ചെറുതായി ഒന്ന് മയങ്ങി, കണ്ണുതിരുമ്മി നോക്കുമ്പോൾ എത്തിയത് ആയിരം മൈൽ അകലെ

 പലപ്പോഴും വാൽറസുകൾ എന്നും പറഞ്ഞ് ജനം റിപ്പോർട്ട് ചെയ്യാറുള്ളത് നീർനായ്ക്കളുടെ സാന്നിധ്യമാണ് എന്നും കെവിൻ ഫ്‌ളാനറി പറഞ്ഞു.

walrus sleeps on ice reaches 1000 miles away in irelend

പതിവിലധികം നേരം കിടന്നുറങ്ങിയാൽ ചിലപ്പോൾ നമ്മൾ ചെന്ന് പെടുക വലിയ പൊല്ലാപ്പുകളിൽ ആയിരിക്കും. സംശയമുണ്ടെങ്കിൽ ഈ വാൽറസിനോട് ചോദിച്ചാൽ മതി. കഴിഞ്ഞ ദിവസം, സാമാന്യം വലിയൊരു ഐസുമലയുടെ മുകളിൽ കിടന്ന് ഒന്ന് കണ്ണടച്ചത് മാത്രം ഓർമയുണ്ട് ആശാന്. ഉറക്കമൊക്കെ കഴിഞ്ഞ് കണ്ണ് മിഴിച്ച് നോക്കിയപ്പോൾ അതുവരെ കഴിഞ്ഞിരുന്ന ആർക്ടിക് സർക്കിളിൽ നിന്ന് ചുരുങ്ങിയത് ആയിരം മൈൽ എങ്കിലും അപ്പുറത്ത് അങ്ങ് അയർലണ്ടിൽ എത്തിയിട്ടുണ്ടായിരുന്നു ടിയാൻ.

അയർലണ്ടിലെ കെറി കൗണ്ടിയിലെ വലെൻഷ്യ ദ്വീപിന്റെ പരിസരങ്ങളിലാണ് ആദ്യമായി ഈ വാൽറസിനെ നാട്ടുകാർ കാണുന്നത്. അത് അയർലണ്ടിന്റെ ഏറ്റവും പടിഞ്ഞാറ് കിടക്കുന്ന ഒരു പ്രദേശമാണ്. ബീച്ചിൽ വൈകുന്നേരം നടക്കാനിറങ്ങിയ ഒരു അച്ഛനും മകളുമാണ് പാറപ്പുറത്ത് ഇളവെയിൽ കായുന്ന ഈ മൃഗത്തെ കണ്ടത്. ആദ്യം അതൊരു നീർനായ ആണെന്ന് അവർ ധരിച്ചു എങ്കിലും താമസിയാതെ അതിന്റെ തേറ്റകൾ അവരുടെ കണ്ണിൽ പെട്ടപ്പോഴാണ് അതൊരു വാൽറസ് ആണ് എന്നവർക്ക് ബോധ്യപ്പെട്ടത്. ഒരു കാളയുടെ അല്ലെങ്കിൽ പശുവിന്റെ അത്രയും വലിപ്പമുള്ള ആ ജന്തു പാറപ്പുറത്ത് ചാടിച്ചാടി നടക്കുന്നത് അവർ ശ്രദ്ധിച്ചു. അയർലണ്ടിൽ ഈ ജീവിവർഗം അങ്ങനെ കാണാത്തതാണല്ലോ, ഇതെങ്ങനെ ഇവിടെ വന്നു എന്ന ചോദ്യം അവരുടെ മനസ്സിൽ അവശേഷിച്ചു. 

ഈ വാൽറസിന്റെ വരവ് തികച്ചും ആകസ്മികമാവാനേ തരമുള്ളൂ എന്നാണ് കെറി കൗണ്ടിയിലിലെ ഡിങ്കിൾ ഓഷ്യൻ വേൾഡ് അക്വേറിയം ഡയറക്ടർ കെവിൻ ഫ്ലാനറി പറഞ്ഞത്. അദ്ദേഹമാണ് ഐസ് ബെർഗിൻമേൽ കയറിക്കിടന്നുറങ്ങിയ വാൽറസ് ഒഴുകി അയർലണ്ടിൽ എത്തിയതാകും എന്ന തിയറി അവതരിപ്പിച്ചത്. ഇത്രയും കാലത്തിനിടെ ഇങ്ങനെ ആകസ്മികമായി വന്നെത്തിയ ഒരു ഡസനിൽ താഴെ വാൽറസുകൾ മാത്രമേ കണ്ടെത്തപ്പെട്ടിട്ടുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. വെള്ളത്തിൽ വേട്ടയാടുന്ന ഈ ജീവികൾ ഉറങ്ങാറുള്ളത് പതിവായി മഞ്ഞുകട്ടകളിന്മേൽ ആണ്. പലപ്പോഴും വാൽറസുകൾ എന്നും പറഞ്ഞ് ജനം റിപ്പോർട്ട് ചെയ്യാറുള്ളത് നീർനായ്ക്കളുടെ സാന്നിധ്യമാണ് എന്നും കെവിൻ ഫ്‌ളാനറി പറഞ്ഞു. 

തേറ്റപ്പല്ലുകളുടെ വലിപ്പം വെച്ച് ഈ വാൽറസിന് അധികം പ്രായമില്ല എന്നാണ് കെവിന്റെ അനുമാനം. പൂർണ്ണവളർച്ച എത്തുന്നവയുടെ തേറ്റപ്പല്ലുകൾ ഒരു മീറ്റർ വരെ നീണ്ടു വളരാറുണ്ട്,.അധികം താമസിയാതെ തന്നെ ഈ വാൽറസ് തിരികെ തന്റെ ആവാസകേന്ദ്രത്തിലേക്കുതന്നെ ദേശാടനം നടത്തും എന്നും അദ്ദേഹം പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios