വീടിന്‍റെ കതകിന് പിങ്ക് നിറം നല്‍കി 48കാരി; വന്‍തുക പിഴയുമായി നഗരസഭ
കെട്ടിടങ്ങളുടെ പട്ടിക അനുസരിച്ച് നിലവിലെ നിറം ചരിത്രപരമായ സ്വഭാവത്തിന് ചേര്‍ന്നതല്ലെന്ന് വ്യക്തമാക്കിയാണ് പിഴയിട്ടത്. അജ്ഞാതനായ വ്യക്തി അയച്ച പരാതിയിലാണ് നഗരസഭയുടെ നടപടി
ഒന്നര വര്‍ഷം അധ്വാനിച്ച് അറ്റകുറ്റ പണികള്‍ തീര്‍ത്ത കുടുംബ വീടിന്‍റെ മുന്‍വശത്തെ ഡോറിന്‍റെ നിറം മാറ്റിയില്ലെങ്കില്‍ വന്‍തുക പിഴ നല്‍കേണ്ടി വരുമെന്ന് നഗരസഭയുടെ മുന്നറിയിപ്പ്. എഡിന്‍ബര്‍ഗ് സ്വദേശിയായ 48 കാരിക്കാണ് നഗരസഭ മുന്നറിയിപ്പ് നല്‍കിയത്. 20000 പൌണ്ടാണ് മിറാന്‍ഡ ഡിക്സനോട് അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വീട് പണി കഴിഞ്ഞതിന് പിന്നാലെ ആരോ കൊടുത്ത പരാതിയിലാണ് നഗരസഭയുടെ നടപടി. കെട്ടിടങ്ങളുടെ പട്ടിക അനുസരിച്ച് നിലവിലെ നിറം ചരിത്രപരമായ സ്വഭാവത്തിന് ചേര്‍ന്നതല്ലെന്ന് വ്യക്തമാക്കിയാണ് എഡിന്‍ബര്‍ഗ് സിറ്റി കൌണ്‍സില്‍ യുവതിക്ക് വന്‍തുക പിഴയിട്ടത്.
അടുത്തിടെയാണ് പുതുക്കിപ്പണിഞ്ഞ വീട്ടിലേക്ക് മിറാന്‍ഡ താമസം മാറിയത്. മാതാപിതാക്കള്‍ മരിച്ച ശേഷം താന്‍ ബാല്യകാലം ചെലവിട്ട വീട് മിറാന്‍ഡ പുതുക്കി പണിയുകയായിരുന്നു. നിലവില്‍ നല്‍കിയിരിക്കുന്ന പിങ്ക് നിറത്തിന് കടുപ്പം പോരെന്നാണ് നഗരസഭ കൌണ്‍സില്‍ വിശദമാക്കുന്നത്. ഇരുണ്ടതും കൂടുതല്‍ വ്യക്തതയില്ലാത്തതുമായ നിറത്തില്‍ വീണ്ടും പെയിന്‍റ് ചെയ്യാത്ത പക്ഷം വന്‍തുക പിഴയൊടുക്കാനാണ് നഗരസഭാ കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളനിറം അനുയോജ്യമാണെന്നും കൌണ്‍സിലിന്‍റെ കത്തില്‍ പറയുന്നുവെന്നാണ് മിറാന്‍ഡ പറയുന്നത്. മാറ്റി പെയിന്‍റ് ചെയ്യാത്തിനാല്‍ പ്ലാനിംഗ് കമ്മീഷനില്‍ നിന്ന് അനുമതി ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
അയല്‍ വീടുകളുടെ മഞ്ഞയും നീലയും ചുവപ്പും പച്ചയും അടക്കം നിറങ്ങളില്‍ വീടുകളുടെ വാതില്‍ പെയിന്‍റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഒന്‍പത് വര്‍ഷത്തോളം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജോലി ചെയ്ത ശേഷം കഴിഞ്ഞ വര്‍ഷമാണ് മിറാന്‍ഡ ജന്മസ്ഥലത്തേക്ക് തിരിച്ചെത്തിയത്. ഡിസംബറിലാണ് മുന്‍വശത്തെ വാതിലിന് നിറം നല്‍കിയതെന്നും ഇവര്‍ പറയുന്നു. നവംബര്‍ 7ന് അകം വാതിലിന്‍റെ നിറം മാറ്റണമെന്നാണ് കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1981ലാണ് മിറാന്‍ഡയുടെ മാതാപിതാക്കള്‍ ഈ വീട് വാങ്ങിയത്. ലഭിച്ച പരാതിയില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് മിറാന്‍ഡ ആവശ്യപ്പെടുന്നത്.