Malayalam Poem : കാരണമില്ലാതൊരിറക്കം, ഷിംന ലത്തീഫ് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷിംന ലത്തീഫ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാറ്റില്‍
കരിയിലയിളകുന്നപോലെ
അത്ര പതുക്കെയായിരുന്നു
പെയ്ത്ത്.
കരച്ചിലുകള്‍
മീന്‍ചെകിളയില്‍
കുരുങ്ങി ചോരയൂറ്റും
കുക്കര്‍ വിസിലില്‍
പ്രത്യേക താളത്തിലസ്തമിക്കും
അതുമല്ലെങ്കില്‍
വാതില്‍ വിടവിലൊരു
റോഹിങ്ക്യന്‍ നോട്ടം.
മീനുകളില്ലാത്ത കടല്‍ച്ചുഴിയില്‍
പെട്ടുപോയ ദിനമാണൊരു
വര്‍ണ്ണച്ചേല ചുറ്റിപ്പറക്കാന്‍ ശ്രമിച്ചത്
തനിയെ ..
തനിച്ചൊരിറക്കം
കാരണമില്ലാതൊരിറക്കം
ആ നിമിഷം വരെ ചിന്തിച്ചിട്ടില്ല!
പറക്കലില്‍,
പ്രളയശേഷം
ഉദയച്ചെമപ്പ് ചുറ്റിയ
പച്ചിലയിലേക്കൊരു
സമൃദ്ധനോട്ടം.
ഈ നോട്ടമെവിടെയെത്തി-
യെന്നന്ധാളിച്ച്
വീണ്ടും വീണ്ടും നോക്കുന്നു.
മഞ്ഞിലൂടെ
ഭൂമിയിലെ സര്‍വ്വലവണങ്ങളിലും
സ്‌നേഹമഷി പതിപ്പിക്കുന്നു.
മേഘങ്ങളിലേക്കു
ചേര്‍ന്നിരുന്നൊരു തൂവല്‍
പൊഴിക്കുന്നു.
നീല
ജാരനീല
ചെമപ്പ്
പ്രണയച്ചെമപ്പ്.
കാറ്റ്
പടുമരത്തെ കടപുഴക്കിയപോലെ -
അത്രയാരവത്തിലായിരുന്നു
തൂവല്‍ വീഴ്ച.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...