Malayalam Poem : ആലീസ് കൊച്ച്, ജിജി ജാസ്മിന്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ജിജി ജാസ്മിന്‍ എഴുതിയ കവിത

chilla malayalam poem by Jiji jasmine

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Jiji jasmine

 


ആലീസ് കൊച്ച്

വറീതേട്ടന്‍ മീന്‍ പിടിക്കാന്‍
പോകുമ്പോഴാണ് രസം.

മീനുകള്‍ ഓടിയെത്തും.

വറീതേട്ടന്‍ ചൂണ്ട
വെള്ളത്തിലിടില്ല
കയ്യിലുണ്ടാകും,
പിന്നെ മീനുകളോട് മിണ്ടലാണ്.

ഒരു മഴക്കാലത്ത് 
വെള്ളത്തില്‍ വീണ് 
ജീവന്‍ പോയ ആലീസിനെയോര്‍ക്കും.
വീണതാണോ ചാടിയതാണോന്ന്
നിശ്ചയമില്ല.
കൊച്ചിന് നീന്താനറിയാല്ലോ,
പിന്നെങ്ങനാ.

ചിന്തിച്ചാലൊരന്തോമില്ല.

വറീതേട്ടന് ചത്ത മീനിനെ കാണുന്നതിഷ്ടമല്ല
അതുകൊണ്ടാണ് മീന്‍ പിടിക്കാത്തത്.

ജോസൂട്ടി കളിയാക്കും, 
അപ്പനെന്നാത്തിനാ
മീന്‍ പിടിക്കാന്‍ പോകുന്നതെന്ന്?

അപ്പനതാ സന്തോഷമെങ്കില്‍
നിനക്കെന്താന്ന് ജോണിക്കുട്ടിയും.

പുഴവക്കിലിരുന്ന് മടുക്കുമ്പോള്‍
വീട്ടില്‍ ചെല്ലും,
മരിയച്ചേട്ടത്തിയുണ്ടാക്കി വെച്ച
വറുത്ത പോത്തിറച്ചിയും 
ജോസൂട്ടി കൊണ്ടുവന്ന 
പുതിയ ബ്രാന്‍ഡും
ചേര്‍ത്തു ഒറ്റപ്പിടിയാ.

അപ്പോ ആലീസ് കൊച്ച്
കണ്‍മുന്നില്‍ വന്ന് 
അപ്പാ അപ്പാന്നങ്ങനെ വിളിക്കും.
കൊച്ചിങ്ങനെ വിളിച്ചോണ്ടിരുന്നാല്‍
അപ്പനെന്നതാടാ ചെയ്യുന്നതെന്ന്,
പിന്നെ പുഴവക്കത്തൊറ്റപ്പോക്കാ.

വറീതേട്ടന്‍ ചായ കുടിക്കുമ്പോളാണ് 
അടുത്ത രസം.
കടുപ്പമില്ലെന്ന്
മധുരം പോരാന്ന്,
എന്റെ ആലീസ് കൊച്ചൊണ്ടാരുന്നെങ്കില്‍..

അന്നേരമൊരു ചായയും കപ്പും
അതിയാന്റെ മനസ്സില്‍
വഴുതി വീണു പൊട്ടും.
പിന്നെ വരാന്തയിലെ
ചാരുകസേരയില്‍ ചെന്ന് 
മലര്‍ന്നു കിടക്കും.
മരിയച്ചേട്ടത്തിയന്നേരം
വെറുതെ നെടുവീര്‍പ്പിടും.

പള്ളിയില്‍ പോകാത്ത
വറീതേട്ടനിപ്പോള്‍ മുടങ്ങാതെ 
പള്ളിയില്‍ പോകാന്‍ തുടങ്ങിയതായിരുന്നു 
അടുത്ത രസം.

പാട്ട് സംഘത്തിനിടയിലേക്ക്
വെറുതെ നോക്കി നില്‍ക്കും.
ആലീസ് കൊച്ചിന്റെ അത്ര
നന്നായി പാടാന്‍ 
ഇവിടിപ്പോള്‍ ആരാന്ന്
വെറുതേ ചിരിക്കും.

കവലേന്നു വരുമ്പോള്‍
കുപ്പിവളകളും ജിലേബിയും
അലുവയും കൊണ്ടുവരും.

അത് ആലീസ് കൊച്ചിന്റെ പതിവായിരുന്നു.

എന്നിട്ട് മുറ്റത്തുനിന്ന് 
ആലീസ് കൊച്ചേന്ന് വിളിക്കും.
നിങ്ങളിങ്ങനെ
വിളിച്ചോണ്ടിരുന്നാല്‍,
എന്റെ കൊച്ചിനവിടെ 
സൈ്വര്യം കിട്ടുമോന്ന്
മരിയച്ചേട്ടത്തി ചങ്ക് പൊട്ടിക്കും.

ആകാശത്തെന്തിനോ
കറുത്തമേഘങ്ങളപ്പോള്‍
പെയ്യാന്‍ മറന്ന് 
തിരികെ പോകും.


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios