Malayalam Short Story : പദ്മാവതി, ജിതിന്‍ ആര്‍ പണിക്കര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ജിതിന്‍ ആര്‍ പണിക്കര്‍ എഴുതിയ ചെറുകഥ

chilla malayalam short story by Jithin R Panikkar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Jithin R Panikkar

 

മകരക്കൊയ്ത്ത് കഴിഞ്ഞ് മൂന്നാം ദിവസം ഞാന്‍ പുഞ്ചപ്പാടത്തേയ്ക്ക് ഒന്ന് എത്തി നോക്കി. ഇനിയുള്ള ഇവിടത്തെ ഓരോ ദിനങ്ങളും ദൈര്‍ഘ്യമേറിയതാണ്. 

കാഞ്ഞിരക്കുന്ന് ഇറങ്ങി നെല്ലോലകളെ തഴുകിയെത്തുന്ന കാറ്റില്‍ നിന്ന് കവിതകള്‍ പകര്‍ത്തിയെഴുതല്‍ ആയിരുന്നു എന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ജോലി. 

മകര കൊയ്ത്തു കഴിഞ്ഞുള്ള ഇടവേളകളില്‍ ആണ് നാട്ടില്‍ ഉത്സവ കാലം.

പാടത്തെ ഉറവ മുഴുവന്‍ വെയിലു മൊത്തിക്കുടിക്കും. 

നിലം തരിശു പോലെയാകും.

മകരം കഴിയും മുന്നേ ഏതെങ്കിലും ഒരു രാത്രിയില്‍ പാടത്തു 'ആര്യമാല കൂത്ത്' നടത്തും 

നാടിന്റെ അന്നദാനേശ്വരിയുടെ വിരിമാറിലൂടെ ഒരു ഒറ്റയടി പാത. ചെന്നെത്തുക കാഞ്ഞിരക്കുന്നിലേക്കാണ്.
കുന്നിന്റെ ഉച്ചിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ കാഞ്ഞിരമരം. ആ കാഞ്ഞിരമരത്തിന്റെ നെറുകയില്‍ ഇരുന്നു നാടിനെ നോക്കി കാണുക എന്നത് അന്നും ഇന്നും വലിയ ആഗ്രഹമാണ്. എന്നും എല്ലാത്തിനെയും ഒരേ കോണില്‍ കാണാന്‍ ശ്രമിക്കുന്നതാണ് ഇന്നുള്ള എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. 

കുട്ടിക്കാലത്തെ സായാഹ്നങ്ങളില്‍ കുന്നിന്‍മുകളിലെ വാനങ്ങളില്‍ മുത്തമിടാറുള്ള കടലാസ് പട്ടങ്ങള്‍. കാഞ്ഞിരക്കൊമ്പില്‍ കുരുങ്ങി പോയ ചില ഓര്‍മ്മകള്‍. 

ഒരു രാത്രിയില്‍ പാടത്തു ആര്യമാല കൂത്ത് നടന്നു. പാടത്ത് നാല് കാലുകള്‍ നീട്ടി ഉരല്‍ കമഴ്ത്തി വെച്ച് അതിനു മേല്‍ വിളക്ക് വെച്ച് മലയാളവും തമിഴും കലര്‍ന്ന ഭാഷയില്‍ ഉള്ള ഒരു നാടകം. 

പദ്മാവതിയുടെ വിവാഹ തലേന്ന് ഒരു തണുത്ത വെളുപ്പാന്‍ കാലത്തു ഞാന്‍ ഈ നാട്ടില്‍ നിന്നും വെറുക്കപ്പെട്ടവരുടെ നഗരത്തിലേക്ക് നാടു കടത്തപ്പെട്ടു. ഒരു കണക്കിന് പറഞ്ഞാല്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം.. 

പദ്മാവതി.

ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മ, മുറിവുകളിലേക്ക് കൃഷണതുളസിച്ചാര്‍ ഒഴിച്ച് തന്നവള്‍.

ഇളംകല്ലിനു അടുത്തുള്ള അമ്മയുടെ മൂത്ത സഹോദരന്റെ രണ്ടാമത്തെ മകള്‍. ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പ്രായത്തില്‍ തുടങ്ങിയതായിരുന്നില്ല അവളോട് ഉള്ള ഇഷ്ടം. പത്താം ക്ലാസ്സിനു അപ്പുറത്തേക്ക് കടക്കാന്‍ ഉള്ള അവളുടെ മൂന്നാം ശ്രമവും പരാജയപ്പെട്ടതോടെ, അവളുടെ വിവാഹാലോചന തുടങ്ങി. ഒടുവില്‍ ചാലിശ്ശേരിയിലുള്ള ഒരു സ്‌കൂള്‍ വാധ്യാരാണ് അവളെ മംഗലം കഴിച്ചത്.

പദ്മാവതി ഒരു പാവം പെണ്ണായിരുന്നു. ഇളം കല്ല് വിട്ട് പുറെത്താരു ലോകവും കാണാത്ത, സദാ ചന്ദന നെറ്റിയുള്ള ഒരു വായാടി പെണ്ണ്. ബി. എ ക്ക് എനിക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടിയ അന്ന് അമ്പല വഴിയിലൂടെ അവള്‍ ഓടി വന്നു എന്റെ മുന്നില്‍ നിന്നു കിതച്ചു.

'ദാ... പ്രസാദം, ആ നെറ്റി ഒന്ന് കാട്ടുമോ.'

വിപ്ലവചിന്ത തലയ്ക്ക് പിടിച്ച എനിക്ക് നെറ്റി കാണിക്കാന്‍ കഴിഞ്ഞില്ല.

'പ്രസാദം ഒക്കെ കയ്യില്‍ വെച്ചാ മതി എനിക്ക് വേണ്ട.'

വിനയേട്ടന്‍ പാസാകുമെന്ന് ഞാന്‍ പറഞ്ഞതല്ലേ. എന്റെ പ്രാര്‍ത്ഥന ഭഗവതി കേട്ടു. 
 
ഓഹ് അത് ശരി അല്ലാതെ ഞാന്‍ പഠിച്ച കൊണ്ടല്ല അല്ലേ?
 
നമ്മള്‍ മാത്രം വിചാരിച്ചിട്ട് കാര്യമുണ്ടോ... ഭഗവതി കൂടി കനിയണ്ടേ?

ഹഹഹ.... എന്നാല്‍ അന്റെ ഭഗവതിയോട് അന്നെ ഒന്ന് പാസ്സാക്കി തരാന്‍ പറയ്... 

കണ്ടോ എന്ത് പറഞ്ഞാലും ദൈവ ദോഷമേ പറയൂ. 

വാടിയ അവളുടെ കവിളുകളില്‍ ഞാന്‍ മെല്ലെ തലോടി. 

ഒട്ടും പ്രതീക്ഷിക്കാതെ അവള്‍ എന്റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു ചിരിച്ചു കൊണ്ട് ഓടി മറഞ്ഞു.  
വെള്ളിക്കൊലുസിന്റെ നാദം അകന്നു അകന്നു പോകുന്നത് ഞാന്‍ കേട്ടിരുന്നു.
 
എന്റെ കഥകള്‍ ഒന്നും തന്നെ അവള്‍ക്ക് മനസ്സിലായിരുന്നില്ല. ഈ നാട്ടിലെ എല്ലാത്തിനെയും കുറിച്ചും എഴുതിയിട്ടും എന്നെക്കുറിച്ച് ഒരു വാക്ക് പോലും എഴുതുന്നില്ല എന്ന് അവള്‍ എപ്പോഴും പരാതി പറഞ്ഞിരുന്നു.
 
വാക്കുകള്‍ കൊണ്ട് എപ്പോഴും അവളെ ഞാന്‍ കുത്തി നോവിച്ചിരുന്നു.

അക്കാലത്തു നാട്ടിലെ കുടിയൊഴിപ്പിക്കലിനെ കുറിച്ചും കര്‍ഷക സമരത്തെ കുറിച്ചും ഞാന്‍ ഒരു പുസ്തകമെഴുതി.  അത് വലിയ ഭൂകമ്പം സൃഷ്ടിച്ചു. അമ്മാവന്‍ എന്നോട് മേലില്‍ എഴുതി പോകരുത് എന്നും അമ്മാവന്റെ ഉടമസ്ഥതയില്‍ ഉള്ള തടി മില്ലില്‍ കണക്കെഴുത്തിനു ചെല്ലണം എന്നും പറഞ്ഞു.

പുസ്തകങ്ങളില്‍ ഞാന്‍ പഠിച്ച തിയറികള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി.

ഇല്ല...എനിക്ക് പറ്റില്ല. എനിക്ക് ഇനിയും എഴുതണം.
 
പിന്നീടുള്ള ദിവസങ്ങള്‍ പോരാട്ടം തന്നെ ആയിരുന്നു മച്ചിലെ വടക്കേ മൂലയിലെ മുറി എനിക്ക് വേണ്ടി ഒരുങ്ങി. ആ മുറിയിലെ ജാലകം തുറന്നാല്‍ രാത്രിയില്‍ പാടവരമ്പിലൂടെ ചൂട്ടുമായി പോകുന്നവരെ കാണാം. കാഞ്ഞിര കുന്നിനു മുകളിലെ മിന്നാമിനുങ്ങുകള്‍ മുത്തമിടുന്നത് കാണാം. 

വിവാഹ നിശ്ചയത്തിന്റെ തലേന്ന് പദ്മാവതി എന്നെ കാണാന്‍ വന്നു. 

ഞങ്ങള്‍ക്ക് ഇടയില്‍ വാക്കുകള്‍ അന്യമായ പോലെ തോന്നി. 
  
അവളുടെ കൈവെള്ളക്ക് നല്ല തണുപ്പായിരുന്നു. യാത്ര പറഞ്ഞിറങ്ങും മുന്നേ അവള്‍ ചോദിച്ചു.
 
വിനയേട്ടാ..... എനിക്ക് വേണ്ടി ഒരു കവിത... 

വിശാലതയിലേക്ക് നോക്കി ഒരു കടലാസില്‍ ഞാന്‍ രണ്ട് വരികള്‍ എഴുതി.
 
'അക്ഷരങ്ങള്‍ കൂട്ട് തന്ന പുസ്തകത്തിന് നന്ദി. നിന്നില്‍ അന്ന് പൂത്തു നിന്ന കൗതുകത്തിന് നന്ദി'

ആ കടലാസ് വാങ്ങി വായിച്ചു കൊണ്ട് അവള്‍ കണ്ണീര്‍ തുടച്ചു. 

പദ്മാവതി, എന്റെ പപ്പി...സ്‌നേഹം കൊണ്ട് മുറിവേല്‍ക്കപ്പെട്ടവള്‍. 
 
പ്രണയത്തിന്റെ യഥാര്‍ത്ഥ ഉത്തരം കണ്ണുനീരാണോ?
 
അന്നും ഇന്നും എനിക്കറിയില്ല.
 
അവളുടെ വിവാഹത്തിന്റെ തലേന്ന് ഉച്ചക്ക് ഞാന്‍ ആ ജാലകങ്ങള്‍ വലിച്ചടച്ചു. നാളെ ഇതേ നേരം ഈ പാട വരമ്പിലൂടെ അവള്‍ സുമംഗലിയായ് നടന്നു പോകും. മുടി നിറയെ മുല്ല പൂക്കള്‍ ചൂടി, ഒരു പാട് ആഭരണങ്ങള്‍ അണിഞ്ഞു കൊണ്ട്. കൂട്ടത്തില്‍ അമ്മ കൊടുത്ത മാങ്ങാ മാല ഉണ്ടാകും. ആ കൈ വെള്ളയില്‍ അപ്പോഴും തണുപ്പ് ഉണ്ടാകും. 

ആ കാഴ്ച എനിക്ക് കാണാന്‍ വയ്യ. ഇന്ന് കാവില്‍ ഉത്സവമാണ്. നെയ് വിളക്കുകളുടെ ഗന്ധം എനിക്ക് അറിയാന്‍ കഴിയുന്നു. ആകാശത്തു പൂത്തിരികള്‍ പൊലിയുന്നുണ്ടാകും. പാട വരമ്പിലൂടെ ഉത്സവം കഴിഞ്ഞു അച്ഛന്റെ തോളില്‍ ഇരുന്നു ബലൂണുകളും പീപ്പിയുമായി കുട്ടികള്‍ പോകുന്നുണ്ടാകും. 

ഈ ജാലകം തുറന്നാല്‍ എനിക്ക് എല്ലാം വ്യക്തമായി കാണാം.

പക്ഷെ വേണ്ട എന്നെ ഈ നൊസ്റ്റാള്‍ജിയ ശ്വാസം മുട്ടിക്കുന്ന പോലെ. 
നേരം വെളുക്കുന്നതിനു മുന്നേ ഇറങ്ങി നടന്നു. മകര മഞ്ഞിന് പാലപ്പൂവിന്റെ ഗന്ധം.
 
കാഞ്ഞിര മരം മഞ്ഞില്‍ മുങ്ങി നില്‍ക്കുന്നു. 

വിട, ചതിയനാണ് നീ പണ്ടേ. നിന്റെ കൊമ്പുകള്‍ എന്റെ വെള്ളി പട്ടങ്ങളെ പൊട്ടിച്ചു കളഞ്ഞു. മുലക്കണ്ണുകളില്‍ നിന്റെ നീര് പുരട്ടി. എന്റെ മധുരങ്ങളെ നീ കവര്‍ന്നെടുത്തു.

രണ്ട്

ചിക്ക്‌പ്പെട്ട. 

ഒരിക്കലും നിശബ്ദമാകാത്ത തെരുവുകള്‍. വില കുറഞ്ഞ സാധങ്ങള്‍ വാങ്ങുവാന്‍ മാത്രമാണ് ആളുകള്‍ ഇവിടെ വരിക. 

ചിരിപ്പിച്ചും കരയിപ്പിച്ചും.... ചിന്തിപ്പിച്ചും കാലം ഇങ്ങനെ പ്രവഹിച്ചു കൊണ്ടേ ഇരിക്കും. ജീവിതത്തിന്റെ ആനന്ദം മുഴുവനും എഴുത്തിലും മദ്യ കുപ്പികളിലും. ചിക്ക്‌പ്പെട്ടിലെ എന്റെ ഈ ഒറ്റ മുറി പഴയ രീതിയില്‍ രൂപ കല്പന ചെയ്യപ്പെട്ടതാണ്. ഇവിടെ എന്നേ ആരും തേടിയെത്താറില്ല. ഒന്നൂടെ ആലോചിച്ചാല്‍ ഒരാളുണ്ട്. എന്നേ തേടി വരുന്ന ഒരാള്‍.

കുങ്കുമ. ചിക്ക് പെട്ടിലെ തിരക്കേറിയ തെരുവ് വേശ്യ. അതും മാസത്തില്‍ ഒരിക്കല്‍. 

ഈ തെരുവും ഇവിടത്തെ ബഹളവും എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി.

കഴിഞ്ഞ കുറേ മാസങ്ങളായി ഒരു കന്നട മാസികയ്ക്കു വേണ്ടി ഞാന്‍ കഥ എഴുതുന്നു. ഇടയ്ക്ക് ഈ അഡ്രസ്സില്‍ എനിക്ക് വേണ്ടി ചില ആരാധകര്‍ അയക്കുന്ന കത്തുകളും സമ്മാനങ്ങളും വരും. 

രാവിലെ ആ തെരുവിലെ റാവുവിന്റെ കടയില്‍ നിന്ന് ഒരു ചായ. ഒരു സിഗരറ്റ്, അതും മെന്തോള്‍ ഫ്‌ലേവര്‍ ഉള്ളത്.

റാവുവിന്റെ പീടികയില്‍ ഗ്രാമ ഫോണില്‍ നിന്നും ഹിന്ദി ഗസലുകള്‍ കേള്‍ക്കാം. 

ഇവിടെ വരുന്നവര്‍ക്ക് ഒന്നും ഈ തെരുവിനോട് യാതൊരു ഉത്തരവാദിത്തവുമില്ല. വാങ്ങുന്നു, ഉപയോഗിക്കുന്നു വലിച്ചെറിയപ്പെടുന്നു.

മാസത്തിന്റെ അവസാന ദിവസങ്ങളില്‍ കുങ്കുമ എന്നെ തേടി വരും, ഞാന്‍ ക്ഷണിക്കാതെ തന്നെ. 

മുറിയില്‍ ഇരുന്നു എന്റെ പുസ്തകങ്ങള്‍ വായിക്കും. എല്ലാ അര്‍ത്ഥത്തിലും എന്നേ സന്തോഷിപ്പിക്കും. ശേഷം കയ്യില്‍ കരുതുന്ന റം അകത്താക്കി, ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ കന്നടയില്‍ കുറേ തെറി പറയും, കരഞ്ഞു കൊണ്ട് ഇറങ്ങി പോകും. എന്നെക്കുറിച്ച് അവള്‍ ഒന്നും ചോദിച്ചിട്ടില്ല, അവളെ കുറിച്ച് ഞാനും.

കാരണം അവളെ തേടിയെത്തുന്ന പലരും ദേശാടനക്കാരാണ്. അവര്‍ പറയുക രണ്ട് വാക്കുകളാണ് 'ഗുഡ് ബൈ. സീ യൂ എഗൈന്‍'

ഞാന്‍ എഴുത്തുകാരന്‍ ആണെന്ന് ഇവിടെ വളരെ കുറച്ച് പേര്‍ക്കേ അറിയൂ. 

കുറച്ച് ദിവസങ്ങളായി ഒന്നും എഴുതാനാവുന്നില്ല. ആകെ ഒരു ക്ഷീണം. 

ഒരു ചായ കുടിയ്ക്കാനായി ആ തെരുവിലേക്ക് ഇറങ്ങിയത് മാത്രം ഓര്‍മയുണ്ട്. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. കുറേ പരിശോധനകള്‍. കരളിന്റെ ഒരു ഭാഗം മുഴുവനും മദ്യം വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനി ഒരു തുള്ളി കുടിച്ചാല്‍ എഴുത്തു മതിയാക്കി തിരിച്ചു പോകാം. 

ഫിനോയില്‍ ഗന്ധം നിറഞ്ഞ ആശുപത്രി മുറി. എന്നേ പരിചരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 

എങ്ങനെയെങ്കിലും പുറത്ത് പോകണം മദ്യം വാങ്ങി കുടിക്കണം. ഒരു കണക്കിന് ഇതും ഒരു ആത്മഹത്യ തന്നെ. 
നാട്ടിലേക്കു ഒന്ന് പോകണ്ടേ? 

എല്ലാവരേം ഒന്നൂടി കാണണ്ടേ?
 
വേണ്ട എല്ലാം ഒരിക്കല്‍ ഉപേക്ഷിച്ചതാണ്.. വിനയന് ഈ ലോകം തന്നെ വലിയ തറവാട് ആണ്. 

എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. 

രണ്ട് മണിയോട് കൂടി വിയര്‍ത്തു കുളിച്ചു കയ്യില്‍ ഒരു പാത്രം ഭക്ഷണവുമായി കുങ്കുമ എന്നെ കാണാന്‍ വന്നു. അവള്‍ തന്ന ഭക്ഷണം ഞാന്‍ ആര്‍ത്തിയോടെ കഴിച്ചു.
 
നിനക്ക് എന്നെ ഇഷ്ടമാണോ? 

അല്ല.

പിന്നെ എന്തിനാണ് എനിക്ക് ഭക്ഷണം തന്നത്? 

നിങ്ങള്‍ എനിക്ക് എത്ര ഭക്ഷണം തന്നിരിക്കുന്നു 

വിശന്ന വയറോടെയാ പലപ്പോഴും ഞാന്‍ നിങ്ങളെ കാണാന്‍ വന്നിട്ടുള്ളത്. 

ഓഹ്.

എരിയുന്ന വയറിന്റെ നോവ് അറിയാതെ ആര്‍ത്തിയോടെ അവളെ ഭോഗിച്ചവന്‍. പുരുഷത്വമേ നീ പലപ്പോഴും ഇങ്ങനെയാണ്.

മുറിയില്‍ വന്ന ദിവസം കുങ്കുമയോട് ഞാന്‍ കുറച്ച് മദ്യം ചോദിച്ചു. അവള്‍ തരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മനസില്ലാ മനസോടെ ഒരു ഗ്ലാസ് നിറയെ റം തന്നു.

ഇനി എന്തെങ്കിലും?

വേണം 

എന്ത്?

ഇന്ന് എനിക്ക് ഒരു പെണ്ണിനെ കൂട്ടിനു വേണം, നീ അല്ലാതെ.
 
അതെന്താ ഇനി എന്നേ പിടിക്കില്ലേ?
 
നീ ഞാന്‍ പറഞ്ഞത് ചെയ്യൂ.
 
തന്റെ ഈ മുറിയിലേക്കു ഞാന്‍ അല്ലാതെ ആരും വരില്ല.
 
സാരമില്ല. 

എവിടെയെന്നു വെച്ചാല്‍ പോകാം. 

അവള്‍ എന്നേ കൊണ്ട് പോയത് ജയനഗറിന് അടുത്തുള്ള ഒരു പഴയ കെട്ടിടത്തിലേക്കാണ്. വലിയ ഗ്രില്ലുകള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു. ഓരോ മുറിയിലും ഓരോ പെണ്ണുങ്ങള്‍. ഒരു ദിവസം മുഴുവന്‍ ഇവിടെ കഴിയാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ നൂറ് പുസ്തകങ്ങള്‍ എഴുതിയേനെ. 

ഒരു വലിയ മുറിയിലേക്കു ഞാന്‍ ചെന്നിരുന്നു.  

നടത്തിപ്പുകാരനായ ഒരു തടിച്ച മനുഷ്യന്‍ മുറിയിലേക്കു വന്നു.
 
പണത്തിനായി കൈ നീട്ടി. പണം വാങ്ങിയ ശേഷം രണ്ട് തവണ അയാള്‍ തിരിച്ചും മറിച്ചും എണ്ണി നോക്കി പ്രാര്‍ത്ഥിച്ചു കൊണ്ട് കീശയിലാക്കി.

വൃത്തിയുള്ള ചുവപ്പ് പുതച്ച ഒരു മെത്ത. വലിയ ഒരു കണ്ണാടി. നീല നിറമുള്ള ചുവരുകള്‍. 

തലയില്‍ സാരി കൊണ്ട് മറച്ചു കൊണ്ട് ഒരു സ്ത്രീ മുറിയിലേക്കു വന്നു. അടുത്ത നിമിഷം മുറി പുറത്ത് നിന്ന് അടയ്ക്കപ്പെട്ടു. 

ആ മുഖം കണ്ട ഞാന്‍ ഞെട്ടി! 

സകല ഞാഡി ഞരമ്പുകളും തളര്‍ന്ന പോലെ തോന്നി.

പപ്പി... നീ... നീ... 

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കുവാന്‍ ആയില്ല.

അവളുടെ മുഖത്തു ഒരു നിസ്സംഗ ഭാവം. ആ കണ്ണുകള്‍ മരവിച്ച പോലെ. അവളുടെ നനുത്ത കവിളുകളില്‍ ഞാന്‍ പയ്യെ തൊട്ടു.

ചായം തേച്ച ചുണ്ടുകള്‍ പയ്യെ മന്ത്രിച്ചു.

വിനയേട്ടാ...

എന്റെ പപ്പി നീ എന്താ ഇവിടെ?

ഇങ്ങനെ ഒരു സ്ഥലത്ത് നിന്നെ ഞാന്‍ ഒരിക്കലും കാണാന്‍ പാടില്ലായിരുന്നു.

സ്‌നേഹം... കുറേ സ്‌നേഹം. വെറുക്കപ്പെട്ടവരുടെ സ്‌നേഹം. വഴി പിഴച്ചവരുടെ സ്‌നേഹം. വേശ്യയുടെ സ്‌നേഹം!

വിനയേട്ടന്റെ കഥകള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട്. വിനയേട്ടന്‍ വലിയ എഴുത്തുകാരന്‍ ആകുമെന്ന് ഞാന്‍ അന്നെ പറഞ്ഞില്ലെ?
 
എല്ലാം ഭഗവതിയുടെ അനുഗ്രഹം ആണല്ലോ, അല്ലേ? 

വിനയേട്ടാ എനിക്ക് വിഷമം ഒന്നുമില്ല. വിവാഹം കഴിച്ചവന്‍ എന്നെ കൊണ്ടെത്തിച്ചത് ഇവിടെയാണ്. ഞാന്‍ പിഴച്ചവളാണ്.

പക്ഷെ വിനയേട്ടന്‍ എന്നേ തൊട്ടാല്‍ ഞാന്‍ ഇല്ലാതായി പോകും. ദയവു ചെയ്ത് ഇവിടുന്ന് ഒന്ന് പോകൂ.
പദ്മാവതി മരിച്ചു ഇവിടെ ഞാന്‍ പദ്മാവതി അല്ല.
 
വിനയേട്ടനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. പക്ഷെ അത... 

പപ്പി...നമ്മുടെ കാഞ്ഞിരമരം പട്ടു പോയിട്ടുണ്ടാകില്ല അല്ലേ.

ഉം 

അതിന്റെ മുകളില്‍ ഇരുന്ന് എനിക്ക് നമ്മുടെ നാടിനെ ഒന്ന് നോക്കി കാണണം.

നോക്കു, നീ പിഴച്ചവള്‍ ആണെങ്കില്‍ നിനക്ക് മുന്നേ ഞാനും വഴി പിഴച്ചവനാണ്. വിശുദ്ധര്‍ക്ക് മാത്രമായി ഇവിടെ ഒരു ലോകവും കെട്ടിപ്പടുത്തിട്ടില്ല. നമ്മുടെ ചുംബങ്ങള്‍ക്കു സാക്ഷിയായ ഇടവഴികള്‍. അവിടേക്ക് ഒരിക്കല്‍ കൂടി നമ്മക്കു പോകണ്ടേ? 

എന്റെ ചുവരില്‍ തല ചായ്ച്ചു കൊണ്ട് അവള്‍ കരഞ്ഞു.
 
അവളുടെ നെറ്റിക്ക് അതെ ചന്ദന ഗന്ധം.

എന്റെ പദ്മാവതി. കൈകളില്‍ അതേ തണുപ്പ്. പാതി വെന്തുപോയ കരളില്‍ ഒരു പുനര്‍ജനി. 

പുതിയ കവിത. 

തെരുവിലെ ഗ്രാമ ഫോണില്‍ കേട്ട ഹിന്ദി ഗാനത്തിന്റെ അര്‍ത്ഥം ഏതാണ്ട് ഇങ്ങനെയായിരുന്നു.  

'എന്റെ പേര് നിങ്ങള്‍ മറന്ന് പോകും. എന്റെ മുഖം ഇനിയും മാറി പോകും. എങ്കിലും എന്റെ ശബ്ദത്തിലൂടെ നീ എന്നെ തിരിച്ചറിയുക'.
                 
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios