malayalam Short Story: എക്താര, ആഷ എസ് എസ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആഷ എസ് എസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇന്നലെ രാത്രി എപ്പോഴോ ഞാന്‍ മരിച്ചു പോയി. എനിക്ക് നേരിയ ഓര്‍മയുണ്ട്, ആര്‍ത്തവപ്പനിച്ചൂട് അടിവയറ്റില്‍ നിന്നും കൈകാലുകളിലേക്ക് പടര്‍ന്നുകൊണ്ടിരുന്ന നിമിഷമായിരുന്നത്.
അപ്പോഴെല്ലാം കണ്ണടച്ച് ഞാന്‍ അവരെ ശ്രദ്ധയോടെ കേട്ടു കൊണ്ടിരിക്കുകയായിരുന്നു. കര്‍ണപടങ്ങളെ ചൂഴ്ന്നിറങ്ങി ആത്മാവിലേക്കും അന്തരാത്മാവിലേക്കും ലഹരിയായി പടര്‍ന്നു കൊണ്ടിരിക്കുന്ന അര്‍ത്ഥമറിയാത്ത വരികളായിരുന്നു അവരുടേത്.
ഇടയ്‌ക്കെപ്പോഴോ അവരെന്റെ കൈ പിടിച്ച് ഇരുട്ടിലൂടെ ഹൂഗ്ലിയുടെ തീരത്തേക്ക് കൊണ്ട് പോയി. ഉരുളന്‍ കല്ലുകളില്‍ ചവിട്ടി നടക്കുമ്പോള്‍ കാല്‍വെള്ളയില്‍ നിന്നും ദേഹമാകെ തണുപ്പ് അരിച്ചു കയറിക്കൊണ്ടിരുന്നു. ആ യാത്രയില്‍ അവര്‍ എനിക്ക് ലാലന്‍ ഫക്കീര്‍, ചുരങ്ങയുടെ പുറംതോടില്‍ മുളംതണ്ട് ചേര്‍ത്തുകെട്ടി ഏക് താര നിര്‍മിച്ച കഥ പറഞ്ഞു തന്നു, പിന്നെ കരിംപൂരിലെ ബാവുല്‍ പാട്ടുപുരകളെ കുറിച്ചും, അവിടെ പാട്ടു പാടാന്‍ എത്തുന്നവര്‍ക്ക് വേണ്ടി പൊട്ടിയ ഏക് താരക്കും കാല്‍ച്ചിലമ്പിനും അരികെയിരുന്ന് കട്ടന്‍ കാപ്പി ഉണ്ടാകാന്‍ വിധിക്കപ്പെട്ട പാട്ടുകാരികളെ കുറിച്ചും അവര്‍ പറഞ്ഞു.
ഒറ്റ നക്ഷത്രം മാത്രമുള്ള രാത്രിയായിരുന്നു ഇന്നലെ. അവര്‍ ആ നക്ഷത്രത്തെ നോക്കി ഏക് താരാ മീട്ടി. ഞാന്‍ അവരെ കണ്ണടച്ച് ശ്വസിച്ചു, നനുത്ത ചന്ദനത്തിന്റെ ഗന്ധം.
അമ്പിളിക്കലയെ മൂടിയ കാര്‍മേഘങ്ങളെ ബിഹാരി നാഥിന്റെ ചെരുവില്‍ നിന്നും വന്ന തണുത്ത കാറ്റ് എങ്ങോട്ടേക്കോ തട്ടിനീക്കിയപ്പോള്‍ ഞാന്‍ അവരെ ശരിക്കും കണ്ടു. ചന്ദനത്തിന്റെ നിറമായിരുന്നു അവര്‍ക്ക്. നെറ്റിത്തടത്തിന് ഒത്ത നടുവില്‍ ഇനിയും ഉണങ്ങാത്ത മഞ്ഞള്‍ക്കുറി, ഇരുകയ്യിലും കഴുത്തിലും ചുറ്റിപിണഞ്ഞു കിടക്കുന്ന രുദ്രാക്ഷ മാലകള്‍. കാല്‍പ്പാദം വരെ നീളുന്ന കാവിക്കുപ്പായം. അരയില്‍ കാവിത്തുണി കൊണ്ട് കെട്ടിയുറപ്പിച്ച ദുഗ്ഗി. കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഏക് താര.
ഞാന്‍ അറിയാതെ പറഞ്ഞു: 'മൗഷമി പരിയാര്‍...അല്ലാ, പാര്‍വതി ബാവുല്‍.'
അവര്‍ ഒരു യോഗിയെ പോലെ പുഞ്ചിരിച്ചു.
'ഒരു പുല്‍ക്കൊടിയുടെ പോലും ഹൃദയം ഇത്രമേല്‍ കീഴടക്കാന്‍ ബാവുല്‍ സംഗീതത്തിന് എങ്ങനെയാണ് സാധിക്കുന്നത്?'-ഞാന്‍ പതിയെ ചോദിച്ചു.
'ബാവുലുകള്‍ പാടുന്നത് ശരീരം ശ്രീകോവിലായും ആത്മാവിനെ പ്രതിഷ്ഠയായും സങ്കല്പിച്ചാണ്. വൈകാരികതയെയും അത്യാര്‍ത്തിയെയും തളച്ചിടാന്‍ ഈ യമപൂര്‍വാളി രാഗങ്ങള്‍ക്ക് ത്രാണിയുണ്ട്..' -അവര്‍ പുഞ്ചിരിച്ചു.
ഞാന്‍ അവരെ തന്നെ നോക്കി നിന്നു. പ്രപഞ്ചത്തിന്റെ ആദിമ നാദമായ ഓംകാരത്തിന്റെ ശ്രുതിയെന്ന് തോന്നിപ്പിക്കും വിധം ഏക്താരയുടെ കമ്പികള്‍ മീട്ടി അവര്‍ പാടാന്‍ തുടങ്ങി.
പാട്ടിന്റെ ഇടയ്‌ക്കെപ്പോഴോ കാല്‍പ്പാദങ്ങളെ ചുംബിക്കുന്ന ജഡ പിടിച്ച മുടിയെ കാറ്റില്‍ പറത്തി അവര്‍ നിര്‍ത്താതെ വട്ടം ചുറ്റി. ദുഗ്ഗിയിലും ഏക് താരയിലും ഒരേ സമയം അവരുടെ വിരലുകള്‍ കമ്പനം തീര്‍ത്തു. ആത്മാവ് അലിഞ്ഞു പോകും വിധം അവര്‍ ഉറക്കെ പാടിക്കൊണ്ടിരുന്നു..
'ഇനിയെങ്ങോട്ടേക്കാണ് യാത്ര? വീട്ടിലേക്കാണോ?'-പാട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ പതിയെ ചോദിച്ചു.
'കാറ്റിനു കീഴടങ്ങിയവളാണ് ഞാന്‍. കാറ്റിനെ പോലെ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സൂഫിയുടെ ബംഗാളി പതിപ്പുപോലെ ഞാന്‍ ഒഴുകിക്കൊണ്ടിരിക്കും. ഈ ഭൂമിയാണ് എന്റെ വീട് '
അവര്‍ തിരിഞ്ഞു നോക്കാതെ നടന്നു. അടിവയറ്റിലെ വേദന ശമിച്ചിരിക്കുന്നു. ഏറെ നേരം ഞാന്‍ അവിടെ കണ്ണടച്ചു കിടന്നു.
ഉണര്‍ന്നപ്പോള്‍ ഇരുളിലെവിടെയോ വീണ്ടും കേള്‍ക്കാം ആ പഴയ ഗാനം, ഏക്താരയുടെയും ദുഗ്ഗിയുടെയും കൈമണിയുടെയും കാല്‍ച്ചിലമ്പിന്റെയും താളത്തിനൊപ്പം അര്‍ത്ഥമറിയാത്ത അതേ വരികള്‍. പാര്‍വതി ബാവുല്‍ വീണ്ടും പാടിക്കൊണ്ടിരുന്നു.
'കോത്താ ഹേ ദൊയാല്‍ കണ്ടാരി
പോരേ യേ ബോബോ തൊരോംഗെ
എഷേ കിനാരെ ലാഗെ തോറി'
('എവിടെയാണ് പ്രിയനേ നീ,
ലൗകികതയുടെ സമുദ്രത്തില്‍
ഞാന്‍ വീണുപോയി
വരിക, എന്റെ തോണിയെ
നിന്റെ സങ്കേതത്തിലേക്ക് നയിക്കുക')
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...