Malayalam Poems : അന്നയുടെ കുപ്പായക്കൊളുത്തുകള്‍, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

chilla malayalam poems by suresh narayanan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poems by suresh narayanan


അന്നയുടെ കുപ്പായക്കൊളുത്തുകള്‍

വായിച്ചുകൊണ്ടിരിക്കുന്ന 
പുസ്തകത്തിനിടയില്‍ നിന്നും
നേര്‍ത്ത ചുഴലിക്കാറ്റു പോലെ 
ഉറക്കം പൊങ്ങി.

കോട്ടുവായിട്ടപ്പോള്‍ അറിയാതെ 
പുറത്തേക്കു നോക്കിപ്പോയി.

ഒരു ചുവന്ന ബസ് വന്നു നില്‍ക്കുന്നു!
'ഇവിടെ ബസ് സ്‌റ്റോപ്പ് ഇല്ലല്ലോ; 
ഈ സമയത്ത് ഒരു ബസ്സും!'

തല പെരുക്കുന്നതിനിടെ
വാതില്‍ക്കല്‍ മുട്ടു കേട്ടു.
കുതിരപ്പടയാളികളുടെ വേഷം ധരിച്ച ഒരുവന്‍!

'ഞാന്‍ ആകസ്മികതകളുടെ 
രാജ്യത്തില്‍ നിന്നും വരുന്നു'
അവന്‍ അഭിവാദ്യം ചെയ്തു.

തിരിച്ചഭിവാദ്യം ചെയ്യാന്‍ തുടങ്ങിയതും 
അവന്‍ ബലിഷ്ഠമായ ഒരാലിംഗനമായ് മാറി.

'നില്‍ക്കൂ!
ഈ നശിച്ച കൊളുത്തുകള്‍ 
എന്നെ ശ്വാസം മുട്ടിക്കുന്നു.
ഞാനവയില്‍ നിന്ന് സ്വതന്ത്രയായിക്കോട്ടെ'
എന്നു പറഞ്ഞു തീര്‍ന്നതും,
പുസ്തകത്തിലെ അവസാന വരിയും അതായിരുന്നല്ലോ 
എന്നു ഞാന്‍ മോഹാലസ്യപ്പെട്ടുപോയി.


മന്ദാക്രാന്ത

ശലഭങ്ങളെ എനിക്കിഷ്ടമേ അല്ലായിരുന്നു.

ഞാന്‍ നട്ടുവളര്‍ത്തുന്ന എന്റെ പൂക്കളുടെ കന്യകാത്വം നുകര്‍ന്നെടുക്കാന്‍ ആട്ടിന്‍തോലണിഞ്ഞു വരുന്നവരാണവറ്റകള്‍!

അങ്ങനെ 
ആട്ടിയകറ്റി 
ആട്ടിയകറ്റി
'അവനെ പേടിച്ചാരുമീവഴി പറക്കില്ല' 
എന്ന അവസ്ഥയിലെത്തിച്ചേര്‍ന്നു ശലഭങ്ങള്‍.

പക്ഷേ അന്നൊരുത്തന്‍ ഉള്ളില്‍ കടന്നു;
നുകര്‍ന്നു,
മുകര്‍ന്നു,
വലിച്ചു,
കുടിച്ചു.

'ജന്തു! നിന്നെ ഇപ്പടി മാറ്റിപ്പണിഞ്ഞ പരിണാമം നശിച്ചു തുലഞ്ഞു പോട്ടെ!' 
ഞാന്‍ ശപിക്കാനോങ്ങി.

'ഒരു മിനിറ്റ്!
എന്റെ പേര് മന്ദാക്രാന്ത എന്നാണ്.'
ഒറ്റക്കുതിക്ക്
എന്റെ മൂക്കിന്‍ തുമ്പത്തു വന്നിരുന്നു കൊണ്ടത് ചിറകുകള്‍ വീശി.

'ഹോ!' 
ഒരു നെടുവീര്‍പ്പ് ഉയര്‍ന്നുപൊങ്ങി.

'അകത്തേക്ക് വാ!
എന്റെ
അപൂര്‍ണയും
പൂര്‍ണ്ണ നഗ്‌നയുമായ കവിത
നിന്നെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്
കുറച്ചു നേരമായി.'

Latest Videos
Follow Us:
Download App:
  • android
  • ios