തുടര്‍ച്ചയായി നൂറ് ദിവസവും ഒരേ വസ്ത്രം; സോഷ്യല്‍ മീഡിയയില്‍ താരമായി 52കാരി
പ്രമുഖ വസ്ത്ര ബ്രാന്‍റായ വൂള്‍ നടത്തുന്ന ഡ്രസ് ചലഞ്ചിന്‍റെ ഭാഗമായാണ് സാറ തുടര്‍ച്ചയായി നൂറ് ദിവസം ഒരേ വസ്ത്രം തന്നെ ധരിച്ചത്.
ഒരാള്‍ക്ക് തുടര്‍ച്ചയായി നൂറ് ദിവസം ഒരേ വസ്ത്രം ധരിക്കാന്‍ കഴിയുമോ? കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎസ് സ്വദേശിയും 52കാരിയുമായ സാറ റോബിന്‍സ് കോളെ. പ്രമുഖ വസ്ത്ര ബ്രാന്‍റായ 'വൂള്‍' നടത്തിയ ഡ്രസ് ചലഞ്ചിന്‍റെ ഭാഗമായാണ് സാറ തുടര്‍ച്ചയായി നൂറ് ദിവസം ഒരേ വസ്ത്രം തന്നെ ധരിച്ചത്.
കമ്പിളിയില്‍ നിന്ന് നിര്‍മ്മിച്ച കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാറ ഈ നൂറ് ദിവസവും ധരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16നാണ് 100 ദിവസത്തെ ഡ്രസ് ചലഞ്ചില്‍ സാറ പങ്കെടുത്തത്. ഓരോ ദിവസത്തെയും ചിത്രങ്ങള്‍ സാറ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഡിസംബര്‍ 26നാണ് നൂറാം ദിവസം പൂര്‍ത്തിയായത്.
ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ഒരു വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ അവരുടെ ചെലവ് ശീലങ്ങളില്‍ മാറ്റം വരുത്താനാകുമെന്നും ഇതിലൂടെ ഭൂമിയെ രക്ഷിക്കാനാകുമെന്നുമാണ് വസ്ത്ര ബ്രാന്‍റായ വൂള്‍ പ്രതീക്ഷിക്കുന്നത്.
ഈ ചലഞ്ചില്‍ വിജയിച്ച സാറ പുതുവര്‍ഷത്തേയ്ക്ക് ഇനി പുതുതായി വസ്ത്രങ്ങളൊന്നും വാങ്ങില്ല എന്നും തീരുമാനമെടുത്തു. 'ഒരേ വസ്ത്രം തന്നെ നൂറ് ദിവസവും ധരിച്ചതിലൂടെ എന്റെ ജീവിതത്തില്‍ ഒരു മാറ്റങ്ങളും ഉണ്ടായിട്ടില്ല. പകരം, ഒരു പടി കൂടി മുന്നോട്ട് പോകാനും 2021നും 2022നും ഇടയില്‍ പുതിയ വസ്ത്രങ്ങളോ മറ്റും വാങ്ങാതിരിക്കാനും ഇത് എന്നെ പ്രചോദിപ്പിച്ചു' - സാറ പറയുന്നു.
Also Read: ബ്ലാക്ക് ഔട്ട്ഫിറ്റില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍..