Malayalam Short Story : നീനയുടെ രഹസ്യങ്ങള്‍, ചിന്തു രാജ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ചിന്തു രാജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ശബ്ദവ്യതിയാനങ്ങള്‍ക്കനുസരിച്ച് നിറങ്ങള്‍ എന്റെ മുന്നില്‍ നൃത്തമാടി. ആ വര്‍ണ്ണക്കാഴ്ച്ചകള്‍ ഞാന്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തി. നീലാകാശവും നീലഭൂമിയും നീലക്കടലും മാത്രം വരച്ച എന്റെ കൈകള്‍ വെള്ളി മേഘങ്ങളേയും പച്ചച്ച താഴ്വാരങ്ങളേയും സ്വര്‍ണ്ണ മത്സ്യങ്ങളേയും വരച്ചു. ചായക്കൂട്ടങ്ങള്‍ കൊണ്ട് ഒരു മാസ്മരിക ലോകം ഞാന്‍ സൃഷ്ടിച്ചു.
'നീ ലോകം അറിയേണ്ട ചിത്രകാരി, ആ പഴയ ചിത്രകൂടിനുള്ളില്‍ കിടന്നു ചിതലരിച്ചുപോകാതെ നീയും നിന്റെ സൃഷ്ടികളും വെളിച്ചം കാണൂ.'
അവന്റെ ശബ്ദം. ശബ്ദമെന്നാല്‍ എനിക്ക് കാഴ്ച്ചയാണ്. അവന്റെ ശബ്ദമെന്നാല്‍ എനിക്ക് സംഗീതം പോലെ മനോഹരവും. അവന്‍ സംസാരിക്കുമ്പോഴൊക്കെ വിവിധ നിറങ്ങള്‍ എന്റെ മുന്നില്‍ വര്‍ണ്ണവിസ്മയം സൃഷ്ടിച്ചു. അവന്‍ എനിക്ക് വേണ്ടി മനോഹരമായി പാടിയപ്പോള്‍ ഞാനവനു വേണ്ടി ചിത്രങ്ങള്‍ വരച്ചുകൂട്ടി.
അതെ, അവന്‍ പറഞ്ഞത് ശരിയാണ്. ചിത്രക്കൂടില്‍ എപ്പോഴും ഇരുട്ടാണ്. നീനക്ക് അതാണ് ഇഷ്ടം.
'നീന'- എന്നേക്കാള്‍ പതിനാറു വയസ്സിനു മൂത്തവള്‍. നീനയും ഞാനുമാണ് ചിത്രക്കൂടിലെ അന്തേവാസികള്‍. രണ്ടു അനാഥജന്മങ്ങളായി ഞങ്ങള്‍ ആ വീട്ടില്‍ ജീവിക്കാന്‍ വേണ്ടി ജീവിക്കുകയായിരിന്നു. ആ ചിതലരിച്ച വീടിനു ചിത്രക്കൂടെന്നു പേരിട്ടത് ഞാനാണ്. ചിത്രക്കൂടിന്റെ ഗേറ്റ് കടന്നു പുറത്തുപോകരുതെന്നാണ് നീനയുടെ ഉത്തരവ്.
'എനിക്ക് പോകാറായി. നീനക്ക് എന്തോ സംശയങ്ങളൊക്കെയുണ്ട്. അവള്‍ വരുന്നതിനു മുമ്പ് വീട്ടില്‍ എത്തണം'- അവന്റെ മറുപടിയ്ക്ക് കാക്കാതെ ഞാന്‍ വീട്ടിലോട്ട് ഓടി.
ചിത്രക്കൂടിന്റെ വലിയ ഇരുമ്പുഗേറ്റ് തുറക്കുന്ന കിരുകിരാ ശബ്ദംകേട്ടപ്പോള്‍ അവര്‍ രണ്ടുപേരുമോടി എന്റെടുത്തുവന്നു കൊക്കുരുമ്മി നിന്നു. അവര്‍ കൃഷ്ണയും വേണിയും. നീന എനിക്ക് വേണ്ടി കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങള്‍. എലിയെ കടിച്ചുകീറുന്ന പൂച്ചയെ വരച്ചു കൊണ്ടുനിന്ന സന്ധ്യയിലാണ് നീന എനിക്ക് ഈ കോഴിക്കുഞ്ഞുങ്ങളെ സമ്മാനിച്ചത്.
അവരുടെ ശബ്ദം അരോചകമായിരുന്നെങ്കിലും അവരെ കണ്ട മാത്രയില്‍ ഒരു സുഗന്ധം എനിക്കു ചുറ്റും പടര്‍ന്നു. എണ്ണയുടെ, മഞ്ഞളിന്റെ, പാലിന്റെ, കുഞ്ഞുങ്ങളുടെ ഗന്ധം.
അതെ, കാഴ്ചയെന്നാല്‍ എനിക്ക് ഗന്ധമാണ്! ഗന്ധങ്ങളിലൂടെയാണ് ഞാന്‍ കാഴ്ച്ചയെ ഇഷ്ടപ്പെടുന്നത്.
ചെറിയ ചുള്ളിക്കമ്പുകള്‍ കൊണ്ട് അവര്‍ക്ക് മനോഹരമായൊരു വീടുണ്ടാക്കി ഞാനതിനു കൃഷ്ണവേണിയെന്നു നാമകരണം ചെയ്തു.
ഞാന്‍ ഒരു അനാഥയാണന്ന് നീന എന്നെ എല്ലായ്‌പ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ ഔദാര്യമാണ് എന്റെ ജീവിതമെന്നവള്‍ പറയാതെ പറഞ്ഞു. എന്നെക്കുറിച്ചുള്ള ഒരു ചോദ്യങ്ങള്‍ക്കും അവള്‍ക്കുത്തരമുണ്ടായില്ല. ഒരിക്കല്‍ അവള്‍ ജോലി ചെയ്യുന്ന കടയില്‍ എന്നെയും കൂട്ടിക്കൊണ്ടുപോയി അവളുടെ അനിയത്തിയാണെന്ന് എല്ലാര്‍ക്കും പരിചയപ്പെടുത്തി. അതിലൊരാള്‍ സ്‌നേഹത്തോടെ എന്നോട് സംസാരിക്കാന്‍ വന്നപ്പോള്‍ അവള്‍ ദേഷ്യത്തോടെ എന്റെ കൈയ്യുംപിടിച്ചു വേഗത്തില്‍ നടന്നു.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് നീനയെന്റെ പഠിത്തം നിര്‍ത്തിച്ചത്. അതു വരെയവള്‍ എന്നെ നിത്യവും രാവിലെ സ്‌കൂളില്‍ കൊണ്ടാക്കി. വൈകുന്നേരം കൃത്യം സ്‌കൂള്‍ വിടുമ്പോള്‍ പടിവാതിലില്‍ എന്നെ കാത്തുനിന്നു. പുറമേ ചിരിച്ചു ചതിക്കുന്നവരാണ് എല്ലാരുമെന്നും ഈ ലോകത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അവള്‍ പറഞ്ഞു. പക്ഷേ അപ്പോഴേക്കും മനോഹരമായ ഈ ലോകത്തെ ഞാന്‍ അതിയായി സ്‌നേഹിച്ചു തുടങ്ങിയിരുന്നു.
അവള്‍ നിശ്ശബ്ദതയെ പ്രണയിച്ചപ്പോള്‍ ഞാന്‍ ശബ്ദങ്ങളെ ഇഷ്ടപ്പെട്ടു. അവളുടെ നിറംകെട്ട ലോകത്തേക്ക് എന്നെയും തളച്ചിടാന്‍ ശ്രമിച്ചപ്പോള്‍, ഞാന്‍ നിറങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങി. സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അവളുടെ വിശ്വസങ്ങളെ ചോദ്യംചെയ്തു തുടങ്ങി. അപ്പോഴണവള്‍ ഇനി ഞാന്‍ സ്‌കൂളില്‍ പോകേണ്ടെന്ന തീരുമാനം എടുത്തത്. അവളെ അനുസരിക്കുക മാത്രമേ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളു.
നീനയില്ലാത്ത ഒരു പകലിലാണ് ഞാന്‍ ആ സാഹസം കാണിച്ചത്. അവളുടെ വിലക്കുകള്‍ ലംഘിച്ച് ഞാന്‍ ചിത്രക്കൂടിന്റെ അടുത്തുള്ള പാറക്കെട്ടുകള്‍ കാണാന്‍പോയി.
അന്നുതന്നെയാണ് അതും സംഭവിച്ചത്. ഞാന്‍ അവനെ കണ്ടു!
അവനായിരുന്നു നീനയറിയാത്ത എന്റെ ജീവിതത്തിലെ ആദ്യരഹസ്യം. അവന്റെ ശബ്ദമായിരുന്നു എന്നെ ആകര്‍ഷിച്ചത്. അവന്‍ മനോഹരമായി പാടിയപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ നിറങ്ങള്‍ വര്‍ണ്ണച്ചിറകുകള്‍ വീശി എന്റെടുത്തെത്തി. നീനയുടെ തടവറയില്‍ നിന്ന്, എന്റെ അനാഥത്വത്തില്‍ നിന്ന്, എന്നെ മോചിപ്പിക്കാന്‍ വന്ന ഗന്ധര്‍വനാണ് അവനെന്ന് ഞാന്‍ വിശ്വസിച്ചു.
നിറം മങ്ങിയ ചിത്രങ്ങള്‍ മാത്രം വരച്ച എന്റെ ചിത്രങ്ങളിലെ പുതിയ വര്‍ണ്ണവിസ്മയങ്ങള്‍ കണ്ടു നീനയ്ക്കും ചില സംശയങ്ങളൊക്കെ തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ ഞാന്‍ അതിനൊന്നും വില കല്‍പിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇന്നലെ, അവന്റെ ചോദ്യങ്ങള്‍ എന്റെ ചോദ്യങ്ങളായി ഞാന്‍ വീണ്ടും നീനയോടു ചോദിച്ചത്. എന്റെ ജന്മത്തെക്കുറിച്ച്, എന്റെ രക്ഷിതാക്കളെക്കുറിച്ച്, ഒറ്റപ്പെട്ട ഈ വീടിനെക്കുറിച്ച്...ഒന്നുംമിണ്ടാതെയവള്‍ രാത്രി വൈകിയും വരാന്തയിലൂടെ ഉലാത്തികൊണ്ടിരുന്നു.
ചിത്രക്കൂടില്‍ ഇരുട്ടു പരക്കുന്നു. അവള്‍ ഇതുവരെ എത്തിയിട്ടില്ല. ഒരിക്കലും നീന ഇത്രയും വൈകിയിട്ടില്ല. ഇന്നലത്തെ എന്റെ ചോദ്യങ്ങള്‍ അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാവാം. അവളിനി എന്നെ ഉപേക്ഷിച്ചു പോയിക്കാണുമോന്നു വിഷമിച്ചിരിക്കുമ്പോഴാണ് അവള്‍ വന്നത്. വല്ലാതെ പരിഭ്രമിച്ചിരുന്നു. അവളുടെ നിശ്ശബ്ദത, അവഗണന ഒക്കെ എനിക്കുള്ള ഉത്തരങ്ങളായിരുന്നു. അവന്‍ പറഞ്ഞതാണ് ശരി, അവള്‍ എന്റെ ആരുമല്ല, അവളോടുള്ള എന്റെ പക വര്‍ദ്ധിച്ചു. നേരം പുലരാനായി ഞാന്‍ കാത്തിരുന്നു.
രാവിലെ നീന പോയിക്കഴിഞ്ഞ് ഞാന്‍ അവനെ കാണാനിറങ്ങി. പതിവായി കാണാറുള്ള എല്ലായിടത്തും അന്വേഷിച്ചെങ്കിലും അവനെ കാണാനായില്ല. ഞാന്‍ ഭയപ്പെട്ടതുപോലെതന്നെ സംഭവിച്ചിരിക്കുന്നു!
തിരികെ വീട്ടിലെത്തിയപ്പോള്‍ നീനയവിടെ ഗൂഢസ്മിതത്തോടെ നില്‍ക്കുന്നു.
'ഇനിയൊരിക്കലും അവന്‍ നിന്നെത്തേടി വരില്ല' അവള്‍ ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി.
ഞാനവളെ സൂക്ഷിച്ചു നോക്കി. പെട്ടന്നവള്‍ ചെമ്പട്ടും കാല്‍ത്തളയും അരമണിയും അണിഞ്ഞ, ചിലമ്പും വാളുമേന്തിയ കോമരമായി മാറി. അസുരവാദ്യങ്ങള്‍ എന്റെ ചെവികളില്‍ മുഴങ്ങി, വെറുപ്പും പകയും ഇടകലര്‍ന്ന ചുവപ്പും മഞ്ഞയും നിറങ്ങള്‍ എന്റെ കാഴ്ചയെ മറച്ചു, ആ നിമിഷത്തില്‍ കറിക്കത്തി കൊണ്ട് ഞാനവളെ ആഞ്ഞുകുത്തി.
ചെണ്ടമേളങ്ങള്‍ അവസാനിച്ചപ്പോള്‍ നീന രക്തംവാര്‍ന്ന് താഴെ കിടക്കുന്നതാണ് ഞാന്‍ കണ്ടത്.
അവള്‍ക്കു ചുറ്റും രക്തം ഒഴുകി പടര്‍ന്നിരിക്കുന്നു. പെട്ടെന്നവിടമാകെ ഒരു ഗന്ധം നിറഞ്ഞു. വാത്സല്യത്തിന്റെ ഗന്ധം. ആത്മബന്ധങ്ങളുടെ ഗന്ധം. ഞാനവളെ സ്‌നേഹപൂര്‍വം തലോടി.
'പതിനാറാം വയസ്സില്‍ നിന്നെ പെറ്റവള്‍ ഞാന്‍, നിന്നെത്തേടി ആരും വരില്ല. ഇനി നീ അനാഥ'-നീനയുടെ അവസാന വാക്കുകള്‍.
മരണത്തിലും അവളെന്നെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണ്. നീന താഴിട്ട് പൂട്ടിയിരുന്ന ജനാല ഞാന്‍ പതുക്കെ തുറന്നു; ദൂരെ തെളിഞ്ഞ ആകാശവും മലനിരകളും.
നീന ശാന്തമായി ഉറങ്ങുന്നു. ഞാനെങ്ങനെയാണ് അനാഥയാവുന്നത് നീന; 'ആകാശ ദേവതമാരും
ഭൂമി മാതാവും ജലകന്യകമാരും, എനിക്ക് കാവല്‍ ഞാനോ എന്റെ രക്തത്തിനു കാവല്‍.'
ശേഷം ഞാന്‍ നീന കാണാതെ ഒളിപ്പിച്ചുവച്ച ചെറുതായി വീര്‍ത്തവയറില്‍ വാത്സല്യത്തോടെ തലോടി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...