Malayalam Poem : കൈയകലം, പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

chilla malayalam poem by Princy Praveen

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Princy Praveen

 

അമ്മക്ക് കൈയ്യളവുകള്‍ -
ആയിരുന്നെല്ലാം.

ഒരു നുള്ളുപ്പ്,
ഒരു നുള്ളു മഞ്ഞള്‍
ഒരു നുള്ളു...

ഒരു നുള്ളില്‍ കറികള്‍ക്ക്
സ്വാദ് ഒട്ടും കുറഞ്ഞിട്ടില്ല.

അളവ് സ്പൂണുകള്‍
ജോലിയില്ലാതെ
ചുവരിലെ സ്റ്റാന്‍ഡില്‍
എന്നും അമ്മയെ നോക്കി കിടന്നു

അടുക്കള വാതില്‍ പിറകില്‍
തുരുമ്പെടുത്ത ആണിയില്‍
കലണ്ടര്‍  രൂപത്തില്‍
അമ്മേടെ ഡയറി,

കല്യാണ, അടിയന്തിര  കുറിപ്പുകള്‍
ഇന്‍ഷുറന്‍സ്, ഫീസ്, പാല്‍
പത്രം, പലചരക്കു, പച്ചക്കറി
കുറിപ്പുകള്‍ നിറഞ്ഞ
കണക്കു  പുസ്തകം

അതില്‍ എപ്പോഴും വെള്ള -
നൂല്‍  കോര്‍ത്തൊരു സൂചി

ഇടയ്ക്കിടെ  പൊട്ടിപോകുന്ന 
അച്ഛന്റെ വെള്ള ഷര്‍ട്ടിന്റെ ബട്ടണ്‍
പിടിപ്പിക്കാന്‍ അമ്മേടെ കരുതല്‍
ഒരു കൈയ്യകലെ ഭദ്രം!

രാത്രി പഠിച്ചു തളരുമ്പോള്‍
കുടിക്കാന്‍ മണ്‍ കൂജയില്‍ വെള്ളം,
വെളുപ്പിന് ഉണര്‍ന്നു പഠിക്കുമ്പോള്‍
ഒരു കൈയ്യകലെ
ചുക്ക് കാപ്പി.

അമ്മയായിരുന്നു വീടിന്റെ
അഡ്മിനിസ്‌ട്രേറ്ററും അക്കൗണ്ടന്റും
അടുക്കളയെന്ന ഫാക്ടറിയിലെ
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

എന്നിട്ടും....
അമ്മയ്ക്കും അച്ഛനുമിടയില്‍
ഒരു കയ്യകലം ഉണ്ടായിരുന്നു

എന്തോ ഒരു കുറവ്. 
സമ്പത്തോ, സൗന്ദര്യമോ
ആയിരുന്നില്ല.
ഒരു തലയിണ അവര്‍ക്കിടയില്‍
അകലം തീര്‍ത്തു.

പിന്നെപ്പിന്നെ,
അച്ഛന്‍ കട്ടിലിലും
അമ്മ നിലത്തുമായി.

കയ്യകലത്തിന്റെ
നീളം കൂടിയതിന്റെ
പൊരുളറിഞ്ഞുതുടങ്ങിയത്
കൗമാരത്തില്‍.

ഒരു കൈയകലെ എല്ലാവരും 
ഉണ്ടാവണം എന്ന് അമ്മ ആശിച്ചു.

എന്നാല്‍  ഇന്ന്,
ഒരുപാട് കാതമകലെ
തനിച്ചായിപ്പോയ അമ്മേടെ
അസ്ഥിത്തറ
കാടുംപടലും പിടിച്ച് 
അന്തിതിരിവെട്ടം പോലും കിട്ടാതെ,
അനാഥമായി.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios