണ്ണില്‍ ചേര്‍ന്നു.

നനഞ്ഞ മണ്ണും പഴയ മരവും ഒന്നിച്ചുചേര്‍ത്തുവെച്ചു പാര്‍പ്പിടം തീര്‍ത്ത ചിതലുറുമ്പുകള്‍ അയാളുടെ കാല്‍വിരലുകളിലൂടെ ഊര്‍ന്നിറങ്ങി. പെരുവിരലില്‍ കടിച്ചു, തങ്ങളുടെ ആവാസവ്യവസ്ഥയെ താറുമാറാക്കിയതിനു പ്രതികാരം ചെയ്തു. ലൂക്ക ചിതല്‍ ഉറുമ്പുകളെ കുടഞ്ഞെറിഞ്ഞു. ലൂക്ക വിഹ്വലതയോടെ അവയുടെ ശാപം ഭയന്നു.

'എനിക്ക് വേറെ വഴിയില്ല,' അയാള്‍ സ്വയം ആശ്വസിച്ചു.

കട്ടിപിടിച്ച ഇരുട്ടിനെ ഒളിപ്പിച്ച ഇലചാര്‍ത്തുകള്‍ മണ്ണില്‍ വെട്ടിവീണു, ചെറു നനവില്‍ ചീഞ്ഞളിഞ്ഞു, മണ്ണിനെ സമ്പുഷ്ടമാക്കി.

ചെമ്പോത്തും, മൈനയും, കുരുവിയും കാക്കയും അപകടം വിളിച്ചറിയിച്ചു കരഞ്ഞു കലപിലക്കൂട്ടി. മണ്ണില്‍ പണിയായുധങ്ങള്‍ വീഴുന്ന ശബ്ദം അവയെ ചകിതരാക്കി.

ഓന്ത്, പച്ച നിറമാര്‍ന്ന ശരീരം വളച്ചു, ഉണ്ടക്കണ്ണുകളില്‍ പരിഭ്രാന്തി നിറച്ചു.

ദിശയറിയാതെ പച്ചിലപ്പാമ്പുകള്‍ നാവ് നീട്ടി മറ്റു പച്ചിലകൂട്ടങ്ങള്‍ തിരഞ്ഞിറങ്ങി.

ലൂക്ക, നെല്‍പ്പാടവും തേങ്ങിന്‍തോപ്പും കുരുമുളകുവള്ളികള്‍ പടര്‍ത്തിയ കമുങ്ങുകളും വാഴത്തോട്ടവും സ്വപ്നം കണ്ടു. പച്ചക്കറിതോട്ടത്തിലെ കണിവെള്ളരിയുടെ ഐശ്വര്യത്തിനായി വ്രതമെടുത്തു, ചോരനീരാക്കി. പയറും പാവലും ചീരയും മത്സരിച്ചു പടര്‍ന്നു കയറി ഞെടികളെ ഉയരത്തില്‍ തോല്‍പ്പിച്ചു.

മഴത്തുള്ളികള്‍ ഉരുണ്ടുനിന്ന ഇലചാര്‍ത്തിനിടയില്‍ എത്തിനോക്കുന്ന ഇളം വയലറ്റ് പൂക്കളുടെ നിറം, ലൂക്കയുടെ മക്കള്‍ ഉപ്പൂറ്റിയില്‍ ഉയര്‍ന്നുനിന്നു നോക്കിക്കണ്ടു, കൗതുകം പങ്കുവെച്ചു. അധികം വൈകാതെ നീളന്‍ പയറുകള്‍ ഊര്‍ന്നിറങ്ങുമെന്ന് ലൂക്ക കുട്ടികള്‍ക്ക് ഉറപ്പുകൊടുത്തു.

നിലം തട്ടുകളായി തിരിച്ചു വരമ്പുകള്‍ തീര്‍ത്തു കണ്ടം തിരിച്ചു. തോട്ടില്‍ നിന്നും,  കൈത്തോട് കൊണ്ടുവന്ന ജലസമൃദ്ധിയില്‍ കുതിര്‍ന്നു നനഞ്ഞ മണ്ണില്‍ വിത്തെറിഞ്ഞു. ഞാറ്റുകറ്റകള്‍ പിരിച്ചെടുത്തു വൃത്താകൃതിയില്‍ ഞാറു നട്ട പാടം അഭിമാനത്തോടെ ലൂക്ക നോക്കിനിന്നു. പച്ചപ്പാടം തഴുകി, താഴെയിറങ്ങിയ കാറ്റ് ഇളംപ്പച്ച കുരുന്നുചെടികളുടെ ശിരസ്സില്‍ തരംഗചലനം തീര്‍ത്തു. മനസ്സു തണുപ്പിക്കുന്ന സംഗീതമായി ആ തരംഗങ്ങള്‍ ലൂക്കയുടെ കാതില്‍ ഒഴുകിയെത്തി.

ഞാറ്റുവേലയും കാറ്റിന്റെ ഗതിയും മണ്ണിന്റെ ഈര്‍പ്പവും കൈവെള്ളയിലെ വരകള്‍ പോലെ അയാള്‍ക്ക് ഹൃദിസ്ഥമായി കഴിഞ്ഞിരുന്നു.

രണ്ടുകുട്ടികളുടെ അമ്മയായിക്കഴിഞ്ഞ ഭാര്യയോട് പറഞ്ഞു, 'ലില്ലി നീ നോക്കിക്കോ, നമ്മുടെ പാടത്തു പൊന്നു വിളയും, നമ്മുടെ മക്കള്‍ ബുദ്ധിമുട്ടില്ല ...'

അയാളുടെ കണ്ണുകള്‍ തിളങ്ങി, അതില്‍ മക്കള്‍ നിഴല്‍ രൂപങ്ങളായി ചാഞ്ചാടി.

അവള്‍ ഭര്‍ത്താവിന്റെ വിജയസ്മിതം പങ്കിട്ടു.

'എന്നാലും, കൂടുതല്‍ പണിക്കാരെ  വെക്കണം,' ലില്ലി അയാളെ ഓര്‍മ്മിപ്പിച്ചു.
'സാരല്യ... ഒക്കെ നമ്മുടെ മക്കള്‍ക്ക് വേണ്ടിയല്ലേ?'-അയാള്‍ മറുചോദ്യം ചോദിച്ചു.

'ഓ... ശരി, എന്നാലും ഇങ്ങിനെ കിടന്നു കഷ്ടപ്പെടേണ്ട...'- അവള്‍ കെഞ്ചി.

'ഉം... നോക്കട്ടെ...'-ആളുകളുടെ മുന്നില്‍ പരുക്കനായിരുന്നെങ്കിലും അയാളുടെ മനസ്സിന്റെ കോണില്‍ ലില്ലിക്കു ഒരിടമുണ്ടായിരുന്നു.

അതു ലില്ലിക്കും അറിയാമായിരുന്നു.

ലില്ലിയുടെ പ്രസവസമയം അടുക്കുമ്പോള്‍ അകാരണമായി തങ്ങളെ ശകാരിക്കുന്ന ലൂക്കയെ നോക്കി പെണ്ണുങ്ങള്‍ അടക്കം പറഞ്ഞു ചിരിച്ചു, 'ഇയ്യാക്കാണ് പേറ്റുനോവ്...'

അതിരില്‍  വളര്‍ത്തിയ തേക്കും ചന്ദനമരവും വിടര്‍ത്തിയ ചെറുതണല്‍ കുടക്കീഴില്‍, ലില്ലി പകര്‍ന്ന കട്ടനും ഇലച്ചീന്തില്‍ വിളമ്പിയ കപ്പയും അവര്‍ ഒരുമിച്ചിരുന്നു കഴിച്ചു.

അയാളുടെ ചെന്നിയിലൂടെ ചാലിട്ടു ഒഴുകി ഇറങ്ങിയ വിയര്‍പ്പ്, ലില്ലി സാരിത്തലപ്പുകൊണ്ടു ഒപ്പിയെടുത്തു. കിളച്ചുമറിച്ച മണ്ണില്‍ അവരുടെ മക്കള്‍ ഓടിക്കളിച്ചു.

കുടുംബം വളര്‍ന്നു, നാലു മക്കള്‍ക്കും വേണ്ടി കരുതിവെക്കാന്‍ ലൂക്ക അക്ഷീണം ശ്രമിച്ചു. പഠിക്കാന്‍ മിടുക്കരായ മക്കളുടെ വിജയങ്ങള്‍, വിളഞ്ഞ സ്വര്‍ണകതിര്‍ക്കുലകള്‍ നിറഞ്ഞുവീണ പാടങ്ങളെപ്പോലെ ലൂക്കയുടെ കാഴ്ചയില്‍ തിളങ്ങി.

മാനം മുട്ടെ വളര്‍ന്ന കമുകില്‍ വളര്‍ത്തിവിട്ട കുരുമുളക് വള്ളികളില്‍ പച്ചകുരുമുളക് തിരിയിട്ടു. കളങ്ങളില്‍ നിറഞ്ഞുണങ്ങിയ കറുത്തപൊന്ന് ലൂക്കയുടെ പണപ്പെട്ടി നിറച്ചു, മക്കളുടെ ശോഭനമാകുന്ന ഭാവിയുടെ  കിലുക്കം അയാള്‍ കേട്ടു.

വരത്തന്‍ ലൂക്ക, ലൂക്ക ചേട്ടനായി മാറി.

'അവന്‍ നല്ലൊരു കൃഷിക്കാരനാ...മണ്ണിനെ സ്‌നേഹിച്ച എന്റെ മകന്‍'

പ്രായത്തിന്റെ അവശതയിലും ലൂക്കയുടെ അപ്പന്‍ അയാളെ കുറിച്ചു അഭിമാനം കൊണ്ടു. അയാളുടെ വെള്ള പുരികരോമങ്ങള്‍ ഏറെക്കുറെ കൊഴിഞ്ഞുപോയിരുന്നു. ലൂക്കയ്ക്കു ആദ്യമായി അപ്പന്റെ മുഖത്തു നോക്കാനുള്ള ധൈര്യം കൈവന്നു.

അനേകം വേനലും വര്‍ഷവും വസന്തവും ശിശിരവും വന്നുപോയി. പറക്കമുറ്റിയ മക്കള്‍ ഭാവിതേടി പറന്നുപോയി.

നര കയറിയ മുടിയും മങ്ങുന്ന കാഴ്ചയും ബലം കുറയുന്ന പേശികളും യവ്വനം ചോര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടപാത്രമാണ് താനെന്നു ലൂക്ക ഉള്‍കിടിലത്തോടെ ഓര്‍ത്തു. എല്ലായിടവും ഓടിയെത്താന്‍ അയാള്‍ കിതച്ചുതുടങ്ങി.

'അപ്പച്ചന് വയസ്സായില്ലേ...? ഇനി കൃഷിയൊക്കെ നിറുത്തി വീട്ടില്‍ സ്വസ്ഥമായി ഇരുന്നൂടെ?'- മക്കളുടെ സ്വരം മഴതോര്‍ന്നിട്ടും പെയ്യുന്ന മരം കണക്കെ അയാളുടെ ചിന്തകളെ നനയിച്ചുകൊണ്ടിരുന്നു.

ലൂക്ക ഒന്നും ഉരിയാടാതെ ചുറ്റുമുള്ളവരെ അവിശ്വസനീയമായി നോക്കി. അയാളുടെ നിറം മങ്ങി നരച്ച കൃഷ്മണികളില്‍ അപരിചിതത്വം നിറഞ്ഞു.

'എന്തിനാണ് ഇങ്ങിനെ കിടന്നു ഓടുന്നത്? കൃഷി തുടരാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല...പിന്നെ ആര്‍ക്കാണ് ഇതെല്ലാം?'

ക്രിസ്തുമസ്സിന് ഒത്തുകൂടിയ മക്കള്‍ പരസ്പരം നോട്ടമയച്ചും തോണ്ടിയും മൂത്തമകനെ കൊണ്ടു വിഷയം അവതരിപ്പിച്ചു, ലൂക്കയുടെ മറുപടിക്കായ് കാത്തു.

'...തരിശിട്ടാല്‍ എല്ലാം പുല്ലുകേറി നശിക്കും...'- അയാളുടെ ശബ്ദം നേര്‍ത്തിരുന്നു.

ഉണങ്ങി വരണ്ടു കട്ടകള്‍ വിണ്ട പാടം അയാളുടെ മുന്നില്‍ തെളിഞ്ഞു.

അയാളുടെ വാക്കുകള്‍ വരണ്ടുണങ്ങി. വറ്റിവരണ്ട തൊണ്ടയിലേക്ക് ഓട്ടു മൊന്തയില്‍ നിന്നും അയാള്‍ കുടുകുടെ വെള്ളമൊഴിച്ചു, ഊക്കില്‍ മുരണ്ടു. വാതില്‍പ്പടിയില്‍ കൈക്കുത്തിനില്‍ക്കുന്ന ലില്ലിയുടെ നേരെ നോട്ടമയച്ചു ലൂക്ക എഴുന്നേറ്റു പുറത്തുപോകാന്‍ തുനിഞ്ഞു.

'അപ്പച്ചാ... ഒരു കാര്യം കൂടി പറയാന്‍ ഉണ്ട്'- മകന്‍ കൂട്ടിച്ചേര്‍ത്തു.

'നല്ല വില തരാം എന്ന് പറഞ്ഞൊരു ഇടപാടുകാരന്‍ വന്നിട്ടുണ്ട്. ഇതുപോലെ ഒരവസരം കിട്ടാന്‍ പ്രയാസമാണ് എന്നാണ് അഭിപ്രായം.'

'ആരുടെ അഭിപ്രായം?'

ചരല്‍ക്കല്ലില്‍ ആദ്യമായി മണ്‍വെട്ടി പതിച്ചപ്പോള്‍ കേട്ട അതെ ചിലമ്പല്‍ ആയിരുന്നു അയാളുടെ സ്വരത്തിനും.

'അപ്പച്ചന്‍ കുറെ കഷ്ടപ്പെട്ടതാ... അതാ ഇത്ര ദണ്ണം...' -ലില്ലി വിതുമ്പി, കണ്ണീരൊപ്പി.

'ഞങ്ങള്‍ക്ക് സമയമില്ലമ്മേ... ഈ കൃഷിക്കൊന്നും, പല തിരക്കുകളുണ്ട്.'

' പിന്നെ...കൂലി ചിലവ് അമ്മക്ക് അറിയില്ലേ?'

'അതു കൊടുക്കാം എന്ന് വെച്ചാല്‍ തന്നെ ആളെ കിട്ടാനില്ല, പിന്നെ എന്തു ചെയ്യാനാണ്?'

മക്കളുടെ വാദമുഖങ്ങള്‍ പ്രതിരോധിക്കാന്‍ കെല്‍പ്പില്ലാതെ ലില്ലി ഉഴറി.

മക്കള്‍ മറന്നത് മണ്ണിനെയല്ല, കുടുംബത്തിന്റെ തണലായ വന്മരം, നിങ്ങളുടെ അച്ഛനെ തന്നെ ആയിരുന്നു, എന്ന് വിളിച്ചു പറയുവാന്‍ അവള്‍ വെമ്പി.

വാക്കുകള്‍ തൊണ്ടയില്‍ കുത്തിത്തിരിഞ്ഞു ഉള്ളില്‍ ഉടക്കി കിടന്നു.

ലൂക്ക ഉള്ളില്‍ രൂപം കൊള്ളുന്ന ഗര്‍ത്തത്തിന്റെ ആഴത്തില്‍ ശ്വാസം മുട്ടി പ്രാണവായു തേടി, അയാളുടെ തൊണ്ടക്കുഴിക്കു ആഴം കൂടുന്നതു അവള്‍ കണ്ടു.

നനവ് നഷ്ടപ്പെട്ട മണ്ണില്‍ പടുമുളകള്‍ തലപൊക്കി. പടര്‍പ്പുല്ല് വരമ്പില്‍ നിന്നിറങ്ങി കണ്ടം കയ്യേറാന്‍ തുടങ്ങി. മഞ്ഞനിറം വീണ തേങ്ങോലകളും നേര്‍ത്ത കമുകില്‍ ചുരുണ്ടു ഉണങ്ങിയ കുരുമുളക് വള്ളികളും ജീവനുവേണ്ടി പോരാടി, തളര്‍ന്നു വീണു.

കര്‍ക്കിടക മഴയില്‍ നനഞ്ഞുചീഞ്ഞ കരിയിലകളെ തേടി പുഴുക്കളും പ്രാണികളും എത്തി. ഭക്ഷണം തേടിയെത്തിയ കിളികള്‍ പുഴുക്കളെ കൊത്തിതിന്നു.

ലൂക്ക വന്യമായ വികാരത്തോടെ അതു നോക്കിനിന്നു.

ഒരിക്കല്‍ അയാള്‍ പടിയിറക്കിവിട്ട ഓന്തും അണ്ണാനും കാക്കയും, അവയുടെ പിന്‍തലമുറകള്‍, മരങ്ങളില്‍ നിന്നും തല നീട്ടി അയാള്‍ക്ക് നേരെ ഒച്ചവെച്ചു  പരിഹസിച്ചു.

മണ്ണും പാഴ്മരവും തിന്നു ചിതലുരമ്പുകള്‍ പുറ്റിനുള്ളില്‍ പെരുകി.

സന്ധ്യയുടെ നിഴലനക്കങ്ങള്‍ തുടങ്ങിയിരുന്നു.  തോട്ടിലെ വെള്ളം കുത്തിയൊലിച്ചു, എവിടെയോ ഓടിയെത്താന്‍ ധൃതിവെച്ചുകൊണ്ടിരുന്നു. ലൂക്ക, ആ തിടുക്കത്തിന്റെ വ്യര്‍ത്ഥത ഓര്‍ത്തു ചിരിച്ചു. മഴ കോരിയെടുത്ത മണ്ണ്, കലക്കവെള്ളത്തിന്റെ ചുഴികളില്‍ തിരിഞ്ഞു.

ലൂക്ക അതിരിലെ വന്മരത്തില്‍ ചാരി നിന്നു, അയാളുടെ പാദം മണ്ണിലേക്കമര്‍ന്നു, വിരലുകള്‍ അതിവേഗം മണ്ണിലേക്ക് നീണ്ടു വളര്‍ന്നു.

അവയില്‍ ചിതലുറുമ്പുകള്‍ പാഞ്ഞുകയറി. അയാളുടെ പെരുവിരലില്‍ കടിച്ചു ചുരുങ്ങിവളഞ്ഞു.
ലൂക്ക അവയെ കുടഞ്ഞെറിഞ്ഞില്ല.

അയാളുടെ വിരല്‍വേരുകള്‍ മണ്ണിന്റെ അകക്കാമ്പ് തേടി യാത്ര തുടങ്ങിയിരുന്നു.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios