ആട്, ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തുണിക്കഷണങ്ങളെ തുന്നിപ്പിടിപ്പിച്ചതുപോലെയാണ് ഏഴു എമിറേറ്റുകള്‍ ചേര്‍ന്നുണ്ടായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. പേര്‍ഷ്യന്‍ കടലിന്റെ തലോടല്‍ ഏറ്റു വാങ്ങുന്ന ഈ രാജ്യത്ത് അറബി പറയുന്നവരേക്കാള്‍ മലയാളം സംസാരിക്കുന്നവരാണ് കൂടുതലുള്ളതെന്നു തോന്നും .
ഇവിടെ ചൂട് കൊടുമ്പിരികൊള്ളുന്ന സമയത്താണ് കേരളനാട്ടിലെ ഇരുട്ടടച്ച മഴ തിമിര്‍ക്കുന്നത്. പൊള്ളിക്കുമിളുന്ന ചൂട് ഓര്‍ക്കുമ്പോള്‍ അവധി ദിവസമായ വെള്ളിയാഴ്ചയായിട്ടും പുറത്തിറങ്ങാന്‍ തോന്നിയില്ല. നാട്ടിലെ മഴ ഭാവനയില്‍ വരുത്താന്‍ നോക്കിയെങ്കിലും അസാധ്യമായപ്പോള്‍ ഇക്കയെ വിളിച്ച്, മഴയുടെ വീഡിയോ എടുത്തു അയച്ചു തരാന്‍ പറഞ്ഞു. മഴ കണ്ടപ്പോള്‍ കൊതി സഹിക്ക വയ്യാതെ, കുളിമുറിയിലെ ഷവറിനു കീഴെ മഴനനഞ്ഞുകൊണ്ടിരുന്നു. ആരോ കോളിങ് ബെല്‍ അടിച്ചപ്പോള്‍ മാത്രമാണ് തുവര്‍ത്തി പുറത്തിറങ്ങിയത്.
അടുത്ത മുറികളിലെ മിസ്‌രി കുട്ടികളാണ്. അച്ചടക്കം തീരെ ഇല്ല. മാതാപിതാക്കളാണെങ്കില്‍ കുട്ടികളെ ശ്രദ്ധിക്കുകയേ ഇല്ല. ഓമനയോടെ കൊണ്ടു നടക്കുന്ന ചെടിച്ചട്ടികള്‍ എറിഞ്ഞുടക്കുക. സ്റ്റാന്‍ഡില്‍ വിരിച്ചിട്ട തുണികള്‍ക്ക് മീതെ കടിച്ചിട്ട ആപ്പിളോ ജ്യൂസ് കുപ്പികളോ വലിച്ചെറിയുക, റാക്കില്‍ വച്ച ചെരുപ്പുകള്‍ക്കുമീതെ മൂത്രമൊഴിക്കുക തുടങ്ങിയ പോക്കിരിത്തരങ്ങള്‍ സ്ഥിരം ഏര്‍പ്പാടാണ്.
പണികഴിഞ്ഞു തളര്‍ന്നുറങ്ങുമ്പോഴാവും ഡോറില്‍ വെറുതെ മുട്ടിക്കൊണ്ടിരിക്കുക. ഇക്ക ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അവരെ ചീത്ത വിളിച്ചു ഓടിച്ചുവിടുമായിരുന്നു. പാവം ഇക്ക.. ഈ ജന്മം ഒരുമിച്ചിരിക്കാന്‍ പറ്റുമോ?. അക്കരയും ഇക്കരയുമായി തന്റെയും ഇക്കയുടെയും യുവത്വം ഒലിച്ചുപോയത് അറിഞ്ഞിരുന്നില്ല. നാട്ടില്‍ നിന്നും എങ്ങിനെയെങ്കിലും ഇവിടേക്കെത്താന്‍ എത്ര കാത്തിരുന്നതാണെന്നോ. ഇക്കയുടെ ഒപ്പം നില്‍ക്കുന്നതില്‍പ്പരം ഒരു സ്വര്‍ഗ്ഗവും കാത്തിരിക്കാനില്ല.
നാട്ടില്‍നില്‍ക്കുമ്പോള്‍ ഒരുപാട് അനുഭവിച്ചു. തേക്കാന്‍ എണ്ണ കിട്ടില്ല, കുളിക്കാന്‍ സോപ്പില്ല..കുപ്പായപ്പിന്നു വാങ്ങണമെങ്കില്‍ പോലും ഇക്കയുടെ ഉപ്പ കനിയണം. വെറുമൊരു പണിയന്ത്രം പോലെ എത്ര വര്‍ഷം കഴിച്ചു കൂട്ടി! ഇളയതിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍, തുണി തിരുമ്മുന്നത് പാതിക്കിട്ടു ഓടിവരുമ്പോള്‍ ഉപ്പ ദേ കണ്ണുകൂര്‍പ്പിച്ചൊരു നോട്ടമുണ്ട്. പിന്നെ പേപ്പര്‍ വായിച്ചുകൊണ്ട് കുഞ്ഞിന്റെ വായില്‍ കാലിന്റെ പെരുവിരല്‍ തിരുകിക്കൊടുക്കും. നെഞ്ചുപൊട്ടിയാണ് പിന്നെ പണിയെല്ലാം ഒതുക്കിത്തീര്‍ക്കാറുള്ളത്. ഇക്ക തന്നെയാ പറഞ്ഞേ, നീ വര്‍ത്താനത്തിനൊന്നും നില്‍ക്കല്ലേ, എങ്ങിനെയെങ്കിലും ഇവിടെ കൊണ്ടുവരാന്‍ നോക്കാം എന്ന്
അങ്ങിനെയിരിക്കെ ഒരു സ്‌കൂളില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ശരിയായപ്പോള്‍ ഇവിടെ എത്തി. രണ്ടു മാസം ഭര്‍ത്താവും മക്കളുമൊത്തുള്ള സന്തോഷകരമായ കുടുംബ ജീവിതം കിട്ടി. അപ്പോഴാണ് കൊറോണ വില്ലനായതും ഇക്കയുടെ പണി പോയതും. ഇക്ക തന്നെയാ പറഞ്ഞേ, 'പാത്തൂ.. ഞ്ഞി ഉള്ള പണി കളയണ്ട.. ഞാന്‍ കൊള്ളാവുന്ന പണി കിട്ടുന്നവരെ നാട്ടില്‍ മക്കളെയും കുടുംബക്കാരെയും നോക്കി നില്‍ക്കാം.'
രണ്ടു പേര്‍ക്കും പണിയില്ലാതെ ഇവിടെ കടിച്ചുതൂങ്ങാന്‍ പോലും നിര്‍വ്വാഹമുണ്ടായിരുന്നില്ല.
അതിനു നാട്ടിലെന്തു ചെയ്ത്തതായിരുന്നെന്നോ! പെണ്ണ് നയ്ച്ചുണ്ടാക്കുന്നതുകൊണ്ട് ബെയ്ക്കാന്‍ ഞമ്മളെ കിട്ടൂലാന്നും പറഞ്ഞു ഉപ്പ തുള്ളി. ഇക്ക കമാന്നൊരു വര്‍ത്തമാനം പറഞ്ഞില്ല.
ഇക്ക വിളിച്ചു പറഞ്ഞു: 'പാത്തൂ നിനക്കു ഞാനുണ്ട്. എനിക്ക് നീയും. നിന്റെ സ്വാതന്ത്ര്യം നീ ആഘോഷിക്കുക. ഇക്ക നിനക്കു കട്ട സപ്പോര്‍ട്ട് ആണ്'
ഇക്കായ്ക്കു എത്ര നല്ല മനസ്സാണ്. സ്വന്തക്കാരുടെ ആവലാതിക്കു മേലെ താനും അടിയണ്ട എന്ന തീരുമാനത്തിലായിരുന്നു നരകിച്ചു ചാവാനാണ് വിധിയെങ്കില്‍ അത് വരെ പോവട്ടെ എന്ന മട്ടില്‍ വെന്തുരുകിക്കൊണ്ടിരുന്നത്.
സഹമുറിയത്തി ഫിലിപ്പിനോ ലെല്ല ഇന്നലെ തന്നെ ബോയ് ഫ്രണ്ടിന്റെ കൂടെ കറങ്ങാന്‍ പോയതാണ്; ഇനിയും വന്നിട്ടില്ല.
ഇവിടെ അവധി ദിവസം ശരിക്കും മടുപ്പാണ്. രസം പറഞ്ഞിരിക്കാന്‍ നല്ല കൂട്ടുകാരുപോലുമില്ല. എന്തായാലും ഒരു ഡ്രൈവിങ്ങിന് പോവുക തന്നെ. അല്‍ ഐന്‍ പോയാലോ?
അധികം ആലോചിക്കാതെ കാറിന്റെ കീയും ആയി പുറത്തിറങ്ങി. വലിയ ബ്രാന്‍ഡഡ് കാറുകള്‍ ഇവിടെ ഏതൊരു സാധാരണക്കാരനും ഓടിക്കാന്‍ ഭാഗ്യം കിട്ടും എന്നതു വലിയ കാര്യമാണ്. സ്വദേശികള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുന്ന ലാഘവത്തോടെയാണ് ലോഞ്ച് ചെയ്യുന്ന പുതിയ മോഡല്‍ കാറുകള്‍ വാങ്ങുക. എന്നിട്ട് പഴയ കാറുകള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കും.
പോകുന്ന വഴിയിലെ അനന്തമായ മരുഭൂമിയെയും അപൂര്‍വ്വം കാണാവുന്ന പച്ചപ്പുള്ളികള്‍ പോലുള്ള മരുച്ചെടികളെയും ആകാംക്ഷയോടെ കണ്ട് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് കാര്‍ നിന്നത്. അത്ര വരെ തോന്നിയ ത്രില്ല് ആ നിമിഷം കെട്ടു. കൊടും ചൂടാണ്. വണ്ടിയുടെ എന്‍ജിന്‍ പൊള്ളിപ്പോയിട്ടുണ്ടാവും. കുറേ നേരം നിര്‍ത്തിയിടാ െഇനി യാത്ര ചെയ്യാനാവില്ല. കാറിനു വെളിയിലിറങ്ങി ചുറ്റും നോക്കി. ദൂരെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കൊണ്ടു മറച്ച ഒരു മസറ കണ്ടു. സഹായിക്കാന്‍ ആരെങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയില്‍ തീച്ചൂടിലും അങ്ങോട്ട് വലിച്ചു നടന്നു.
അതൊരു ഹരിത ഗേഹമായിരുന്നു. അവിടെ കക്കിരിയും തക്കാളിയും വേണ്ടയുമെല്ലാം കൊടും ചൂടിലും അതിസാഹസികമായി കൃഷി ചെയ്യുന്നു. അകത്തു ശീതീകരണ സംവിധാനത്തിലൂടെ ചൂടിന്റെ കാഠിന്യം കുറക്കുന്നു. ചെടികളുടെ ചുവട്ടില്‍ കറുത്തുമെലിഞ്ഞ നീളന്‍ പാമ്പുകളുടെ പറ്റം പോലെ ജലവാഹിനികളിലെ സുഷിരങ്ങളിലൂടെ ചെടികള്‍ സദാ നനഞ്ഞുകൊണ്ടിരിക്കുന്നു. പിന്നെ അതില്‍ നിന്നും കൈകുമ്പിളില്‍ വെള്ളമെടുത്തു മുഖം തുടച്ചു. വള്ളിച്ചെടിയില്‍ കിടക്കുന്ന കക്കിരി പറിച്ചു കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഒരു ചിലപ്പ് കേട്ടത്. നോക്കിയപ്പോള്‍ കവാടത്തില്‍ പ്രാകൃതനായ ഒരു മനുഷ്യന്‍ നില്‍ക്കുന്നു. നടുഭാഗം പേരിനൊരു പഴന്തുണികൊണ്ടു മറച്ചിട്ടുണ്ട്. നിറയെ രോമക്കാടുകളും ജഡ പിടിച്ച മുടിയും നീണ്ട താടിയും. തെല്ലമ്പരപ്പോടെ വീണ്ടും നോക്കി!
'ഇയാളിപ്പം പിടിച്ചു വിഴുങ്ങുമോ. തോട്ടത്തിലെ കക്കിരി പറിച്ചതു പിടിച്ചിട്ടുണ്ടാവില്ല.'
അയാള്‍ അങ്ങോട്ടു വന്നു. അടുത്തെത്തിയപ്പോള്‍ അന്തംവിട്ടുപോയി. ഇക്ക! ശരിക്കും ഇക്കയുടെ അതേ മുഖം.
അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഇയാളെയും ഓര്‍ത്ത് ലോകത്തിന്റെ മൂലയിലെവിടെയോ ഒരു പാത്തു കാത്തിരിക്കുന്നുണ്ടാവും. കരഞ്ഞു നീറുന്നുണ്ടാവും. ആടുജീവിതത്തിലെ നജീബിനെ ഓര്‍മ്മ വന്നു. മറ്റൊരു നജീബ് ആയിരിക്കും ഇയാള്‍.
'പേരെന്താ...?'
പിങ്ക് നിറമുള്ള നൊണ്ണു കാട്ടി വടിവൊത്ത പല്ലില്‍ അയാള്‍ ചിരിച്ചു. ഒരാടിന്റ ചിരി പോലെ.
അറബിയില്‍ ചോദിച്ചു: ഇസ് മി കാ..?
അപ്പോഴും അയാള്‍ ചിരി തുടര്‍ന്നു. നാം ക്യാ ഹെ?
അറിയുന്ന ഭാഷകളെല്ലാം പുറത്തെടുത്തപ്പോഴും അയാള്‍ ചിരി നിര്‍ത്തിയില്ല. പിന്നെ അയാള്‍ ശബ്ദിച്ചു. മൃഗങ്ങളെ പോലെ. ശരിക്കും ആട് ചിലക്കുന്നതുപോലെ.
ദൈവമേ, ഈ മനുഷ്യന്‍ സ്വന്തം ഭാഷ മറന്നു പോയിരിക്കുന്നു.
വല്ലാത്ത സഹതാപം തോന്നി. അയാളുടെ കുറച്ചു ഫോട്ടോകള്‍ എടുത്തു. അയാള്‍ കുനിഞ്ഞു നടന്നു ഒരു ചാക്കു നിറയെ കക്കിരികള്‍ പറിച്ചു തന്നുു.
ഉടമയുടെ സമ്മതമില്ലാതെ കക്കിരികള്‍ തന്നാല്‍ പ്രശ്‌നമാവുമോ? ഏയ് അതൊന്നുമില്ല, ഇത്തരം മസറകളില്‍ സ്വദേശികള്‍ കൃഷി നടത്തുന്നത് ഗ്രാന്റും മറ്റു ആനുകൂല്യങ്ങളും കിട്ടാനാണ്. അല്ലാതെ ഈ കൃഷിസ്ഥലത്തോട് എന്തെങ്കിലും പ്രതിപത്തിയോ ആദായം എടുക്കണമെന്ന ഉദ്ദേശമോ അവര്‍ക്കുണ്ടാവില്ല.
തനിക്കെന്തിനാണ് ഇത്രയും കക്കിരികള്‍. അയാള്‍ സന്തോഷത്തോടെ തന്നതല്ലേ. ഏതായാലും അയല്‍ക്കാര്‍ക്ക് കൊടുക്കാ.
പുറത്തു കടന്നപ്പോള്‍ പറ്റം കൂടി നില്‍ക്കുന്ന ആടുകളെയും ഒന്നു രണ്ടു ഒട്ടകങ്ങളെയും കണ്ടു. അവര്‍ കൂട്ടം കൂടി നിന്നു പച്ചിലകള്‍ തിന്നുകയായിരുന്നു. ഏതെങ്കിലും സംഘടനകളെ വിവരം അറിയിച്ചു അയാളെ രക്ഷപ്പെടുത്താനുള്ള വഴി ഒരുക്കണമെന്ന് ആലോചിച്ചു. പിന്നെ പിന്തിരിഞ്ഞു ബാഗില്‍ നിന്നും നൂറ് ദിര്‍ഹം എടുത്തു അയാള്‍ക്കു നേരെ നീട്ടി. പക്ഷേ അയാള്‍ അതു വാങ്ങിയില്ല. കൂനിക്കൊണ്ട് അകത്തു പോയ അയാള്‍ ഒരു കുഞ്ഞു ചാക്ക് തന്നു. തുറന്നു നോക്കിയപ്പോള്‍ അതില്‍ നിറയെ ദിര്‍ഹംസ്!
അയാളുടെ മുഖത്തു നിന്നും വരുന്ന വിചിത്ര ശബ്ദങ്ങളെ ശ്രദ്ധിച്ചു..
കൈ വിറച്ചപ്പോള്‍ കൈയ്യില്‍ നിന്നും പണസഞ്ചി വീണു പണം ചിതറ. എന്നിട്ടും അയാള്‍ ഭാവമാറ്റമില്ലാതെ നടന്നു പോയി. അയാള്‍ ആടുകള്‍ക്കൊപ്പം പച്ചിലകള്‍ ഭക്ഷിക്കുകയും അവിടെയുള്ള കോണ്‍ക്രീറ്റ് തടത്തില്‍ നിറച്ച വെള്ളത്തില്‍ നിന്നും നക്കിക്കുടിക്കുന്നതും ആണ് പിന്നെ കണ്ടത് .
നാലു കാലില്‍ നില്‍ക്കുന്ന ഒരാടായിരുന്നു അപ്പോള്‍ അയാള്‍. ഒരു മനുഷ്യനാണെന്ന കാര്യം അയാള്‍ മറന്നിരിക്കുന്നു. സങ്കടത്തോടെ കാറിനരികിലേക്ക് നടന്നു. നിര്‍വികാരമായാണ് പിന്നെ വണ്ടി ഓടിച്ചത്.
ബോര്‍ഡറില്‍ എത്തിയപ്പോള്‍ ഫോണില്‍ റേഞ്ച് വന്നു. ബീപ്.. ബീപ്... നിറയെ മെസ്സേജുകള്‍ വന്നു കുമിഞ്ഞു. ഫോണ്‍ ലോക്ക് തുറന്നപ്പോള്‍ ഇക്കയുടെ വാട്‌സ്ആപ്പ് മെസ്സേജുകള്‍ ഒരുപാടുണ്ട്. ഇക്കയുടെ വോയിസ് ക്ലിപ്പ് ഓണ്‍ ചെയ്തു..
'ഞ്ഞി ന്റെ പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഒരു സര്‍പ്രൈസ് ഉണ്ടാവും'
പിന്നെ ഒന്നും ആലോചിച്ചില്ല. കാര്‍ റിവേഴ്സ് ഗിയര്‍ ഇട്ടു മടങ്ങി. വിജനമായ മരുഭൂമി റോഡിലൂടെ അക്ഷമയോടെ വണ്ടി ഓടിച്ചു പോവുമ്പോള്‍ റിയര്‍ വ്യൂ മിററില്‍ നോക്കി അതാ. ഒരു പെണ്ണാടിന്റെ മുഖം!
എന്തായിരിക്കും ആ സര്‍പ്രൈസ്?