ഓര്‍ഡര്‍ ചെയ്യാതെ നൂറുകണക്കിന് പാഴ്‌സലുകള്‍; വിചിത്രമായ അനുഭവം!
ഡെലിവറിക്കായി വരുന്ന വാഹനങ്ങളില്‍ നിന്ന് ജീവനക്കാര്‍ ബോക്‌സുകള്‍ അടുക്കടുക്കായി ജിലിയന്റെ വീട്ടുവാതിലിന് മുമ്പിലായി കൊണ്ടുവയ്ക്കും. ഇവയില്‍ എന്താണെന്ന് പരിശോധിച്ചപ്പോള്‍ മിക്ക ബോക്‌സുകളിലും മാസ്‌കിനകത്ത് പിടിപ്പിക്കുന്ന 'സിലിക്കണ്‍ സപ്പോര്‍ട്ട് ഫ്രെയിമുകള്‍' ആയിരുന്നു കണ്ടെത്തിയത്
ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ കാലമാണിത്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം പോലുള്ള ഉത്പന്നങ്ങള്‍ക്ക് വേണ്ടിയായിരുന്നു മുമ്പ് നാം വ്യാപകമായി ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ആശ്രയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സാഹചര്യങ്ങളെല്ലാം മാറി.
വീട്ടുപയോഗത്തിനുള്ള ചെറുകിട ഉത്പന്നങ്ങള്‍ മുതല്‍ വ്യക്തിപരമായ ഉപയോഗത്തിനുള്ളില്‍ മുഴുവന്‍ സാധനങ്ങള്‍ വരെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുന്ന ശീലത്തിലേക്ക് നമ്മളില്‍ മിക്കവാരും പേരും മാറിയിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഈ മാറ്റം പ്രകടമായി കാണാനും സാധ്യമാണ്.
എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ എണ്ണം കൂടുന്നതിനൊപ്പം തന്നെ ഇതിന്മേലുള്ള സങ്കീര്‍ണതകളും കൂടുകയാണോ എന്ന് ചിലപ്പോള്‍ നമ്മളില്‍ സംശയം ജനിപ്പിച്ചേക്കാവുന്ന ചില സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരമൊരനുഭവം പങ്കുവയ്ക്കുകയാണ് ന്യൂയോര്‍ക്ക് സ്വദേശിയായ ജിലിയന്‍ കാനന്‍ എന്ന സ്ത്രീ.
ജൂണ്‍ 5ന് അവരുടെ വീട്ടില്‍ ആമസോണില്‍ നിന്ന് ചില പാഴ്‌സലുകളെത്തി. താന്‍ ഓര്‍ഡര്‍ ചെയ്യാതെ എങ്ങനെയാണ് പാഴ്‌സലുകളെത്തിയതെന്ന് ചിന്തിച്ചെങ്കിലും പിന്നീട് ബിസിനസ് പങ്കാളി ഓര്‍ഡര്‍ ചെയ്തതാകാമെന്ന നിഗമനത്തില്‍ അവരെത്തി. എന്നാല്‍ വൈകാതെ തന്നെ പങ്കാളിയും അങ്ങനെ ഓര്‍ഡറുകള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമായി.
തുടര്‍ദിവസങ്ങളിലും ഇതുതന്നെ ആവര്‍ത്തിച്ചു. ഡെലിവറിക്കായി വരുന്ന വാഹനങ്ങളില്‍ നിന്ന് ജീവനക്കാര്‍ ബോക്‌സുകള്‍ അടുക്കടുക്കായി ജിലിയന്റെ വീട്ടുവാതിലിന് മുമ്പിലായി കൊണ്ടുവയ്ക്കും. ഇവയില്‍ എന്താണെന്ന് പരിശോധിച്ചപ്പോള്‍ മിക്ക ബോക്‌സുകളിലും മാസ്‌കിനകത്ത് പിടിപ്പിക്കുന്ന 'സിലിക്കണ്‍ സപ്പോര്‍ട്ട് ഫ്രെയിമുകള്‍' ആയിരുന്നു കണ്ടെത്തിയത്.
ഇങ്ങനെ നൂറുകണക്കിന് ബോക്‌സുകളാണ് പിന്നീടും ജിലിയനെ തേടിയെത്തിയത്. വിലാസം തെറ്റിവരുന്നതാണോ എന്ന ചിന്ത പിന്നീട് ആവശ്യമില്ലാത്ത ഉത്പന്നങ്ങള്‍ തന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ചുമടങ്ങുകയാണോ എന്ന സംശയത്തില്‍ വരെയെത്തി. ഇതിനിടെ ആമസോണ്‍ ജീനക്കാരെ ബന്ധപ്പെട്ടപ്പോള്‍ വിലാസം ശരി തന്നെയാണെന്നായിരുന്ന ആദ്യം ലഭിച്ച പ്രതികരണം.
ഇതിനിടെ വിചിത്രമായ തന്റെ അനുഭവത്തെ കുറിച്ച് ജിലിയന്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഓണ്‍ലൈന്‍ ഓര്‍ഡറിന്റെ ട്രാക്കിംഗ് നമ്പര്‍, ബോക്‌സുകളിലെ ബാര്‍ കോഡ് എന്നിവയെ എല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഒടുവില്‍ വിലാസം മാറി എത്തിയതാണെന്ന സ്ഥിരീകരണം ആമസോണ്‍ തന്നെ നടത്തി.
എന്തായാലും ഇത്രമാത്രം വിഷമതകള്‍ ജിലിയന് ഉണ്ടായെങ്കില്‍ പോലും ഡെലിവറി ചെയ്ത ബോക്‌സുകള്‍ തിരികെ എടുക്കാന്‍ സാധ്യമല്ലെന്ന് തന്നെ ആമസോണ്‍ അറിയിച്ചുവെന്നാണ് ജിലിയന്‍ പറയുന്നത്. അങ്ങനെ ന്യൂയോര്‍ക്കില്‍ തന്നെയുള്ള ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്കുള്ള മാസ്‌ക് നിര്‍മ്മാണത്തിനായി തനിക്ക് ലഭിച്ച ഫ്രെയിമുകള്‍ നല്‍കാനാണ് ജിലിയന്‍ തീരുമാനിച്ചിരിക്കുന്നത്.
Also Read:- ഓര്‍ഡര്‍ ചെയ്തത് മറ്റൊന്ന്; വന്നത് ഒരു കൂട് ബിസ്‌കറ്റ്...