വരന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് വധൂവരന്മാര്‍; വിവാഹ വീഡിയോ വൈറല്‍
പിപിഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത വധൂവരന്മാരുടെ വീഡിയോ എഎന്‍ഐ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഏപ്രില്‍ 19നാണ് വരന് കൊവിഡ് പോസിറ്റീവായത്.
കൊറോണ വൈറസിന്‍റെ വരവോടെ ഏറ്റവും അധികം മാറ്റി വയ്ക്കാൻ നിർബന്ധിതമായ ഒരു കാര്യമാവും വിവാഹം. എന്നാല്‍ കൊവിഡ് വ്യാപനം പെട്ടന്നവസാനിക്കില്ല എന്ന് വ്യക്തമായതോടെ മറ്റു വഴികളില്ലാതെ മാറ്റിവച്ച പല കല്ല്യാണങ്ങളും ലളിതമായി നടത്തുകയും ചെയ്യുന്നുണ്ട്. ചിലര്‍ ഓൺലൈന്‍ വഴിയും വിവാഹം നടത്തുകയാണ്. കൊറോണ കാലത്തെ വ്യത്യസ്തമായ ചില വിവാഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നുണ്ട്.
ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള വരനെ ആശുപത്രി വാര്‍ഡിലെത്തി വധു വിവാഹം ചെയ്ത വാര്‍ത്ത അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്ത മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
പിപിഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത വധൂവരന്മാരുടെ വീഡിയോ എഎന്‍ഐ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഏപ്രില്‍ 19നാണ് വരന് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്താൻ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വിവാഹശേഷം വധുവുമായി വലം വയ്ക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്.
വിവാഹചടങ്ങില്‍ വധൂവരന്മാരെ കൂടാതെ മൂന്ന് പേരാണ് പങ്കെടുത്തത്. അവരും പിപിഇ കിറ്റ് ധരിച്ചിരുന്നു. ഇതിനിടെ ഇത്തരമൊരു സാഹചര്യത്തിൽ വിവാഹം നടത്തിയ വരനേയും വധുവിനേയും വിമർശിക്കുന്നവരുമുണ്ട്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മധ്യപ്രദേശില്‍ വിവാഹ ചടങ്ങില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
Also Read: മോതിരം കൈമാറി, താലികെട്ടി, മാലയിട്ടു; ശരത്തിനും അഭിരാമിക്കും കൊവിഡ് വാർഡിൽ മാംഗല്യം...