Malayalam Poem : വിഷാദസിരകള്‍, ഫായിസ് അബ്ദുല്ല തരിയേരി എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഫായിസ് അബ്ദുല്ല തരിയേരി എഴുതിയ കവിത

chilla malayalam poem by fayis abdulla

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by fayis abdulla


വിഷാദമെന്നെഴുതിയ കുറിപ്പുമായി
മരുന്നില്‍ വളരുന്നൊരു
പച്ചഞരമ്പുകളില്‍
ഞാനോടുകയായിരുന്നു.

സെക്കന്റ് ക്ലാസിലെ
തിക്കിനും തിരക്കിനുമിടയില്‍
പാറി വീണ മുടികള്‍ക്ക്
എന്റെ മരുന്നിന്റെ മണമെന്ന്
അവള്‍ പറഞ്ഞപ്പോള്‍,
ജൂണിലെ മഴയില്‍ പൂത്ത
ചുവന്ന പൂവാണതെന്ന്
തൊണ്ണൂറ്റി ഒമ്പത് വട്ടം പറഞ്ഞിട്ടും
ഞാന്‍ വിശ്വസിച്ചില്ല

അത്ഭുതത്തോടെ നോക്കുമ്പോഴെല്ലാം
എന്റേതെന്നു വാശിപിടിക്കാറുള്ളതെല്ലാം
അവള്‍ക്കുമുള്ളതായി തോന്നി.
എന്നില്‍ സാമ്യത കാണിച്ചത് 
ദൈവമാണെന്ന് പറഞ്ഞു
ഞാന്‍ കരഞ്ഞു തളര്‍ന്നു.

എന്റെ ഇടങ്ങള്‍, 
ഇഷ്ട ഗാനങ്ങള്‍, 
പ്രിയപ്പെട്ട മണങ്ങള്‍, 
കൊതിയുള്ള നിറങ്ങള്‍ 
എല്ലാം അപഹരിക്കപ്പെട്ടതാണെന്ന്
തെറി വിളിച്ചിട്ടും
അവള് ചേര്‍ന്നു നിന്നു.

എന്നില്‍ കൊഴിഞ്ഞ 
മുടിനാരുകളോര്‍ത്തവള്‍
വിശമിച്ചില്ല.
പകരം മുടിക്കെട്ടഴിച്ചു പാതി വച്ചവള്‍ 
വരണ്ടു പോയ തലയിലൊരു 
കാടു പൂക്കുമെന്ന് 
മോഹിപ്പിച്ചു കൊണ്ടിരുന്നു

ആളൊഴിഞ്ഞ ഹൃദയത്തില്‍ കൈ വച്ചു
വെട്ടാന്‍ മടിക്കുന്ന താടിയില്‍
ചുണ്ടുകളൊളിപ്പിച്ചു
എന്നെ വീണ്ടും വീണ്ടും
ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്നു.

ഏറ്റവും മനോഹരമായ ഭാഷയിലെന്റെ 
പേര് വിളിക്കുമ്പോള്‍
ഹൃദയം പിളര്‍ന്നു 
ആദ്യം മരിച്ചു പോകുന്നയാള്‍
ഞാനാകുമെന്ന് കരുതും

ഉണങ്ങാന്‍ തുടങ്ങിയ
വൃഷണങ്ങളില്‍ ചായം മുക്കി 
അതിഗാഢമായി
കെട്ടിപ്പുണരുമ്പോള്‍
രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള ഇണചേരലാണ്
നിന്റെ നഷ്ടമായ വിറ്റാമിനുകളെന്ന് കളിയാക്കും

മടുക്കുമ്പോഴെന്തു ചെയ്യുമെന്ന 
ചോദ്യത്തിന്
യോനി പിളര്‍ത്തി 
പുതിയ വേരുകള്‍ മുളപ്പിക്കുമെന്ന്
വാശിപിടിക്കും

നിശ്ശബ്ദതയിലൊലിക്കുന്ന 
ഗന്ധങ്ങളാഞ്ഞു വലിച്ചു
നിനക്ക് വിഷാദമില്ലെന്ന് തിരുത്തി

കുഴിഞ്ഞ കണ്ണുകള്‍ ചുംബിച്ച്
പ്രണയമദൃശമായൊരു കലയാണെന്ന് 
വീണ്ടും വീണ്ടുമെഴുതിക്കും.

ഒടുവിലെല്ലാം വെന്തൊന്നാവുമ്പോ,
ഇനി കണ്ണുതുറക്കരുതെന്ന നിബന്ധനയില്‍ 
വാരിയെല്ലുകള്‍ കൂട്ടിക്കെട്ടി 
ഞങ്ങളുറങ്ങും.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios