മുത്തച്ഛന്റെ മൃതദേഹം ആരുമറിയാതെ ഫ്രിഡ്ജിനകത്ത് സൂക്ഷിച്ച് കൊച്ചുമകന്‍
വാടകവീട്ടില്‍ യുവാവും മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു താമസം. ഉദ്യോഗസ്ഥനായിരുന്ന വൃദ്ധന്റെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ഇതിനിടെ മൂന്ന് മാസം മുമ്പ് കൊവിഡ് ബാധിച്ച് മുത്തശ്ശി മരിച്ചു. തുടര്‍ന്ന് മുത്തച്ഛനും യുവാവും മാത്രമായി വീട്ടില്‍
മരണാനന്തരം പ്രിയപ്പെട്ടവരുടെ മൃതദേഹം വീട്ടിനകത്ത് തന്നെ സൂക്ഷിതച്ചതായ എത്രയോ സംഭവങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. സമാനമായൊരു സംഭവമാണ് തെലങ്കാനയിലെ വാറങ്കലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
സ്വന്തം മുത്തച്ഛന്റെ മൃതദേഹം ആരുമറിയാതെ വീട്ടിലെ ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കൊച്ചുമകന്‍. വീട്ടില്‍ ഇരുവരും മാത്രമായിരുന്നു താമസം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് 90കാരനായ ബാലയ്യ മരിച്ചതെന്നാണ് കൊച്ചുമകനായ നിഖില്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാല്‍ മറ്റ് മാര്‍ഗങ്ങളൊന്നും മുന്നില്‍ കണ്ടില്ലെന്നും അങ്ങനെയാണ് മൃതദേഹം ഫ്രിഡ്ജിനകത്ത് ഒളിപ്പിച്ചതെന്നും ഇരുപത്തിയാറുകാരനായ യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ബാലയ്യയുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ് പൊലീസ്.
ആദ്യം സൂചിപ്പിച്ചത് പോലെ പ്രിയപ്പെട്ടവരുടെ മൃതദേഹം വീട്ടിനകത്ത് ആരുമറിയാതെ സൂക്ഷിച്ച നിരവധി സംഭവങ്ങള്‍ പിന്നീട് പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങളോളവും മാസങ്ങളോളവും കഴിഞ്ഞ് വരെ ഇത്തരം സംഭവങ്ങള്‍ പുറംലോകമറിഞ്ഞിട്ടുണ്ട്. പലപ്പോഴും മാനസികപ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളാണ് ഇങ്ങനെയുള്ള സംഭവങ്ങളിലെല്ലാം ഉള്‍പ്പെടാറ്. അല്ലെങ്കില്‍ കൊലപാതകം നടത്തി, അത് പുറത്തറിയാതിരിക്കാന്‍ ചെയ്യുന്നവരും.
ഈ പശ്ചാത്തലത്തിലാണ് സംസ്‌കാരത്തിന് പണമില്ലാത്തതിനാലാണ് മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചതെന്ന് മൊഴി നല്‍കിയതിന് ശേഷവും യുവാവിനെതിരെ സംശയം നീണ്ടതോടെ പൊലീസ് കേസെടുത്തിരിക്കുന്നത്.
വാടകവീട്ടില്‍ യുവാവും മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു താമസം. ഉദ്യോഗസ്ഥനായിരുന്ന വൃദ്ധന്റെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ഇതിനിടെ മൂന്ന് മാസം മുമ്പ് കൊവിഡ് ബാധിച്ച് മുത്തശ്ശി മരിച്ചു. തുടര്‍ന്ന് മുത്തച്ഛനും യുവാവും മാത്രമായി വീട്ടില്‍.
ഇന്നലെയോടെ വീട്ടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ ശ്രദ്ധിക്കുകയും സംശയം തോന്നിയതോടെ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്.