Malayalam Short Story : സറഗസി, ഭവിത വത്സലന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഭവിത വത്സലന്‍ എഴുതിയ ചെറുകഥ

chilla malayalam short story by Bhavitha Valsan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Bhavitha Valsan


'കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ
കാതില്‍ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തന്‍ കൂട്ടില്‍
മുട്ടയിട്ടന്നൊരുനാള്‍'

കാവതിക്കാക്കയെ തേടിയുള്ള കള്ളിപൂങ്കുയിലിന്റെ  യാത്രയില്‍ ആയതിനാല്‍  ആവണം 
സ്റ്റീരിയോവിലെ പാട്ടിനു എന്നത്തെയും പോലെ മധുരം  ഇല്ലായിരുന്നു. എത്ര അടക്കുവാന്‍ ശ്രമിച്ചിട്ടും കരയരുതെന്നു മനസ്സിനെ നൂറുവട്ടം പറഞ്ഞു പഠിപ്പിച്ചിട്ടും മറന്നുപോയ  പാഠഭാഗം  പോലെ കണ്ണുനീര്‍  കവിളിണതോറും നീര്‍ച്ചാല്‍ കണക്കെ ഒഴുകി കൊണ്ടിരുന്നു ..

'വിനയ തന്ന വാക്കു മറന്നുവോ നീ..തിരികെവരും വരെ എല്ലാത്തിനേയും താന്‍ ഉള്‍ക്കൊള്ളുമെന്നു പറഞ്ഞിട്ട്...' 

ശ്രീയേട്ടന്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി

പുറകിലെ  സീറ്റില്‍ ഡല്‍ഹിയുടെ കാണാകാഴ്ചകള്‍ കണ്ട് ആറാം ക്ലാസുകാരന്‍ അമ്മൂട്ടന്‍ എന്ന് വിളിപ്പേരുള്ള അമ്രാഗ് കാറിന്റെ വിന്‍ഡോയിലൂടെ മുഖമൊന്നു പുറത്തേക്കു എത്തിനോക്കുംവിധം വലിഞ്ഞു നോക്കുന്നുണ്ട്.

മുന്നിലെ സീറ്റില്‍ ഞങ്ങളുടെ വേദനയുടെ ഹൃദയതാളം പെരുമ്പറ കൊള്ളുമ്പോള്‍ പുറകിലെ  സീറ്റില്‍ നേടാന്‍ പോകുന്ന സന്തോഷത്തിന്റെ  ലഹരി അസ്ഥികളില്‍  ലയിച്ചു കുഞ്ഞ്  മതിമറന്നു കാഴ്ചകള്‍  ആസ്വദിക്കുകയാണ്.

എങ്കിലും എങ്ങിനെ അവന്‍ മാറി.

പെറ്റുവീഴാത്ത  വയറില്‍ നിന്നും വന്നാല്‍ നിങ്ങള്‍ എങ്ങിനെ എന്റെ അമ്മയാകും എന്ന് ചോദിക്കുവാന്‍ മാത്രം അവന്‍  വളര്‍ന്നത് ഞാന്‍ മാത്രം എന്തെ അറിഞ്ഞില്ല.

നിന്നെ നിന്റെ അമ്മയുടെ വയറില്‍ നിന്നും എടുത്തത് അല്ല. പിന്നെങ്ങനെ ആ സ്ത്രീ നിന്റെ അമ്മയാകും എന്ന് ചോദിച്ച  കൂട്ടുകാരനോട് 'വയറില്‍  നിന്നും വന്നില്ല എന്നെ ഉള്ളൂ. അവര്‍  മാത്രമാണ് എനിക്ക് എന്റെ അമ്മ'-എന്ന് എന്തേ അവന്‍  പറയാതിരുന്നത്..

അവന് ഇന്ന് അവനെ പെറ്റവയര്‍ കാണണമെന്ന്..

അണ്ഡവും ബീജവും  സംയോജിപ്പിച്ചു വളര്‍ത്താന്‍ ഒരു സൂത്രം  കണ്ടത്തിയത്  ആണെന്നും പെറ്റിട്ട നാള്‍  മുതല്‍  താലോലിച്ചു വളത്തിയത്  ഞാനാണെന്നും പറഞ്ഞു മനസിലാക്കുവാന്‍ ഏറെ ശ്രമിച്ചു.

എന്നാല്‍ അവന് അവനെ പെറ്റ വയര്‍.. പത്തുമാസം ചുമന്നു നൊന്തുപെറ്റ വയര്‍ -അതാണത്രേ അമ്മ.  അതുമാത്രം ആണത്രേ  അമ്മ..

ഒരു ബയോളജി ക്ലാസും, നോക്കിവളര്‍ത്തിയ ഞങ്ങളുടെ മനോവികാരങ്ങളും അവനു ഇന്ന് കേള്‍ക്കാന്‍ തരമില്ലെന്ന്.

പണ്ട്രണ്ട് വര്‍ഷം  കുട്ടികളില്ലാതെ ജീവിച്ചു കേട്ട അപമാനത്തേക്കാള്‍ വലുതായിരുന്നു ചെറിയ  വായിലെ  വലിയ  വാക്കുകള്‍. അവന്റെ അമ്മ ഞാനല്ല  എന്ന പ്രസ്താവനയേക്കാള്‍ വലുതായിരുന്നില്ല ഞാന്‍  അനുഭവിച്ച  ഒരു അപമാനവും.

ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സമയം അവിടെ അമൃതഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ വേണു ചേട്ടന്‍- അമ്മ വക  ബന്ധം ഉള്ള വ്യക്തിയും, ഡോക്ടര്‍ രവീന്ദ്രനും  'സറഗസി' എന്ന ഓപ്ഷന്‍  പറയുന്നത്  വരെ ജീവിതം ഒരു മരുഭൂമി  കണക്കെ  ശുഷ്‌കിച്ചു കിടക്കുകയായിരുന്നു.  ആയുസ്സുതാങ്ങാന്‍ ബലമില്ലാത്ത, ഗര്‍ഭപാത്രമെഴുതി തള്ളിയ അബോര്‍ഷനുകള്‍  നാലെണ്ണം ആയിരുന്നു അതുവരെ. ഇനിയൊരു പരീക്ഷണം  വിജയിക്കില്ല എന്നതിനു  മറുമരുന്നായിരുന്നു വാടക ഗര്‍ഭപാത്രം.

'ഇത് രണ്ടുതരം  ഉണ്ട്. ഒന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍സമിനേഷന്‍. സറഗസി  മദറിന്റെ അണ്ഡവും ദമ്പതികളിലെ പുരുഷ ബീജവും യോജിപ്പിച്ചു ചെയ്യുന്നത്. ബയോളജിക്കല്‍ മദര്‍ അപ്പോള്‍ സറഗസിക്ക് തയ്യാറായ ആ സ്ത്രീ ആവും.

രണ്ട് - ദമ്പതികളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച ഭ്രൂണം സറഗസിക്ക് തയ്യാറായ സ്ത്രീയുടെ യൂട്രസില്‍  നിക്ഷേപിക്കുക. അപ്പോള്‍ ബയോളജിക്കല്‍ മദര്‍ ദമ്പതികളിലെ സ്ത്രീ തന്നെയാവും.

നിങ്ങളുടെ കേസില്‍ രണ്ടാമത്തേത് പോസിബിള്‍ ആണ്. വിനയക്ക് യൂട്രസിന് ബലമില്ലാത്തത്  മാത്രമേ പ്രശ്‌നം ആയി നിലവില്‍ ഉള്ളൂ. സ്വന്തം കുഞ്ഞ് അല്ല എന്ന തോന്നലും ഒരിക്കലും ഉണ്ടാവില്ല..'

ഡോ. രവീന്ദ്രന്‍ വിശദീകരിക്കുമ്പോള്‍ ഞാനെന്റെ കുഞ്ഞിനെ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.

ദമ്പതികള്‍ വാടക ഗര്‍ഭപാത്രം  ധരിക്കുന്നവരെ  കാണുകയോ അവരുമായി യാതൊരു  വിധ  ഇടപഴകലുകള്‍ നടത്തുകയോ ചെയ്യരുത്എന്ന് നിബന്ധന  ഉണ്ടായിരുന്നു.

അമ്രപാലി ജേര്‍ജ. 

കോണ്‍ട്രാക്ടില്‍ സൈന്‍  ചെയ്യുമ്പോള്‍ ആ പേര് മാത്രം കണ്ട ഓര്‍മ്മ മാത്രം ഉണ്ട്. അതിന്റെ ഓര്‍മ്മയില്‍ കടപ്പാടിന്റെ തോന്നലില്‍ ആണ് അമ്രാഗ് എന്ന പേര് കുഞ്ഞിനിട്ടത്.

കുഞ്ഞിനെ കയ്യില്‍ കിട്ടിയപ്പോള്‍ വേറൊന്നും ചിന്തിച്ചില്ല. നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി, പരിഹസിച്ച എല്ലാവര്‍ക്ക് മുന്നിലും എന്റെ കുഞ്ഞ് എന്ന് പറഞ്ഞു അവനെ കാണിക്കുവാനുള്ള വെമ്പല്‍ ആയിരുന്നു..

എന്നാല്‍ ഇന്ന് താന്‍ പോലും കാണാത്ത ആ സ്ത്രീയെ തേടിയുള്ള  യാത്രയാണ്..

ആറാം ക്ലാസുകാരന്റെ വാശിക്കപ്പുറം 'എന്റെ പെറ്റമ്മ നിങ്ങളല്ലെന്ന' വാക്കിലുള്ള നോവ് ആണ് എന്റെ വാശിക്ക് കൂടി അവരെ  തേടി ഈ യാത്ര പുറപ്പെട്ടത്..

പുറത്തുപറയാന്‍ പാടില്ലാത്ത രഹസ്യമെന്നിരിക്കെ ബന്ധത്തിന്റെ  പേരില്‍ അമ്രപാലി ജേര്‍ജയെ കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍ വേണുവേട്ടന്‍ സംഘടിപ്പിച്ചു തന്നു..

ഡല്‍ഹിയിലെ  ഘോരി വില്ലേജില്‍ ആണ് അവര്‍  താമസമെന്നും, അവരെ  തനിച്ചു  വിളിച്ചു സംസാരിക്കണമെന്നും മുന്നറിയിപ്പ് തന്നു. പതിനൊന്നു  മാസക്കാലം അവര്‍  ജോലിക്കു നിന്ന വീട്ടിലെ ഉടമകള്‍  ആണെന്നും അവര്‍ ചെയ്ത  സേവനങ്ങള്‍ക്ക് അവര്‍ക്ക് കാശു കുറച്ചു കൊടുക്കാന്‍ വന്നതാണെന്നു പറയണമെന്നും വേണുവേട്ടന്‍ ശട്ടം കെട്ടിയിരുന്നു..

ഘോരി ഗ്രാമത്തിലേക്ക് കാര്‍ കടക്കുമ്പോള്‍ ഇഷ്ടികക്കളത്തിന്റെ പൊടിയും ചുവന്ന കാറ്റും കൊണ്ട് അന്തരീക്ഷം ചൂടുപിടിച്ചിരുന്നു.

ഒരു കുഞ്ഞുകുടിലിനോളം  വരുന്ന മണ്‍കട്ട കൊണ്ടുള്ള വീട് കണ്ടാലെങ്കിലും 'തിരികെ  പോകാം അമ്മാ' എന്ന് ആ ആറാം ക്ലാസുകാരന്‍  പറയുമെന്ന്  കരുതി. എന്നാല്‍ തീക്ഷ്ണമായ കണ്ണുകള്‍ പെറ്റ വയര്‍  തേടുന്നത് കണ്ടപ്പോള്‍ കരച്ചില്‍ അടക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.

ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ച്ച പോലെ മുഷിഞ്ഞ ഒരു സാരി ചുറ്റി മുഖം കാണിക്കാതെ ഒരു സ്ത്രീ പുറത്തേക്കു വന്നു.

അമ്രപാലി ജേര്‍ജ.

വേണു ഡോക്ടര്‍ പറഞ്ഞിട്ട് വന്നത് ആണെന്ന് അറിഞ്ഞതും അവര്‍ ഞെട്ടലോടെ സംസാരിക്കാന്‍ തുടങ്ങി:

'എന്തിനു വന്നു? ഭയ്യ  വരും  മുന്നേ ഇവിടുന്നു പോകൂ.. ഇപ്പോള്‍ പട്ടിണി ആണെങ്കിലും ആ  ജോലിക്ക് ഇനി ഞാന്‍ ഇല്ല. അന്ന് അത് അറിഞ്ഞിരുന്നെങ്കില്‍ ഇവിടെ നിന്നും ഗ്രാമത്തില്‍ നിന്നു തന്നെയും  ഇറങ്ങേണ്ടി വരുമായിരുന്നു'

ചെറിയ  കൊച്ചിന്റെ ഹാര്‍ട്ട് ഓപ്പറേഷന്  വേറെ വഴി  ഇല്ലാതെ ചെയ്തതാണ്. നഗരത്തില്‍  വീട്ടുവേലക്ക് എന്ന് പറഞ്ഞു  പോന്നതാണ്. ആ പതിനൊന്നു  മാസക്കാലം കൊച്ചിന്റെ ഹാര്‍ട്ട് ഓപ്പറേഷന്‍  മാത്രമായിരുന്നു, ഊരുവിലക്കിന്റെ പേടി ഒരു ഭാഗത്തും.  വയറിലെ  കൊച്ചിനെ ആരോഗ്യത്തോടെ, കഴിച്ച് വേണ്ട ശ്രദ്ധ പോലും നല്‍കാതെ ഉരുകി ജീവിച്ച മാസക്കാലം.

എന്റേതല്ലാത്ത പിറന്നു വീണ കുഞ്ഞിനേ നോക്കാന്‍ പോലും അറപ്പായിരുന്നു. എല്ലാം കഴിഞ്ഞ് കാശു കിട്ടിയപ്പോള്‍ ഉണ്ടായ ആശ്വാസം. ഹാര്‍ട്ട് ഓപ്പറേഷന്‍  കഴിഞ്ഞ്, എന്റെ കുഞ്ഞു പുറത്തു  എത്തിയപ്പോള്‍ ആണ് സമാധാനമായത്. വീണ്ടും എന്നെ അന്വേഷിച്ചു വരാന്‍  പാടില്ലായിരുന്നു.''

ഒറ്റശ്വാസത്തില്‍, നെടുവീര്‍പ്പോടെ, അത്യധികം  പേടിയോടെ അവര്‍ അത്രയും പറഞ്ഞൊപ്പിച്ചു.

'അന്നത്തെ നിങ്ങള്‍ പ്രസവിച്ച  മകന്  നിങ്ങളെ കാണാന്‍ ഒരാഗ്രഹം.  അതുകൊണ്ട് കൊണ്ടുവന്നതാണ്. ഉടനെ  പോയിക്കൊള്ളാം'-ഞാന്‍  അവനെ  നോക്കി സങ്കടത്തോടെ  അവരോട് അപേക്ഷിച്ചു.

'ഒരിക്കലും പാടില്ലായിരുന്നു. ആ കുഞ്ഞ് നിങ്ങളുടെ മാത്രമാണ്. ഇവിടെ അവനെയും  കൊണ്ടുവന്നതേ  തെറ്റ്. അവന്‍ ഒരിക്കലും എന്റെ മുഖം കാണേണ്ട ആവശ്യകത  ഇല്ല'-അവര്‍  മുഖം  ഒരിക്കല്‍ കൂടെ  മുഖം  തരാതിരിക്കാനെന്നവണ്ണം മറച്ചു..

'മാ'- അവന്‍ ആ സ്ത്രീയെ നീട്ടി വിളിച്ചു..

'കുയില്‍ കാക്കക്കൂട്ടില്‍ മുട്ടായിട്ടെന്ന് വച്ച് കുയിലിന്റെ കുഞ്ഞ് കാക്കയുടേത് ആകില്ല. നിന്നെ ഒരിക്കലും കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. മാസക്കണക്കില്‍ പണം  തന്നപ്പോള്‍ സംരക്ഷിച്ച  ബന്ധം  മാത്രം.  അത് ഓര്‍ക്കുന്നത് പോലും എനിക്ക് പേടിയാണ്. നിന്റെ അമ്മയും അച്ഛനും അവര്‍  മാത്രം ആണ്. ഞാന്‍  ഒരിക്കലും നിന്റെ മാ അല്ല. മോന്‍ ഇനി ഒരിക്കലും ഇവിടെ വരരുത്. ബന്ധമില്ലാത്ത  വഴികളില്‍ ഇല്ലാത്ത ബന്ധം തിരിയരുത്.'- അവനെ  ഒന്ന് നോക്കുക പോലും ചെയ്യാതെ ആണ് അവര്‍  അത് പറഞ്ഞത്.

'ഭയ്യ വരും മുന്നേ ഇവിടെ നിന്നും പോകൂ എല്ലാവരും..'-അവര്‍ അതും പറഞ്ഞു മുഖം തരാതെ അകത്തേക്ക് കയറി  പോയി..

തറയിലെ പൊടിയില്‍ കിടന്നു കളിക്കുന്ന അവരുടെ കുഞ്ഞിന്റെ കൈയില്‍ കുറച്ചു കാശ് വച്ച് കൊടുത്തു കാറിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ എനിക്ക് വല്ലാത്തൊരു ആശ്വാസം ആയിരുന്നു.  പത്തുമാസം ചുമന്ന കണക്കില്‍  അവരെന്റെ മകനെ  വാരിപ്പുണര്‍ന്നേക്കും എന്ന് ഞാന്‍ പേടിച്ചു. നിഷ്‌കരുണം  അവനെ  തള്ളിപ്പറഞ്ഞപ്പോള്‍ ഉള്ളാലെ ഞാന്‍ എത്ര സന്തോഷിക്കുക  ആയിരുന്നെന്നോ.

കരഞ്ഞുകലങ്ങിയ അവന്റെ മുഖം  എന്നില്‍ നോവായി പടര്‍ന്നു  കയറി.

'വാ'-എന്ന് വിളിച്ചു അവനെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ അവന്റെ ഉള്ളില്‍ എന്താണ് ഇപ്പോള്‍ എന്ന് ഞാന്‍ ചോദിച്ചില്ല.

'ഇനിയും സംശയങ്ങള്‍  ബാക്കിയുണ്ടെങ്കില്‍... നീ പഠിച്ചു വളരുകയല്ലേ, കാലം  മറുപടി  തരും..'

നിന്റെ അമ്മ എന്നും എപ്പോഴും ഞാന്‍ തന്നെയാടാ. മനസ്സില്‍  ഒരായിരം ആവര്‍ത്തി ഞാന്‍  പറഞ്ഞു  കഴിഞ്ഞിരുന്നു അപ്പോള്‍.

ശ്രീലാല്‍  കാര്‍ മുന്നേറ്റെടുത്തു. മധുരമായി ചരണത്തിലെ അവസാന  വരികള്‍  മെല്ലെ മൂളി.

'ആലോലം നീല പൂങ്കാവില്‍
നീ നിന്‍ പുള്ളിത്തൂവല്‍ ചിക്കി
ചിഞ്ചില്ലം  പുഞ്ചിരിച്ചു. (കള്ളിപ്പൂങ്കുയിലേ..)'

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios